യുവതി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ചനിലയിൽ; ദുരൂഹത ആരോപിച്ച് കുടുംബം

Photo: INDIA TODAY
പട്ന: ഭർതൃഗൃഹത്തിൽ യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയതിനു പിന്നാലെ ദുരൂഹതയാരോപിച്ച് കുടുംബം. ബിഹാറിലെ ബെഗുസരായിയിൽ അങ്കിത കുമാരി എന്ന യുവതിയാണ് ജീവനൊടുക്കിയത്. അങ്കിതയുടെ മരണത്തിനു പിന്നിൽ സ്ത്രീധന പീഡനവും മതംമാറാനുള്ള സമർദവുമാണെന്ന് മാതാപിതാക്കൾ ആരോപിച്ചു. സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകി. അങ്കിതയുടെ ഭർത്താവ് മുഹമ്മദ് ആർസു, സഹോദരൻ, സഹോദരന്റെ ഭാര്യ, സഹോദരി, മറ്റൊരു വ്യക്തി എന്നിവർക്കെതിരെയാണ് പരാതി.
പ്രണയവിവാഹമായിരുന്നു അങ്കിതയുടേത്. വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് 2021ൽ വീട്ടിൽ നിന്നും ഇറങ്ങിപോയാണ് മുഹമ്മദ് ആർസു എന്ന യുവാവിനെ വിവാഹം ചെയ്തത്. 2023 ൽ ഇവർക്ക് ഒരു പെൺകുട്ടിയും ജനിച്ചു. തുടർന്ന് അങ്കിത സ്വന്തം വീട്ടുകാരുമായി അടുത്തതോടെ സ്ത്രീധനത്തിന്റെ പേരിൽ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നുവെന്ന് അങ്കിതയുടെ മാതാവ് ദ്രൗപതി ദേവി പറഞ്ഞു. ഇക്കഴിഞ്ഞ ദുർഗാപൂജയ്ക്ക് മകൾ വീട്ടിൽ വരാൻ ആഗ്രഹം പ്രകടിപ്പിച്ചതായും പിന്നാലെയാണ് മരണം സംഭവിച്ചതെന്നും ദ്രൗപതി ആരോപിച്ചു.
ആർസുവും കുടുംബവും സ്ത്രീധനമായി പണം ആവശ്യപ്പെടാനും അങ്കിതയോട് ഇസ്ലാം മതം സ്വീകരിക്കാനും സമ്മർദം ചെലുത്തിയിരുന്നു. മതം മാറാൻ വിസമ്മതിച്ചതിനും സ്ത്രീധനം നൽകാത്തതിന്റെ പേരിലും മകളെ ഭർത്താവും വീട്ടുകാരും നിരന്തരം പീഡിപ്പിച്ചുതായി രക്ഷിതാക്കൾ പറയുന്നു. തുടർന്ന് പ്രശ്‌നം രൂക്ഷമായതോടെ അങ്കിത സ്വന്തം വീട്ടിലേയ്ക്ക് മടങ്ങുകയും ചെയ്തു. ശേഷം, ഇരുകുടുംബങ്ങളും ഇടപെടുകയും ചർച്ചകളിലൂടെ തർക്കം പരിഹരിക്കുകയും ചെയ്തതോടെ അങ്കിത ഭർതൃ വീട്ടിലേയ്ക്ക് മടങ്ങിപോയി.
പിന്നീട്, ദസ്റ ആഘോർഷത്തിന് വീട്ടിലേയ്ക്ക് വരാൻ ആഗ്രഹം പ്രകടിപ്പിച്ച അന്ന് പുലർച്ചെ അങ്കിത തൂങ്ങിമരിച്ചുവെന്ന വാർത്തയാണ് വന്നതെന്നും മാതാവ് പറഞ്ഞു. അങ്കിതയുടെ മൃതദേഹം കസ്റ്റഡിയിലെടുത്ത പോലീസ് പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം നടത്തി വരികയാണ്.








0 comments