പൊതു ഇടങ്ങൾ അനിവാര്യം: എം എ ബേബി

മാനവീയം വീഥിയുടെ രജതജൂബിലി ആഘോഷ ചടങ്ങിൽ പങ്കെടുക്കാനെത്തിയ നടി റിമ കല്ലിങ്കലിനെ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പൂ കൊടുത്ത് സ്വീകരിച്ചപ്പോൾ
തിരുവനന്തപുരം: മനുഷ്യർക്കിടയിൽ ഭിന്നത സൃഷ്ടിക്കാൻ ചില ശക്തികൾ ശ്രമിക്കുന്ന കാലത്ത് എല്ലാവർക്കും ഒരുമിക്കാൻ കൂടുതൽ പൊതു ഇടങ്ങൾ ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു.
മതത്തിന്റെയും മറ്റും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. അത് തീർച്ചയായും തടയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാനവീയം സാംസ്‌കാരിക വീഥിയുടെ രജത ജൂബിലി ആഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇ കെ നായനാർ മുഖ്യമന്ത്രിയും ടി കെ രാമകൃഷ്‌ണൻ സാംസ്‌കാരിക മന്ത്രിയുമായിരിക്കെ 1999ൽ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ മാനവീയം പദ്ധതിയുടെ ഭാഗമായാണ് മാനവീയം വീഥി ആരംഭിച്ചത്. നമ്മളെ മോഹിപ്പിക്കുകയും ആലോചിപ്പിക്കുകയും ഉൽക്കണ്‌ഠപ്പെടുത്തുകയും ചെയ്ത കാലമായിരുന്നു അത്.
അതുമായി ബന്ധപ്പെട്ട ചർച്ചയുടെ ഭാഗമായാണ് മാനവീയം പദ്ധതി ആരംഭിച്ചത്. കലയ്‌ക്കും സാംസ്‌കാരികതയ്‌ക്കും വേണ്ടി തെരുവുകളിൽ ഒത്തുകൂടൽ ആവശ്യമാണെന്നും എം എ ബേബി പറഞ്ഞു. ആർ പാർവതിദേവി അധ്യക്ഷയായി. നടി റിമ കല്ലിങ്കൽ, ഗീതാനന്ദൻ, എൻ മാധവൻകുട്ടി എന്നിവർ സംസാരിച്ചു. എമിൽ നന്ദി പറഞ്ഞു. വിവിധ കലാപരിപാടികളും നടന്നു.








0 comments