ad
Deshabhimani

നോവൽ ‐40

തെറം

ചിത്രീകരണം: കെ പി മുരളീധരൻ
avatar
പി വി ഷാജികുമാർ

Published on Aug 08, 2026, 11:44 AM | 4 min read

ഫൗള്‍പ്ലേ


ജ്ജിറ കടപ്പുറത്തെ ഒരേയൊരു ക്ലബ്ബാകുന്നു ആഴി ആര്‍ട്‌സ് ആൻഡ്‌ സ്‌പോര്‍ട്‌സ് ക്ലബ്. ഓല മേഞ്ഞൊരു ചെറിയ ക്ലബ്ബ്. കടലിനോട് ചേര്‍ന്ന് മഴക്കാലത്ത് കടലെടുക്കുന്ന ക്ലബ്ബ്. ഓലയില്‍ എല്ലാ കൊല്ലവും പുതുക്കിക്കെട്ടുന്ന ക്ലബ്ബ്.

കാസർകോട്ടെ നളന്ദ പാരലല്‍ കോളേജില്‍ മലയാളം പഠിപ്പിക്കാന്‍ പോകുന്ന ശാറങ്ങന്‍ വെള്ളിപ്പാടിയാണ് ക്ലബ്ബിന് ആഴി എന്ന് പേരിട്ടത്. ശാറങ്ങന്‍ അധ്യാപകന്‍ മാത്രമല്ല, കാഞ്ഞങ്ങാട് നിന്ന് അച്ചടിക്കുന്ന തുളുനാട് എന്ന സായാഹ്നപത്രത്തിന്റെ ലേഖകനും ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ബാധ കൂടിയ കവിയുമായിരുന്നു.

അക്കാലത്ത് ഉത്തരദേശത്തെ ഭൂരിപക്ഷം കവികള്‍ക്കും ചുള്ളിക്കാടിന്റെ സ്വാധീനം പ്രകടമായിരുന്നു.

മദ്യത്തിന്റെ ലഹരിയില്‍ തലകുത്തിനിന്ന് അവര്‍ വരികളുണ്ടാക്കി.

നിരാശ അവരുടെ വരികളില്‍ നിറഞ്ഞുനിന്നു.

ജീവിതം നശ്വരമാണെന്നും കാര്യമായ അർഥമൊന്നുമില്ലെന്നും അവര്‍ ആവര്‍ത്തിച്ചു.

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

കലയും ജീവിതവും രണ്ടാണെന്ന് അവര്‍ക്കറിയില്ലല്ലോ..!

അവധി ദിവസങ്ങളിലെ സായാഹ്നങ്ങളില്‍ ഉണ്ടാവാറുള്ള കവിയരങ്ങില്‍ ശാറങ്ങന്‍ സ്ഥിരം സാന്നിധ്യമായിരുന്നു. അമിതവൈകാരികത ഊറിയ വരികളില്‍ അയാള്‍ പ്രണയത്തെയും മരണത്തെയും ദുരന്തങ്ങളെയും കോറിയിട്ടു. അത് വായിച്ച വിവാഹിതരും അല്ലാത്തവരുമായ സാഹിത്യപ്രണയിനികള്‍ അയാളെയും പ്രണയിച്ചു. പ്രണയത്തിന്റെ പാട്ടുകാരന്‍ കൂടിയായിരുന്നു അയാള്‍. ഒട്ടും മാംസനിബദ്ധമായിരുന്നില്ല അയാളുടെ രാഗം. അനുരാഗലോലരാത്രിയും ഋതുഭേദകല്‍പ്പനകളും എന്റെ മണിവീണയില്‍ കൂടണയാന്‍ വന്ന മൗനങ്ങളും അയാളുടെ സ്‌നേഹത്തിന്റെ പാട്ടുകളായി. കുടുംബത്തിലേക്ക് കയറിവരാത്തതുകൊണ്ട് വിവാഹിതകള്‍ക്ക് അയാളുടെ സ്‌നേഹത്തെ നിരസിക്കാന്‍ തോന്നിയില്ല. തൊടാനും തലോടാനും ഇഷ്ടമുള്ളവര്‍ അയാളുടെ സ്‌നേഹത്തെ നിരസിക്കാന്‍ സമയമൊട്ടും കളഞ്ഞതുമില്ല. ഒന്നിലും അയാള്‍ അസ്വസ്ഥനായില്ല. പ്രണയത്തില്‍നിന്നും പ്രണയനൈരാശ്യത്തില്‍നിന്നും അയാള്‍ കവിതകളുണ്ടാക്കി.

