Deshabhimani

കുഞ്ഞുങ്ങളെ പരീക്ഷണവസ്തുക്കളാക്കുന്നത്‌ അവസാനിപ്പിക്കണം: ബാലസംഘം

balasangham
വെബ് ഡെസ്ക്

Published on Oct 22, 2026, 09:38 PM | 1 min read

തിരുവനന്തപുരം: ഗുരുതര ജനിതക രോഗമായ സ്പൈനൽ മസ്‌കുലർ അട്രോഫി ബാധിതരായ കുഞ്ഞുങ്ങളുടെ ജീവൻരക്ഷ മരുന്ന് മാറ്റി നൽകി കുട്ടികളെ പരീക്ഷണ വസ്തുക്കളാക്കാനുള്ള തീരുമാനം സർക്കാർ അടിയന്തരമായി പിൻവലിക്കണമെന്ന്‌ ബാലസംഘം.


കാര്യക്ഷമതയോ സുരക്ഷയോ തെളിയിക്കപ്പെട്ടിട്ടില്ലാത്ത പരീക്ഷണ ലേബലുള്ള മരുന്നുകൾ മാതാപിതാക്കളുടെ സമ്മതമില്ലാതെ രോഗികളായ കുട്ടികൾക്ക് നൽകി എന്നത് നിസാര പ്രശ്നമല്ല. എസ്എടി ആശുപത്രി വഴി വിതരണം ചെയ്ത മരുന്നുകളിൽ ‘ഫിസിഷ്യൻ സാമ്പിൾ’ എന്നും ‘ഫോർ ക്ലിനിക്കൽ ട്രയൽസ്‌ ഓൺലി’ എന്നും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കുട്ടികളുടെ രക്ഷിതാക്കൾ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.


ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമങ്ങളുടെയും സംഭരണച്ചട്ടങ്ങളുടെയും നഗ്നമായ ലംഘനമാണിത്‌. ഗുരുതര രോഗം ബാധിച്ച കുഞ്ഞുങ്ങളെ പരീക്ഷണവസ്തുക്കളാക്കി മാറ്റാൻ ആരോഗ്യ വകുപ്പ് നേതൃത്വം നൽകുന്നെന്നാണ് ഇതിലൂടെ മനസിലാക്കേണ്ടത്.


​ആരോഗ്യ വകുപ്പിൽ കല്ലെറിയാനുള്ള നിരവധി കാരണങ്ങളുണ്ടാകുമെന്ന് കുറ്റസമ്മതം നടത്തുന്ന ആരോഗ്യമന്ത്രി കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനുള്ള പദ്ധതികൾ അട്ടിമറിക്കുകയാണ്. എൽഡിഎഫ്‌ സർക്കാർ 25 വയസുവരെ ഇവർക്ക് സൗജന്യ മരുന്ന് ഉറപ്പാക്കാൻ വകയിരുത്തിയ 30 കോടി രൂപ വെട്ടിക്കുറച്ചു.


ജനിതക രോഗബാധിതരായ കുഞ്ഞുങ്ങളുടെ ജീവനു പോലും വില നൽകാത്ത സംസ്ഥാന സർക്കാർ കുട്ടികളുടെ ജീവിക്കാനും വളരാനുമുള്ള അവകാശങ്ങൾ ഓരോന്നായി നിഷേധിക്കുകയാണ്. ശാസ്ത്രീയ ഫലപ്രാപ്തിയെക്കുറിച്ച് സംശയമുണർത്തുന്ന മരുന്നുകൾ വിതരണം ചെയ്യാൻ ശ്രമിച്ച സർക്കാരിനെതിരെ ജനകീയ പ്രതിഷേധം ഉയർന്നു വരണമെന്നും ബാലസംഘം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.


എസ്‌എംഎ ബാധിതരായ കുട്ടികൾക്ക് പരീക്ഷണ ലേബലുകളുള്ള മരുന്നുകൾ നൽകിയ സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിലപാട് ഗുരുതര ബാലാവകാശ ലംഘനമാണെന്ന് കാണിച്ച് ബാലസംഘം സംസ്ഥാന കമ്മിറ്റി സംസ്ഥാന ബാലാവകാശ കമീഷൻ ചെയർപേഴ്സണിന് പരാതിയും നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home