'കേവലം ഫയലുകളല്ല, ജീവനുകളാണ്'; മന്ത്രിയും മരുന്ന് കമ്പനിയുമായുള്ള ബന്ധം അന്വേഷിക്കണം: പി കെ ശ്രീമതി

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, കെ കെ ശൈലജ, സംസ്ഥാനകമ്മിറ്റി അംഗം വീണാ ജോർജ് എന്നിവരുടെ സംയുക്ത വാർത്താസമ്മേളനം | ചിത്രം : നിലിയ വേണുഗോപാൽ
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ ചുമതലയേറ്റപ്പോൾ മുതൽ സംസ്ഥാനത്തെ ആരോഗ്യരംഗം ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിഅംഗവും മുൻ ആരോഗ്യമന്ത്രിയുമായിരുന്ന പി കെ ശ്രീമതി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, കെ കെ ശൈലജ, സംസ്ഥാനകമ്മിറ്റി അംഗം വീണാ ജോർജ് എന്നിവരുടെ സംയുക്ത വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം. ജീവൻരക്ഷാ മരുന്നുകൾ ലഭിക്കാതെ രോഗികൾ വലയുമ്പോഴും, സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്ന നിരുത്തരവാദപരമായ സമീപനത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നതെന്ന് പി കെ ശ്രീമതി പറഞ്ഞു.
എസ്എംഎ (സ്പൈനൽ മസ്കുലർ അട്രോഫി) ബാധിതരായ കുട്ടികൾക്ക് ‘ക്ലിനിക്കൽ ട്രയൽ ഒൺലി’ എന്ന് രേഖപ്പെടുത്തിയ മരുന്നുകൾ വിതരണം ചെയ്ത സംഭവം വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ കർശനമായ മാനദണ്ഡങ്ങളുള്ളപ്പോഴാണ് യാതൊരു സുരക്ഷാ മുൻകരുതലുമില്ലാതെ ഇത്തരം മരുന്നുകൾ പിഞ്ചുകുഞ്ഞുങ്ങൾക്ക് നൽകുന്നത്. സംഭവം അങ്ങേയറ്റം തെറ്റാണെന്നും പി കെ ശ്രീമതി കൂട്ടിച്ചേര്‍ത്തു. ഇതിനെതിരെ രക്ഷിതാക്കൾ കടുത്ത ആശങ്കയിലാണ്.
മുൻകാലങ്ങളിൽ ഇടതുപക്ഷ സർക്കാർ ആരോഗ്യരംഗത്ത് മാതൃകാപരമായ ഇടപെടലുകളാണ് നടത്തിയത്. എൽഡിഎഫ് സർക്കാർ അധികാരത്തിലിരുന്നപ്പോൾ രോഗികൾക്ക് സൗജന്യമായി മരുന്ന് നൽകിയിരുന്നു. കഴിഞ്ഞ പത്ത് കൊല്ലത്തിനിടയിൽ കേരളത്തിൽ മരുന്നില്ലെന്ന ഒരു പരാതിപോലും കേൾക്കേണ്ടി വന്നിട്ടില്ല. എൽഡിഎഫ് സർക്കാരിന്റേത് എപ്പോഴും ജനകീയ ആരോഗ്യ നയമായിരുന്നു.
2007 ഡിസംബറിലാണ് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ നിലവിൽ വന്നത്. ഇതിന്റെ ചട്ടമനുസരിച്ച് മരുന്ന് വാങ്ങുന്നതുമായി ബന്ധപ്പെട്ട് മന്ത്രിക്ക് യാതൊരു റോളുമില്ല. മരുന്ന് കമ്പനികളേയോ മേധാവികളേയോ ഏജന്റുമാരെയോ മന്ത്രിമാർ കാണാൻ പാടില്ലെന്ന കർശന ചട്ടവുമുണ്ട്. ആരോഗ്യമന്ത്രി കോർപ്പറേറ്റുകൾക്കും മരുന്ന് കമ്പനികൾക്കും വിധേയനാകുന്ന സാഹചര്യമുണ്ടായെന്നും പി കെ ശ്രീമതി പറഞ്ഞു. മരുന്ന് ടെൻഡർ ചെയ്ത് വാങ്ങേണ്ട ഉത്തരവാദിത്വം ഹെൽത്ത് പ്രിൻസിപ്പൾ സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കാണ്. എന്നാൽ യുഡിഎഫ് ഭരണത്തിൽ ഈ മാനദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് അഴിമതിയും മരുന്നുവിതരണത്തിലെ വീഴ്ചകളും അരങ്ങേറുന്നത്.









0 comments