ad
Deshabhimani

രേഖാമൂലം

ചരിത്രത്തെ ഭയക്കുന്നവർ ഉടയ്ക്കുന്ന ശിലകൾ

രാഹുൽ സാംകൃത്യായൻ
avatar
ശ്രീകുമാർ ശേഖർ

Published on Aug 08, 2026, 11:34 AM | 3 min read

രാഹുൽ സാംകൃത്യായനെ ബ്രിട്ടീഷ് സർക്കാർ ‘രാജ്യദ്രോഹി’യാക്കി ആദ്യം ജയിലിൽ അടയ്‌ക്കുന്നത് 105 കൊല്ലം മുമ്പാണ്. നിസ്സഹകരണ സമരത്തിൽ പങ്കെടുത്തതിനായിരുന്നു 1921-ലെ അറസ്റ്റും ശിക്ഷയും. പിന്നെയും പലവട്ടം ജയിലിലിട്ടു. 1940-‐ൽ അറസ്റ്റിലാകുമ്പോൾ അദ്ദേഹം കമ്യൂണിസ്റ്റ് പാർടിയുടെ പ്രമുഖ നേതാവായിക്കഴിഞ്ഞിരുന്നു.

രാഹുൽ സാംകൃത്യായൻരാഹുൽ സാംകൃത്യായൻ

ബ്രിട്ടീഷ് ഭരണത്തിന് ഇത്രയേറെ അപ്രിയനായിരുന്ന ഒരു സ്വാതന്ത്ര്യസമര സേനാനിയുടെ പ്രതിമയാണ് പശ്ചിമബംഗാളിലെ റാണിഗഞ്ചിൽ കഴിഞ്ഞ ദിവസം ബിജെപി പ്രവർത്തകർ തകർത്തു നിരത്തിയത്. സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കും ഇല്ലാത്ത സംഘപരിവാറിൽനിന്ന് ഈ ചെയ്‌തി സ്വാഭാവികം.

പതിവു വിശേഷണങ്ങളുടെ ഏതെങ്കിലും കള്ളിയിൽ ഒതുങ്ങുന്ന വ്യക്തിത്വമായിരുന്നില്ല രാഹുൽ സാംകൃത്യായന്റേത്. 1940 മാർച്ചിൽ അറസ്റ്റിനു മുന്നോടിയായി ബ്രിട്ടീഷ് രഹസ്യ പൊലീസ് തയ്യാറാക്കിയ വിവരണത്തിന്റെ ചില ഭാഗങ്ങൾ ഇങ്ങനെ:

‘‘പരമഹംസ് റാം ഉദാർ ദാസ് എന്ന രാഹുൽ സാംകൃത്യായൻ 1922-‐ലും 1923-‐ലും രാജ്യദ്രോഹം പ്രചരിപ്പിച്ചതിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. 1938‐ മുതൽ കിസാൻ സഭയുടെ സജീവ പിന്തുണക്കാരനായിരുന്നു. 1939-‐ ൽ സരണിൽ നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് ശിക്ഷിക്കപ്പെടുകയും ചെയ്‌തു. റഷ്യൻ രീതികളോടുള്ള വലിയ ആദരവ് അദ്ദേഹം എപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, അദ്ദേഹം സ്വയം പ്രഖ്യാപിത കമ്യൂണിസ്റ്റുമാണ്.’’

ഭാര്യ വഴി അദ്ദേഹം റഷ്യയുമായി ബന്ധം പുലർത്തുന്നുണ്ട് എന്നും രേഖ പറയുന്നു.

ഈ കുറിപ്പിലെ വിവരണത്തിന് പല കടൽ അപ്പുറമാണ് രാഹുൽ സാംകൃത്യായന്റെ വ്യക്തിത്വം. ബഹുഭാഷാ പണ്ഡിതൻ, ചരിത്രകാരൻ, ദാർശനികൻ, നാടകകൃത്ത്, സാമൂഹിക ശാസ്‌ത്രജ്ഞൻ, ബുദ്ധമത തത്വങ്ങളിൽ വിദഗ്ധൻ, സ്വാതന്ത്ര്യസമര സേനാനി, കമ്യൂണിസ്റ്റ് വിപ്ലവകാരി‐എന്നിവ വിശേഷണങ്ങളിൽ ചിലതു മാത്രം. എഴുതിയ പുസ്‌തകങ്ങൾ നൂറ്റി അമ്പതിലേറെ വരും.

