Deshabhimani

മുംബൈയിലെ പുകമഞ്ഞ് ഡൽഹിയേക്കാൾ രൂക്ഷം; അധികൃതരെ വിമർശിച്ച് ഹൈക്കോടതി

Bombay High court
വെബ് ഡെസ്ക്

Published on Oct 22, 2026, 05:50 PM | 1 min read

മുംബൈ : മുംബൈയിലെ വായുമലിനീകരണം ഡൽഹിയിലേതിനേക്കാൾ രൂക്ഷമായെന്ന് ബോംബെ ഹൈക്കോടതി. അധികൃതരുടെ നിഷ്‌ക്രിയത്വത്തിനെതിരെ കോടതി രൂക്ഷവിമർശനം ഉന്നയിച്ചു. വായുമലിനീകരണം അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യത്തിലെത്തിയിട്ടും നടപടികൾ വൈകുന്നതെന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. നഗരത്തിലെ പുകമഞ്ഞും മലിനീകരണവും ജനജീവിതത്തെ ബാധിക്കുന്ന സാഹചര്യത്തിലും അധികൃതർ നടപടിയെടുക്കാത്തതിനെ കോടതി ചോദ്യംചെയ്തു.


ഉത്സവകാലത്തെ ശബ്ദമലിനീകരണവും പടക്കങ്ങളുടെ ഉപയോഗവും സംബന്ധിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവേയാണ് കോടതി ആശങ്ക രേഖപ്പെടുത്തിയത്. രാവിലെ നടക്കാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളത്. നഗരത്തിൽ ദൃശ്യപരത 500 മീറ്ററിൽ താഴെയായെന്ന റിപ്പോർട്ടുകളും കോടതി ചൂണ്ടിക്കാണിച്ചു. വായുവിന്റെ ഗുണനിലവാരം പരിശോധിച്ചശേഷം മാത്രം പുറത്തിറങ്ങേണ്ട സാഹചര്യം ജനങ്ങൾക്ക് ഉണ്ടാകരുതെന്നും കോടതി വ്യക്തമാക്കി.


15–20 മിനിറ്റ് മാത്രം നീളുന്ന ആഘോഷത്തിനുവേണ്ടി വായു മലിനപ്പെടുത്താൻ അനുവദിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. നഗരത്തിലെ വായുമലിനീകരണത്തിന് പുറമെ പടക്കങ്ങളിൽ നിന്നുള്ള പുകയും വിഷവാതകങ്ങളും സ്ഥിതി കൂടുതൽ വഷളാക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.


പൊതുറോഡുകൾ, ഇടവഴികൾ, നടപ്പാതകൾ എന്നിവിടങ്ങളിൽ പടക്കം പൊട്ടിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള മുൻ ഉത്തരവുകൾ നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടായതായും കോടതി നിരീക്ഷിച്ചു. മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോർഡും പൊതുജനങ്ങൾക്ക് ആവശ്യമായ മുന്നറിയിപ്പുകൾ നൽകിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.


വായുമലിനീകരണവും ശബ്ദമലിനീകരണവും നിയന്ത്രിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ വീഴ്ച പൗരന്മാരുടെ ഭരണഘടനാ അവകാശങ്ങളെ ബാധിക്കും. ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങൾ ഉറപ്പുനൽകുന്ന അവകാശങ്ങളെ ബാധിക്കുന്ന തരത്തിലുള്ള അലംഭാവം ഗൗരവത്തോടെ കാണുമെന്നും കോടതി മുന്നറിയിപ്പ് നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home