അന്വേഷണ കമീഷൻ റിപ്പോർട്ട് സാമൂഹ്യ മാധ്യമത്തിൽ പരസ്യപ്പെടുത്തി ഡോക്ടർ

തൃക്കരിപ്പൂർ തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട പരാതിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ നിയോഗിച്ച അന്വേഷണ സംഘത്തിലെ ഡോക്ടർ കമീഷൻ റിപ്പോർട്ട് സാമൂഹ്യ മാധ്യമത്തിൽ പരസ്യപ്പെടുത്തി. തികച്ചും രഹസ്യ സ്വഭാവം സൂക്ഷിക്കേണ്ട റിപ്പോർട്ടാണ് അന്വേഷണ സംഘത്തിലെ അംഗമായ ഡോ. സന്തോഷ് കപ്പച്ചേരി, കെജിഎംഒഎ കാസർകോട് ഒഫീഷ്യൽ എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിൽ പരസ്യപ്പെടുത്തിയത്. രോഗിക്ക് രാത്രി ചികിത്സ നിഷേധിച്ചെന്ന് ആരോപിച്ച് താത്‌കാലിക ജീവനക്കാരനെതിരെ നൽകിയ പരാതി പരിശോധിക്കാനാണ് ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷണ കമീഷനെ നിയോഗിച്ചത്. അന്വേഷണ വിധേയനായ വ്യക്തി ക്രിമിനൽ പശ്ചാത്തലമുള്ളയാൾ എന്ന തരത്തിലുള്ള പരാമർശങ്ങളടക്കം അപകീർത്തിപ്പെടുത്തുക എന്ന ഉദ്യേശത്തോടെ ഗ്രൂപ്പിൽ നടത്തിയിട്ടുണ്ട്. നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലാണ് ആശുപത്രി. ലീഗ് പഞ്ചായത്ത് അംഗത്തിന്റെ രാഷ്‌ട്രീയ പ്രേരിതമായ പരാതിയിലാണ് താത്‌കാലിക ജീവനക്കാരനായ കെ എ വിനേഷിനെ പിരിച്ചുവിട്ടത്. ആശുപത്രി അധികൃതരും ഹോസ്‌പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയും പരാതിയിൽ അന്വേഷണം നടത്തി ജീവനക്കാരൻ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞതാണ്. അന്വേഷണ റിപ്പോർട്ട് സാമൂഹ്യ മാധ്യമത്തിൽ പരസ്യപ്പെടുത്തിയ ഡോക്ടറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, പ്രതിപക്ഷ നേതാവ്, ജില്ലാ മെഡിക്കൽ ഓഫീസർ, കലക്ടർ എന്നിവർക്ക് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം മീനാകുമാരി പരാതി നൽകി.









0 comments