ad
Deshabhimani

കവർസ്റ്റോറി

ജെൻ സീ രോഷത്തിന്റെ അടിവേരുകൾ

 ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ  നടന്ന ജെൻ സീ പ്രതിഷേധം കടപ്പാട്‌: ഗൂഗിൾ
avatar
കെ എസ് രഞ്ജിത്ത്

Published on Aug 08, 2026, 10:53 AM | 18 min read

രമ്പരാഗതമായി, സംഘടിത തൊഴിലാളി യൂണിയനുകളുടെയും കർഷക കൂട്ടായ്‌മകളുടെയും രാഷ്‌ട്രീയ പാർടികളുടെ റാലികളുടെയും വേദിയായിരുന്നു ന്യൂഡൽഹിയിലെ ജന്തർ മന്തർ. ഇവിടെ കഴിഞ്ഞ ആഴ്‌ചകളിൽ ഒത്തുകൂടി, അചഞ്ചലമെന്ന് പലരും കരുതിയ മോദി ഭരണകൂടത്തെ വിറപ്പിച്ച ചെറുപ്പക്കാർ ആരാണ്? കേവലം ഓൺലൈൻ സങ്കേതങ്ങളിലൂടെ ഏതാനും ആഴ്‌ചക്കാലം നടത്തിയ ആഹ്വാനങ്ങളിൽനിന്നും സ്വയം പ്രേരിതരായി പ്രക്ഷോഭത്തിന് പുറപ്പെട്ട, തങ്ങൾ ഉന്നയിച്ച മുദ്രാവാക്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് കേന്ദ്ര ഭരണകൂടത്തെ ഒടുവിൽ മുട്ടുകുത്തിച്ച ഇവർ ആരാണ്? ഏതു സാമൂഹ്യ സംവർഗങ്ങളിലാണ് ഇവരെ പെടുത്താനാവുക? ഒരു രാഷ്‌ട്രീയ ഏജൻസി എന്ന നിലയിൽ എങ്ങനെയാണ് ഇവരെ അടയാളപ്പെടുത്തുക? ഒരു പക്ഷിക്കൂട്ടത്തെപ്പോലെ എവിടെനിന്നോ പറന്നുവന്ന ഇവർ ഇനി എവിടേക്കാണ് സഞ്ചരിക്കുക? സമീപകാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്‌ട്രീയ മുന്നേറ്റങ്ങളിലൊന്നായി അടയാളപ്പെടുത്താവുന്ന ഈ വിദ്യാർഥി യുവജന പ്രക്ഷോഭത്തെ ആധുനിക കാലത്തിന്റെ തൊഴിൽ സവിശേഷതകൾ മുൻനിർത്തി വിശകലനം ചെയ്യാനുള്ള ഒരു ശ്രമമാണ് ഇവിടെ നടത്തുന്നത് .

ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയിലുണ്ടായ ഗുരുതരമായ വീഴ്‌ചകളാൽ ട്രിഗർ ചെയ്യപ്പെട്ട ഈ പ്രക്ഷോഭം വിരൽ ചൂണ്ടുന്നത് അതിനേക്കാളൊക്കെ ഏറെ ആഴങ്ങളിലേക്കാണ്, നിയോ ലിബറൽ കാലം സൃഷ്ടിച്ച അതിഗുരുതരമായ ചില സാമൂഹിക പ്രശ്നങ്ങളിലേക്കാണ്. ഇന്ത്യയുടെ സമകാലിക രാഷ്‌ട്രീയ സാമ്പത്തിക രംഗത്തെ ഒരു സുപ്രധാന വഴിത്തിരിവിനെയാണ് ഈ ജെൻ സീ പ്രക്ഷോഭം അടയാളപ്പെടുത്തുന്നത്. ഉദാരവൽക്കരണവും ആഗോളവൽക്കരണവും ഉയർത്തിയ പ്രത്യാശകൾ ഏതാണ്ട് അസ്‌തമിച്ച്, വളരെ ആശങ്കകൾ നിറഞ്ഞ ഒരു ഭാവി മാത്രം മുന്നിൽ കാണുന്ന, ഇന്ത്യയിലെ നഗരപ്രദേശങ്ങളിൽ 1997–2012 കാലഘട്ടത്തിൽ ജനിച്ചു വളർന്ന യുവതയെയാണ് ‘ജെൻ സീ' തലമുറ എന്ന് പൊതുവെ വിളിക്കുന്നത്. പുതിയ ജീവിത വീക്ഷണങ്ങളും ഭാഷയും കൈമുതലായുള്ള ഒരു തലമുറ. അതേസമയം തീവ്രമായ തൊഴിൽരഹിത സാമ്പത്തിക വളർച്ചയുടെ ഒരു കാലത്ത് ജീവിക്കാൻ വിധിക്കപ്പെട്ടവർ, ക്രോണി ക്യാപിറ്റലിസത്തിന്റെ എല്ലാ പ്രതിസന്ധികൾക്കും ഇരയായവർ, ഉന്നത വിദ്യാഭ്യാസ നേട്ടങ്ങളും ഗുണനിലവാരമുള്ള തൊഴിലവസരങ്ങളുടെ സൃഷ്ടിയും തമ്മിലുള്ള വലിയ വൈരുധ്യം നേരിടുന്നവർ, ഇതൊക്കെയാണ് ഇവർ.

ഇടത്തരക്കാരും അധ്വാനിക്കുന്ന വിഭാഗത്തിൽപ്പെട്ടവരുമായ ഈ ദശലക്ഷക്കണക്കിന് യുവാക്കളെ സംബന്ധിച്ച്‌ മത്സരപരീക്ഷകൾ ഉയർന്ന സാമൂഹിക ശ്രേണിയിലേക്ക് എങ്ങനെയും കയറിപ്പറ്റാനുള്ള ഏക മാർഗമാണ്.ഇതിനെ ധ്വനിപ്പിക്കുന്ന ഒന്നാണ്, സാമൂഹിക ശ്രേണിയിലെ ഉത്കർഷേഛയെ സൂചിപ്പിക്കുന്ന ഒരു പ്രതീകമെന്ന നിലയിൽ വിദ്യാർഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ സിജെപി നേതാവ് അഭിജിത് ദീപ്‌കെ ഉയർത്തിപ്പിടിച്ച അംബേദ്കറുടെ ചിത്രം. തൊഴിൽ തേടി അലയുന്ന ഈ വിദ്യാർഥികളെ പാറ്റകളായി ഉപമിച്ച ജഡ്ജിയുടെ വാക്കുകളിലും നിഴലിച്ചത് ഇന്ത്യൻ സാമൂഹിക ബോധത്തിൽ ഉറച്ചുപോയ ഈ അന്ത്യജൻ/ അഗ്രജൻ ബോധമാണ്.

 ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ  നടന്ന ജെൻ സീ പ്രതിഷേധം കടപ്പാട്‌: ഗൂഗിൾ ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന ജെൻ സീ പ്രതിഷേധം കടപ്പാട്‌: ഗൂഗിൾ

നീറ്റ് പോലെയുള്ള ദേശീയതലത്തിലുള്ള ഇത്തരം പരീക്ഷകൾ ചോദ്യപേപ്പർ ചോർച്ചയായും, റദ്ദാക്കലുകളായും, കോടതി വ്യവഹാരങ്ങളായും മാറുമ്പോൾ, സാമൂഹിക ശ്രേണിയിൽ എങ്ങനെയും മുന്നേറാനുള്ള വർഷങ്ങളുടെ കഠിനമായ തയ്യാറെടുപ്പുകളാണ് ഒറ്റയടിക്ക് ഇല്ലാതാകുന്നത്. ഈ യുവാക്കൾ ജന്തർ മന്തറിൽ ഒത്തുകൂടിയത്, എല്ലാ പീഡനങ്ങളെയും നേരിട്ട് അചഞ്ചലമായി നിലയുറപ്പിച്ചത്, തങ്ങളുടെ പ്രതിഭയ്‌ക്ക്‌ ഭരണകൂടം നൽകിയ വാഗ്ദാനങ്ങൾ പൂർണമായും തകർന്നുപോയി എന്ന തിരിച്ചറിവിൽ നിന്നുമാണ്.


ഒന്ന്‌

ഇന്ത്യയിലെ ‘ജെൻ സീ'കൾ രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും ഉയർന്ന വിദ്യാഭ്യാസം നേടിയ തലമുറയാണ്. എന്നിട്ടും വളരെ രൂക്ഷമായ തൊഴില്ലായ്‌മയെയാണ് ഇവർ നേരിടുന്നത്. വലിയ പ്രതീക്ഷകളും നിലവിലെ ഘടനാപരമായ യാഥാർഥ്യങ്ങളും തമ്മിലുള്ള ഈ വൈരുധ്യം, ദശലക്ഷക്കണക്കിന് യുവാക്കളെ ‘കോച്ചിങ്‌ വ്യാവസായിക ശൃംഖലകളുടെ’ , ഗിഗ് പ്ലാറ്റ്ഫോമുകളുടെ അല്ലെങ്കിൽ കരാർ അടിസ്ഥാനത്തിലുള്ള കുറഞ്ഞ ശമ്പളമുള്ള സർക്കാർ ജോലികളുടെ തടവിൽ അടയ്‌ക്കപ്പെടാൻ നിർബന്ധിതരാക്കുന്നു. സ്ഥിരമായ, ഭദ്രമായ ഒരു തൊഴിൽ ഇവരിൽ മഹാഭൂരിപക്ഷത്തിനും ഇന്നൊരു മരീചികയാണ്.

നിയോ ലിബറൽ സാമ്പത്തിക യുക്തിയിലെ പ്രാഥമിക മുൻഗണന വിദേശ ധന മൂലധനത്തെ ആകർഷിക്കുകയും കഴിയുന്നത്ര തൊഴിൽ മേഖലകളിൽ നിന്നുമുള്ള സർക്കാരിന്റെ പിന്മാറ്റവുമാണ്. വിദേശ ധന മൂലധനത്തിന്റെ താൽപ്പര്യങ്ങളനുസരിച്ച്, ധനകമ്മി പരിഹരിക്കുക എന്നതിന് എല്ലായ്‌പ്പോഴും മുൻഗണന നൽകുന്ന ഒരു സർക്കാരിന് തൊഴിൽ സൃഷ്ടിക്കൽ ഒരിക്കലും ഒരു മുഖ്യ അജൻഡയല്ല എന്ന് മാത്രമല്ല, തൊഴിൽ സുരക്ഷ ഉറപ്പുവരുത്തിയിരുന്ന എല്ലാ നിയമങ്ങളും റദ്ദാക്കുകയും സർക്കാർ വകുപ്പുകളിൽ പോലും സ്ഥിര നിയമനങ്ങൾ കുറച്ച്, കരാർ ജോലികൾ വർധിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ഇന്ന് നടന്നുവരുന്നത്. അഗ്നിപഥ് പദ്ധതി പോലെ, സായുധസേനയിൽ ആളെയെടുക്കുന്നതുപോലും ഇതേ രീതിയിലേക്ക് മാറ്റുകയാണ്. തൊഴിൽപരമായ അനിശ്ചിതാവസ്ഥ സർക്കാരിന്റെ ഔദ്യോഗിക നയമായി മാറിയിരിക്കുന്നു. തൊഴിൽ സുരക്ഷയും ആത്മാഭിമാനവും ആഗ്രഹിക്കുന്ന യുവാക്കളെ സംബന്ധിച്ചിടത്തോളം, ഈ മാറ്റം വലിയ സംഘർഷങ്ങളാണ് അവരുടെ ജീവിതത്തിൽ സൃഷ്ടിക്കുന്നത്.


ആഗ്രഹങ്ങളുടെ

ഇന്ത്യയിൽ’നിന്ന്

ആശങ്കകളുടെ ഇന്ത്യയിലേക്ക്’


തൊണ്ണൂറുകളുടെ തുടക്കത്തിൽ ആരംഭിച്ച ആഗോളവൽക്കരണത്തിന്റെ പാതയിലേക്കുള്ള ഇന്ത്യയുടെ പ്രയാണം മധ്യവർഗത്തിൽപെട്ട യുവജനതയിൽ വലിയ പ്രതീക്ഷകളാണ് നിറച്ചിരുന്നത്. പാശ്ചാത്യ വികസിത രാജ്യങ്ങളിലെ ജീവിതനിലവാരവും ഉപഭോക്തൃ ഉൽപ്പന്നങ്ങളും സ്വപ്‌നം കാണുന്ന ഒരു തലമുറ ഇവിടെ സൃഷ്ടിക്കപ്പെട്ടു. തിളങ്ങുന്ന ഇന്ത്യയെക്കുറിച്ചുള്ള സ്വപ്‌നങ്ങൾ വാരി വിതറപ്പെട്ടു. ഡിജിറ്റൽ സാങ്കേതികവിദ്യകൾ പുതിയ തൊഴിൽസാധ്യതകൾ പലതും സൃഷ്ടിച്ചു. എന്നാൽ പ്രതീക്ഷയുടെ ഈ തരംഗത്തിന് മൂന്ന് പതിറ്റാണ്ടിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. സ്ഥിതിഗതികൾ ഇന്ന് കീഴ്‌മേൽ മറിഞ്ഞിരിക്കുന്നു. ലോകമാകെ പടർന്ന തൊഴിൽരഹിത വളർച്ചയുടെ (Jobless Growth) കാലഘട്ടത്തിലേക്ക് ഇന്ത്യയും എത്തിച്ചേർന്നു. സ്രഷ്ടാവിനെ തന്നെ വിഴുങ്ങുന്ന ഒന്നായി ഡിജിറ്റൽ സാങ്കേതികവിദ്യകൾ മാറി. ഇന്ന്, വിദ്യാസമ്പന്നരായ യുവാക്കൾക്കിടയിലെ പ്രധാന ചർച്ചകൾ, തങ്ങൾ നേരിടുന്ന തൊഴിൽപരമായ അനിശ്ചിതാവസ്ഥകളെ കുറിച്ചാണ്. ഏറ്റവും മികച്ച അക്കാദമിക് സ്ഥാപനങ്ങളിൽനിന്ന് ഗവേഷണ ബിരുദം കരസ്ഥമാക്കിയവർ പോലും ജീവിക്കാനായി എന്ത് തൊഴിലും ചെയ്യാൻ, എത്ര കുറഞ്ഞ വേതനത്തിലും എവിടെയും പണിയെടുക്കാൻ തയ്യാറായി നിൽപ്പാണ്.

