കവർസ്റ്റോറി
ഒരു സമരവും ഒരു ദിനംകൊണ്ട് ജനിക്കുന്നുമില്ല, ഒടുങ്ങുന്നുമില്ല

നിതീഷ് നാരായണൻ
Published on Aug 08, 2026, 11:02 AM | 4 min read
ജന്തർ മന്തറിലെ സമരഭൂമിയിൽ കണ്ട ആവേശകരമായ ദൃശ്യങ്ങളിലൊന്ന് മൂന്ന് പെൺകുട്ടികളുടെ ചെറുത്തുനിൽപ്പിന്റേതായിരുന്നു. സഖിയും ശരണ്യയും ഗോപികയും. പാറ്റ സമരത്തിനുനേരെ ക്രൂരമായ പൊലീസ് അതിക്രമം നടന്ന ദിവസം സഖിയെ അകാരണമായി മർദിച്ച പൊലീസുകാരിക്കെതിരെ രോഷത്തോടെ കുതിക്കുന്ന ശരണ്യയും ഗോപികയും സമരവീര്യത്തിന്റെ അടയാളങ്ങളായി മാറി. സമരത്തിന്റെ ആദ്യാവസാനം അവർ ഉണ്ടായിരുന്നു. അവരിലൂടെ കൂടിയാണ് ലോകം സമരത്തെക്കുറിച്ച് അറിഞ്ഞുകൊണ്ടിരുന്നത്. രണ്ട് വർഷം മുമ്പ് ക്യാമ്പസിൽ വിദ്യാർഥികളുടെ ജനാധിപത്യ അവകാശങ്ങൾ നിഷേധിച്ചതിനെ ചോദ്യം ചെയ്‌തതിന് ജാമിയ മില്ലിയ സർവകലാശാലയിൽനിന്നും പുറത്താക്കപ്പെട്ടയാളാണ് സഖി. റാഗിങ്ങിനും വിദ്യാർഥി വിരുദ്ധ നിലപാടുകൾക്കുമെതിരെ സമരം ചെയ്‌തതിന് ഒരുവർഷത്തിലേറെ കാലം അംബേദ്കർ യൂണിവേഴ്സിറ്റിയിൽനിന്നും പുറത്താക്കപ്പെട്ടയാളാണ് ശരണ്യ. ലൈബ്രറിയെ ജയിലാക്കി മാറ്റുന്നതിനും വിദ്യാർഥികളെ അവരുടെ ക്യാമ്പസിൽ രണ്ടാംതരം പൗരരാക്കി മാറ്റുന്നതിനുമെതിരെ ഉജ്വലമായ സമരം നയിച്ചതിന് തീഹാർ ജയിലിൽ അടക്കപ്പെട്ടയാളാണ് മലയാളി കൂടിയായ ഗോപിക ബാബു. കഴിഞ്ഞ ആറ് മാസമായി ജെഎൻയുവിൽനിന്നും സസ്‌പെൻഡ് ചെയ്യപ്പെട്ടിരിക്കുന്ന ആ ക്യാമ്പസിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥിയൂണിയന്റെ ഉപാധ്യക്ഷ. മൂന്ന് പേരും എസ്എഫ്ഐയുടെ നേതാക്കൾ. ഒരു ഭരണകൂട വേട്ടയ്‌ക്ക് മുന്നിലും അവർ നിശ്ശബ്ദമായില്ല. തീഹാർ ജയിലിൽ ഗോപികയ്‌ക്കൊപ്പം അടയ്‌ക്കപ്പെട്ട മറ്റൊരാളാണ് നിരാഹാരമിരുന്ന ഐസ നേതാവായ നേഹ. നിരാഹാരമിരിക്കുകയും സമരത്തിൽ ആദ്യാവസാനം നിറഞ്ഞുനിൽക്കുകയും ചെയ്‌ത എസ്എഫ്ഐ നേതാവ് ഐഷി ഘോഷിന്റെ നെറ്റിയിൽ ഏതാനും വർഷങ്ങൾക്ക് മുമ്പ് എബിവിപി ക്രിമിനലുകളുടെ വധശ്രമത്തെ അതിജീവിച്ചതിന്റെ നീണ്ട പാട് കാണാം.
