മകൾ അസുഖബാധിതയാകാൻ കാരണം മന്ത്രവാദമെന്ന് ആരോപണം; 30കാരനെ കൊന്ന് അയൽവാസികൾ

കാൺപൂർ: മന്ത്രവാദം ആരോപിച്ച് അയൽവാസികളായ മൂന്ന് പേർ ചേർന്ന് 30 കാരനായ യുവാവിനെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ കാൺപൂർ ദേഹാത്ത് ജില്ലയിലാണ് സംഭവം. തങ്ങളുടെ മകൾ അസുഖബാധിതയാകാൻ കാരണം, രാംഗണേഷിന്റെ പിതാവ് മന്ത്രവാദം ചെയ്തതുകൊണ്ടാണെന്ന സംശയത്തെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.
മുസാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗലൗലി ഗ്രാമത്തിൽ വ്യാഴാഴ്ച രാംഗണേഷിനെ വീടിന് പുറത്തുവെച്ചാണ് ആക്രമിച്ചത്. മന്ത്രവാദവുമായി ബന്ധപ്പെട്ട ആരോപണം നിഷേധിച്ചതിനെ തുടർന്നാണ് ആക്രമണം ഉണ്ടായത്. പ്രതികൾ രാംഗണേഷിന്റെ വയറ്റിൽ നിരവധി തവണ കുത്തുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു.
തുടർന്ന് രാംഗണേഷിന്റെ ഭാര്യ രചന ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. സത്യം കശ്യപ്, ബന്ധു രാഘവേന്ദ്ര കശ്യപ്, രാഘവേന്ദ്രയുടെ ഭാര്യ രാധ കശ്യപ് എന്നിവരാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
സത്യമിന്റെ ഭാര്യയുടെ മകളുടെ ആരോഗ്യനില വഷളായതിന് പിന്നിൽ രാംഗണേഷിന്റെ പിതാവ് പന്നാലലാണെന്ന് ആരോചിച്ചാണ് തർക്കങ്ങൾ തുടങ്ങിയത്. രചനയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയും മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച കത്രികയും കണ്ടെടുത്തതായി പൊലീസ് ഉദ്യോഗസ്ഥൻ രാജീവ് സിരോഹി അറിയിച്ചു.









0 comments