Deshabhimani

'സർക്കാർ പൊതുജനാരോഗ്യ മേഖലയെ കോർപറേറ്റുകൾക്ക് തീറെഴുതുന്നു': കെ കെ ശൈലജ

k k shailaja

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, കെ കെ ശൈലജ, സംസ്ഥാനകമ്മിറ്റി അംഗം വീണാ ജോർജ് എന്നിവരുടെ സംയുക്ത വാർത്താസമ്മേളനം | ചിത്രം : നിലിയ വേണുഗോപാൽ

വെബ് ഡെസ്ക്

Published on Oct 22, 2026, 07:00 PM | 2 min read

തിരുവനന്തപുരം: കേരളത്തിന്‍റെ പൊതുജനാരോഗ്യ മേഖലയെ യുഡിഎഫ് സർക്കാർ കോർപറേറ്റുകൾക്ക് തീറെഴുതുന്നുവെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, കെ കെ ശൈലജ, സംസ്ഥാനകമ്മിറ്റി അംഗം വീണാ ജോർജ് എന്നിവരുടെ സംയുക്ത വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം. കേരളത്തിന്റെ പൊതുജനാരോഗ്യ മേഖല ഇന്ന് വലിയൊരു തകർച്ചയെയാണ് അഭിമുഖീകരിക്കുന്നതെന്നും കെ കെ ശൈലജ പറഞ്ഞു.


എസ്എംഎ (സ്പൈനൽ മസ്കുലർ അട്രോഫി) ബാധിതരായ പിഞ്ചുകുഞ്ഞുങ്ങൾക്ക് ‘ക്ലിനിക്കൽ ട്രയൽ ഒൺലി’ എന്ന് രേഖപ്പെടുത്തിയ മരുന്നുകൾ വിതരണം ചെയ്തത് വളരെ ദോഷകരമായ സംഭവമാണ്. എൽഡിഎഫ് സർക്കാർ ഇത്രയും കാലം രോഗികൾക്ക് ഉറപ്പാക്കിയിരുന്ന മികച്ച മരുന്നുകൾക്ക് പകരം വിലകുറഞ്ഞ മരുന്നുകൾ വാങ്ങുന്നതല്ല പ്രശ്നം. അതിനേക്കാളുപരി, കുട്ടികൾക്ക് നൽകുന്ന മരുന്നിന്റെ സുരക്ഷയെക്കുറിച്ച് രക്ഷിതാക്കളെ ബോധ്യപ്പെടുത്താൻ സർക്കാർ തയ്യാറാകുന്നില്ല. മുൻ സർക്കാർ നൽകിയ അതേ ​ഗുണനിലവാരത്തിലുള്ള മരുന്നുകൾ തന്നെയാണ് യുഡിഎഫ് സർക്കാരും നൽകുന്നത് എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.


മരുന്ന് കമ്പനികളെ മന്ത്രിയുടെ ഓഫീസ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ദുരൂഹതയും കെ കെ ശൈലജ ചൂണ്ടിക്കാട്ടി. മരുന്ന് കമ്പനികൾ നേരിട്ടെത്തി മന്ത്രിയെ കണ്ട് കാര്യങ്ങൾ സംസാരിക്കുന്നത് ഗുരുതരമായ കീഴ്‌വഴക്കമില്ലായ്മയാണ്.


മരുന്നുകളുടെ ​ഗുണനിലവാരം പരിശോധിക്കുന്ന മെഡിക്കൽ സർവീസ് കോർപ്പറേഷനിൽ ഇത്രയും നാൾ ഉണ്ടായിരുന്ന ക്വാളിറ്റി ചെക്ക് സെൽ പുതിയ സർക്കാർ അവസാനിപ്പിച്ചിരിക്കുകയാണ്. ഡ്രഗ്സ് കൺട്രോളർ പരിശോധിക്കുമെന്നാണ് പുതിയ തീരുമാനം. എന്നാൽ ഇത് തികച്ചും അപ്രായോഗികവും കുട്ടികളുടെ ജീവനുമേൽ വരുത്തുന്ന വലിയ അപകടവുമാണ്. ചെറിയ കുട്ടികളിൽ ക്ലിനിക്കൽ പരിശോധനയ്ക്കുള്ള മരുന്നുകൾ ഉപയോഗിക്കുന്നത് കടുത്ത ദോഷം ചെയ്യും. ഷോർട്ട് ടെൻഡർ മുഖേന മരുന്ന് വാങ്ങേണ്ട അടിയന്തര സാഹചര്യവും ഇപ്പോഴില്ല. പുതിയ മരുന്നുകൾക്ക് ബയോ ഇക്വലൻസ് ടെസ്റ്റ് നടത്തിയിട്ടുണ്ടോ എന്ന് കർശനമായി പരിശോധിക്കണം.


പൊതുജനാരോഗ്യ മേഖലയ്ക്ക് തന്നെ ഭീഷണി ഉയർത്തുന്ന രീതിയിലാണ് സർക്കാർ പുതിയ ടാസ്ക് ഫോഴ്സ് രൂപീകരിച്ചിരിക്കുന്നതെന്നും കെ കെ ശൈലജ ചൂണ്ടിക്കാട്ടി. അതിൽ ഉൾപ്പെടുത്തിയ ആളുകളിലും പഠനവിഷയങ്ങളിലും വലിയ പ്രശ്നങ്ങളുണ്ട്. സ്വകാര്യ മേഖലയെ കൈപിടിച്ചാനയിക്കാനാണ് യുഡിഎഫ് സർക്കാർ ഇതിലൂടെ ശ്രമിക്കുന്നത്.


ഇൻഷുറൻസ് പദ്ധതിയുടെ പേരിൽ സ്വകാര്യ ഇൻഷുറൻസ് കമ്പനി പ്രതിനിധികളെ ഉൾപ്പെടുത്തി എല്ലാം സ്വകാര്യവൽക്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. നിലവിലുള്ള സർക്കാർ സൗകര്യങ്ങളെല്ലാം ഒഴിവാക്കിക്കൊണ്ട് സ്വകാര്യ വ്യക്തികളെ കൊണ്ടുവരാനും നിക്ഷേപമുണ്ടാക്കാനുമാണ് നീക്കം. കേരളം കഷ്ടപ്പെട്ട് കെട്ടിപ്പടുത്ത പൊതുജനാരോഗ്യ മേഖലയെ നശിപ്പിക്കുന്ന നിലപാടാണ് യുഡിഎഫ് സർക്കാരിന്റേത്. ഈ സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോഴേക്കും കേരളത്തിന്റെ പൊതുആരോഗ്യ സംവിധാനം പൂർണമായും തകർക്കപ്പെടുമെന്നും കെ കെ ശൈലജ വാർത്താസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home