സാമൂഹ്യശാസ്‌ത്രജ്ഞനായ ഗൈ സ്റ്റാൻഡിങ്‌ (Guy Standing) ജനകീയമാക്കിയ "പ്രികേരിയറ്റ്’ (precariat) എന്ന പദം സമകാലിക സാമൂഹിക- സാമ്പത്തിക ചർച്ചകളിൽ ഇന്നേ ഏറെ സജീവമാണ്. തൊഴിൽപരമായ സുരക്ഷിതത്വമോ സ്ഥാപനപരമായ പിന്തുണയോ, ഉറപ്പുള്ള സാമൂഹിക സംരക്ഷണമോ ഇല്ലാതെ നിരന്തരമായ അനിശ്ചിതാവസ്ഥയിൽ തടവിലാക്കപ്പെട്ട, അതിവേഗം വളരുന്ന ഒരു സാമൂഹിക വിഭാഗത്തെയാണ് ഇത് നിർവചിക്കുന്നത്. പാശ്ചാത്യ സാമ്പത്തിക വ്യവസ്ഥകളിലെ താൽക്കാലിക തൊഴിൽ സമ്പ്രദായങ്ങളുടെ വളർച്ചയെ കേന്ദ്രീകരിച്ചാണ് ഈ ആശയം തുടക്കത്തിൽ രൂപപ്പെടുത്തിയതെങ്കിലും, ഇന്ത്യയിലെ ‘ജെൻ സീ' യുവാക്കളുടെ ജീവിതത്തെയും ചിന്തകളെയും മനസ്സിലാക്കുവാൻ ഉതകുന്ന ആശയമാണിത്.

തങ്ങളുടെ ജീവിതത്തെ ചൂഴ്‌ന്നു നിൽക്കുന്ന അടിസ്ഥാനപരമായ അനിശ്ചിതാവസ്ഥ സൃഷ്ടിക്കുന്ന പ്രതിസന്ധിയാണ് ജന്തർ മന്തറിലെ തെരുവുകളിലും സൂക്ഷ്മതയോടെ നോക്കിയാൽ കാണാൻ സാധിക്കുന്നത്. മെഡിക്കൽ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെ നേതൃത്വത്തിൽ നടക്കുന്ന ഈ പ്രതിഷേധങ്ങൾ, ഏതെങ്കിലുമൊരു സവിശേഷ പ്രശ്‌നത്തെക്കാളുപരി, വാസ്‌തവത്തിൽ വ്യവസ്ഥയുടെ തന്നെ തകർച്ചക്കെതിരെയുള്ള വിശാലമായ കുറ്റപത്രമായി മാറിയിരിക്കുന്നു.

ജന്തർ മന്തറിൽ നടന്ന ജെൻ സീ പ്രക്ഷോഭം     കടപ്പാട്‌: ഗൂഗിൾജന്തർ മന്തറിൽ നടന്ന ജെൻ സീ പ്രക്ഷോഭം കടപ്പാട്‌: ഗൂഗിൾ

ണ്ട്‌

പ്രെക്കേറിയറ്റ് വർഗം’


അനിശ്ചിതാവസ്ഥയിലുള്ളത് എന്ന അർഥം വരുന്ന Precarious (പ്രെക്കേറിയസ്) എന്ന പദവും, തൊഴിലാളിവർഗം എന്ന അർഥം വരുന്ന Proletariat (പ്രൊലെറ്റേറിയറ്റ്) എന്ന പദവും കൂട്ടിച്ചേർത്തുണ്ടായ പുതിയ വാക്കാണ് Precariat (പ്രെക്കേറിയറ്റ്). ബ്രിട്ടീഷ് സാമ്പത്തികശാസ്‌ത്രജ്ഞനായ ഗൈ സ്റ്റാൻഡിങ്‌, 2011-‐ൽ പുറത്തിറക്കിയ ‘ദി പ്രെക്കേറിയറ്റ്: ദി ന്യൂ ഡേഞ്ചറസ് ക്ലാസ്' (The Precariat: The New Dangerous Class ) എന്ന കൃതിയാണ് ഈ പദത്തിന് വ്യാപകമായ പ്രചാരം നൽകിയത്. കേവലം കുറഞ്ഞ വരുമാനംകൊണ്ട് മാത്രമല്ല, മറിച്ച് തൊഴിൽ സുരക്ഷിതത്വത്തിന്റെ അഭാവം, തൊഴിൽ സാധ്യതകളുടെ അപ്രവചന സ്വഭാവം എന്നിവകൊണ്ട് അടയാളപ്പെടുത്തപ്പെടുന്ന, ആഗോളതലത്തിൽ ഉയർന്നുവരുന്ന ഒരു സാമൂഹിക-സാമ്പത്തിക ജനവിഭാഗത്തെയാണ് ഈ പദം വിവരിക്കുന്നത്.

ഡിജിറ്റൽ മൂലധനത്തിന്റെ വളർച്ച, അൽഗോരിതമിക് മാനേജ്മെന്റ്, ഗിഗ് എക്കോണമി, നവ-ലിബറൽ തൊഴിൽ വിപണി, ഉദാരവൽക്കരണം എന്നിവയെല്ലാം ചേർന്ന് രൂപപ്പെടുത്തിയിരിക്കുന്ന ഈ തൊഴിൽ വിഭാഗം തൊഴിലാളിവർഗത്തിന്റെ ഒരു ഉപവിഭാഗം മാത്രമല്ല; മറിച്ച് തനതായ അസ്ഥിരതകളും, ഉലപ്പാദനപ്രക്രിയയുമായുള്ള വ്യവസ്ഥാപിത ബന്ധങ്ങളും അത് സൃഷ്ടിക്കുന്ന രാഷ്‌ട്രീയമായ അമർഷങ്ങളും എല്ലാം ഒത്തുചേർന്ന് രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പുതിയ വർഗമാണ് എന്നാണ് ഗൈ സ്റ്റാൻഡിങ്ങിന്റെ വാദം.


അരക്ഷിതാവസ്ഥ അടിസ്ഥാന

നിർവചനമാകുന്നു


കുറഞ്ഞ കൂലി വാങ്ങി തൊഴിലെടുക്കുന്നവർ എന്ന സാമ്പത്തിക മാനദണ്ഡം മാത്രം മതിയാകില്ല പ്രെക്കേറിയറ്റ് എന്ന വിഭാഗത്തെ മനസ്സിലാക്കാൻ. ഗൈ സ്റ്റാൻഡിങ്‌ ചൂണ്ടിക്കാണിക്കുന്നതുപോലെ, തൊഴിൽ സുരക്ഷിതത്വത്തെ വ്യവസ്ഥാപിതമായി ഇല്ലാതാക്കുന്ന പ്രക്രിയയാണ് ഇതിന് അടിസ്ഥാനം. ഇവിടെ വ്യവസ്ഥാപിതം എന്ന വാക്ക് അടിവരയിട്ടു പറയേണ്ടതുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിലുണ്ടായിരുന്ന പരമ്പരാഗത സോഷ്യൽ ഡെമോക്രാറ്റിക് മാതൃകകൾ തൊഴിലാളിവർഗത്തിന് പല തരത്തിലുള്ള തൊഴിൽ സുരക്ഷിതത്വങ്ങൾ ഉറപ്പുനൽകാൻ ശ്രമിച്ചിരുന്നു. ഇത്തരം തൊഴിൽ സുരക്ഷിതത്വങ്ങളുടെ അഭാവമാണ് പ്രെക്കേറിയറ്റിനെ പ്രധാനമായും അടയാളപ്പെടുത്തുന്നത്.

