എറണാകുളം മഞ്ഞപ്രയിൽ വൃദ്ധദമ്പതികൾക്ക് വെട്ടേറ്റു; അയൽവാസി കസ്റ്റഡിയിൽ

കൊച്ചി: എറണാകുളം മഞ്ഞപ്രയിൽ വൃദ്ധദമ്പതികളെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ അയൽവാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉതുപ്പ്, അന്നമ്മ ദമ്പതികൾക്കാണ് പരിക്കേറ്റത്. അയൽവാസിയായ ജോസാണ് ആക്രമണം നടത്തിയത്
ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. കൃഷിക്ക് മരുന്ന് തളിക്കാൻ ഉപയോഗിക്കുന്ന സ്പ്രേയർ വീട്ടിൽനിന്ന് കാണാതായതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. സ്പ്രേയർ ജോസ് കൊണ്ടുപോയെന്ന സംശയത്തെത്തുടർന്ന് ഉതുപ്പ് ഇയാളോട് ഇതേക്കുറിച്ച് ചോദിച്ചതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.
തുടർന്ന് കൈവശമുണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ച് ജോസ് ഉതുപ്പിനെയും അന്നമ്മയെയും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഇരുവരുടെയും തലയ്ക്കാണ് വെട്ടേറ്റത്. നാട്ടുകാർ ചേർന്ന് ഇവരെ അങ്കമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ജോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.







0 comments