ആദ്യം നിയമത്തിൽ പഴുതിട്ടു, പിന്നാലെ ചര്‍ച്ചയാക്കി; യുപിഐ ഇടപാടുകൾക്ക് ഫീസ് ഏര്‍പ്പെടുത്താനുള്ള നീക്കം തന്ത്രപൂര്‍വ്വം

ന്യൂഡൽഹി: ഗുഗിൾ പേ പോലുള്ള യുപിഐ ഇടപാടുകൾക്ക് മേൽ സര്‍വ്വീസ് ചാര്‍ജ് ഈടാക്കാനുള്ള പഴുത് ഒരുക്കിയത് ആസൂത്രിതമായി. ആര്‍ബിഐയുടെ പണനയ പ്രഖ്യാപനത്തിന് ശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മൽഹോത്ര നടത്തിയ പ്രതികരണമാണ് നേരത്തെ തന്നെ സര്‍ക്കാര്‍ സര്‍വ്വീസ് ചാര്‍ജിന് നിയമ വഴി തുറന്നിട്ടതായുള്ള സൂചന പുറത്തെത്തിക്കുന്നത്. ഫീസ് ഏര്‍പ്പെടുത്താനുള്ള പഴുതുകൾ നിയമ ഭേദഗതി വഴി നേരത്തെ തന്നെ തുറന്നു നൽകിയിരുന്നു എന്ന് ഇതോടെ വ്യക്തമായി. അതുവരെ ഒരു സാധ്യത എന്ന നിലയ്ക്കുള്ള ചര്‍ച്ചകൾ മാത്രമായിരുന്നു. യാഥാര്‍ത്ഥത്തിൽ ഇതിനുള്ള നിയമപരമായ പഴുത് നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാര്‍ ഒരുക്കി വെച്ചിരുന്നു എന്നാണ് ഐര്‍ബിഐ ഗവര്‍ണറുടെ പ്രതികരണത്തോടെ വ്യക്തമായത്.
ഫീസ് ഈടാക്കുന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമൊന്നും ആയിട്ടില്ലെന്നും എന്നാൽ ഫീസ് ഈടാക്കാൻ തുടങ്ങിയാൽ അതിന്റെ ഭാരം ആര് ചുമക്കേണ്ടിവരുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നുമാണ് പണനയ പ്രഖ്യാപനത്തിന് ശേഷം ഗവർണർ സഞ്ജയ് മൽഹോത്ര പ്രതികരിച്ചത്.
നിയമം ഒരുക്കി വെച്ചു
നടപ്പാക്കാൻ അവസരം പാത്തു
യുപിഐ ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (MDR) എന്ന വിളിപ്പോരോടെ ഫീസ് ഏർപ്പെടുത്താൻ അധികാരം നൽകുന്ന നിയമഭേദഗതി നേരത്തെ തന്നെ സൃഷ്ടിക്കപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച ചോദ്യത്തിന് ധനമന്ത്രി നിർമ്മല സീതാരാമൻ കൊണ്ടുവന്ന ഭേദഗതി പെട്ടെന്ന് തന്നെ യുപിഐക്ക് ഫീസ് ഏർപ്പെടുത്തുന്ന ഒന്നല്ല, ഭാവിയിൽ ആവശ്യമെങ്കിൽ MDR ഏർപ്പെടുത്താനുള്ള നിയമപരമായ അധികാരം സർക്കാരിന് നൽകുക മാത്രമാണ് ചെയ്യുന്നത് എന്ന മറുപടിയാണ് ഗവര്‍ണര്‍ സഞ്ജയ് മൽഹോത്ര നൽകിയത്.