രണ്ടാം ലോക മഹായുദ്ധത്തിനുശേഷമുള്ള രണ്ടു പതിറ്റാണ്ടുകൾ മുതലാളിത്തത്തിന്റെ സുവർണയുഗമായിട്ടാണ് കണക്കാക്കപ്പെടുന്നത്. വലിയ തോതിലുള്ള സാമ്പത്തിക വളർച്ച, തൊഴിലില്ലായ്‌മ നിരക്കിലെ കുറവ് എന്നിവ ഈ കാലഘട്ടത്തിന്റെ സവിശേഷതയായിരുന്നു. ലോകമാകെ കമ്യൂണിസത്തിലേക്ക് നീങ്ങുമോ എന്ന ഭയത്തിൽനിന്നുടലെടുത്ത ന്യൂ ഡീൽ (New Deal) പോലുള്ള തൊഴിലാളി പക്ഷപാത നയങ്ങൾ ആ കാലത്തെ തൊഴിൽ മാനദണ്ഡങ്ങൾ നിശ്ചയിച്ച മറ്റൊരു ഘടകമായിരുന്നു. എന്നാൽ പുതിയ നൂറ്റാണ്ടിന്റെ തുടക്കംമുതൽ തന്നെ പാശ്ചാത്യ മുതലാളിത്ത ലോകം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങി. ഡിജിറ്റൽ സാങ്കേതികവിദ്യകളെ ആസ്‌പദമാക്കിയുള്ള പുതിയ ഉൽപ്പാദന രീതികൾ തൊഴിൽരഹിത വളർച്ച എന്ന പ്രതിഭാസത്തിലേക്ക് ലോകത്തെയാകെ നയിക്കുകയും ചെയ്‌തു. ഈ പശ്ചാത്തലത്തിലാണ് പ്രെക്കേറിയറ്റ് തൊഴിൽ വിഭാഗങ്ങളുടെ വലിയ തോതിലുള്ള വളർച്ചയുണ്ടാകുന്നത്. ഈ സാമൂഹിക വിഭാഗത്തിന്റെ സവിശേഷതകൾ ഇവയാണ്.

●തൊഴിൽ വിപണിയിലെ സുരക്ഷിതത്വമില്ലായ്‌മ: അനുയോജ്യമായ വരുമാനമാർഗങ്ങൾ കണ്ടെത്താനുള്ള മതിയായ അവസരങ്ങളുടെ അഭാവം. ലഭ്യമായ തൊഴിലുകൾ തന്നെ താൽക്കാലികം മാത്രം. ഇതിന്റെയൊക്കെ ഫലമായി ഒരവസാനവുമില്ലാത്ത സാമ്പത്തിക പരാധീനതകളും നിരന്തരമായ തൊഴിലന്വേഷണവും.

●ഏതു നിമിഷവും പിരിച്ചുവിടപ്പെടാം എന്ന അവസ്ഥ: എന്തെങ്കിലും തൊഴിൽ ലഭിച്ചാലും അരക്ഷിതാവസ്ഥ മാറുന്നില്ല. കാരണങ്ങളില്ലാതെ പിരിച്ചുവിടുക എന്ന ഭീഷണി ഡെമോക്ലസിന്റെ വാൾ പോലെ തൊഴിലാളികളുടെ തലയ്‌ക്കുമീതെ എപ്പോഴും തൂങ്ങി കിടക്കുകയാണ്. ഏതു നിമിഷവും മുൻകൂട്ടി അറിയിപ്പില്ലാതെ പിരിച്ചുവിടപ്പെടാം എന്ന നിരന്തരമായ ഭീതിയിലാണ് പ്രെക്കേറിയറ്റ് വിഭാഗത്തിൽപെട്ട തൊഴിലാളികളുടെ ജീവിതം.

● കൃത്യമായി നിർവചിക്കപ്പെട്ട ഒരു തൊഴിൽ മേഖലയുടെ അഭാവം: പരസ്‌പരബന്ധമില്ലാത്ത, ചിതറിക്കിടക്കുന്ന ജോലികളാണ് പ്രെക്കേറിയറ്റുകൾക്ക് ലഭ്യമായിട്ടുള്ളത്; ഇതാകട്ടെ, സ്ഥാപനപരമായ ഒരു വ്യക്തിത്വമോ, ഔദ്യോഗിക വളർച്ചയോ ഒന്നും തന്നെ നൽകുന്നില്ല.

● തൊഴിൽ സുരക്ഷിതത്വമില്ലായ്‌മ: തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് പല തരത്തിലുള്ള നിയന്ത്രണ സംവിധാനങ്ങൾ മുമ്പ്‌ നിലനിന്നിരുന്നു. ഇതെല്ലം പുതിയ തൊഴിൽ നിയമങ്ങൾ വഴി ലഘൂകരിക്കപ്പെട്ടു. തൊഴിലിടങ്ങളിലെ അപകടങ്ങൾ, മാനസിക സമ്മർദം എന്നിവയ്‌ക്ക്‌ ഇത് വഴിതെളിക്കുന്നു.

● തൊഴിൽ നൈപുണ്യ വികാസ പദ്ധതികളുടെ അഭാവം: അപ്രന്റീസ്ഷിപ്പുകളിലൂടെയോ പരിശീലനങ്ങളിലൂടെയോ പുതിയ തൊഴിൽ നൈപുണ്യങ്ങൾ നേടിയെടുക്കാനുള്ള അവസരങ്ങളും മുമ്പ്‌ നിലനിന്നിരുന്നു. പ്രെക്കേറിയറ്റ് വിഭാഗത്തിനാകട്ടെ തങ്ങളുടെ നൈപുണ്യ വികസനത്തിനുള്ള ചിലവുകൾ സ്വന്തമായിത്തന്നെ വഹിക്കേണ്ടി വരുന്നു; എങ്കിൽപ്പോലും സാങ്കേതികവിദ്യയിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങൾ ഇത്തരം യോഗ്യതകളെ ഒറ്റയടിക്ക് റദ്ദ് ചെയ്യാറുണ്ട്.

● വരുമാന സുരക്ഷിതത്വത്തിന്റെ അഭാവം: വളരെ കുറഞ്ഞ വരുമാനം, കഷ്ടിച്ച് ജീവിച്ചു പോകാൻ മാത്രം ഉതകുന്നത്, മാത്രമാണ് പ്രെക്കേറിയറ്റ് വിഭാഗത്തിന് പൊതുവെ കിട്ടാറുള്ളത്. ഇതാകട്ടെ അസ്ഥിരവുമാണ്. കൂടാതെ യാതൊരുവിധ സാമൂഹിക സുരക്ഷിതത്വ വലയങ്ങളുടെയും പിന്തുണയും ഇവർക്കില്ല.

●പ്രാതിനിധ്യ സുരക്ഷിതത്വം: കൂട്ടായ ചർച്ചകൾക്കുള്ള വേദികൾ, അല്ലെങ്കിൽ ട്രേഡ് യൂണിയൻ അംഗത്വം പോലുള്ള സ്ഥാപനപരമായ പിന്തുണ എന്നിവ പ്രെക്കേറിയറ്റ് വിഭാഗത്തിനില്ല. ഇവരിൽ ഭൂരിപക്ഷവും നിലവിൽ അടിസ്ഥാനപരമായി യൂണിയനുകളിൽ ഇല്ലാത്തവരും രാഷ്‌ട്രീയമായി പ്രാതിനിധ്യമില്ലാത്തവരുമാണ്.