ഉജ്ജിറയിലും സമീപസ്ഥലങ്ങളിലും സംഭവിക്കുന്ന ചെറുതും വലുതുമായ വാര്‍ത്തകള്‍ മനോഹരമായ കയ്യക്ഷരത്തില്‍ എഴുതി അയാള്‍ തുളുനാടിന്റെ ഓഫീസില്‍ ഏല്‍പ്പിക്കും. അതില്‍ കലഹമുണ്ടായിരുന്നു, കല്ല്യാണമുണ്ടായിരുന്നു, അവിഹിതങ്ങളുമുണ്ടായിരുന്നു. കാഞ്ഞങ്ങാടും പരിസരങ്ങളിലും ചൂടപ്പം പോലെ വിറ്റഴിഞ്ഞിരുന്ന സായാഹ്നപത്രമായിരുന്നു തുളുനാട്. പണി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുപോകുന്ന സാധാരണക്കാരായ മനുഷ്യര്‍ തുളുനാടും കൊണ്ടുപോവുമായിരുന്നു. രണ്ടാംപേജില്‍ കോളത്തില്‍ വരുന്ന അവിഹിതകഥകള്‍ ആവേശത്തോടെ വായിച്ച് തങ്ങളുടെ നിരാശാഭരിതമായ ജീവിതത്തിന് അവര്‍, അവര്‍പോലുമറിയാതെ താളം കണ്ടെത്തി.

ശാറങ്ങന്റെ സാഹിത്യത്തോടുള്ള ഭ്രമമാണ് ആഴി എന്ന പേരിലേക്ക് എത്തിച്ചത്. കേട്ടപ്പോള്‍ അർഥമൊന്നും അറിഞ്ഞില്ലെങ്കിലും പേരിന്റെ ഗുമ്മിലും ഉജ്ജിറയിലെ വിവരമുള്ള ഒരേയൊരു മനുഷ്യന്‍ നിർദേശിച്ചതായതുകൊണ്ടും ആരും എതിര് പറഞ്ഞില്ല. ഫുട്‌ബോള്‍ മത്സരം നടക്കുന്ന ഇടങ്ങളില്‍ നാവ് തുടയ്‌ക്കാത്ത അനൗണ്‍സര്‍മാര്‍ക്ക് ‘ആഴി' എന്ന പേര് പലപ്പോഴും കൃത്യമായി പറയാന്‍ പണിപ്പെട്ടു. ആഴി എന്നതിന് പകരം അവരുടെ വായില്‍നിന്ന് ‘ആയി’ എന്ന് പുറത്തുവന്നു. ‘ആയി' എന്നാല്‍ ശരിയെന്ന അർഥംകൂടി നാട്ടിലുണ്ടായിരുന്നതിനാല്‍ ശരിയുടെ ക്ലബ്ബാണെന്ന രീതിയില്‍ പേര് കേട്ടവര്‍ അതും സ്വാഗതം ചെയ്‌തു.

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

കലാപരിപാടികള്‍ അപൂർവമായേ നടത്താറുള്ളൂവെങ്കിലും ഫുട്‌ബോളിന്റെ കാര്യത്തില്‍ ആഴി ആര്‍ട്‌സ് ആൻഡ്‌ സ്‌പോര്‍ട്‌സ് ക്ലബ് ഒറ്റക്കെട്ടായിരുന്നു. സെവന്‍സ് ടൂർണമെന്റ് നടക്കുന്ന ഇടങ്ങളില്‍ പേര് കൊടുക്കാന്‍ അവര്‍ എപ്പോഴും ശ്രമിച്ചു. വിളിക്കുന്ന കളികള്‍ക്ക് അവര്‍ പോയി. കപ്പുകളൊന്നും കിട്ടിയില്ലെങ്കിലും മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ അവര്‍ വലിയ താല്‍പ്പര്യം കാണിച്ചു. അക്കാലത്ത് കാസർകോട്‌ നല്ല ക്ലബ്ബുകളും നല്ല കളിക്കാരും ഏറെയുണ്ടായിരുന്നതിനാല്‍ ജയം എപ്പോഴും അവരില്‍നിന്ന് അകലം പാലിച്ചു.

