Deshabhimani

നോവോർമയായി അഞ്ജലിയും സിവിനും; മൃതദേഹം സംസ്കരിച്ചു

germany fire anjaly funeral

അഞ്ജലിയുടെ മൃതദേഹം ചെമ്മക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ സംസ്കാര ശുശ്രുഷകൾക്കായി കൊണ്ടുവന്നപ്പോൾ

വെബ് ഡെസ്ക്

Published on Oct 23, 2026, 09:59 PM | 1 min read

കുണ്ടറ : ജർമനിയിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച കൊല്ലം കുണ്ടറ സ്വദേശിനി അഞ്ജലിയുടെയും എറണാകുളം കാലടി സ്വദേശി സിവിന്റെയും മൃതദേഹങ്ങൾ സംസ്കരിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിൽ ഇന്ന് പുലർച്ചെയാണ് ഇരുവരുടെയും മൃതദേഹം എത്തിച്ചത്. ​


അഞ്ജലിയുടെ മൃതദേഹം പകൽ പതിനൊന്നോടെ കുണ്ടറയിലെ വീട്ടിലെത്തിച്ചു. നാടിന്റെ പ്രിയ മകളെ കാണാൻ പ്രദേശവാസികൾ ഒന്നാകെ വീട്ടിലേക്കെത്തി. വീടിനു സമീപം അഷ്ടമുടിക്കായലിന്റെ തീരത്ത് തയ്യാറാക്കിയ പന്തലിൽ മൃതദേഹം പൊതുദർശനത്തിനു വച്ചു. പൊതുദർശനത്തിനുശേഷം മൂന്നു മണിക്ക് ചെമ്മക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിക്കായി ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് എൽ സജികുമാർ, മന്ത്രി പി സി വിഷ്ണുനാഥിനായി കുരീപ്പള്ളി സലിം എന്നിവർ അന്തിമോപചാരമർപ്പിച്ചു.


സിവിന്റെ മൃതദേഹം മാണിക്കമംഗലത്തെ വീട്ടിലെ പൊതുദർശനത്തിനുശേഷം സെന്റ്‌ റോക്കീസ് പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു. ബെന്നി ബഹനാൻ എംപി, അൻവർ സാദത്ത് എംഎൽഎ, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ തങ്കച്ചൻ, കാലടി പഞ്ചായത്ത് പ്രസിഡന്റ് പൗളി ബേബി, മുൻമന്ത്രി അഡ്വ. ജോസ് തെറ്റയിൽ, പി ജെ ജോയ് തുടങ്ങിയവർ സിവിൻ്റെ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു


കഴിഞ്ഞ 13ന്‌ പുലർച്ചെയാണ് ജർമനിയിലെ ഫ്ലാറ്റിൽ തീപിടിത്തമുണ്ടായത്‌. സംഭവത്തിൽ കെട്ടിടത്തിനു തീയിട്ട റുമാനിയൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അപകടം നടക്കുന്നതിന്റെ തലേ ദിവസം റുമാനിയക്കാരനും അപ്പാർട്മെന്റിൽ താമസിക്കുന്ന ചിലരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന്റെ പ്രതികാരത്തിനായി ഇയാൾ താഴത്തെ നിലയിലെ ഇടനാഴിയിൽ സൂക്ഷിച്ചിരുന്ന കുട്ടികളുടെ സ്ട്രോളറുകൾക്ക് തീവച്ചതാകാമെന്നുമാണ് പൊലീസ് പറയുന്നത്. തീ പടർന്നുണ്ടായ പുക ശ്വസിച്ചാണ് മൂവരും മരിച്ചതെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു. കെട്ടിടത്തിലെ ഏക രക്ഷാമാർഗമായ തടികൊണ്ടുള്ള കോവണി പൂർണമായി കത്തിനശിച്ചതോടെ ഇവർക്ക് പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ല. മാസങ്ങൾക്ക് മുൻപ് മാത്രമാണ് മൂവരും ജർമനിയിൽ എത്തിയത്. സ്വകാര്യ വെയർഹൗസിൽ ജീവനക്കാരിയായിരുന്നു അഞ്ജലി. ജിം ട്രെയിനറായി ജോലി ചെയ്യുകയായിരുന്നു നോവ. ജർമനിയിലെ ട്രാവൽ ഏജൻസിയുമായി ബന്ധപ്പെട്ട ജീവനക്കാരനായിരുന്നു സിവിൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home