എന്തായിരുന്നു നിയമം
ഭേദഗതി വരുത്തിയത് ആര്‍ക്കുവേണ്ടി
2020 ജനുവരി ഒന്നു മുതലാണ് ഇന്ത്യയിൽ യുപിഐ (UPI), റൂപേ ഡെബിറ്റ് കാർഡ് (RuPay Debit Card) ഇടപാടുകൾക്ക് 'Zero-MDR Policy' നിയമം കൊണ്ടുവന്നത്. രാജ്യത്തെ പൗരൻമാരെ യുപിഐ ഇടപാടിലേക്ക് കൂടുതലായ എത്തിക്കുക ആയിരുന്നു ലക്ഷ്യം. ഇത് പ്രകാരം യുപിഐ ഇടപാടുകൾക്ക് എതെങ്കിലും തരത്തിലുള്ള ഫീസ് ഈടാക്കുന്നത് നിരുത്സാഹപ്പെടുത്തുന്നു.
2007 ൽ നിലവിലുള്ള പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട്, സെക്ഷൻ 10A പ്രകാരം യുപിഐ വഴി പണം സ്വീകരിക്കുന്നതിനോ നൽകുന്നതിനോ ഉപഭോക്താവിൽ നിന്നോ വ്യാപാരിയിൽ നിന്നോ യാതൊരു വിധ ഫീസും ഈടാക്കാൻ ബാങ്കുകൾക്കോ Google Pay, PhonePe, Paytm മുതലായ പേയ്‌മെന്റ് കമ്പനികൾക്കോ അനുവാദമില്ലായിരുന്നു. ഇത് ഉറപ്പിക്കുന്നതായിരുന്നു 2020 ലെയും നിയമം. എന്നാൽ ഇടയിൽ ഒരു പഴുത് സൃഷ്ടിച്ചു.
2007 ലെ നിയമത്തിൽ
സാവകാശം മാറ്റം
ഡിജിറ്റൽ ഇടപാടുകൾ രാജ്യത്ത് പ്രോത്സാഹിപ്പിക്കുന്നതിനാണ് സർക്കാർ സൗജന്യ നയം കൊണ്ടുവന്നത്. ഇതിന് പകരമായി ബാങ്കുകൾക്കും ആപ്പുകൾക്കും ഉണ്ടായ നഷ്ടം നികത്താൻ സർക്കാർ വർഷം തോറും പ്രത്യേക സബ്സിഡി നൽകിപ്പോരുകയായിരുന്നു. എന്നാൽ ഇടക്കാലത്ത് ഇതിൽ ധൃതിപ്പെട്ട് ഭേദഗതി വരുത്തി. ഇതിനായി പാർലമെന്റിൽ 'ടാക്സേഷൻ ആൻഡ് അദർ ലോസ് (ഭേദഗതി) ബില്ല്' കൊണ്ടുവന്നു. ഫീസ് ഈടാക്കാൻ പാടില്ലെന്ന് വിലക്കുന്ന സെക്ഷൻ 10A-ൽ മാറ്റം വരുത്താൻ നിർദ്ദേശിച്ചു. ഇതാണ് ഇപ്പോൾ പേമെന്റുകൾക്ക് ഫീസ് ഈടാക്കാനുള്ള നീക്കത്തിന് ബലമായും നിയമപരരക്ഷയായും നിലനിൽക്കുന്നത്.
ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങളുടെ നടത്തിപ്പിന് ചില ചെലവുകളുണ്ട്. അത് ഏതെങ്കിലും രീതിയിൽ ഈടാക്കേണ്ടി വരും. അത് ബാങ്കുകൾ താങ്ങാൻ ഇടയില്ല. ഉപയോക്താക്കളുടെ ചുമലിലേക്ക് വരാം എന്നാണ് പണനയ പ്രഖ്യാപനത്തിന് ശേഷം പുറത്തുവിട്ട സൂചനകൾ. എടിഎം ഇടപാടുകൾക്ക് ഫീസ് ഏര്‍പ്പെടുത്തിയ നീക്കവും ഇതിന് സമാനമായിരുന്നു. ആദ്യം എടിഎം സംവിധാനം ഏര്‍പ്പെടുത്തുന്നതിലെ ചെലവുകളും പരിപാലന ബാധ്യയും എല്ലാം ചര്‍ച്ചയാക്കി. ആര് വഹിക്കണം എന്ന വിവാദം ഉയര്‍ത്തി. പിന്നാലെ വളരെ സാവകാശം ഉപഭോക്താക്കളിൽ നിന്നും പണപ്പിരിവ് തുടങ്ങി. കൂട്ടായ എതിര്‍പ്പ് മറികടക്കാൻ ആദ്യം സ്വകാര്യ ബാങ്കുകൾക്ക് അനുമതി നൽകി. ക്രമേണ മുഴുവൻ എടിഎം സേവനങ്ങളിലേക്കും വ്യാപിപ്പിച്ചു. ബാങ്കുകളിലെ മിനിമം ബാലൻസ് ഫീസും ഇതേ മാതൃകയിലാണ് ഉയര്‍ത്തിക്കൊണ്ടു വന്നത്.
