സൂര്യവംശിയുടെ ഭാവി തിളക്കമുള്ളത്; എന്നാൽ ഇപ്പോഴത്തെ അമിത പ്രചാരണം ഗുണകരമല്ലെന്ന് ബാറ്റിങ് കോച്ച്

ന്യൂഡൽഹി: ഇന്ത്യൻ കൗമാര താരം വൈഭവ് സൂര്യവംശിയെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ, താരത്തിന് ചുറ്റുമുള്ള അമിത പ്രചാരണം ഗുണകരമല്ലെന്ന് ഇന്ത്യൻ ബാറ്റിങ് കോച്ച് സിതാൻഷു കോട്ടക്. 15കാരനായ താരത്തിന് കളിക്കാൻ ആവശ്യത്തിന് അവസരങ്ങൾ ലഭിക്കണമെന്നും എന്നാൽ ആരാധകരുടെ സമ്മർദം മാത്രം കണക്കിലെടുത്ത് ടീമിൽ മാറ്റം വരുത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ സഞ്ജു സാംസണും അഭിഷേക് ശർമയുമാണ് ഇന്ത്യയുടെ ഓപ്പണർമാർ. ഇരുവരും മികച്ച ഫോമിൽ തുടരുന്നതിനാൽ വൈഭവിന് പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചിട്ടില്ല. ഇഷാൻ കിഷന് പരിക്കേറ്റതോടെ വൈഭവിന് അവസരം ലഭിക്കുമെന്ന പ്രതീക്ഷയും ഉയർന്നിട്ടുണ്ട്. അതേസമയം, താരത്തെ നിർബന്ധമായും കളിപ്പിക്കണമെന്ന തരത്തിലുള്ള സമൂഹമാധ്യമ പ്രചാരണം അനാവശ്യമാണെന്നാണ് കോട്ടക്കിന്റെ നിലപാട്.
15 വയസ്സുള്ള ഒരു താരത്തെക്കുറിച്ച് അമിത പ്രതീക്ഷകൾ സൃഷ്ടിക്കുന്നത് മാനസിക സമ്മർദത്തിന് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും കളിക്കണമെന്ന് ആവശ്യപ്പെടുകയും പിന്നീട് ടീമിൽ ഇടം ലഭിക്കാതിരിക്കുകയും ചെയ്യുന്നത് യുവതാരത്തെ ബാധിച്ചേക്കാം. മികച്ച പ്രകടനം നടത്തുന്ന മറ്റ് ഓപ്പണർമാരെ ചോദ്യം ചെയ്യുന്നതും ശരിയല്ലെന്ന് കോട്ടക് ചൂണ്ടിക്കാട്ടി.
വൈഭവിന് കളിക്കാൻ ആഗ്രഹമുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ സഞ്ജുവിനെയോ അഭിഷേകിനെയോ ടീമിൽനിന്ന് ഒഴിവാക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കളിക്കാത്തപ്പോഴും വൈഭവ് പരാതികളൊന്നും ഉന്നയിക്കുന്നില്ലെന്നും ഫീൽഡിങ്, ഫിറ്റ്നസ്, ബാറ്റിങ് എന്നിവയിൽ കഠിനാധ്വാനം തുടരുകയാണെന്നും കോട്ടക് പറഞ്ഞു.
അതേസമയം, ന്യൂസിലൻഡിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ വൈഭവ് ബുദ്ധിമുട്ടുന്നുവെന്ന അഭ്യൂഹങ്ങളും അദ്ദേഹം തള്ളി. താരത്തിന്റെ ആക്രമണോത്സുകമായ ബാറ്റിങ് ശൈലി മികച്ചതാണെന്നും സാഹചര്യത്തിനനുസരിച്ച് ഷോട്ടുകൾ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചാണ് പരിശീലനത്തിൽ ചർച്ച ചെയ്യുന്നതെന്നും കോട്ടക് വ്യക്തമാക്കി. വൈഭവിന് വലിയ പ്രതിഭയുണ്ടെന്നും ഭാവിയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുമ്പോൾ അനുഭവസമ്പത്ത് വർധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.








0 comments