വില കുതിക്കുന്നു; ലോകവും കേരളവും പൊന്നിന് പിന്നാലെ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിപണിയിൽ സ്വർണവില തുടർച്ചയായി ഉയർന്നു കൊണ്ടിരിക്കുകയാണ്. നാലുദിവസത്തിനിടെ ആറായിരം രൂപയുടെ വർധനയാണ് സ്വർണവിലയിൽ ഉണ്ടായത്. സ്വർണം പവന് ഇന്ന് ഒറ്റയടിക്ക് 800 രൂപ വർധിച്ച് 1,11,720 രൂപയായി. ഗ്രാമിന് നൂറ് രൂപയാണ് കൂടിയത്. 13,965 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ആഗോള സാമ്പത്തിക സംഭവവികാസങ്ങളും യുഎസ് സമ്പദ്‌വ്യവസ്ഥയിലെ മാറ്റങ്ങളും സ്വർണവിലയെ ബാധിച്ചു. കൂടാതെ കേരളത്തിൽ ഓണം - വിവാഹ സീസണുകൾ ആരംഭിച്ചതും നിലവിലെ വിലക്കയറ്റത്തിന് പ്രധാന കാരണമാണ്.
ഡിമാൻഡും വില വ്യതിയാനങ്ങളും
സ്വർണവില ഉയർന്ന ഘട്ടങ്ങളിൽ എത്തിനിൽക്കുമ്പോൾ നിക്ഷേപകർ വൻതോതിൽ സ്വർണം വിറ്റ് ലാഭമെടുക്കാൻ മുതിരുന്ന പ്രവണതയുണ്ട്.
അതായത് സ്വർണവില കൂടുമ്പോൾ നിക്ഷേപകർ സ്വർണം വിൽക്കും. അത് വിപണിയിൽ ഡിമാൻഡ് കുറയ്ക്കും. കുറഞ്ഞ വിലയില്‍ വീണ്ടും വാങ്ങുമ്പോള്‍ വില ഉയരുകയും ചെയ്യും.
യുഎസ് തൊഴിൽ കണക്കുകളും ഫെഡറൽ റിസർവ് നയങ്ങളും
നിലവിലെ സ്വർണവില വർധനവിന്റെ ഒരു പ്രധാന കാരണം യുഎസ് തൊഴിൽ കണക്കുകളും ഫെഡറൽ റിസർവ് നയങ്ങളുമാണ്. അമേരിക്ക പുറത്തുവിട്ട ഏറ്റവും പുതിയ നോൺ-ഫാം പേറോൾ തൊഴിൽ കണക്കുകൾ വിപണി പ്രതീക്ഷിച്ചതിലും താഴെയാണ്. തൊഴിൽ മേഖലയിലെ മന്ദഗതി കാരണം അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് കൂട്ടാനുള്ള സാധ്യത മങ്ങി. അതിനുപകരം, വിപണിയിലെ ലിക്വിഡിറ്റി വർധിപ്പിക്കാനായി പലിശ നിരക്കുകൾ വെട്ടിക്കുറയ്ക്കാനുള്ള സാധ്യതയും വിലയിരുത്തുന്നുണ്ട്.
പലിശ നിരക്ക് കുറയുമ്പോൾ യുഎസ് ട്രഷറി ബോണ്ടുകളിൽ നിന്നുള്ള നിക്ഷേപകരുടെ ആദായം കുറയും. ഇതോടെ നിക്ഷേപകർ ബോണ്ടുകളിൽ നിന്ന് പിൻവാങ്ങി സുരക്ഷിത നിക്ഷേപ മാർഗമായ സ്വർണത്തിലേക്ക് വൻതോതിൽ ചുവടുമാറാനുള്ള സാധ്യതയുമുണ്ട്. ഇത് ആഗോള വിപണിയിൽ സ്വർണവില വേഗത്തിൽ ഉയരാൻ കാരണമാകും.