പേര് ചെലവ് കാശ്
മെച്ചങ്ങൾ മറച്ച് ചര്‍ച്ചകൾ
ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് വ്യാപാരികൾ നിലവിൽ MDR (Merchant Discount Rate) നൽകുന്നുണ്ട്. ഇതിൽ നിന്നും വ്യത്യസ്തമായി യുപിഐ ഇടപാടുകൾ വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും സൗജന്യമായിരുന്നു. യുപിഐ ഇടപാടുകളുടെ പ്രചാരം വർധിക്കാൻ പ്രധാന കാരണവും ഇതായിരുന്നു. ഇപ്പോൾ ജനങ്ങളെ ചായ കുടിച്ചാലും ബസിൽ ടിക്കറ്റ് എടുക്കാനും വരെ യുപിഐ ശീലിപ്പിച്ച ശേഷം ഫീസ് ഈടാക്കുന്നതിലേക്ക് എത്തിക്കയാണ്. ഇത് നടപ്പിൽ വരുന്നതോടെ ഇടപാടുകളുടെ മൂല്യത്തിന് പുറമെ ബാങ്കുകൾക്ക് ചെലവ് കാശും നൽകേണ്ടി വരും. ഇത് ആരുനൽകണം എന്ന ബലാബലമാക്കി ചര്‍ച്ച മാറ്റിയിരിക്കയാണ്.
തുടക്കത്തിൽ ഇത് വ്യക്തികൾ തമ്മിലുള്ള ഇടപാടുകളെ ബാധിക്കാതെയാവും. വലിയ മാളുകൾ, സൂപ്പർമാർക്കറ്റുകൾ, വൻകിട ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയ സ്ഥലങ്ങളിൽ 2,000- രൂപയ്ക്ക് മുകളിൽ വരുന്ന യുപിഐ ഇടപാടുകൾക്ക് മാത്രമാവും. 0.3% മുതൽ 0.5% വരെ MDR എന്ന നിലയിലാവും എന്നുമാണ് സൂചനകൾ.
യഥാര്‍ത്ഥത്തിൽ ബാങ്കുകൾക്ക് എടിഎം, യുപിഐ സംവിധാനങ്ങൾ വന്നപ്പോൾ നിര്‍വ്വഹണ ചെലവുകൾ കുറയുകയാണ് ചെയ്തത്. ബാങ്ക് കൗണ്ടറുകളിൽ നടക്കേണ്ടിയിരുന്ന ഇടപാടുകൾ എല്ലാം മാറി. മാനവവിഭവ ശേഷിയിലും നിര്‍മ്മിത സംവിധാനങ്ങളിലും എല്ലാം ചെലവിനത്തിൽ കുറവ് വന്നു. ഇവ മറച്ചു വെച്ച് പുതിയ സംവിധാനങ്ങളുടെ നിര്‍വ്വഹണ വരുന്ന ചെലവ് മാത്രമാണ് ഉയര്‍ത്തി കാണിക്കുന്നത്. ഇതാണ് ഉപഭോക്തൃ പക്ഷത്തുനിന്നുള്ള വിമര്‍ശനങ്ങൾ.









0 comments