ധർമേന്ദ്ര പ്രധാന്റെ രാജിയെത്തുടർന്ന് ജന്തർ മന്തറിൽ എസ്‌എഫ്‌ഐ നടത്തിയ ആഹ്ലാദപ്രകടനം
സമരങ്ങളെ ഒരു ചരിത്രപ്രക്രിയയുടെ തുടർച്ചയായാണോ അല്ല, ഒരു പ്രത്യേക ഇവന്റ് എന്ന നിലയിലാണോ കാണേണ്ടത് എന്ന ചോദ്യമുണ്ട്. സമരത്തെ ചരിത്രവൽക്കരിക്കുന്നവർ അതിനെ ഒരു പ്രക്രിയയായും കാൽപ്പനിക അനുഭൂതി മാത്രം തേടുന്നവർ അതിനെ കേവലം ഒരു ഒറ്റപ്പെട്ട സംഭവം മാത്രമായും അനുഭവിക്കും. ആദ്യത്തെ കൂട്ടർ സമരത്തിന്റെ തുടർച്ചയിലേക്ക് തന്നെയും ചേർത്തുവയ്‌ക്കും, രണ്ടാമത്തെ കൂട്ടർ ഉത്സവപ്പറമ്പിലെ ആഘോഷരാവ് കഴിഞ്ഞ് ഒഴിഞ്ഞുപോകുന്നവരെ പോലെ പിരിഞ്ഞുപോകും.
ഡൽഹിയിലെ പാറ്റ സമരത്തിലുടനീളം നിർണായക പങ്കുവഹിച്ച വിദ്യാർഥി സഖാക്കളെ കാണുകയായിരുന്നു. വെറുതേ ഒഴുകിവന്ന ഒരാൾക്കൂട്ടമായിരുന്നില്ല അവർ. തുടക്കംമുതൽ അവർ ഉണ്ടായിരുന്നു. അല്ല, ഈ സമരം തുടങ്ങുന്നതിന് മുമ്പും അവർ ഉണ്ടായിരുന്നു.
ദേശീയ മാധ്യമങ്ങൾ ഏകദേശം പൂർണമായും തന്നെ അവഗണിച്ചിട്ടും സിജെപി ആഹ്വാനം ചെയ്‌ത സമരത്തിന് പിന്തുണ നൽകുകയും അതിനെ മുന്നോട്ട് കൊണ്ടുപോകാൻ ഇടപെടുകയും ചെയ്‌തത് അവരായിരുന്നു. അതുകൊണ്ടാണ് സമരവിജയത്തിന് ശേഷം സിജെപി അവരുടെ പങ്ക് സവിശേഷമായി എടുത്തുപറയുകയും അവരെ അഭിവാദ്യം ചെയ്യുകയും ചെയ്‌തത്. എസ്എഫ്ഐയും എഐഎസ്എഫും സമരത്തിന്റെ തുടക്കംമുതൽ നൽകിയത് പിന്തുണ മാത്രമല്ലെന്നും സമരം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന മാർഗനിർദേശം കൂടിയാണെന്നും അവർ അടിവരയിട്ടു. അമേരിക്കയിൽനിന്നും ഇന്ത്യയിലേക്ക് എത്തുന്നതിനു മുമ്പ് തന്നെ സിജെപി സ്ഥാപകരിൽ ഒരാളായ അഭിജിത് ദീപ്കെ സമരത്തിൽ ഇടതുവിദ്യാർഥി സംഘടനകളുടെ പങ്കാളിത്തത്തിനായി ബന്ധപ്പെട്ടിരുന്നു. അതിന്റെ കാരണം ഡൽഹിയിൽ എസ്എഫ്ഐ ഉൾപ്പെടെയുള്ള ഇടതു വിദ്യാർഥി സംഘടനകൾ ഇക്കാലയളവിൽ നടത്തിയ സമരങ്ങൾ തന്നെയാണ്. ആ അനുഭവം പുതിയ സമരത്തിനു കരുത്താകുമെന്ന് സിജെപി