ഹോർമൂസും സ്വർണവിലയും
ഹോർമൂസ് കലടിടുക്കിലൂടെയുള്ള എണ്ണ വിതരണം പുനരാരംഭിക്കുമ്പോൾ ക്രൂഡ് ഓയിൽ വില കുറയുകയും. അതേ അവസരത്തിൽ വിപണിയിലെ നിക്ഷേപങ്ങൾ സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു.
പ്രാദേശിക ആവശ്യകതയും സീസണും
കേരളത്തിൽ വിവാഹ സീസണിനൊപ്പം ഓണക്കാലവും എത്തിയതോടെ സ്വർണാഭരണങ്ങൾക്കുള്ള ആവശ്യകത കുത്തനെ ഉയർന്നു. ഈ ഘട്ടത്തിൽ പ്രാദേശിക വിപണിയിൽ സ്വർണം വാങ്ങലുകാരുടെ തിരക്ക് വർധിക്കും. സ്വാഭാവികമായി സ്വർണ വില ഉയർന്ന നിലവാരത്തിൽ നിലനിൽക്കാൻ കാരണമാകും.
അന്താരാഷ്ട്ര വിപണിയില്‍ സമീപകാലത്ത് 5602 ഡോളര്‍ നിലവാരത്തിലേക്ക് സ്വര്‍ണവില ഉയര്‍ന്നു. പിന്നീട് ഒരു ഘട്ടത്തില്‍ 3940 ഡോളര്‍ നിലവാരത്തിലേക്ക് താഴ്ന്നു. അതില്‍ നിന്നാണ് 4350 ഡോളര്‍ നിലവാരത്തിലേക്ക് ഉയര്‍ന്നിരിക്കുന്നത്. 10% അധികമാണ് ഇപ്പോള്‍ വര്‍ധന ഉണ്ടായിരിക്കുന്നത്. എന്നിരുന്നാലും റെക്കോര്‍ഡ് ശതമാനത്തിലെത്താന്‍ 28% അധികം ഉയരേണ്ടതുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഈ വര്‍ഷം സ്വര്‍ണം ഏറ്റവും റെക്കോര്‍ഡ് നിരക്കിലെത്തിയത് ജനുവരിയിലായിരുന്നു. 131160 രൂപയായിരുന്നു 2026 ജനുവരി 29ലെ നിരക്ക്. ഇന്ന് 1,11,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ നിരക്ക്.
ബോണ്ട് ആദായത്തിലെ കുറവും ആഗോള അനിശ്ചിതത്വങ്ങളും കാരണം ഇടിവിനു ശേഷം സ്വർണത്തിലേക്ക് വീണ്ടും വൻതോതിൽ നിക്ഷേപമെത്തും. തുടർന്ന് വില വീണ്ടും ഉയർന്ന തലത്തിലേക്ക് കുതിക്കുകയും ചെയ്യുന്നു. ആഗോളതലത്തിൽ ഇന്ധനവിലയിലും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങൾ സ്വർണ നിക്ഷേപത്തിലേക്ക് കൂടുതൽ മൂലധനം ഒഴുകാൻ വഴിതെളിക്കുന്നു. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില തുടർച്ചയായി ഉയരുന്ന സാഹചര്യത്തിൽ, വരും ദിവസങ്ങളിലും കേരളത്തിലെ വിപണിയിൽ സ്വർണവില ഉയർന്ന നിലവാരത്തിൽ തുടരുമെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.
കഴിഞ്ഞ 10 ദിവസത്തെ സ്വർണ നിരക്കുകൾ ഇങ്ങനെ
ഓഗസ്റ്റ് 8- 1,11,720 രൂപ
ഓഗസ്റ്റ് 7- 1,09,920 രൂപ
ഓഗസ്റ്റ് 6- 1,09, 800 രൂപ
ഓഗസ്റ്റ് 5- 1,07,680 രൂപ
ഓഗസ്റ്റ് 4- 1,05,600 രൂപ
ഓഗസ്റ്റ് 3- 1,05,760 രൂപ
ഓഗസ്റ്റ് 2- 1,05,760 രൂപ
ഓഗസ്റ്റ് 1- 1,05,760 രൂപ










0 comments