ad
Deshabhimani

താരങ്ങൾ, പ്രതീക്ഷ ; ദേശീയ ഗെയിംസ്‌ കൊടിയിറങ്ങി

national games stars
avatar
പ്രദീപ്‌ ഗോപാൽ

Published on Feb 15, 2025, 12:07 AM | 2 min read


ഡെറാഡൂൺ : മുപ്പത്തെട്ടാം ദേശീയ ഗെയിംസ്‌ ഉത്തരാഖണ്ഡിൽ അവസാനിച്ചപ്പോൾ ബാക്കിയായത്‌ ഒരുപിടി കൗമാരതാരങ്ങളുടെ പ്രതീക്ഷ നൽകുന്ന പ്രകടനങ്ങൾ. 68 സ്വർണം ഉൾപ്പെടെ 121 മെഡലുകളുമായി സർവീസസാണ്‌ ചാമ്പ്യൻമാരായത്‌. കേരളത്തിന്‌ അഭിമാനിക്കാനാകുന്ന ഗെയിംസായിരുന്നില്ല. 13 സ്വർണവുമായി 14–-ാംസ്ഥാനം. വിവിധ ഇനങ്ങളിൽ കരുത്ത് തെളിയിച്ച പ്രതിഭകളുണ്ട് ഇത്തവണ. ദേശീയ ഗെയിംസിൽ ഉദിച്ച താരങ്ങളെക്കുറിച്ച്‌...


സത്യനെ ഞെട്ടിച്ച ജാഷ്

ഗെയിംസിന്റെ അവസാനദിനം ടേബിൾ ടെന്നീസിലായിരുന്നു പത്തൊമ്പതുകാരൻ ജാഷ്‌ മോദിയുടെ മിന്നും പ്രകടനം. പുരുഷവിഭാഗം ഫൈനലിൽ ടോക്യോ ഒളിമ്പ്യനും ലോക റാങ്കിങ്‌ പട്ടികയിൽ ആദ്യ 25ൽ ഇടംപിടിച്ച താരവുമായ ജി സത്യനെ മുംബൈക്കാരൻ വീഴ്‌ത്തി.


നീരജിന്‌ പിൻഗാമി, സച്ചിൻ യാദവ്‌

അത്‌ലറ്റിക്‌സ്‌ ജാവ്‌ലിൻ ത്രോയിൽ സച്ചിൻ യാദവായിരുന്നു താരം. ഒളിമ്പ്യൻ ശിവ്‌പാൽ സിങ്‌, ലോക ചാമ്പ്യൻഷിപ്‌ ഫൈനലിസ്‌റ്റ്‌ രോഹിത്‌ യാദവ്‌ എന്നിവർ ഇറങ്ങിയ ജാവ്‌ലിൻ ത്രോയിൽ മീറ്റ്‌ റെക്കോഡോടെ ഉത്തർപ്രദേശുകാരൻ തിളങ്ങി. 84.39 മീറ്റർ എറിഞ്ഞാണ്‌ ആറടി അഞ്ചിഞ്ചുകാരൻ റെക്കോഡിട്ടത്‌. നീരജ്‌ ചോപ്രയുടെ പിൻഗാമിയെന്നാണ്‌ ഇരുപത്തഞ്ചുകാരന്‌ വിശേഷണം.


ഷൂട്ടിങ്ങിൽ പതിനഞ്ചുകാരൻ

ദേശീയ ഗെയിംസ്‌ ഷൂട്ടിങ്‌ 10 മീറ്റർ എയൾപിസ്‌റ്റൾ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യനാണ്‌ കർണാടകക്കാരൻ ജൊനാതൻ ആന്റണി. വയസ്സ്‌ 15. ഒളിമ്പിക്‌സ്‌ മിക്‌സഡ്‌ ടീം വെങ്കലമെഡൽ ജേതാവ്‌ സരബ്‌ജിത്‌ സിങ്‌ അടക്കമുള്ള വമ്പൻമാരെ ബംഗളൂരുകാരൻ വീഴ്‌ത്തി. എട്ട്‌ ഷൂട്ടർമാർ അണിനിരന്ന ഫൈനലിൽ 240.7 സ്‌കോറുമായി സ്വർണം.


അൻമോൾ, താരോദയം

സൈന നെഹ്‌വാളിനും പി വി സിന്ധുവിനും ശേഷം ഇന്ത്യൻ വനിതാ ബാഡ്‌മിന്റണിൽ അൻമോൾ കർബ്‌ എന്ന പതിനെട്ടുകാരി പ്രതീക്ഷ നൽകുന്നു. ടോപ്‌ സീഡ്‌ അനുപമ ഉപാധ്യായയെ തോൽപ്പിച്ചായിരുന്നു ഹരിയാനക്കാരി വനിതാ സിംഗിൾസ്‌ ചാമ്പ്യനായത്‌.


സുറുചി, ഒളിമ്പിക്സ് സ്വപ്നം

വനിതകളുടെ പിസ്‌റ്റൾ ഷൂട്ടിങ്ങിൽ ഇന്ത്യയുടെ ഒളിമ്പിക്‌സ്‌ സ്വപ്‌നമാണ്‌ പതിനെട്ടുകാരിയായ സുറുചി ഫോഗട്ട്‌. ഏഷ്യൻ ഗെയിംസ്‌ ചാമ്പ്യൻ പലാക്‌ ഗുലിയ, രാഹി സർണോബത്‌ തുടങ്ങിയ മുൻനിര താരങ്ങൾ അണിനിരന്ന 10 മീറ്റർ എയർ പിസ്‌റ്റളിൽ 247.5 സ്‌കോറിലാണ്‌ ഹരിയാനക്കാരി ഒന്നാമതെത്തിയത്‌.


നീന്തലിലെ നിധി

പതിനാലാം വയസ്സിൽ 11 മെഡലുകളാണ്‌ ധിനിധി ദേശിങ്കുവെന്ന കർണാടകത്തിന്റെ പാതിമലയാളി ദേശീയ ഗെയിംസ്‌ നീന്തൽക്കുളത്തിൽനിന്ന്‌ വാരിയെടുത്തത്‌. അതിൽ ഒമ്പത്‌ സ്വർണം, മൂന്ന്‌ റെക്കോഡ്‌. പാരിസ് ഒളിമ്പിക്‌സിൽ മത്സരിച്ച ധിനിധി ഭാവിയിലേക്കുള്ള സുവർണതാരമാണ്‌.


അമാനി, കേരളത്തിന്റെ പ്രതീക്ഷ

ഇന്ത്യയുടെ ജിംനാസ്‌റ്റിക്സ്‌ ഭാവിയെക്കുറിച്ചുള്ള ഒളിമ്പ്യൻ ദിപ കർമാക്കറുടെ ആദ്യ വാചകത്തിൽത്തന്നെ അമാനി ദിൽഷാദ്‌ എന്ന കേരള താരത്തിന്റെ പേരായിരുന്നു. വനിതകളുടെ അൺ ഇവൻ ബാറിൽ വെങ്കലമാണ്‌ കിട്ടിയത്‌. ഫളോർ എക്‌സർസൈസിൽ നാലാമതായി. വനിതകളുടെ ഓൾ റൗണ്ട്‌ ഇനത്തിലും മത്സരിച്ചു. മികച്ച പ്രകടനങ്ങൾ ഭാവിയിലുണ്ടാകുമെന്നാണ്‌ പ്രതീക്ഷ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home