Deshabhimani

സ്വന്തം മക്കളെ ആരെങ്കിലും പരീക്ഷണത്തിന് വിടുമോ? രക്ഷിതാക്കളുടെ സംശയങ്ങൾക്ക് മന്ത്രി മറുപടി പറയണം: വീണാ ജോർജ്

നാാലോ

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, കെ കെ ശൈലജ, സംസ്ഥാനകമ്മിറ്റി അംഗം വീണാ ജോർജ് എന്നിവരുടെ സംയുക്ത വാർത്താസമ്മേളനം | ചിത്രം : നിലിയ വേണുഗോപാൽ

വെബ് ഡെസ്ക്

Published on Oct 22, 2026, 08:09 PM | 2 min read

തിരുവനന്തപുരം: കേരളത്തിന്റെ പൊതുജനാരോഗ്യ രംഗം കടുത്ത അപകടാവസ്ഥയിലെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വീണാ ജോർജ്. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, കെ കെ ശൈലജ, സംസ്ഥാനകമ്മിറ്റി അംഗം വീണാ ജോർജ് എന്നിവരുടെ സംയുക്ത വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.


എസ്എംഎ (സ്പൈനൽ മസ്കുലർ അട്രോഫി) ബാധിച്ച പിഞ്ചുകുഞ്ഞുങ്ങളെ മരുന്ന് പരീഷണത്തിന് ഇരയാക്കുന്നത് മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഇത് സംബന്ധിച്ച വിവരങ്ങൾ രക്ഷിതാക്കൾ സർക്കാരിനോട് ചോദിച്ചിട്ടും ആരും കൃത്യമായ മറുപടി നൽകാൻ തയ്യാറായിട്ടില്ല.


രാജ്യത്ത് ആദ്യമായി അപൂർവ രോഗങ്ങൾക്കുള്ള സൗജന്യ ചികിത്സ നടപ്പിലാക്കിയത് കേരളത്തിലാണ്. 2022 മുതൽ എസ്എംഎ ബാധിതർക്ക് രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ട മരുന്നുകളാണ് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നൽകിത്തുടങ്ങിയത്. എന്നാൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പുതിയ മരുന്നുകൾ നൽകുന്നത്.


പുതിയ മരുന്ന് കൊടുക്കുമ്പോൾ അത് രക്ഷിതാക്കൾ അറിയേണ്ടേ? അതുമായി ബന്ധപ്പെട്ട സംശയങ്ങൾ ദുരീകരിക്കേണ്ട ബാധ്യത സർക്കാരിനില്ലേ? മരുന്നിന്റെ ടെക്നിക്കൽ ഇവാല്യുേഷൻ പോലും നടന്നിട്ടില്ല. സ്വന്തം മക്കളെ ആരെങ്കിലും പരീക്ഷണത്തിന് വിടുമോ എന്ന് വീണാ ജോർജ് ചോദിച്ചു. മരുന്നിന്റെ കുപ്പി തിരികെ കൊടുത്താൽ എസ്‌എടി ആശുപത്രിയിൽ നിന്നും ഭീഷണിപ്പെടുത്തുന്ന സമീപനമാണ് ഉണ്ടാവുന്നത്. സർക്കാരും ആശുപത്രി അധികൃതരും തെറ്റ് ചെയ്തിട്ടില്ലെങ്കിൽ പിന്നെ എന്തിനാണ് ഇത്രയധികം ഭയക്കുന്നത്?


കെഎംഎസ്‌സിഎൽ ആണോ ഈ മരുന്ന് സപ്ലൈ ചെയ്തതെന്ന് വ്യക്തമാക്കണം. എയിംസിന്റെ ടെക്നിക്കൽ ക്വാളിറ്റി ക്രൈറ്റീരിയയിൽ പോലും ഉൾപ്പെടാത്ത മരുന്നാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. സ്വന്തം കുഞ്ഞുങ്ങളുടെ ജീവന്റെ കാര്യമായതുകൊണ്ട് രക്ഷിതാക്കൾക്ക് ഇക്കാര്യങ്ങളെല്ലാം അറിയാൻ അവകാശമുണ്ട്. 'ക്ലിനിക്കൽ ട്രയൽ ഒൺലി' എന്ന് രേഖപ്പെടുത്തിയ മരുന്ന് കുഞ്ഞുങ്ങൾക്ക് നൽകിയത് വലിയൊരു കുറ്റകൃത്യമാണ്.


തനിക്കെതിരെയുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് മറുപടിയായി, വീണാ ജോർജ് നാറ്റ്‌കോയുമായി ബന്ധപ്പെട്ടുവെന്നാണ് മന്ത്രി മുരളീധരൻ പറഞ്ഞത്. എന്നാൽ മന്ത്രിയെന്ന നിലയിലോ സർക്കാരിന്റെ ഭാഗമായോ നാറ്റ്‌കോയുമായി ഒരു തരത്തിലുള്ള ഇടപെടലുകളും എൽഡിഎഫ് സർക്കാരോ താനോ നടത്തിയിട്ടില്ലെന്ന് വീണാ ജോർജ് വ്യക്തമാക്കി. എല്ലാ കാര്യത്തിലും കള്ളം പറയുന്നതുപോലെ ഇതും പറയാമെന്ന് കരുതരുതെന്ന് വീണാ ജോര്‍ജ് തുറന്നടിച്ചു. ആരോഗ്യരംഗത്തെ ഗുരുതരമായ പ്രശ്നങ്ങളെല്ലാം വളരെ ലാഘവത്തോടെയാണ് മന്ത്രി കെ. മുരളീധരൻ കാണുന്നത്.


രോഗബാധിതരുടെ ജീവൻ വെച്ചാണ് സർക്കാർ പന്താടുന്നത്. പുതിയ ടാസ്ക് ഫോഴ്സ് രൂപീകരിച്ചതിലും വലിയ ദുരൂഹതയുണ്ട്. എല്ലാത്തിലും സ്വകാര്യ വ്യക്തികളുടെ പങ്കാളിത്തമാണ് സർക്കാർ ഉറപ്പാക്കുന്നത്. കേരളത്തിന്റെ പൊതുജനാരോഗ്യ രംഗത്തെ ഒരു കൊമേഴ്സ്യൽ ഉൽപ്പന്നമാക്കി മാറ്റാനാണ് യുഡിഎഫ് സർക്കാർ ശ്രമിക്കുന്നത്. ഇന്ന് കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനം താഴേക്ക് പോവുകയാണ്. ഇത് വളരെ അപകടകരവും ഗൗരവകരവുമായ സാഹചര്യമാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും വീണാ ജോർജ് മുന്നറിയിപ്പ് നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home