അങ്ങനെ തോറ്റുതോറ്റ് മുന്നോട്ട് പോകവെയാണ് മുസ്‌തഫ എന്ന ചെക്കന്‍ ക്ലബ്ബില്‍ കളിക്കാനെത്തുന്നത്. ഏഴാം വയസ്സില്‍ പിള്ളേര്‍ക്കൊപ്പം പൂഴിയില്‍ അവന്‍ കടലാസുപന്ത് തട്ടുമ്പോള്‍ തന്നെ ക്ലബ് സെക്രട്ടറിയായ മൊയ്‌തീന് അവന്‍ ‘ആഴി’യുടെ ആഴമേറിയ വര്‍ക്കത്തായിരിക്കുമെന്ന് തോന്നിയിരുന്നു.

നാല് കൊല്ലത്തിനുള്ളില്‍ അയാളുടെ തോന്നല്‍ ശരിയായി.

വേനല്‍ക്കാലങ്ങളില്‍ നൂറ്റിയമ്പത് മീറ്റര്‍ താഴെയുള്ളവര്‍ക്കായി അക്കാലത്ത് പല ക്ലബ്ബുകളും സ്ഥാപനങ്ങളും ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കാറുണ്ടായിരുന്നു. യത്തീംഖാന അവധിക്ക് അടയ്‌ക്കുന്ന സമയമായതുകൊണ്ട് മുസ്‌തഫ നാട്ടിലുണ്ടായിരുന്നു.

മൊയ്‌തീന്‍ നീളം കുറഞ്ഞവരുടെ ടീം സെറ്റാക്കിയപ്പോള്‍ മുസ്‌തഫ ഫോർവേഡായി.

കുമ്പളയില്‍ വച്ച് നടന്ന ആദ്യമത്സരത്തില്‍ തന്നെ മുസ്‌തഫയുടെ വൈഭവം കാണികള്‍ക്ക് മനസ്സിലായി. സഹകളിക്കാരായ കുട്ടികള്‍ക്ക് പന്തുകളിയില്‍ അത്രയൊന്നും കേമത്തരമില്ലാതിരുന്നിട്ടും മുസ്‌തഫയുടെ ഒറ്റമിടുക്കില്‍ ‘ആഴി’ കാണികളെ കയ്യിലെടുത്തു. പന്ത് കാലില്‍ കെണിഞ്ഞാല്‍ എങ്ങനെയെങ്കിലും ഗോളടിക്കുന്ന കളിക്കാരനായി മുസ്‌തഫ മാറി. കൂടെയുള്ളവര്‍ കൈമെയ് മറന്ന് അവന്റെ കൂടെ നിന്നതോടെ പലപ്പോഴും ‘ആഴി’ അത്ഭുതം കാണിക്കാന്‍ തുടങ്ങി. ആദ്യമൊക്കെ ഒന്നാം റൗണ്ടിലും രണ്ടാം റൗണ്ടിലും മാത്രം ജയിച്ചിരുന്ന ‘ആഴി’ പോകെപ്പോകേ ഫൈനലിലെത്തി കപ്പും കൊണ്ടുവരാന്‍ തുടങ്ങി. മൊഗ്രാല്‍ ബ്രദേഴ്‌സ് മൊഗ്രാല്‍, കോസ്‌മോസ് പള്ളിക്കര, റെഡ്സ്റ്റാര്‍ കീക്കാങ്കോട്ട്, സെവന്‍സ്റ്റാര്‍ ഇളമ്പച്ചി തുടങ്ങിയ നാട്ടിലെ വലിയ ടീമുകളെ തോല്‍പ്പിക്കാന്‍ അവര്‍ക്കായി. അവനും അവന്റെ ടീമിനും ആരാധകര്‍ ഉണ്ടായി. ‘ആഴി’ കളിക്കാത്ത മത്സരങ്ങളില്‍ മുസ്‌തഫയെ തങ്ങളുടെ ടീമിന് വേണ്ടി ഇറക്കാന്‍ വരെ ആളുകള്‍ വന്നു.

