ക്രൂഡ് ഓയിൽ വിലയിൽ കുതിച്ചു; ഡോളറിനെതിരെ രൂപയ്ക്ക് തിരിച്ചടി

മുംബൈ : ഇന്ന് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 44 പൈസ ഇടിഞ്ഞ് 94.82 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഭ്യന്തര ഓഹരി വിപണികളിലെ നെഗറ്റീവ് പ്രവണതയും ക്രൂഡ് ഓയിൽ വിലയിലെ കുതിച്ചുചാട്ടവും ഇന്ന് രൂപയുടെ തകർച്ചക്ക് കാരണമായി.
സൗദി അറേബ്യയുടെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ യെമനിലെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾ വർധിച്ചത് ആഗോള വിപണിയെ ബാധിച്ചിട്ടുണ്ട്. ഡോളർ സൂചിക വലിയ മുന്നേറ്റം തുടരാത്തതും യുഎസ് ട്രഷറി വരുമാനത്തിലെ ഇടിവും രൂപയുടെ തകർച്ച കുറയ്ക്കാൻ സഹായിച്ചു.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ച് മാർക്കറ്റിൽ, ഡോളറിനെതിരെ 94.47 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച രൂപ, പിന്നീട് 94.94 എന്ന ദിവത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഒടുവിൽ 94.82 എന്ന നിലയിൽ മുൻ ക്ലോസിംഗിനേക്കാൾ 44 പൈസ ഇടിവോടെ വ്യാപാരം
അവസാനിപ്പിക്കുകയായിരുന്നു. ബുധനാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 53 പൈസ ഉയർന്ന് 94.38 എന്ന നിലിയിലാണ് ക്ലോസ് ചെയ്തത്. ആറ് കറൻസികൾക്കെതിരെ ഡോളറിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.17 ശതമാനം ഇടിഞ്ഞ് 101.60 എന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.
ഇന്ന് ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് 3.23 ശതമാനം ഉയർന്ന് ബാരലിന് 112.33 ഡോളറിലെത്തി. സൗദി അരാംകോയുടെ എണ്ണപ്പാടത്തിന് നേരെയുണ്ടായ ആക്രമണങ്ങളെയും യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകുമെന്ന് സൂചിപ്പിക്കുന്ന മാധ്യമ റിപ്പോർട്ടുകളെയും തുടർന്നാണ് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നത്.
ആഭ്യന്തര ഓഹരി വിപണിയിൽ സെൻസെക്സ് 460.30 പോയിന്റ് താഴ്ന്ന് 73,249.39 എന്ന നിലയിലും, നിഫ്റ്റി 123.70 പോയിന്റ് ഇടിഞ്ഞ് 22,687.65 എന്ന ലെവലിലും വ്യാപാരം അവസാനിപ്പിച്ചു. എക്സ്ചേഞ്ച് ഡാറ്റ പ്രകാരം ബുധനാഴ്ച മാത്രം വിദേശ നിക്ഷേപകർ (എഫ്ഐഐ) 1,022.32 കോടി രൂപയുടെ ഓഹരികൾ വാങ്ങിയിട്ടുണ്ട്.








0 comments