ഗുവാഹത്തി സർവകലാശാല വിദ്യാർഥിനിയുടെ ദുരൂഹമരണം: ഹോംസ്റ്റേ പൂട്ടി പൊലീസ്

ഗുവാഹത്തി: ഗുവാഹത്തി സർവകലാശാല വിദ്യാർഥിനി നിമിഷ താക്കൂറി (22) നെ ഹോംസ്റ്റേയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയും പിന്നീട് മരിക്കുകയും ചെയ്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച ധരാപൂർ-ഗരാൽ മേഖലയിലെ ‘രുദ്രാസ് കിച്ചൻ’ എന്ന ഹോംസ്റ്റേ പൊലീസ് പൂട്ടി സീൽ ചെയ്തു. സംഭവത്തിൽ പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന ആഷിഖ് അലി (26) എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു
ശനിയാഴ്ച പുലർച്ചെയാണ് നിമിഷയെ ഹോംസ്റ്റേ മുറിയിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻതന്നെ ഗരാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
കൃത്യമായ തിരിച്ചറിയൽ രേഖകൾ വാങ്ങാതെയാണ് ഹോംസ്റ്റേ ഉടമകൾ നിമിഷയ്ക്കും ആഷിഖിനും മുറി നൽകിയതെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ ഇരുവരും അഞ്ചിലധികം തവണ ഈ ഹോംസ്റ്റേയിൽ എത്തിയിട്ടുണ്ടെന്നാണ് വിവരം. അതിഥികളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിൽ ഹോംസ്റ്റേ വരുത്തിയ ഗുരുതര വീഴ്ചയെ തുടർന്നാണ് സീൽ ചെയ്യാൻ നിർദേശം നൽകിയത്.
നിമിഷ ആത്മഹത്യ ചെയ്തതാണെന്നാണ് കസ്റ്റഡിയിലുള്ള ആഷിഖ് പൊലീസിന് നൽകിയ മൊഴി. എന്നാൽ പൊലീസ് ഇത് പൂർണമായി വിശ്വസിച്ചിട്ടില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണകാരണത്തിൽ വ്യക്തത വരികയുള്ളൂവെന്നും എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ടെന്നും വെസ്റ്റ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ബാലിൻ ദേവുരി അറിയിച്ചു.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് നിമിഷ വീട്ടിൽ നിന്നിറങ്ങിയത്. സർവകലാശാല ഹോസ്റ്റലിൽ സുഹൃത്തുക്കൾക്കൊപ്പം തങ്ങുമെന്നാണ് അമ്മയോട് പറഞ്ഞിരുന്നത്. രാത്രി പത്തുമണിക്കും അമ്മയെ വിളിച്ച് ഹോസ്റ്റലിലുണ്ടെന്ന് വിശ്വസിപ്പിച്ചു. എന്നാൽ പുലർച്ചെ രണ്ടുമണിയോടെ നിമിഷ വീണ്ടും അമ്മയെ ഫോണിൽ വിളിച്ചു. അതിനുശേഷം കുടുംബാംഗങ്ങൾക്ക് നിമിഷയെ ഫോണിൽ കിട്ടിയില്ല.
സംശയം തോന്നിയ കുടുംബം ഉടൻതന്നെ അസാറ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ ലൊക്കേഷൻ പരിശോധിക്കുന്നതിനിടയിലാണ് ഗരാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഒരു പെൺകുട്ടിയെ പ്രവേശിപ്പിച്ചതായി പൊലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് ബന്ധുക്കളെത്തി പരിശോധിച്ചപ്പോഴാണ് അത് നിമിഷയാണെന്ന് തിരിച്ചറിഞ്ഞത്.
അതിക്രമങ്ങൾ നടന്നിട്ടുണ്ടോ, മരണത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ ചോദ്യം ചെയ്യലിനും പോസ്റ്റുമോർട്ടം റിപ്പോർട്ടിനും ശേഷമേ വ്യക്തത വരൂ എന്ന് പൊലീസ് കൂട്ടിച്ചേർത്തു.









0 comments