ഉജ്ജിറക്കാര്‍ക്ക് മുസ്‌തഫയോട്‌ സ്‌നേഹവും വാത്സല്യവും തോന്നിയ നാളുകളായിരുന്നു അത്. ഉമ്മ സീനത്തിനാവാട്ടെ മകന്‍ കളിക്കാന്‍ പോകുന്നത് സഹിക്കാനേ കഴിയാത്ത കാര്യമായിരുന്നു. പണിയെടുക്കേണ്ട പ്രായമായിട്ടൊന്നുമില്ലെങ്കിലും എന്തുചെയ്‌തിട്ടായാലും പത്ത് കാശ് കൊണ്ടുവരണമെന്ന് അവള്‍ അവനെ ചീത്ത വിളിക്കുകയും ചൂലുകൊണ്ട് അടിക്കുകയും ചെയ്‌തു.


ആദ്യമൊക്കെ ചീത്ത കേള്‍ക്കുമ്പോഴും അടി കൊള്ളുമ്പോഴും കരഞ്ഞിരുന്നൂ അവന്‍. കേട്ടുകേട്ട് ചെവിക്കും കൊണ്ടുകൊണ്ട് ശരീരത്തിനും തഴമ്പ് വന്നപ്പോള്‍ അവന്‍ കരച്ചില്‍ നിര്‍ത്തുകയും ദേഷ്യത്താല്‍ അട്ടഹസിക്കുകയുമുണ്ടായി. അവന്‍ കളിക്കാനിറങ്ങുമ്പോള്‍ നീ മുടിഞ്ഞുപോവുമെന്ന് സീനത്ത് നെഞ്ചത്തടിച്ച് പ്രാകും. അവന്‍ കേട്ടഭാവം നടിക്കാതെ സിനിമാഗാനം ചൂളമിട്ട് വിളിച്ചുകൊണ്ട് കളിക്കാനോടും.

സീനത്തിന്റെ തുടര്‍ച്ചയായ പ്രാക്കാണോ എന്നറിയില്ല ഒരു ദിവസം അത് സംഭവിച്ചു.

തൃക്കരിപ്പൂരില്‍ കളിക്കാന്‍ പോയതായിരുന്നു. എതിര്‍ടീമായ ബ്രദേഴ്‌സ് മൊട്ടയിലെ കളിക്കാര്‍ പ്രായപൂര്‍ത്തി അറിയിച്ചവരും ഉയരക്കുറവുള്ളവരുമായിരുന്നു. കളിക്കാന്‍ അറിയാത്ത അവര്‍ ഫൗള്‍ കളിച്ച് ‘ആഴി’യുടെ കളിക്കാരെ പേടിപ്പെടുത്തി. പന്ത് കാലില്‍ തൊടേണ്ട താമസം അവര്‍ ഉന്തിയിടുകയോ ചവിട്ടുകയോ ചെയ്യാന്‍ തുടങ്ങി. ഷൂസിട്ട മൊട്ടക്കാരുടെ ചവിട്ടേറ്റ് ഷൂസൊന്നുമില്ലാത്ത ‘ആഴി’യുടെ കളിക്കാര്‍ ഒരു വഴിക്കായി. പന്ത് തൊടാന്‍ അവര്‍ പേടിച്ചു. എന്നിട്ടും എങ്ങനെയോ ആദ്യപകുതി തീരവെ മുസ്‌തഫയുടെ പാസില്‍ രാജനെന്ന ഒമ്പതാം ക്ലാസുകാരന്‍ ഗോളടിച്ചതാണ്. കാണികള്‍ കയ്യടിക്കവെ മുസ്‌തഫയെ മൊട്ടയിലെ മൊട്ടയുള്ളൊരു തടിയന്‍ ചവിട്ടിവീഴ്‌ത്തി. കുരുത്തക്കേട് പഠിച്ചുകഴിഞ്ഞ മുസ്‌തഫ തിരിച്ചടിച്ചു. കളിക്കളം അടര്‍ക്കളമായി മാറാന്‍ നേരമൊട്ടുമുണ്ടായില്ല.

മൊട്ടയിലെ കളിക്കാരുടെ കൈബലത്തില്‍ പിടിച്ചുനില്‍ക്കാന്‍ ആഴിയിലെ കളിക്കാര്‍ക്കായില്ല. മുസ്‌തഫയും കൂടെയുള്ളവരും തിരിഞ്ഞോടി. മുസ്‌തഫയുടെ ഇടതുവശത്തെ പുരികത്തിന് മുകളില്‍ വലുതായൊരു മുറിവുണ്ടായി. ചോര കുടുകുടാ വന്നു. കമ്യൂണിസ്റ്റ് പച്ച കരിങ്കല്ലില്‍ കുത്തിയരച്ച് അവന്‍ മുറിവില്‍ വച്ച് ചോര തടഞ്ഞു. ആ മുറിവ് കലയായി, അവന്റെ കൂടെ അടയാളമായി ഒരിക്കലും മായാതെ നിന്നു.

