ഡിവെെഎഫ്ഐ നൽകിയ പൊതിച്ചോറ് 42,02,800

എറണാകുളം മെഡിക്കൽ കോളജിൽ ഡിവൈഎഫ്ഐ "ഹൃദയപൂർവം' പദ്ധതിയുടെ ഭാഗമായി പൊതിച്ചോറ് വിതരണം ചെയ്യുന്നു
ജെയ്സൻ ഫ്രാൻസിസ്
Published on Jul 23, 2026, 03:04 AM | 1 min read
കൊച്ചി
തണലോരംചേർന്ന് അവർ കാത്തുനിന്നു. മിഴികൾ വഴിയിലേക്കുനീണ്ടു. കാത്തിരിപ്പ് നീളുംമുന്പെ ഡിവൈഎഫ്‌ഐയുടെ പതാകപാറുന്ന വാഹനം എറണാകുളം മെഡിക്കൽ കോളേജ് വളപ്പിനകത്തേക്ക് എത്തി. കാത്തുനിന്ന രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ചുണ്ടിൽ ചെറുചിരി വിടർന്നു. നീട്ടിയ കൈകളിലേക്ക് പ്രവർത്തകർ ഹൃദയപൂർവം പൊതിച്ചോറ് കൈമാറി, സ്‌നേഹവും കരുതലും നിറച്ച പൊതിച്ചോറ്. വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാനുള്ള, മാനവികത ഉയർത്തിപ്പിടിക്കുന്ന പൊതിച്ചോറ് വിതരണം ഡിവൈഎഫ്‌ഐ തുടരുകയാണ്. വിവാദങ്ങളിലും രാഷ്ട്രീയ ആക്രമണത്തിലും പതറാതെ, പിന്മാറാതെ തുടരുന്ന കരുതലിൽ മെഡിക്കൽ കോളേജിൽ ഒരോദിനവും ആയിരങ്ങളുടെ മനസ്സും വയറും നിറയുകയാണ്.
‘ഇൗ മക്കൾ ചെയ്യുന്നത് വളരെ നല്ല കാര്യമാണ്. വലിയ ആശ്വാസമാ. പുറത്തുനിന്ന് ഭക്ഷണം മേടിക്കാനാണെങ്കിൽ എന്തോരം പൈസ ചെലവാകും. ഞങ്ങളെപ്പോലുള്ള പാവങ്ങൾ എന്തുചെയ്യും. ഇതിനിയും ഇതുപോലെതന്നെ പോണം. സർക്കാർ ഇത് അവസാനിപ്പിക്കാൻ നോക്കരുത്’’–പൊതിച്ചോറ് നെഞ്ചോടുചേർത്ത് എഴുപത്തിനാലുകാരി അന്നമ്മ പറഞ്ഞു. ‘ഇത് നിർത്തികളയല്ലേ’ എന്ന കുറുപ്പുംപടിയിലെ സാറാകുട്ടി അപേക്ഷിക്കുന്പോൾ ‘ഒരിക്കലും ഇല്ലെന്ന്’ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ഉറപ്പ്. പൊതിച്ചോറ് വാങ്ങുന്നവരിൽ വ്യത്യസ്‌ത രാഷ്ട്രീയ, മതവിശ്വാസങ്ങൾ പിന്തുടരുന്നവരുണ്ട്. ഒന്നിലും പെടാത്തവരുണ്ട്. വിശപ്പകറ്റുന്ന അപരസ്‌നേഹത്തിന്റെ രാഷ്ട്രീയം മാത്രമാണ് ഡിവൈഎഫ്‌ഐ മുന്നോട്ടുവയ്‌ക്കുന്നത്. ആ നന്മ തിരിച്ചറിഞ്ഞാണ് ‘വേഗം സുഖമാകട്ടെ’ എന്ന ആശ്വാസവാക്കുമായി വീടുകളിൽ പൊതിച്ചോറ് തയ്യാറാക്കി ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് നൽകുന്നത്.
2017 ജൂലൈ 22നാണ് എറണാകുളം മെഡിക്കൽ കോളേജിൽ ആഴ്‌ചയിൽ ഒരുദിവസം എന്ന നിലയിൽ പൊതിച്ചോറ് വിതരണം തുടങ്ങിയത്. അതേവർഷം നവംബർ മൂന്നുമുതൽ എല്ലാദിവസവുമായി. ഇതുവരെ നൽകിയത് 42,02,800 പൊതികളാണ്.








0 comments