മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ച; അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ അറസ്റ്റിൽ, ഇതുവരെ പിടിയിലായത് 13 പേർ

മുംബൈ: മഹാരാഷ്ട്ര പബ്ലിക് സർവീസ് കമീഷൻ (എംപിഎസ്‌സി) നടത്തിയ ഡ്രഗ് ഇൻസ്‌പെക്ടർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചക്കേസിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ അറസ്റ്റിൽ. എംപിഎസ്‌സിയിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ രോഹിത് കോൽടാക്കെയെയാണ് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയി.
നേരത്തെ അറസ്റ്റിലായ എംപിഎസ്‌സി അണ്ടർ സെക്രട്ടറി അഭിജിത് ലെൻഡ്‌വെയിൽനിന്ന് രോഹിത് രഹസ്യ ചോദ്യപേപ്പറുകൾ കൈക്കലാക്കിയെന്നാണ് ആരോപണം. മാർച്ച് 22ന് സംസ്ഥാനത്തെ ആറ് കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിലെ 154 ഡ്രഗ് ഇൻസ്‌പെക്ടർ തസ്തികകളിലേക്കായിരുന്നു പരീക്ഷ.
എംപിഎസ്‌സിയുടെ രഹസ്യവിഭാഗത്തിൽനിന്ന് ചോദ്യപേപ്പറുകൾ അനധികൃതമായി പുറത്തെടുത്ത് പണം വാങ്ങി കൈമാറിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഉദ്യോഗസ്ഥരും ഇടനിലക്കാരും പരീക്ഷാർഥികളും ഉൾപ്പെടെയാണ് ഇതുവരെ അറസ്റ്റിലായത്.








0 comments