വനിതാ ഏകദിനം; സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് ഒൻപത് വിക്കറ്റ് ജയം; പ്രതിക റാവലിന് സെഞ്ചുറി

പ്രതീക റാവൽ ഏകദിന ക്രിക്കറ്റിൽ തന്റെ മൂന്നാം സെഞ്ചുറി നേടി. Photo Credit|BCCI
വഡോദര: സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യൻ വനിതാ ടീമിന് ഒൻപത് വിക്കറ്റിന്റെ തകർപ്പൻ വിജയം. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 197 റൺസിന് പുറത്തായപ്പോൾ, പ്രതീക റാവലിന്റെയും ഷഫാലി വർമയുടെയും മികവിൽ ഇന്ത്യ 27.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
96 പന്തിൽ പുറത്താകാതെ 100 റൺസ് നേടിയ പ്രതീക റാവൽ ഏകദിനത്തിലെ മൂന്നാം സെഞ്ചുറി സ്വന്തമാക്കി. 33 പന്തിൽ പുറത്താകാതെ 64 റൺസ് നേടിയ ഷഫാലി വർമയും ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. 29 പന്തിലാണ് ഷഫാലി അർധസെഞ്ചുറി പൂർത്തിയാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെയെ ഇന്ത്യൻ ബൗളർമാർ 197 റൺസിൽ ഒതുക്കുകയായിരുന്നു. എൻ. ശ്രീചരൺ നാല് വിക്കറ്റും ക്രാന്തി ഗൗഡ് മൂന്ന് വിക്കറ്റും വീഴ്ത്തി. സിംബാബ്‌വെയ്ക്കായി ബിസ 62 റൺസ് നേടി.
മറുപടി ബാറ്റിങ്ങിൽ പ്രതീക റാവലും സ്മൃതി മന്ദാനയും ചേർന്ന് ഇന്ത്യക്ക് മികച്ച തുടക്കം നൽകി. ഒന്നാം വിക്കറ്റിൽ 94 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് മന്ദാന പുറത്തായത്. തുടർന്ന് ഷഫാലി ആക്രമണാത്മക ബാറ്റിങ്ങിലൂടെ ഇന്ത്യയുടെ റൺനിരക്ക് ഉയർത്തി. 22.5 ഓവറുകൾ ശേഷിക്കെ ഇന്ത്യ അനായാസ വിജയം സ്വന്തമാക്കി.









0 comments