ആരാണ് ഈ ‘വർഗ’ത്തിൽ ഉൾപ്പെടുന്നവർ?

പ്രെക്കേറിയറ്റ് എന്നത് ഒരേ സ്വഭാവമുള്ള ഒരു ജനസഞ്ചയമല്ല; മറിച്ച് ഒരേ സാമ്പത്തിക സാഹചര്യത്തിലേക്ക് തള്ളിവിടപ്പെട്ട, വ്യത്യസ്‌ത ജനവിഭാഗങ്ങളുടെ (demographic) ഗ്രൂപ്പുകൾ ഉൾക്കൊള്ളുന്ന, അങ്ങേയറ്റം വിഭജിതമായ ഒരു കൂട്ടായ്‌മയാണ്. ഘടനാപരമായ സമ്മർദങ്ങളാലും രാഷ്‌ട്രീയ ആശങ്കകളാലും നയിക്കപ്പെടുന്ന പ്രെക്കേറിയറ്റിനെ ഗൈ സ്റ്റാൻഡിങ്‌ മൂന്ന് വ്യത്യസ്‌ത വിഭാഗങ്ങളായി തിരിക്കുന്നു.

ദി അറ്റാവിസ്റ്റുകൾ/ ഭൂതകാലാഭിമുഖ്യമുള്ളവർ: പരമ്പരാഗത തൊഴിലാളിവർഗ പശ്ചാത്തലത്തിൽ നിന്നോ, മാതാപിതാക്കൾക്ക് സ്ഥിരതയുള്ള വ്യവസായ- പൊതുമേഖലാ ജോലികൾ ഉണ്ടായിരുന്ന കുടുംബങ്ങളിൽ നിന്നോ വരുന്ന വ്യക്തികളാണിവർ. ഉൽപ്പാദന മേഖലകൾ തകരുകയും ഓട്ടോമേഷൻ വ്യാപകമാവുകയും ചെയ്‌തതോടെ, ഈ വ്യക്തികൾ കുറഞ്ഞ വേതനമുള്ള, യൂണിയനുകളില്ലാത്ത സേവന മേഖലകളിലേക്ക് തള്ളിവിടപ്പെട്ടു. ആ നഷ്ടബോധം ഉള്ളിൽ പേറുന്നവരാണ് ഇവർ. സ്ഥിരതയുള്ള തൊഴിലുണ്ടായിരുന്ന ഒരു ഭൂതകാലത്തെ ഏറെ വൈകാരികമായിട്ടാണ് അവർ നോക്കിക്കാണുന്നത്. അതുകൊണ്ടുതന്നെ, സങ്കുചിതമായ ദേശീയതാവാദ ചിന്തകൾക്ക്, അല്ലെങ്കിൽ പിന്തിരിപ്പൻ രാഷ്‌ട്രീയ പ്രകോപനങ്ങൾക്കും മുദ്രാവാക്യങ്ങൾക്കും വളരെ എളുപ്പത്തിൽ അവർ ഇരകളാകുന്നു.

അഭയാർഥികൾ, കുടിയേറ്റക്കാർ, ന്യൂനപക്ഷങ്ങൾ: പ്രെക്കേറിയറ്റ് ഘടനയുടെ ഏറ്റവും താഴത്തെ തട്ടിലുള്ളത് ഈ വിഭാഗമാണ്. അവർ കടുത്ത അവകാശനിഷേധങ്ങൾ അനുഭവിക്കുന്നവരാണ്. തങ്ങൾ ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ അടിസ്ഥാനപരമായ രാഷ്‌ട്രീയ, പൗരത്വ, സാമ്പത്തിക അവകാശങ്ങൾ ഇവർക്ക് ലഭിക്കാറില്ല. നിയമപരമായ ഈ അരക്ഷിതാവസ്ഥ കാരണം, കടുത്ത ചൂഷണങ്ങൾ നിറഞ്ഞതും അനൗപചാരികവുമായ തൊഴിൽ സാഹചര്യങ്ങൾ അംഗീകരിക്കാൻ ഇവർ നിർബന്ധിതരാകുന്നു; മുതലാളിത്തത്തിന് ആവശ്യാനുസരണം ഉപയോഗിക്കാനും ഉപേക്ഷിക്കാനും സാധിക്കുന്ന അങ്ങേയറ്റം വഴക്കമുള്ള ഒരു ‘തൊഴിൽ കരുതൽ സേന'യായി (reserve army of labor) ഇവർ മാറുന്നു.

ജന്തർ മന്തറിൽ നടന്ന ജെൻ സീ പ്രതിഷേധത്തെ പൊലീസ്‌ നേരിടുന്നു                  ജന്തർ മന്തറിൽ നടന്ന ജെൻ സീ പ്രതിഷേധത്തെ പൊലീസ്‌ നേരിടുന്നു

വിദ്യാസമ്പന്നരായ പ്രെക്കേറിയറ്റ്/ അനോമിക് എലൈറ്റ്: ഇത് ആധുനിക കാലഘട്ടത്തിന്റെ വലിയൊരു വൈരുധ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. വലിയ അളവിൽ ബുദ്ധിമുട്ടി പഠിച്ച്, കടങ്ങൾ പേറി ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടും സ്ഥിരതയുള്ള ഒരു തൊഴിൽ മേഖല പോലും മുന്നിൽ കാണാനില്ലാത്ത വ്യക്തികളാണിവർ. വിദ്യാഭ്യാസ യോഗ്യതകളിലൂടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുമെന്ന് കരുതി വഞ്ചിതരായ ഇവർ താൽക്കാലിക കരാറുകളിലോ ഫ്രീലാൻസ് ഇന്റേൺഷിപ്പുകളിലോ ഗിഗ്-ജോലികളിലോ കുടുങ്ങിക്കിടക്കുകയാണ്. നിലവിലുള്ള സാമൂഹിക- സാമ്പത്തിക വ്യവസ്ഥിതി പൂർണമായും തകർന്നതാണെന്ന് തിരിച്ചറിയുന്ന ഈ വിഭാഗം കടുത്ത അന്യവൽക്കരണവും ദിശാബോധമില്ലായ്‌മയും അനുഭവിക്കുന്നു. ‘അറ്റാവിസ്റ്റുകളിൽ' നിന്ന് വ്യത്യസ്‌തമായി, ഇവർ മാറ്റങ്ങൾക്കായി ആഗ്രഹിക്കുകയും പ്രവർത്തിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ സാമൂഹിക മാറ്റത്തിനായി നിലകൊള്ളുന്ന പുരോഗമനരാഷ്‌ട്രീയത്തിന്റെയോ, ഇതിന്റെ വിപരീത ദിശയിൽ, അപര വിദ്വേഷത്തിലധിഷ്ഠിതമായ നവ ഫാസിസ്റ്റുകൾ പോലെയുള്ള ഗ്രൂപ്പുകളുടെയോ ചാലകശക്തിയായി ഇവർ മാറാം. ജന്തർ മന്തറിൽ ഒത്തുകൂടിയ സമരക്കാരിൽ നല്ലൊരു പങ്കിനെയും ഈ വിഭാഗത്തിൽ പെടുത്താം.