പ്രവർത്തകർക്ക് അറിയാമായിരുന്നു. ഒരർഥത്തിൽ ഒരു സംഘടന എന്ന നിലയിലല്ല സിജെപി പ്രവർത്തിച്ചത്, അങ്ങനെയാകാൻ അതിന് എളുപ്പത്തിൽ സാധിക്കുകയുമില്ല. അതൊരു പ്ലാറ്റ്ഫോം ആയി മാറുകയായിരുന്നു. എന്നാൽ അതൊരു അരാജകസംഘമായി മാറിയതേയില്ല. കൃത്യമായ രാഷ്‌ട്രീയ ഉള്ളടക്കവും സമര സംഘാടനവും ചരിത്രബോധവുമെല്ലാം സന്നിവേശിക്കപ്പെട്ട സമരഭൂമിയായി ജന്തർ മന്തർ മാറി. ആസാദി മുദ്രാവാക്യവും ഫൈസിന്റെ ‘ഹം ദേഖേം ഗേ’ ഉൾപ്പെടെയുള്ള പ്രക്ഷോഭപാട്ടുകളും ഭഗത് സിങ്ങിന്റെയും ചെ ഗുവേരയുടെയും അംബേദ്ക്കറിന്റെയുമെല്ലാം ചിത്രങ്ങളും സമരബിംബങ്ങളായി മാറി. ഇതൊന്നും ഡൽഹിയിലെ സമര ഇടങ്ങൾക്ക് അപരിചിതമായ ഒന്നുമായിരുന്നില്ല. വെറുമൊരു ആൾക്കൂട്ടവും ആവേശക്കൂട്ടവുമായി ജന്തർ മന്തർ മാറാതിരുന്നതിന്റെ കാരണവും അത് തന്നെയായിരുന്നു. ഡൽഹിയിലെ ഇടതുപക്ഷ വിദ്യാർഥി നേതൃത്വമാണ് അതുറപ്പാക്കിയത്.
ജന്തർ മന്തറിലെ എസ്‌എഫ്‌ഐയുടെ ക്രാന്തി കോർണർ
ഡൽഹി യൂണിവേഴ്സിറ്റിയിലെയും ജെഎൻയുവിലെയും അംബേദ്കർ യൂണിവേഴ്സിറ്റിയിലെയുമെല്ലാം വിദ്യാർഥികളാണ് അവരിലേറെയും. അവരാരും നീറ്റ് പരീക്ഷ എഴുതിയവരല്ല. മിക്കവാറും സോഷ്യൽ സയൻസ് വിദ്യാർഥികളാണ്. എന്നിട്ടും, ആണി പതിച്ച ലാത്തിയടിയേറ്റ് ശരീരത്തിലെമ്പാടും തുളവീണ് ചോരയൊലിക്കുമ്പോഴും രക്തം കല്ലിച്ച കാലുകളേന്തിവലിച്ച് വേച്ചുവേച്ച് നടക്കുമ്പോഴും മുദ്രാവാക്യം വിളിച്ചവർ രാവും പകലും സമരതെരുവിന് കാവലിരുന്നു.
സമരങ്ങളെക്കുറിച്ചുള്ള പുതിയ ധാരണകൾ കൂടി പകർന്നുകൊണ്ടാണ് ജന്തർ മന്തറിൽനിന്നും പാറ്റ സമരക്കാർ മടങ്ങുന്നത്. അതിൽ മുഖ്യമായ ഒന്ന് സമരങ്ങൾക്ക് മാത്രം നിർമിക്കാനാകുന്ന പാരസ്പര്യത്തെക്കുറിച്ചാണ്. അങ്ങനെ രൂപപ്പെട്ട വിദ്യാർഥി സഖാക്കളുടെ കൂടെ കരുത്തിലാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ യുവജന പ്രക്ഷോഭങ്ങളിലൊന്ന് നമ്മുടെ മുന്നിൽ പ്രത്യാശയുടെ ഉറവയായി ഒഴുകിയത്.
