സ്വകാര്യ വിതരണ ലൈസൻസ് റദ്ദാക്കണം; ഹരിയാനയിൽ വൈദ്യുതി ജീവനക്കാരുടെ പണിമുടക്കിന് പിന്തുണയുമായി ഇഇഎഫ്ഐ

ന്യൂഡൽഹി: ഹരിയാനയിൽ വൈദ്യുതി വിതരണ മേഖലയിലെ സ്വകാര്യവൽക്കരണത്തിനെതിരെ ജീവനക്കാരുടെയും എൻജിനീയർമാരുടെയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഇഇഎഫ്ഐ). ഗുരുഗ്രാം, നൂഹ് ജില്ലകളിൽ ഇലവൻ പവർ പ്രൈവറ്റ് ലിമിറ്റഡിന് സമാന്തര വൈദ്യുതി വിതരണ ലൈസൻസ് അനുവദിച്ച ഹരിയാന വൈദ്യുതി റെഗുലേറ്ററി കമീഷൻ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജീവനക്കാർ സമരം തുടരുന്നത്.
വൈദ്യുതി നിയമം 2003ലെ സെക്ഷൻ 108 പ്രകാരം പൊതുതാൽപ്പര്യം മുൻനിർത്തി നയപരമായ നിർദേശം പുറപ്പെടുവിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ട്. ഈ അധികാരം ഉപയോഗിച്ച് സ്വകാര്യ വിതരണ ലൈസൻസിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇഇഎഫ്ഐ ആവശ്യപ്പെട്ടു. സമാന്തര വൈദ്യുതി വിതരണം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പരസ്യമായി പ്രഖ്യാപിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
കർണാടകയിൽ ടാറ്റ പവർ സമാന്തര ലൈസൻസിനുള്ള അപേക്ഷകൾ പിൻവലിച്ചതായും 2023ൽ മഹാരാഷ്ട്ര സർക്കാരും സമാന നിലപാട് സ്വീകരിച്ചതായും ഇഇഎഫ്ഐ ചൂണ്ടിക്കാട്ടി. സർക്കാർ സെക്ഷൻ 108 പ്രകാരം നിർദേശം പുറപ്പെടുവിക്കുകയും അപ്പീലിൽ അത് രേഖപ്പെടുത്തി ഉത്തരവിന് സ്റ്റേ തേടുകയും വേണം. സ്വകാര്യ വൈദ്യുതി വിതരണ ശൃംഖലയ്ക്കുള്ള അനുമതികളും മറ്റ് ക്ലിയറൻസുകളും തടയണമെന്നും സംഘടന ആവശ്യപ്പെട്ടു. സമരത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കണം. പൊതുമേഖലാ വൈദ്യുതി വിതരണ സംവിധാനത്തെ സംരക്ഷിക്കാനായുള്ള സമരത്തിന് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും ഇഇഎഫ്ഐ പറഞ്ഞു.








0 comments