ജനാധിപത്യത്തിന്റെ നഷ്ടപ്പെട്ട ഇടങ്ങൾ തിരിച്ചുപിടിക്കാനുള്ള പോരാട്ടം: ബ്രിട്ടാസ്

തിരുവനന്തപുരം: ജനാധിപത്യത്തിന്റെ നഷ്ടപ്പെട്ട ഇടങ്ങൾ തിരിച്ചുപിടിക്കാനും ഭരണഘടന ഉറപ്പുനൽകുന്ന പൗരാവകാശങ്ങൾ സംരക്ഷിക്കാനുമുള്ള പോരാട്ടമാണ് ഡൽഹിയിൽ നടന്നതെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.
ഡൽഹിയിൽ ഇടതുപക്ഷ വിദ്യാർഥി–യുവജന സംഘടനകളുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ ശ്രദ്ധേയ പങ്കുവഹിച്ച എംപിമാരായ ജോൺ ബ്രിട്ടാസ്, വി ശിവദാസൻ എന്നിവരെ ആദരിക്കാൻ കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സാംസ്കാരിക വിഭാഗമായ ‘രചന' സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡൽഹിയിൽ നടന്നത് ഏതെങ്കിലും രാഷ്ട്രീയ പാർടിയുടെ മാത്രം സമരമായിരുന്നില്ലെന്നും രാജ്യത്തിന്റെ ജനാധിപത്യ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്ന വിദ്യാർഥികളുടെയും യുവജനങ്ങളുടെയും പൊതുസമൂഹത്തിന്റെയും പ്രതിഷേധമായിരുന്നുവെന്നും ബ്രിട്ടാസ് പറഞ്ഞു.
ഡൽഹിയിലെ തെരുവുകളിൽ ഉയർന്ന പ്രതിഷേധം ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ സംരക്ഷിക്കാനുള്ള രാഷ്ട്രീയവും സാമൂഹികവുമായ ഇടപെടലായിരുന്നുവെന്ന് വി ശിവദാസൻ പറഞ്ഞു.
സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് ആർ നിഷ ജാസ്മിൻ അധ്യക്ഷയായി. ജനറൽ സെക്രട്ടറി എസ് എസ് ദീപു, പുത്തനമ്പലം ശ്രീകുമാർ, ജി പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.








0 comments