Deshabhimani

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി: 10 വേദികളിലായി 10,000ത്തോളം കായിക പ്രതിഭകൾ മാറ്റുരയ്ക്കും

School Sports Meet
വെബ് ഡെസ്ക്

Published on Oct 22, 2026, 07:48 PM | 2 min read

കോഴിക്കോട്: ഒരാഴ്ച നീണ്ടുനിൽക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി. 25 മുതൽ കലിക്കറ്റ്‌ എൻഐടി ഗ്ര‍ൗണ്ട്‌ വേദിയാകുന്ന മേളയിൽ 10 വേദികളിലായി 10,000ത്തോളം കായിക പ്രതിഭകൾ മാറ്റുരയ്ക്കും. 14 ജില്ലകളിൽനിന്നായി 10,000ത്തോളം കായികതാരങ്ങളും ഒഫീഷ്യലുകളും പരിശീലകരും ഉൾപ്പെടെ 15,000-ലേറെ പേർ ഒരാഴ്ച നീണ്ടുനിൽക്കുന്ന കായികമാമാങ്കത്തിൽ പങ്കെടുക്കും.


25ന് മുഖ്യമന്ത്രി വി ഡി സതീശൻ മേള ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് എൻഐടി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ഒളിമ്പ്യൻ ഡോ. പി ടി ഉഷ എംപി ദീപശിഖ തെളിയിക്കും. നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മുവ്വായിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന സാംസ്കാരിക പരിപാടികളും ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി നടക്കും.


പത്ത് വേദികളിലായി മത്സരങ്ങൾ


മേളയുടെ ഭാഗമായി ജില്ലയിലെ പത്ത് വേദികളിലായി വിവിധ കായിക ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. പ്രധാന ഇനമായ അത്‌ലറ്റിക്സ് ഒക്ടോബർ 27 മുതൽ 31 വരെ എൻഐടി ക്യാമ്പസിൽ സംഘടിപ്പിക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 2,800 താരങ്ങൾ മാറ്റുരയ്ക്കും. ഒക്ടോബർ 30ന് ക്രോസ് കൺട്രി, ഇൻക്ലൂസീവ് അത്‌ലറ്റിക്സ്, ഇൻക്ലൂസീവ് ഫുട്ബോൾ മത്സരങ്ങളും നടക്കും.


ബാഡ്മിന്റൺ, ഇൻക്ലൂസീവ് ബാഡ്മിന്റൺ മത്സരങ്ങൾക്ക് ദേവഗിരി സെന്റ് ജോസഫ് കോളേജ് ഇൻഡോർ സ്റ്റേഡിയം വേദിയാകും. പെൺകുട്ടികളുടെ ബാസ്കറ്റ്ബോൾ ചെവായൂർ പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്കൂളിലും ആൺകുട്ടികളുടെ ബാസ്കറ്റ്ബോൾ സിൽവർ ഹിൽസ് പബ്ലിക് സ്കൂളിലും നടക്കും. വടംവലി, ഇൻക്ലൂസീവ് ക്രിക്കറ്റ് മത്സരങ്ങൾ കുന്നമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിക്കും.


കരാട്ടെ, വുഷു, സോഫ്റ്റ്ബോൾ, ബേസ്ബോൾ, ബോൾ ബാഡ്മിന്റൺ മത്സരങ്ങൾ കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്കൂളിലും വാദി റഹ്മ ഇംഗ്ലീഷ് സ്കൂളിലുമായി നടക്കും. യോഗ മത്സരങ്ങൾക്ക് ചാത്തമംഗലം ആർഇസി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളും നെറ്റ്ബോൾ, ത്രോബോൾ മത്സരങ്ങൾക്ക് പെരുവയൽ സെന്റ് സേവ്യേഴ്സ് യുപി സ്കൂളും വേദിയാകും. 26ന് നടക്കുന്ന ഇൻക്ലൂസീവ് മത്സരങ്ങളിൽ 2,000ത്തിലധികം ഭിന്നശേഷി താരങ്ങൾ പങ്കെടുക്കും.


സമാപന സമ്മേളനം 31ന് വൈകിട്ട് നാലിന് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനംചെയ്യും. ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് വിശിഷ്ടാതിഥിയാകും



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home