ഗിഗ് എക്കോണമിയും

ഡിജിറ്റൽ മൂലധനവും


അസ്ഥിരമായ തൊഴിൽസാഹചര്യങ്ങൾ മനുഷ്യചരിത്രത്തിലുടനീളം നിലനിന്നിരുന്നതാണ്. നമ്മുടെ നാട്ടിലെ ദിവസക്കൂലിക്കാർ തന്നെ ഇതിനുദാഹരണമാണ്. എന്നാൽ, സമകാലിക പ്രെക്കേറിയറ്റിനെ വ്യത്യസ്‌തമാക്കുന്നത്, ഇത് വളരെ വ്യവസ്ഥാപിതമാക്കപ്പെട്ടു എന്നതാണ്, ഇന്ന് ആധിപത്യം പുലർത്തുന്ന അൽഗോരിതമിക് മൂലധനവുമായും ഡിജിറ്റൽ മൂലധനവുമായും അത് ചേർന്നുകിടക്കുന്നു എന്നതിനാലാണ്.

ഊബർ പോലുള്ള റൈഡ്-ഷെയറിങ്‌ സർവീസുകൾ (ടാക്‌സി ആപ്പുകൾ), സ്വിഗിയും സൊമാറ്റോയും പോലുള്ള ഡെലിവറി ആപ്പുകൾ, റിമോട്ട് ഫ്രീലാൻസിങ് വിപണികൾ എന്നിവയിലൂടെയൊക്കെ പ്രതിനിധീകരിക്കപ്പെടുന്ന പ്ലാറ്റ്ഫോം മുതലാളിത്തത്തിന്റെ (platform capitalism) വ്യാപനം അസ്ഥിരതയെ വ്യവസ്ഥാപിതമാക്കി മാറ്റിയിരിക്കുന്നു എന്നതിലേക്കാണ്‌ വിരൽചൂണ്ടുന്നത്‌. ‘വഴക്കമുള്ള തൊഴിൽസാഹചര്യങ്ങൾ', ‘സംരംഭകത്വ സ്വയംഭരണാവകാശം' എന്നിവയുടെ മറവിൽ, പ്രമുഖ സാങ്കേതികവിദ്യാ കമ്പനികൾ തങ്ങളുടെ ബിസിനസിന്റെ പ്രവർത്തനച്ചെലവുകളും നഷ്ടസാധ്യതകളും തൊഴിലാളികളുടെ മേൽ വിജയകരമായി കെട്ടിവച്ചിരിക്കുകയാണ്.

ഈ സംവിധാനത്തിൽ, തൊഴിലാളികളെ ജീവനക്കാരായിട്ടല്ല, മറിച്ച് നിയമപരമായി ‘സ്വതന്ത്ര കരാറുകാർ' ആയിട്ടാണ് ഗണിച്ചിരിക്കുന്നത്. ഈ വാചകക്കസർത്തിലൂടെ കുറഞ്ഞ വേതനം, ആരോഗ്യ ഇൻഷുറൻസ്, ശമ്പളത്തോടുകൂടിയ അവധി, അല്ലെങ്കിൽ പിരിച്ചുവിടുമ്പോൾ നൽകേണ്ട ആനുകൂല്യങ്ങൾ എന്നിവ നൽകുന്നതിൽനിന്നും പ്ലാറ്റ്ഫോമുകൾ പൂർണമായും ഒഴിവാകുന്നു. ഇവിടെ തൊഴിലിടങ്ങൾ നിയന്ത്രിക്കുന്നത് മനുഷ്യരായ മേലധികാരികളല്ല, മറിച്ച് നിഗൂഢമായ അൽഗോരിതങ്ങളാണ്. തത്സമയ (real-time) ഡിമാൻഡ് അനുസരിച്ച് വേതനം നിശ്ചയിക്കുന്നതും ഓട്ടോമേറ്റഡ് സംവിധാനങ്ങളിലൂടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്‌തുകൊണ്ട് (de-platforming) അച്ചടക്കനടപടി സ്വീകരിക്കുന്നതും, മില്ലിസെക്കൻഡ് അടിസ്ഥാനത്തിൽ ഉൽപ്പാദനക്ഷമത നിരീക്ഷിക്കുന്നതുമെല്ലാം ഈ അൽഗോരിതങ്ങളാണ്.

കൂടാതെ, പ്രെക്കേറിയറ്റ് വിഭാഗം ‘തൊഴിലിനായുള്ള അധ്വാനം' (work-for-labor) എന്ന പ്രതിഭാസത്താൽ കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്‐അതായത്, കൂലിയുള്ള ഒരു ജോലി നേടിയെടുക്കാൻ വേണ്ടി മാത്രം വ്യക്തികൾ മണിക്കൂറുകളോളം പ്രതിഫലമില്ലാത്ത സമാനമായ മറ്റ് ജോലികൾ ചെയ്യേണ്ടിവരുന്ന അവസ്ഥ. ഡിജിറ്റൽ പ്രൊഫൈലുകൾ കൃത്യമായി സൂക്ഷിക്കുക, ഓർഡറുകൾക്കായി കാത്തിരിക്കുക, പ്ലാറ്റ്ഫോമിലെ സാങ്കേതിക തകരാറുകൾ പരിഹരിക്കുക, നിരന്തരം പുതിയ നൈപുണ്യങ്ങൾ ആർജിക്കുക എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഇതിനൊന്നിനും തന്നെ യാതൊരു പ്രതിഫലവും ലഭിക്കാത്തതിനാൽ, ഇവർക്ക് ലഭിക്കുന്ന കൂലിനിരക്കുകൾ വാസ്‌തവത്തിൽ ലഭിക്കുന്ന കൂലിയെക്കാൾ വളരെ കുറവാണ്.

സമരവേദിയിൽ അംബേദ്‌ക്കറുടെ ആത്മകഥയുടെ പതിപ്പ്‌  ഉയർത്തിപ്പിടിക്കുന്ന അഭിജിത് ദീപ്‌കെ                       കടപ്പാട്‌: ഗൂഗിൾസമരവേദിയിൽ അംബേദ്‌ക്കറുടെ ആത്മകഥയുടെ പതിപ്പ്‌ ഉയർത്തിപ്പിടിക്കുന്ന അഭിജിത് ദീപ്‌കെ കടപ്പാട്‌: ഗൂഗിൾ

അന്യവൽക്കരണത്തിന്റെ

മാനസികാഘാതങ്ങൾ


പ്രെക്കേറിയറ്റ് അവസ്ഥയ്‌ക്കുള്ളിൽ ജീവിക്കുന്നവർ കടന്നു പോകുന്നത് ആഴമേറിയ മാനസിക പ്രത്യാഘാതങ്ങളിലൂടെയാണ്. സമയത്തെയും സമൂഹത്തെയും സ്വന്തം ആത്മാഭിമാനത്തെയും വീക്ഷിക്കുന്ന രീതിയെത്തന്നെ ഇത് അടിസ്ഥാനപരമായി മാറ്റിമറിക്കുന്നു. പ്രെക്കേറിയറ്റിന്റെ ഈ മാനസികാവസ്ഥയെ ഗൈ സ്റ്റാൻഡിങ്‌ "ഫോർ എ- കൾ’ (Four A's) എന്നറിയപ്പെടുന്ന നാല് ഘടകങ്ങളിലൂടെയാണ് വിശദീകരിക്കുന്നത്:

●ക്രോധം (Anger): സുസ്ഥിരമായ ഒരു ജീവിതത്തിന് മുന്നിൽ വ്യവസ്ഥാപിതമായ തടസ്സങ്ങൾ മാത്രം വച്ചുനീട്ടുന്ന ഒരു ലോകത്തോടുള്ള കടുത്ത നിരാശയും അമർഷവും. കഠിനാധ്വാനവും നിയമങ്ങൾ അനുസരിക്കലും സ്വന്തമായി ഒരു വീട് അല്ലെങ്കിൽ സുരക്ഷിതമായ വിരമിക്കൽ ജീവിതം പോലുള്ള അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പുനൽകുന്നില്ലെന്ന തിരിച്ചറിവിൽ നിന്നാണ് ഈ ക്രോധം ഉണ്ടാകുന്നത്.

