ad
Deshabhimani

ആനയ്ക്കെടുപ്പത് 
പൊന്നുണ്ടേ....!!!

rajan

ഇ സി രാജൻ മെഡലുകളുമായി

avatar
സിറിൾ രാധാകൃഷ്‌ണൻ

Published on Jul 23, 2026, 03:00 AM | 1 min read

കൊച്ചി


വിജയങ്ങള്‍ "തട്ടി തോളില്‍ കയറ്റു’കയാണ്‌ ഇ സി രാജന്‍ എന്ന ചുമട്ട് തൊഴിലാളി. സിഐടിയു കലൂര്‍ 32ാം പൂളില്‍ തൊഴിലാളിയായ രാജന് ഭാരമുയര്‍ത്തല്‍‌ എന്നത് തൊഴില്‍ മാത്രമല്ല മത്സരംകൂടിയാണ്. അന്താരാഷ്ട്രതലത്തിലുള്‍പ്പെടെ ഭാരോദ്വഹനത്തില്‍ നിരവധി സ്വര്‍ണമെഡലുകളാണ് ഇദ്ദേഹം നേടിയത്.

ചെറുപ്പം മുതല്‍ ജിംനേഷ്യത്തില്‍ പോകുന്ന രാജൻ കാലക്രമേണ ഭാരോദ്വഹനത്തിലേക്ക് എത്തിപ്പെടുകയായിരുന്നു. കൊച്ചിന്‍ ജിംനേഷ്യത്തിലായിരുന്നു തുടക്കം. പതുക്കെ ബോഡി ബില്‍ഡിങ്ങിലേക്ക് ചുവടുമാറ്റിയ രാജന്‍ ശരീര സൗന്ദര്യമത്സരങ്ങളില്‍ പങ്കെടുത്തുതുടങ്ങി. മിസ്റ്റര്‍ കേരള പട്ടം അടക്കം നേടി. തൊണ്ണൂറുകളുടെ അവസാനം കൂട്ടുകാരില്‍ ചിലര്‍ ഭാരോദ്വഹനത്തിലേക്ക്‌ എത്തിപ്പെട്ടതോടെ അവരുടെ നിര്‍ബന്ധത്തിനുവഴങ്ങി രാജനും ഭാരം ഉയര്‍ത്തിത്തുടങ്ങി. സഹോദരന്മാരായ ജിജി മാത്യുവും ഹെന്‍റി തമ്പിയും പിന്തുണയുമായെത്തിയതോടെ ഭാരോദ്വഹനത്തില്‍ ഉറച്ചുനിന്നു.

23ാം വയസ്സില്‍ ജൂനിയര്‍ ചാമ്പ്യനായി തുടങ്ങിയ ജൈത്രയാത്ര ഇന്നും തുടരുന്നു. ഭാരോദ്വഹനത്തിന്റെ ഏഷ്യാതല ചാന്പ്യന്‍ഷിപ്പില്‍ അഞ്ചുവട്ടം പൊന്നണിഞ്ഞു. ചെക്കോസ്ലോവാക്യ, ഹോങ്കോങ്, കസാഖിസ്ഥാന്‍ തുടങ്ങിയ അന്താരാഷ്ട്ര വേദികളില്‍ പൊന്നണിഞ്ഞ രാജന്‍ 2018ല്‍ ഇന്ത്യ മാസ്റ്റേഴ്സ് ചാമ്പ്യനുമായി. പലതവണ സ്ട്രോങ് മാന്‍ ഓഫ് ഇന്ത്യ പട്ടവും നേടി. ഇപ്പോള്‍ സീനിയര്‍ തലത്തിലാണ് മത്സരിക്കുന്നത്. ജൂലൈ 18ന് തിരുവനന്തപുരത്തുനടന്ന ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം നേടിയിരുന്നു.

"മത്സരത്തിനിറങ്ങിയാല്‍ സ്വര്‍ണം അടിക്കുക എന്നതില്‍ കുറഞ്ഞൊന്നും ചിന്തിക്കാറില്ല, കൂടുതല്‍ കിട്ടിയതും സ്വര്‍ണമെഡല്‍ തന്നെ, സെപ്തംബറില്‍ ഡല്‍ഹിയില്‍ നടക്കുന്ന സീനിയര്‍ ചാമ്പ്യന്‍ഷിപ്പാണ് ഇനി ലക്ഷ്യം' -– രാജന്‍ പറയുന്നു. മെഡലുകളും ട്രോഫികളും സ്ഥലപരിമിതി മൂലം കൊട്ടയിലാക്കിയാണ് രാജനിപ്പോള്‍ സൂക്ഷിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home