ഒരു അനീതി നടക്കുമ്പോൾ അതെന്റെ ജീവിതത്തെ ബാധിക്കുന്നുണ്ടോ എന്ന കണക്കെടുപ്പ് അവർ നടത്താറില്ല. ഒരിടത്ത് മാത്രമായും ഒരു വിഭാഗത്തിന് മാത്രമായും നീതി ലഭിക്കില്ലെന്നും അനീതിക്കെതിരായ ഏത് വിജയവും എല്ലാവരുടെയും നീതിക്കായുള്ള ചുവടുവയ്‌പ്പാണെന്നും അവർക്കറിയാം. ആ പോരാട്ടത്തിൽ അവർ തങ്ങളെത്തന്നെ അർപ്പിക്കും.
ഒരു ദിനം കൊണ്ട് ഉണ്ടായി വന്നവരല്ല അവർ. സമരം അവർക്ക് ഒരു ഇവന്റ് മാനേജ്മെന്റും അല്ല. തങ്ങളുടെ ക്യാമ്പസുകളിൽ, തെരുവിൽ, അധികാരികളുടെ മന്ദിരങ്ങൾക്ക് പുറത്ത് അവരുണ്ടായിരുന്നു. നീതിക്കു വേണ്ടിയുള്ള അവരുടെ മുദ്രാവാക്യങ്ങളുണ്ടായിരുന്നു. സമരങ്ങളുടെ വിത്ത് നട്ട് ചോരകൊണ്ട് നനച്ച് ജാഗ്രതകൊണ്ട് കാവലിരുന്നവർ. പലരും കീഴടങ്ങിയിട്ടും കീഴടങ്ങാതിരുന്ന വിദ്യാർഥി സഖാക്കൾ.
സമരങ്ങൾ വറ്റിപ്പോയെന്ന് ആളുകൾ വിധിയെഴുതിയ രാജ്യതലസ്ഥാനത്ത് കഴിഞ്ഞ നാളുകളിൽ അവർ നടത്തിയ ഇടപെടലുകളെ കാണാതെ ജന്തർ മന്തറിലെ സമരത്തെ അടയാളപ്പെടുത്തുന്നത് നീതി നിഷേധമാണ്. വാർത്തകളിലോ റീലുകളിലോ അൽഗൊരിതത്തിന്റെ പരിഗണനകളിലോ അവരുണ്ടായിരുന്നിരിക്കില്ല. എന്നിട്ടും സമരങ്ങളിൽ പ്രതീക്ഷ നഷ്‌ടപ്പെടാത്ത യൗവനത്തെ രാജ്യതലസ്ഥാനത്ത് നിലനിർത്തുവാൻ അവർക്ക് സാധിച്ചതുകൊണ്ടാണ് സംഘടിതമായ സമരത്തിന്റെ ജൈവികമായ അച്ചടക്കവും ഇച്ഛാശക്തിയും കൈവരിക്കാൻ മാധ്യമങ്ങളും സർക്കാരും ആദ്യ ആഴ്‌ചകളിൽ പൂർണമായും അവഗണിച്ചിട്ടും പാറ്റ സമരത്തിന് സാധിച്ചത്.
അക്കൂട്ടത്തിൽ, പഠിക്കാൻ മെച്ചപ്പെട്ട സൗകര്യം ആവശ്യപ്പെട്ടതിന് ക്യാമ്പസിൽനിന്നും പുറത്താക്കപ്പെടുകയും സമരം ചെയ്‌തതിന് തീഹാർ ജയിലിലടയ്‌ക്കപ്പെടുകയും ചെയ്‌ത ജെഎൻയു സഖാക്കളുണ്ട്.
അക്കൂട്ടത്തിൽ, റാഗിങ്ങിനെ ചോദ്യം ചെയ്‌തതിന് ഒരു വർഷത്തിലേറെ കാലം ക്യാമ്പസിൽനിന്നും പുറത്താക്കപ്പെട്ട അംബേദ്കർ യൂണിവേഴ്സിറ്റിയിലെ അഞ്ച് സഖാക്കളുണ്ട്.
സമരവേദിയിൽ വിദ്യാർഥികളെ നേരിടുന്ന പൊലീസ്
അക്കൂട്ടത്തിൽ, വിദ്യാർഥികൾ മിണ്ടരുതെന്ന തിട്ടൂരം ലംഘിച്ചതിന് പുറത്താക്കപ്പെട്ട ജാമിയ മില്ലിയ സർവകലാശാലയിലെ സഖാക്കളുണ്ട്.