1940-ൽ ക്യാ കാരൺ എന്ന കൃതി കണ്ടുകെട്ടാൻ സർക്കാർ ഉത്തരവിട്ട രേഖ1940-ൽ ക്യാ കാരൺ എന്ന കൃതി കണ്ടുകെട്ടാൻ സർക്കാർ ഉത്തരവിട്ട രേഖ

1893 ഏപ്രിൽ ഒമ്പതിന് ബനാറസിനടുത്ത പഹന്തയിലാണ് ജനിച്ചത്. കേദാർനാഥ് പാണ്ഡേ എന്നാണ് ആദ്യ പേര്. ചെറുപ്പത്തിലേ നാടുചുറ്റി. സന്ന്യാസിയായി. 1915-‐ൽ ആഗ്രയിലെ ആര്യ-മുസാഫിർ വിദ്യാലയത്തിൽ ചേർന്നു. സംസ്കൃതം, അറബി, പേർഷ്യൻ ഭാഷകൾ പഠിച്ചു. ഒരു അധ്യാപകൻ വഴി ദേശീയ വിപ്ലവകാരികളിൽ ചിലരുമായി ബന്ധപ്പെട്ടു. പെട്ടെന്ന് ബുദ്ധമതത്തിൽ താൽപ്പര്യം തോന്നി. ബുദ്ധകേന്ദ്രങ്ങളിൽ അലഞ്ഞു.

1920-‐ൽ മഹാത്മാഗാന്ധി നിസ്സഹകരണ പ്രസ്ഥാനം പ്രഖ്യാപിച്ചപ്പോൾ അണിചേർന്നു. ഭോജ്‌‌പുരി ഭാഷയിൽ പ്രസംഗകനായി പേരെടുത്തു. ജയിലിലായി. ഒരു വർഷത്തെ കഠിനതടവ്. 1923-‐ ൽ വീണ്ടും അറസ്റ്റിലായി. തടവുകാലത്ത് ബൈസേംസദി (22-‐ാം നൂറ്റാണ്ട്) എന്ന കൃതി എഴുതി.

ജയിലിൽനിന്നിറങ്ങി വീണ്ടും യാത്ര. ശ്രീലങ്കയിൽ. പിന്നീട് തിബത്തിൽ. 1930-‐ൽ തിരിച്ചെത്തി നിയമലംഘന പ്രസ്ഥാനത്തിൽ പങ്കാളിയായി. ഇതിനിടെ സിലോൺ പ്രധാനമന്ത്രി വഴി ഇംഗ്ലണ്ടിലേക്ക് പോകാൻ അവസരം കിട്ടി. യൂറോപ്പിൽ കറങ്ങി. വീരേന്ദ്രനാഥ് ഛതോപാധ്യായ അടക്കം വിപ്ലവകാരികളെ പരിചയപ്പെട്ടു. റഷ്യയിൽ പോകാൻ ശ്രമിച്ചു; നടന്നില്ല. 1935-‐ൽ തിരിച്ചെത്തി. മഞ്ചൂരിയയിലൂടെ തീവണ്ടിയിൽ സോവിയറ്റ് യൂണിയനിലേക്ക് പോയി. 1936-‐ൽ ഇന്ത്യയിലെത്തി. എഴുത്ത് ഉഷാറായി. ദർശൻ ദിഗ് ദർശൻ എന്ന ദാർശനിക കൃതി പൂർത്തിയാക്കി. 1937-‐ ൽ സോവിയറ്റ് അക്കാദമിയുടെ ക്ഷണപ്രകാരം വീണ്ടും സോവിയറ്റ് യൂണിയനിൽ പോയി. ലെനിൻഗ്രാഡിൽ ഇന്തോ-‐തിബത്തൻ വിഭാഗത്തിന്റെ കാര്യദർശി ലോലയെ കണ്ടുമുട്ടി വിവാഹം കഴിച്ചു. ഒരു മകനുമുണ്ടായി‐ഇഗോർ.

