'വിഴിഞ്ഞത്ത് മോശമായാണ് പെരുമാറിയത്, ആരെയും വെള്ളപൂശുന്നില്ല'; വീഴ്ച സമ്മതിച്ച് മന്ത്രി ഷിബു ബേബി ജോൺ

തിരുവനന്തപുരം: വിഴിഞ്ഞത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവർത്തനത്തിൽ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് മന്ത്രി ഷിബു ബേബി ജോൺ. രക്ഷാപ്രവർത്തനത്തിലുണ്ടായ പോരായ്മകൾ തികച്ചും ദൗർഭാഗ്യകരമാണെന്നും കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ മകൾ ഉന്നയിച്ച വിമർശനങ്ങൾ കേൾക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.
വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകും. അപകട സമയത്ത് ചില ഉദ്യോഗസ്ഥർ തികച്ചും നിർവികാരമായും മോശമായുമാണ് ജനങ്ങളോട് പെരുമാറിയത്. വിഴിഞ്ഞത്തിന് പുറമേ മുതലപ്പൊഴിയിലും നീണ്ടകരയിലും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഇത്തരം അനുഭവങ്ങൾ ഉണ്ടായതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി തുറന്നടിച്ചു.
"ആരെയും വെള്ളപൂശാൻ ഉദ്ദേശിക്കുന്നില്ല. രക്ഷാപ്രവർത്തനത്തിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്. ഇതിന് ഉത്തരവാദികളായവർ ആരാണെന്ന് കണ്ടെത്തി, ഭാവിയിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടികൾ സ്വീകരിക്കും," എന്ന് മന്ത്രി വ്യക്തമാക്കി.
തീരദേശ മേഖലയിലുണ്ടായ അപകടങ്ങളും രക്ഷാപ്രവർത്തനത്തിലെ പോരായ്മകളും സംബന്ധിച്ച് ഇന്ന് നടക്കുന്ന ഓൺലൈൻ മന്ത്രിസഭായോഗത്തിൽ വിശദമായി ചർച്ച ചെയ്ത് അടിയന്തര തീരുമാനങ്ങളെടുക്കുമെന്നും മന്ത്രി ഷിബു ബേബി ജോൺ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ചയെ ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവെച്ച് തടിയൂരാനാണ് മന്ത്രി ശ്രമിക്കുന്നത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും മോശമായ പെരുമാറ്റം ഉണ്ടായി എന്ന് പറയുമ്പോഴും ഒരാഴ്ചയായി അവർക്കെതിരെ ഒരു നടപടിയും എടുക്കാൻ സർക്കാർ തയ്യാറായിട്ടില്ല.









0 comments