പഠന ബോർഡുകളിൽ സംഘപരിവാർ അനുകൂലികൾ; മിണ്ടാട്ടമില്ലാതെ കോൺഗ്രസ്, ലീഗ് അധ്യാപക സംഘടനകൾ

പ്രതീകാത്മക ചിത്രം
തേഞ്ഞിപ്പലം: കലിക്കറ്റ് സർവകലാശാല പഠന ബോർഡുകളിൽ സംഘപരിവാറുകാരെ കുത്തിനിറച്ചിട്ടും മിണ്ടാട്ടമില്ലാതെ കോൺഗ്രസ്, മുസ്ലിംലീഗ് അനുകൂല അധ്യാപക സംഘടനകൾ. സംഘപരിവാർ അനുകൂല അധ്യാപക സംഘടനയായ ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘിൽനിന്ന് 32 പേരെയാണ് ഒറ്റയടിക്ക് നിയമിച്ചത്.
ഇതിനെതിരെ ഇടതുപക്ഷ അധ്യാപക സംഘടനകളും എസ്എഫ്ഐയും ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ടെങ്കിലും കോൺഗ്രസ്, ലീഗ് സംഘടനകൾ മൗനത്തിലാണ്. സർവകലാശാലയിലെ കോ–ലീ–ബി കൂട്ടുകെട്ടിനെ ബലപ്പെടുത്തുന്നതാണ് ഇവരുടെ മൗനം.
കെപിസിടിഎ, ജിസിടിഒ എന്നിവയാണ് കോൺഗ്രസ് അനുകൂല അധ്യാപക സംഘടനകൾ. സികെസിടി ലീഗ് അനുകൂല സംഘടനയാണ്. സർവകലാശാല പഠന വിഭാഗങ്ങളിലെ കോൺഗ്രസ് അനുകൂല സംഘടനയാണ് ‘കുട്ട'. ഇവരാരും ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. പഠന ബോർഡുകൾ പുനഃസംഘടിപ്പിക്കാനുള്ള പൂർണ അധികാരം സിൻഡിക്കറ്റിനാണ്.
എന്നാൽ, സിൻഡിക്കറ്റ് ഈ ചുമതല വൈസ് ചാൻസലർക്ക് കൈമാറി സംഘപരിവാറുകാർക്ക് കടന്നുവരുവാനുള്ള അവസരമൊരുക്കി. സിൻഡിക്കറ്റ് യോഗത്തിൽ സംഘപരിവാറുകാരുടെ പേര് വന്നാൽ ഇടതുപക്ഷാംഗങ്ങൾ ശക്തമായി എതിർക്കുമെന്നറിയാവുന്നതിനാലാണ് യുഡിഎഫ് സിൻഡിക്കറ്റ് ഈ ചുമതല വൈസ് ചാൻസലറെ ഏൽപ്പിച്ചതെന്ന് വ്യക്തം.
വൈസ് ചാൻസലർ ഡോ. പി രവീന്ദ്രൻ കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയായ ‘കുട്ട' യുടെ മുൻ പ്രസിഡന്റാണെങ്കിലും, സംഘപരിവാർ അനുകൂലിയാണ്. സംഘപരിവാർ വേദികളിൽ സ്ഥിര സാന്നിധ്യമാണ് ഇദ്ദേഹം. സർവകലാശാല രജിസ്ട്രാറാകട്ടെ ‘കുട്ട' യുടെ നിലവിലെ സെക്രട്ടറിയുമാണ്.
നിലവിലെ പിവിസി ഡോ. പി റഷീദ് അഹമ്മദ് സികെസിടി നേതാവാണ്. ഇവർ അറിയാതെ സംഘപരിവാറുകാർ പഠന ബോർഡുകളിൽ എത്തില്ല. യുഡിഎഫിന്റെ വിദ്യാർഥി സംഘടനകളായ എംഎസ്എഫിനും -കെഎസ്‌യുവിനും വിസി പല സഹായങ്ങളും ചെയ്‌തുനൽകുന്നുണ്ട്. ഇവരും വിസിക്കെതിരെ മിണ്ടില്ല.









0 comments