പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി തമിഴ്നാട്ടിലെ ഹോട്ടലിൽ മുറിയെടുത്തു; രണ്ട് മലയാളി യുവാക്കൾ പിടിയിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി ഹോട്ടലിൽ മുറിയെടുത്ത രണ്ട് മലയാളി യുവാക്കൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. പഠനവുമായി ബന്ധപ്പെട്ട് മാതാപിതാക്കളുടെ സമ്മർദം കൂടിയതിനെ തുടർന്ന് പെൺകുട്ടികൾ വീടുവിട്ടിറങ്ങുകയായിരുന്നു.
നാഗപട്ടണത്തെ വേളാങ്കണ്ണിയിലെത്തിയ പെൺകുട്ടികൾ കടകളിൽ ജോലിക്കായി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ബീച്ചിലെത്തിയ ഇവർ അവിടെയെത്തിയ കേരളത്തിൽ നിന്നുള്ള രണ്ട് യുവാക്കളെ പരിചയപ്പെടുകയായിരുന്നു.
23ഉം 27ഉം വയസ്സുള്ള യുവാക്കൾ പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയും, രാത്രി താമസിക്കാൻ സ്ഥലം തേടിയ പെൺകുട്ടികളെ സഹായിക്കാനായി ഒരു ഹോട്ടലിൽ മുറിയെടുക്കുകയും ചെയ്തു. ഓരോ യുവാവും ഓരോ പെൺകുട്ടിയോടൊപ്പമാണ് മുറി പങ്കിട്ടതെന്ന് പൊലീസ് അറിയിച്ചു.
അടുത്ത ദിവസം ജോലിക്കായി വീണ്ടും പുറത്തിറങ്ങിയ പെൺകുട്ടികളെ കണ്ട ഒരു സ്ത്രീ ഹെൽപലൈനിൽ വിളിച്ച് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വനിതാ പൊലീസ് യൂണിറ്റും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ഇടപെട്ട് പെൺകുട്ടികളോട് സംസാരിക്കുകയും പോക്സോ നിയമപ്രകാരം കേസെടുത്ത് യുവാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പെൺകുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്.









0 comments