ബിഹാറിൽ പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; നാല് മരണം, മൂന്ന് പേരെ കാണാതായി

ബിഹാറിലെ സിവാനിൽ പടക്കങ്ങൾ നിർമിക്കുകയും സൂക്ഷിക്കുകയും ചെയ്തിരുന്ന വീട്ടിലുണ്ടായ വൻ സ്ഫോടനത്തിൽ നാല് പേർ മരിച്ചു
പട്ന: ബിഹാറിലെ സിവാനിൽ പടക്കങ്ങൾ നിർമിക്കുകയും സൂക്ഷിക്കുകയും ചെയ്തിരുന്ന വീട്ടിലുണ്ടായ വൻ സ്ഫോടനത്തിൽ നാല് പേർ മരിച്ചു. മൂന്ന് പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. ഇടയ്ക്കിടെയുണ്ടാകുന്ന സ്ഫോടനങ്ങൾ രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്.
പ്രദേശവാസിയായ മുഹമ്മദ് അമിറുദ്ദീൻ മിയാന്റെ വീടിനോടു ചേർന്നുള്ള പടക്കനിർമാണ യൂണിറ്റിൽ സൂക്ഷിച്ചിരുന്ന പടക്കങ്ങൾക്ക് തീപിടിച്ചതാണ് സ്ഫോടനങ്ങൾക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടിന്റെ മുൻഭാഗം തകർന്നു. അവശിഷ്ടങ്ങൾ റോഡിലേക്ക് പതിക്കുകയും ചെയ്തു.
അപകടസമയത്ത് കുടുംബത്തിലെ ഏഴ് പേർ വീട്ടിലുണ്ടായിരുന്നുവെന്നാണ് ഗ്രാമത്തലവൻ അറിയിച്ചതെന്ന് സിവാൻ പൊലീസ് പറഞ്ഞു. നാല് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കാണാതായ മൂന്ന് പേരുടെ സ്ഥിതി കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അഗ്നിരക്ഷാസേനയും മെഡിക്കൽ സംഘവും പൊലീസും സ്ഥലത്തെത്തി. ഫോറൻസിക് സംഘം പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിക്കും. സ്ഫോടനസാധ്യത കണക്കിലെടുത്ത് അപകടസ്ഥലത്തുനിന്ന് 200 മീറ്റർ അകലെ നിൽക്കണമെന്ന് പൊലീസ് നാട്ടുകാർക്ക് നിർദേശം നൽകി.
പടക്കനിർമാണത്തിനും സംഭരണത്തിനും ആവശ്യമായ ലൈസൻസ് ഉണ്ടായിരുന്നോ, സുരക്ഷാനിയമങ്ങൾ പാലിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. കുടുംബത്തിന് പഴയ ലൈസൻസ് ഉണ്ടായിരുന്നുവെന്നും ഏകദേശം 20 വർഷമായി പടക്കവ്യാപാരം നടത്തിവരികയാണെന്നും നാട്ടുകാർ അറിയിച്ചിട്ടുണ്ട്.
എന്നാൽ ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനും പരിശോധനയിൽ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതിനും പൊലീസ് നടപടി ആരംഭിച്ചു.









0 comments