സംസ്ഥാന ക്ലബ്ബ് അത്‌ലറ്റിക്‌സ്; കുതിച്ചെത്തി ജി വി രാജ

കൊല്ലം: എം കെ ജോസഫ് സ്‌മാരക സംസ്ഥാന അന്തർജില്ലാ ക്ലബ്ബ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ജി വി രാജ സ്‌പോർട്‌സ് സ്‌കൂൾ ഒന്നാംസ്ഥാനത്ത് കുതിച്ചെത്തി. മീറ്റ് ഇന്ന് അവസാനിക്കാനിരിക്കെ 10 സ്വർണവും 11 വെള്ളിയും ഏഴ് വെങ്കലവുമടക്കം 185 പോയിന്റുണ്ട്. എട്ട് സ്വർണമുള്ള എറണാകുളം കോതമംഗലം എം എ കോളേജിന് 146 പോയിന്റാണുള്ളത്. ആദ്യ ദിനം മുന്നിലുണ്ടായിരുന്ന കോട്ടയം ചങ്ങനാശേരി അസംപ്‌ഷൻ കോളേജ് 130 പോയിന്റോടെ മൂന്നാമതാണ്.
അണ്ടർ 20 പുരുഷന്മാരുടെ 100 മീറ്റർ ഓട്ടത്തിൽ തൃശൂർ സെന്റ്‌തോമസ് കോളേജിലെ കെ മുഹമ്മദ് സിനാൻ ജേതാവായി. 400 മീറ്ററിൽ ജി വി രാജയിലെ അനന്ദു സുകുവും 5000 മീറ്ററിൽ സെന്റ്‌തോമസിലെ എസ് പ്രണവും ഒന്നാമതെത്തി. 110 മീറ്റർ ഹർഡിൽസ് സ്വർണം പാലക്കാട് ഒളിമ്പിക് ക്ലബ്ബിലെ കെ കിരണിനാണ്.
ഹൈജമ്പിൽ ബി ബിനോയ് ഒന്നാംസ്ഥാനം കരസ്ഥമാക്കി. പാലക്കാട് കൊഴിഞ്ഞാമ്പാറ അത്‌ലറ്റിക് ക്ലബ് അംഗമാണ്.
അണ്ടർ 20 വനിതകളിൽ 100 മീറ്റർ സ്വർണം എം എ കോളേജിലെ അൽഫോൺസ ട്രീസ ടെറിനാണ്. 400 മീറ്ററിൽ പാലക്കാട് ടീം ഷുവർ അത്‌ലറ്റിക് ക്ലബ്ബിലെ എം മേഘ ഒന്നാമതെത്തി. 100 മീറ്റർ ഹർഡിൽസിൽ ഒളിമ്പിക് അക്കാദമിയിലെ എൻ എസ് വിഷ്‌ണുശ്രീ സ്വർണം നേടി.










0 comments