അക്കൂട്ടത്തിൽ, ആർഎസ്എസ് ക്രിമിനലുകളുടെ മർദനം പല തവണ ഏറ്റുവാങ്ങിയിട്ടും സംഘപരിവാര രാഷ്‌ട്രീയത്തിനെതിരെ കീഴടങ്ങാതെ പൊരുതുന്ന ഡൽഹി യൂണിവേഴ്സിറ്റി സഖാക്കളുണ്ട്.
ഇതിനിടയിൽ ഇത്ര കാലം എന്തെല്ലാം പരിഹാസങ്ങൾ അവർ കേട്ടിട്ടുണ്ടാകും? സമരജീവികൾ എന്ന അധിക്ഷേപം ഏറ്റുവാങ്ങിയിട്ടുണ്ടാകും? എത്ര തവണ അവർ സസ്‌പെൻഷൻ നേരിട്ട് പുറത്ത് നിർത്തപ്പെട്ടിട്ടുണ്ടാകും? മനം മടുക്കാതെ, മടങ്ങിപ്പോകാതെ അവർ പോരാട്ടം തുടർന്നുകൊണ്ടേയിരുന്നു. അവർക്കറിയാമായിരുന്നു, ചെറുത്തുനിൽപ്പ് തുടരുന്ന കാലത്തോളം നാം പരാജയപ്പെട്ട ജനതയല്ല എന്ന്, പൊരുതുന്നു എന്നത് തന്നെയാണ് വിജയം എന്ന്.
എല്ലാ പുലരികളും നിരാശയുടേത് മാത്രമാകില്ല എന്ന്, എല്ലാ വഴികളും പരാജയത്തിൽ മുട്ടി അവസാനിക്കില്ല എന്ന്, എല്ലാ മനുഷ്യരും എക്കാലവും അജ്ഞരായി ഇരിക്കില്ല എന്ന് അവർക്കറിയാമായിരുന്നു.
നോക്കൂ, ഈ രാജ്യം ഇന്നത് അനുഭവിച്ചറിയുന്നു. സമരമെന്നാൽ പാരസ്‌പര്യമാണെന്ന്, സമരങ്ങൾ പുതിയ മനുഷ്യരെ നിർമിച്ചെടുക്കുമെന്ന് നാം അറിയുന്നു.
ജന്തർ മന്തറിൽ നിരാഹാരമിരിക്കുന്ന എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി, ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് തുടങ്ങിയവർ
ലോകത്തിന്റെ ഏതെങ്കിലും കോണിൽ പതിതനായൊരു മനുഷ്യൻ നീതിക്കുവേണ്ടി പൊരുതുമ്പോൾ നാം ഒറ്റയ്‌ക്കല്ലെന്ന് ഹൃദയം പറയാൻ തുടങ്ങിയിരിക്കുന്നു.
നെരൂദ പാടിയിരുന്നു,
"എല്ലാവരുടെയും വിജയത്തില്‍
എന്റെ വൈയക്തിക ദുഃഖങ്ങള്‍ക്ക്
മരണമടയാന്‍ കഴിയുന്നതെങ്ങനെയെന്നു
നീ എനിക്കു കാണിച്ചുതന്നു.'
ഇതെഴുതി അവസാനിപ്പിക്കുമ്പോൾ ബിഹാറിൽനിന്നും ഒരു വാർത്ത തേടിയെത്തുന്നു. സാധാരണക്കാരുടെ മക്കൾക്ക് പഠിക്കാൻ കോളേജ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്‌തതിനു കഴിഞ്ഞ നാൽപ്പത് ദിവസമായി ജയിലിലടയ്‌ക്കപ്പെട്ട എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കാന്തി കുമാരിയും സാവിത്രിയും ഉൾപ്പെടെയുള്ളവർ ജയിൽ മോചിതരായിരിക്കുന്നു. സമരം തുടരുന്നു.









0 comments