കെഎംസിസി ഓഫീസിൽ നിന്ന് കവർന്നത് 25 കോടി രൂപ?; ഫോൺ സംഭാഷണം പുറത്ത്

ബിജെപി നേതാവ് ബാലകൃഷ്ണൻ
കൊയിലാണ്ടി: ഖത്തർ കെഎംസിസി ഓഫീസിൽനിന്ന് എട്ട് കോടി രൂപ കവർന്നെന്ന കേസിൽ ദുരൂഹതയേറുന്നു. കവർച്ച ചെയ്തത് 25 കോടിയോളം രൂപ ആണെന്ന് കേസിലെ പ്രതിയായ ബോംബെ ഷാജിയുടെ ഫോൺ സംഭാഷണം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. കമറു പയ്യോളി എന്നയാൾക്കയച്ച ഫോൺ സന്ദേശമാണ് പ്രചരിക്കുന്നത്. ‘തനിക്ക് തരേണ്ട പങ്ക് ഉടൻ എത്തിക്കണം. അഞ്ചെട്ട് മാസം താൻ മിണ്ടാതെയിരുന്നു. ഇനി അതാവില്ല. ഒരിക്കലും കിട്ടില്ലെന്ന് പ്രതീക്ഷിച്ച 25 കോടിയോളം രൂപയാണ് തങ്ങൾ എടുത്തുനൽകിയത്’– എന്നാണ് സന്ദേശത്തിൽ പറയുന്നത്.
അതേസമയം കേസിലെ തുടരന്വേഷണവും വഴിമുട്ടി നിൽക്കുകയാണ്. കേസിൽ തുടരന്വേഷണത്തിനായി ഖത്തറിലെത്തണമെന്നതും അവിടെ കേസുകൾ നിലവിൽ ഇല്ലാത്തതും പൊലീസിനെ കുഴക്കുകയാണ്.
2025 സെപ്‌തംബർ 18നായിരുന്നു ഖത്തറിലെ അൽ തുമാമയിലെ കെഎംസിസി ഓഫീസിൽ കവർച്ച. ഓഫീസിലെ സ്‌ട്രോങ് റൂമിന്റെ പൂട്ട് ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്തശേഷം 31 ലക്ഷം റിയാൽ (8.6 കോടി ഇന്ത്യൻ രൂപ) കവർന്നുവെന്നാണ് കേസ്. കേസിൽ ബിജെപി നേതാവ് നെല്യാടി സ്വദേശി പരപ്പിൻകുനിയിൽ ബാലകൃഷ്ണൻ (60) മാത്രമാണ് അറസ്‌റ്റിലായത്. കൊയിലാണ്ടി സ്വദേശി ബോംബെ ഷാജി, പയ്യോളി സ്വദേശികളായ റാഷി, ബാവ എന്ന സാലിഹ്, മമ്മിളി എന്ന ഹസൻ, നിസാർ എന്നിവരാണ് മറ്റു പ്രതികൾ.








0 comments