● അനോമി/ ദിശാബോധമില്ലായ്‌മ (Anomie): സുസ്ഥിരമായ ഒരു ജീവിതശൈലിയോ അർഥവത്തായ ഔദ്യോഗിക വ്യക്തിത്വമോ ഇല്ലാത്തതിൽനിന്ന് ഉടലെടുക്കുന്ന നിഷ്ക്രിയമായ നിരാശയും ശൂന്യതാബോധവും. പരസ്‌പരം ബന്ധമില്ലാത്ത, താൽക്കാലികമായ ചില ഗിഗ്- ജോലികൾ മാത്രമായി ജീവിതം ചുരുങ്ങുമ്പോൾ, ദീർഘകാല ലക്ഷ്യങ്ങളുള്ള ഒരു വ്യക്തിജീവിതം കെട്ടിപ്പടുക്കുക എന്നത് അസാധ്യമായി മാറുന്നു.

●ആകാംക്ഷ/ നിരന്തരമായ ഭീതി (Anxiety): തൊട്ടടുത്ത ഭാവിയെക്കുറിച്ചുള്ള വിട്ടുമാറാത്തതും ഒടുങ്ങാത്തതുമായ ഭയം. ഒരു മെഡിക്കൽ ബില്ലോ, വണ്ടിയുടെ പെട്ടെന്നുള്ള കേടുപാടുകളോ, അല്ലെങ്കിൽ ഒരു അൽഗോരിതമിക് പിഴയോ ഉണ്ടായാൽ പൂർണമായ സാമ്പത്തിക തകർച്ചയിലേക്ക് വീഴാവുന്ന അവസ്ഥയിലാണ് പ്രെക്കേറിയറ്റ് എപ്പോഴും ജീവിക്കുന്നത്. നിരന്തരമായ ഈ മാനസിക സമ്മർദം അവരുടെ ചിന്താശേഷിയെയും ദീർഘകാലാടിസ്ഥാനത്തിലുള്ള ആസൂത്രണങ്ങളെയും ദോഷകരമായി ബാധിക്കുന്നു.

●അന്യവൽക്കരണം(Alienation): സ്വന്തം അധ്വാനത്തിൽനിന്നും സമൂഹത്തിൽനിന്നുമുള്ള ഒറ്റപ്പെടൽ. ഡിജിറ്റൽ ഡാഷ്ബോർഡുകളിലൂടെ പ്രെക്കേറിയറ്റ് തൊഴിലാളികൾ പലപ്പോഴും കടുത്തതും അതിവ്യക്തികേന്ദ്രീകൃതവുമായ മത്സരങ്ങളിലേക്ക് പരസ്‌പരം തള്ളിവിടപ്പെടുന്നു. അതിനാൽ തൊഴിലിടങ്ങളിലെ ഐക്യദാർഢ്യമോ പങ്കിടലിലൂടെ സൃഷ്ടിക്കപ്പെടുന്ന വർഗബോധമോ രൂപപ്പെടാനുള്ള സാധ്യതകൾ കുറയുന്നു.

ജന്തർ മന്തറിലെ സമരവേദി  കടപ്പാട്‌: ഗൂഗിൾ              ജന്തർ മന്തറിലെ സമരവേദി കടപ്പാട്‌: ഗൂഗിൾ

രാഷ്‌ട്രീയമായ

പ്രത്യാഘാതങ്ങൾ


‘അപകടകാരിയായ വർഗം' എന്ന് ഗൈ സ്റ്റാൻഡിങ്‌ പ്രെക്കേറിയറ്റിനെ വിശേഷിപ്പിക്കാൻ കാരണം അതിന്റെ അസ്ഥിരവും നിയന്ത്രണമില്ലാത്തതുമായ രാഷ്‌ട്രീയ ഊർജമാണ്. ഒരു നിയോ ലിബറൽ ചട്ടക്കൂടിനുള്ളിൽ, നിലവിലുള്ള രാഷ്‌ട്രീയ സ്ഥാപനങ്ങളോ മുഖ്യധാരാ- മധ്യവർത്തി രാഷ്‌ട്രീയ പാർടികളോ തങ്ങളെ പരിഗണിക്കുന്നില്ല എന്ന ബോധം ഈ വിഭാഗത്തിനിടയിൽ എങ്ങനെയൊക്കെയോ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഇത് പലപ്പോഴും തീവ്രമായ ബദൽ രാഷ്‌ട്രീയങ്ങളിലേക്ക് എളുപ്പത്തിൽ ആകർഷിക്കപ്പെടുന്നു. പുരോഗമനപരമായ മുദ്രാവാക്യങ്ങൾ ഉയർത്തിയുള്ള പ്രസ്ഥാനങ്ങൾ തന്നെ പെട്ടെന്ന് കുതിച്ചുയരുകയും അതേപോലെ തന്നെ വളരെ എളുപ്പത്തിൽ കെട്ടടങ്ങുകയും ചെയ്യുന്ന കാഴ്‌ച പലയിടത്തും കാണാം. നമ്മുടെ അയൽപക്ക രാജ്യങ്ങളിലുമുണ്ടായ യുവാക്കളുടെ മുന്നേറ്റങ്ങൾ ഇതിനെ സാധൂകരിക്കുന്നതാണ്. ഈ തീവ്രരാഷ്‌ട്രീയ ഊർജം തികച്ചും വ്യത്യസ്‌തമായ ദിശകളിലേക്ക് എപ്പോൾ വേണമെങ്കിലും തിരിയാം.


വലതുപക്ഷ

പോപ്പുലിസ്റ്റ്/ജനകീയ

പ്രവണതകൾ


ആഗോളവൽക്കരണത്താലും സാങ്കേതിക പുരോഗതിയാലും തങ്ങൾ കൈയൊഴിയപ്പെട്ടു എന്ന് കരുതുന്ന പ്രെക്കേറിയറ്റിലെ ‘അറ്റാവിസ്റ്റ്' (ഭൂതകാലാഭിമുഖ്യമുള്ള) വിഭാഗത്തെ സ്വേച്ഛാധിപത്യ, നവ-ഫാസിസ്റ്റ് അല്ലെങ്കിൽ തീവ്രദേശീയതാവാദ രാഷ്‌ട്രീയ പദ്ധതികൾക്ക് വളരെ എളുപ്പത്തിൽ ചൂഷണം ചെയ്യാൻ സാധിക്കും. കുടിയേറ്റക്കാർക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ ഇത് വളരെ വേഗം തിരിയാം. തങ്ങളുടെ നാട്ടിൽ തന്നെയുള്ള സഹജീവികൾക്ക് നൽകപ്പെടുന്ന, ചരിത്രപരമായ സാമൂഹിക അനീതികൾ ഇല്ലായ്‌മ ചെയ്യാൻ അനുവദിക്കപ്പെട്ടിരിക്കുന്ന സംവരണം പോലുള്ള അനുകൂല്യങ്ങൾക്കെതിരെയും തിരിയാം. ഇന്ത്യയിൽ പണ്ട് അരങ്ങേറിയ മണ്ഡൽ കമീഷൻ വിരുദ്ധ സമരം ഓർക്കുക. പ്രെക്കേറിയറ്റിന്റെ വ്യവസ്ഥാപിത അരക്ഷിതാവസ്ഥകളെ ഇത്തരം ഇരകളിലേക്ക് തിരിച്ചുവിട്ടുകൊണ്ടാണ് നിയോ ഫാസിസ്റ്റ് പ്രസ്ഥാനങ്ങൾ വിജയം കാണുന്നത്. അപരന്മാരെ മാറ്റിനിർത്തിക്കൊണ്ട് , സുസ്ഥിരമായ ഒരു പഴയ ഭൂതകാലത്തിലേക്ക് തിരികെ കൊണ്ടുപോകാമെന്ന വാഗ്ദാനമാണ് ഈ പ്രസ്ഥാനങ്ങൾ നൽകുന്നത്.

