സസ്പെൻഡ് ചെയ്ത വിദ്യാർഥികളെ തിരിച്ചെടുത്തു; കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സമരം വിജയം


സ്വന്തം ലേഖകൻ
Published on Oct 22, 2026, 08:04 PM | 1 min read
കാസർകോട്: ആർഎസ്എസ് അനുകൂല സെമിനാറിനെതിരെ പ്രതിഷേധിച്ച സംഭവത്തിൽ അഞ്ച് വിദ്യാർഥികളെ സസ്പെൻഡുചെയ്ത നടപടി പിൻവലിച്ച് കേരള കേന്ദ്ര സർവകലാശാല. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരായ നടപടിയാണ് കടുത്ത വിദ്യാർഥിരോഷത്തെതുടർന്ന് സർവകലാശാലയ്ക്ക് പിൻവലിക്കേണ്ടിവന്നത്.
എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും വിദ്യാർഥി പ്രക്ഷോഭത്തിന്റെ നേതാവും രണ്ടാംവർഷ എംഎസ്ഡബ്ല്യു വിദ്യാർഥിയുമായ എസ് സെയ്ദ് അലി, യൂണിറ്റ് കമ്മിറ്റി അംഗം വി ബി ആവേദ് (ഇന്റർനാഷണൽ റിലേഷൻസ് വിഭാഗം) എന്നിവരെ ഉൾപ്പെടെയാണ് തിരിച്ചെടുത്തത്.
ഒക്ടോബർ എട്ടിനാണ് സംഘപരിവാർ അനുകൂലിയായ പ്രോക്ടർ പി ശ്രീകുമാർ വിദ്യാർഥികളെ ഒറ്റതിരിച്ച് സസ്പെൻഡ്ചെയ്തത്. കാവിവൽക്കരണത്തിനെതിരെ സർവകലാശാലയിൽ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയതിന്റെ പ്രതികാരമായിരുന്നു കാമ്പസ്, ഹോസ്റ്റൽ എന്നിവിടങ്ങളിൽനിന്നുള്ള പുറത്താക്കൽ. ഒക്ടോബർ ആറിനാണ് സംഭവങ്ങളുടെ തുടക്കം. ആർഎസ്എസ് പ്രചാരകനായ ജെ നന്ദകുമാറിനെ മുഖ്യപ്രഭാഷകനായി പങ്കെടുപ്പിച്ച വന്ദേമാതരം സെമിനാറിനെതിരെ എസ്എഫ്ഐ അടക്കമുള്ള വിദ്യാർഥി സംഘടനകൾ പ്രതിഷേധിച്ചു. തുടർന്ന് ക്രൂരമായ പൊലീസ് മർദനമുൾപ്പെടെയുണ്ടായി.
രണ്ടാംദിനം സെമിനാറിൽ പങ്കെടുത്ത ഗവർണർ വിദ്യാർഥികളെ രാജ്യദ്രോഹികളെന്ന് വിളിച്ചതും വിദ്യാർഥികൾക്കിടയിൽ അമർഷമുണ്ടാക്കി. തുടർന്ന് പ്രോക്ടർ പി ശ്രീകുമാറിന്റെ പ്രബന്ധാവതരണം പ്രതിഷേധത്തിൽമുങ്ങി. പ്രോക്ടർ പദവിയിൽനിന്ന് അദ്ദേഹം രാജിവെക്കണമെന്നുൾപ്പെടെ ആവശ്യപ്പെട്ട് വിദ്യാർഥികൾ സമരം ശക്തമാക്കി. സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. പിന്നീട് പ്രോക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികൾ ഉൾപ്പെടെയുള്ളവരെ ഒറ്റതിരിച്ച് പുറത്താക്കുകയായിരുന്നു.
വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത നടപടിയെ എസ്എഫ്ഐ സർവകലാശാല യൂണിറ്റ് കമ്മിറ്റി എതിർത്തു. ക്യാമ്പസിൽ നടക്കുന്ന പരിപാടിയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കാനും ആശങ്കകൾ പ്രകടിപ്പിക്കാനുമുള്ള അവകാശമാണ് വിനിയോഗിച്ചതെന്ന് വ്യക്തമാക്കി സസ്പെൻഷൻ ഉത്തരവുകൾ അടിയന്തരമായി പിൻവലിക്കണമെന്നാവശ്യപ്പെട്ട് 8ന് രാത്രി അഡ്മിനിസ്ടേറ്റീവ് ബ്ലോക്ക് ഉപരോധിച്ചു. തുടർന്ന് വിദ്യാർഥികൾ കൂട്ടത്തോടെ ക്ലാസുകൾ ബഹിഷ്കരിച്ചു. വൈസ് ചാൻസലറുടെ ഉൾപ്പെടെ എകപക്ഷീയ നിലപാടിനെതിരെ കാമ്പസിൽ ഒപ്പുശേഖരണവും കൊട്ടിപ്പാട്ട് സമരവും നടത്തി. എസ്എഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിലും കാമ്പസിലേക്ക് ഉജ്വല സമരം നടത്തിയിരുന്നു.








0 comments