പിറ്റേന്നുച്ചയ്‌ക്ക്‌ രണ്ട് പൊലീസുകാര്‍ മുസ്‌തഫയുടെ ചാളയില്‍ വന്നു. മത്തിയുടെ ചാകര വന്ന നേരമായിരുന്നു. കടല്‍ത്തീരത്തടിഞ്ഞ മത്തികള്‍ കുട്ടകളിലാക്കി ആളുകള്‍ കൂരകളിലേക്ക് ആര്‍മാദത്തോടെ തിരിച്ചുപോയി. മുസ്‌തഫയും മുത്തലിയും കൂടി ഒരു കുട്ടയില്‍ നിറയെ മത്തിയുമായി ചാളയിലെത്തിയിരുന്നു. സീനത്ത് പകുതിയോളം മത്തി ഉണക്കാനായി വെയിലത്ത് മുണ്ടപ്പായ വിരിച്ചിട്ടു. മത്തി മുളകിലിട്ടതും കൂട്ടി കുളുത്തും കുടിച്ച് കടലും നോക്കിക്കൊണ്ടിരിക്കവെയാണ് മുസ്‌തഫയെ തേടി പൊലീസ് വന്നത്.

‘‘ഞാനൊന്നും ചെയ്‌തിട്ടില്ല സാറേ..!’’

മുസ്‌തഫ കരഞ്ഞു.

പൊലീസുകാര്‍ കേട്ടില്ല.

‘‘നീ നശിച്ചുപോകും നായിന്റാമോനേ...’’

അവര്‍ മുസ്‌തഫയെ പിടിച്ചുകൊണ്ടുപോകുമ്പോള്‍ സീനത്ത് അപ്പോഴും പ്രാകി. മത്തി കൊണ്ടുവന്നതൊന്നും അവളുടെ മനസ്സലയിച്ചില്ല. സീനത്ത് പ്രാക്ക് ആവര്‍ത്തിച്ചപ്പോള്‍ മുസ്‌തഫ കരച്ചില്‍ നിര്‍ത്തി. പേടിയടക്കം ചെയ്‌ത്‌ അവന്‍ അവര്‍ക്ക് പിന്നാലെ നടന്നു.

ചിത്രീകരണം: കെ പി മുരളീധരൻ

അവര്‍ തൃക്കരിപ്പൂരില്‍ കളിച്ചതിന്റെ തലേദിവസം ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ വാര്‍ഷികമായിരുന്നു. തൃക്കരിപ്പൂരില്‍ പീടികയ്‌ക്ക്‌ കല്ലെറിഞ്ഞതില്‍ മുസ്‌തഫയ്‌ക്കും പങ്കുണ്ടെന്ന് പൊലീസുകാര്‍ എഫ്ഐആര്‍ എഴുതി.

‘‘ഞാന്‍ കളിക്കാന്‍ വന്നതാ...’’

മുസ്‌തഫ സത്യം പറഞ്ഞു. പൊലീസ് അത് കേള്‍ക്കില്ലെന്ന് അവന്‍ ഉറപ്പായിരുന്നു. അത് പൊലീസുകാര്‍ ഒരുക്കിയ കേസല്ലെന്നും മൊട്ടയിലെ കളിക്കാരുടെ കെണിയാണെന്നും അവന്‍ മനസ്സിലാക്കിയിരുന്നു. അവന്‍ പറയുന്നത് സത്യമാണെന്ന് അറിയാവുന്ന ഒരു പൊലീസുകാരന്‍ അവനെ സഹതാപത്തോടെ നോക്കി.

കോടതി അവനെ പെര്‍ളടുക്കയിലെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. മതിലുകളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ദുർഗുണപരിഹാരപാഠശാലയിലേക്ക് കാലെടുത്തവയ്‌ക്കുമ്പോള്‍ തന്റെ കളിക്കാലം തീരുകയാണെന്ന് മുസ്‌തഫയ്‌ക്ക്‌ മനസ്സിലായി.

അപ്പോള്‍ അവന്റെ കണ്ണുകള്‍ നനഞ്ഞു .



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home