കുറച്ചുകാലം കൊൽക്കത്തയിലായി താമസം. മുസഫർ അഹമ്മദ്, സോമനാഥ് ലാഹരി, ബങ്കിം മുഖർജി, അബ്ദുൾ ഹലീം എന്നിവരായിരുന്നു അടുപ്പക്കാർ. തിരികെ ബിഹാറിലെത്തിയത് കമ്യൂണിസ്റ്റായാണ്. കർഷകസമരങ്ങളിൽ സജീവമായി. അറസ്റ്റിലായി. മോചനത്തിനായി തെരുവിൽ പ്രക്ഷോഭം കനത്തു. സർക്കാർ മോചിപ്പിച്ചു. 1939-‐ൽ സിപിഐയുടെ ബിഹാർ പ്രവിശ്യാ യൂണിറ്റ് രൂപീകരിച്ചപ്പോൾ അംഗമായി.

സോവിയറ്റ് യൂണിയനിലുള്ള ഭാര്യയ്ക്ക് ജയിലിൽനിന്ന് താൻ അയക്കുന്ന കത്തുകൾ തടയുന്നതിനെതിരെ സ്വന്തം കൈപ്പടയിൽ സാംകൃത്യായൻ നൽകിയ പരാതിസോവിയറ്റ് യൂണിയനിലുള്ള ഭാര്യയ്ക്ക് ജയിലിൽനിന്ന് താൻ അയക്കുന്ന കത്തുകൾ തടയുന്നതിനെതിരെ സ്വന്തം കൈപ്പടയിൽ സാംകൃത്യായൻ നൽകിയ പരാതി

1940-‐ൽ പലാസയിൽ നടക്കാനിരുന്ന കിസാൻ സഭ സമ്മേളനത്തിൽ അധ്യക്ഷനായി തെരഞ്ഞെടുത്തു. എന്നാൽ അതിന് തൊട്ടുമുമ്പ് രാജ്യരക്ഷാ നിയമപ്രകാരം അറസ്റ്റു ചെയ്‌തു. 29 മാസത്തെ ജയിൽജീവിതത്തിനിടയിൽ എട്ട് നാടകങ്ങളും ‘വോൾഗ മുതൽ ഗംഗ വരെ’യും രചിച്ചു. ‘വോൾഗ മുതൽ ഗംഗ വരെ’യുടെ ധാരാളം പതിപ്പുകൾ മലയാളമടക്കം പല ഭാഷകളിൽ വന്നു. ഈ കാലത്ത് എഴുതിയ ‘ക്യാ കാരൺ’ എന്ന കൃതി കണ്ടുകെട്ടാൻ സർക്കാർ ഉത്തരവിട്ട രേഖ കുറിപ്പിനൊപ്പം കാണാം.

ജയിൽമോചനത്തിനുശേഷം 1942-‐ൽ പട്‌നയിലെത്തി. ഹുങ്കാർ എന്ന ഹിന്ദി വാരികയിലും പാർടി മുഖപത്രമായ ലോകയുധയുടെ പത്രാധിപസമിതിയിലും പ്രവർത്തിച്ചു. 1944-‐ൽ ഭാര്യയെയും മകനെയും കാണാൻ ലെനിൻഗ്രാഡിലേക്കു തിരിച്ചു. അവിടത്തെ യൂണിവേഴ്സിറ്റിയിൽ സംസ്‌കൃതം പഠിപ്പിച്ചു. റഷ്യൻ ഭാഷ പഠിച്ചു. എന്നാൽ കുടുംബത്തെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ തടസ്സങ്ങളുണ്ടായി. 1947-‐ൽ തനിയെ തിരികെയെത്തി. ഇടയ്‌ക്ക്‌ ഉറുദു ഭാഷക്കെതിരായ ചില പരാമർശങ്ങളുടെ പേരിൽ കമ്യൂണിസ്റ്റ് പാർടിയിൽനിന്ന് പുറത്തായി. പിന്നീട് തെറ്റുതിരുത്തി തിരികെയെത്തി. 1950-‐ൽ ഡോ. കമലയെ വിവാഹം കഴിച്ചു. ജേതയും ജയയും മക്കൾ.

1958-‐ൽ ചൈനയിൽ അധ്യാപകനായി. അതിനുശേഷം ശ്രീലങ്കയിലേക്ക് വീണ്ടും പോയി. അവിടെവച്ച് രോഗബാധിതനായി. മോസ്‌കോയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. 1963 ഏപ്രിൽ 14-ന് അന്തരിച്ചു. 1961-‐ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും 1962-‐ൽ പത്മഭൂഷണും ലഭിച്ചു .

(രേഖകൾ നാഷണൽ ആർക്കൈവ്‌സിൽനിന്ന്‌)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home