കരഞ്ഞത് ഉറക്കത്തിന് തടസമായി: കുഞ്ഞിനെ അടിച്ചു കൊന്നത് അച്ഛൻ; കൊലപാതകം മറച്ചുവെച്ച അമ്മയും പിടിയിൽ

ഷിജിൻ, അഞ്ജന

സ്വന്തം ലേഖകൻ
Published on Oct 23, 2026, 08:03 PM | 1 min read
കുന്നമംഗലം: കുറ്റിക്കാട്ടൂരിൽ നാല് മാസം പ്രായമായ പെൺകുഞ്ഞിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞത് ഒരു വർഷത്തിന് ശേഷം. അച്ഛൻ പെരുവയൽ ചെമ്മലത്തൂർ വൈലേങ്കര ഷിജിൻ മദ്യലഹരിയിൽ കുട്ടിയെ അടിച്ചുകൊല്ലുകയായിരുന്നു. വിവരമറിഞ്ഞിട്ടും അമ്മ അഞ്ജന വിവരം മറച്ചുവെക്കുകയും ചെയ്തു.
2025 ഒക്ടോബർ ഒന്നിനാണ് കൊലപാതകം നടന്നത്. സ്ഥിരം മദ്യപാനിയായ ഷിജിൻ സംഭവ ദിവസവും മദ്യപിച്ചാണ് വീട്ടിലെത്തിയത്. രാത്രിയിൽ കുഞ്ഞ് ഉറക്കെ കരഞ്ഞതിൽ കോപാകുലനായ പ്രതി കുട്ടിയെ മർദിച്ചു. മർദനമേറ്റ കുഞ്ഞിനെ അഞ്ജന സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്‌തെങ്കിലും അവിടെ എത്തുമ്പോഴേയ്ക്കും മരിച്ചിരുന്നു. മരണത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
കുഞ്ഞിന്റെ തലയിലടക്കം ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. വാരിയെല്ലിനും നട്ടെല്ലിനും ഒടിവുകളും കണ്ടെത്തി. മരണകാരണമായ മർദനത്തിന് മുമ്പും കുട്ടിക്ക് അപകടം സംഭവിക്കുകയും കാലൊടിയുകയും ചെയ്തിരുന്നു. ഇക്കാര്യത്തിലും കൃത്യമായ വിശദീകരണം നൽകാൻ മാതാപിതാക്കൾക്കായിട്ടില്ല. കുട്ടി കട്ടിലിൽനിന്ന് വീണു, അച്ഛന്റെ കൈയിൽ നിന്ന് വീണ് പരിക്ക് പറ്റി തുടങ്ങിയ കാരണങ്ങളാണ് മരണം സംബന്ധിച്ച് ഇവർ നിരത്തിയത്. മാതാപിതാക്കളുടെ വിശദീകരണത്തിൽ സംശയം തോന്നിയ പൊലീസ് ഇവരെ സംശയമുനയിൽ നിർത്തിയിരുന്നു.
വിശദമായ അന്വേഷണത്തിന് ശേഷം കഴിഞ്ഞ ദിവസം അഞ്ജനയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകം വ്യക്തമായത്. ഷിജിൻ കുട്ടിയെ മർദിച്ച് കൊലപ്പെടുത്തിയെന്ന് അഞ്ജന പൊലീസിനോട് സമ്മതിക്കുകയായിരുന്നു. ഷിജിൻ കുഞ്ഞിനെ മുന്പും മർദിച്ചിരുന്നുവെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.



0 comments