ഉയർന്ന ജീവിത സാഹചര്യങ്ങൾക്കുവേണ്ടി സൂറച്ചിൽ നടന്ന പ്രകടനം   കടപ്പാട്‌: ഗൂഗിൾഉയർന്ന ജീവിത സാഹചര്യങ്ങൾക്കുവേണ്ടി സൂറച്ചിൽ നടന്ന പ്രകടനം കടപ്പാട്‌: ഗൂഗിൾ

ഇടതുപക്ഷ മുന്നേറ്റങ്ങളുടെ

സാധ്യതകൾ


മേൽ സൂചിപ്പിച്ചതിനു വിരുദ്ധമായി, വിദ്യാസമ്പന്നരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങൾ പലപ്പോഴും പുരോഗമനപരമോ മുതലാളിത്ത വിരുദ്ധമോ ആയ ജനകീയ മുന്നേറ്റങ്ങൾക്ക് ചാലകശക്തിയായി മാറാറുണ്ട്. 2010-‐കളുടെ തുടക്കത്തിലുണ്ടായ ‘ഒക്യുപൈ' (Occupy) പ്രസ്ഥാനങ്ങൾമുതൽ പ്ലാറ്റ്ഫോം തൊഴിലാളികളുടെ തൊഴിലവകാശങ്ങൾക്കായി ഇന്ന് ആഗോളതലത്തിൽ നടക്കുന്ന സമരങ്ങൾ വരെ, പ്രെക്കേറിയറ്റിലെ ഈ വിഭാഗം വ്യവസ്ഥാപിതവും ദീർഘവീക്ഷണമുള്ളതുമായ മാറ്റങ്ങളാണ് ആവശ്യപ്പെടുന്നത്. ‘പൂർണ തൊഴിൽ ഉറപ്പാക്കൽ' പോലുള്ള പഴയ സോഷ്യൽ ഡെമോക്രാറ്റിക് മാതൃകകളെ (തൊഴിലിടങ്ങളിലെ പഴയകാല നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ടവയായി ഇവർ ഇതിനെ കാണുന്നു) നിരസിക്കുന്ന ഇവർ, പകരം സമൂലമായ ഘടനാപരമായ അഴിച്ചുപണികൾക്കായി വാദിക്കുന്നവരായും മാറാം.

ചെറിയ തോതിലുള്ള വേതന വർധനയോ, തൊഴിൽ പരിശീലന പരിപാടികളോ പ്രെക്കേറിയറ്റ് വിഭാഗത്തെ സംബന്ധിച്ച് അടിസ്ഥാനപരമായി ഒട്ടും പര്യാപ്തമല്ല. കാരണം, അസ്ഥിരമായ ഉൽപ്പാദനബന്ധങ്ങളെ ആശ്രയിച്ചു കഴിയേണ്ടിവരുന്ന ഇവരുടെ ഘടനാപരമായ പ്രശ്നങ്ങളെ പരിഹരിക്കാൻ ഇത്തരം നടപടികൾക്ക് സാധിക്കില്ല. ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അടിസ്ഥാനപരമായി വേണ്ടത് സാമൂഹിക കരാറുകളിൽ സമഗ്രമായ ഒരു പുനഃക്രമീകരണമാണ് എന്ന ചിന്ത ഇപ്പോൾ പ്രബലമാണ്.

മാർക്‌സിയൻ കാഴ്‌ചപ്പാടിൽ പ്രെക്കേറിയറ്റിനെ വിലയിരുത്തുമ്പോൾ തൊഴിലാളിവർഗത്തിൽ നിന്ന് വേറിട്ടൊരു പ്രത്യേക വർഗമായി പ്രെക്കേറിയറ്റിനെ നിർവചിക്കാനാവില്ല. ആധുനിക കാലത്തെ തൊഴിൽ യാഥാർഥ്യത്തെ ചിത്രീകരിക്കുവാൻ ഈ പുതിയ സാമൂഹിക സംവർഗം സഹായകമാണെങ്കിലും, സാമൂഹിക ചലനങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കുന്ന വിശകലന ഉപകരണമെന്ന നിലയിൽ ഇത് അപര്യാപ്തമാണ്.

ബുക്ക്‌

വർഗവും ജനവിഭാഗവും


ഒരു വർഗം നിർണയിക്കപ്പെടുന്നത് വരുമാന പരിധികളോ, തൊഴിൽ സുരക്ഷിതത്വമോ, അല്ലെങ്കിൽ വ്യക്തിഗത ജീവിതശൈലിയോ നോക്കിയല്ല; മറിച്ച് ഉൽപ്പാദനോപാധികളുമായി ആ വ്യക്തിക്കുള്ള വസ്‌തുനിഷ്ഠമായ ബന്ധത്തെ അടിസ്ഥാനമാക്കിയാണ്. രണ്ട്‌ ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ഒരു സോഫ്‌റ്റ്‌വെയർ ആർക്കിടെക്റ്റും 10,000 രൂപ മാത്രം വാങ്ങുന്ന അതേ സ്ഥാപനത്തിലെ ഹൗസ് കീപ്പിങ് ജീവനക്കാരനും സാങ്കേതികമായി തൊഴിലാളി തന്നെയാണ്. ഉലപ്പാദനപ്രക്രിയയിൽ ഏർപ്പെടുമ്പോൾ കേവലം അധ്വാനശക്തി മാത്രം കൈമുതലായുള്ളവരാണ് തൊഴിലാളികൾ. ഫാക്ടറികളോ, സോഫ്‌റ്റ്‌വെയർ പ്ലാറ്റ്ഫോമുകളോ, മറ്റ് ഉപകരണങ്ങളോ സ്വന്തമായില്ലാത്തതിനാലും, നിലനിൽപ്പിനായി സ്വന്തം അധ്വാനശക്തി വിൽക്കാൻ നിർബന്ധിതരാകുന്നതിനാലും പ്രെക്കേറിയറ്റ് വിഭാഗം തൊഴിലാളിവർഗത്തിന്റെ തന്നെ ഭാഗമാണ്. ഗിഗ് തൊഴിലാളികൾ, സീറോ-അവർ(zero-hour laborers) കോൺട്രാക്ട് ജീവനക്കാർ, ഫ്രീലാൻസർമാർ, ഔട്ട്സോഴ്സ്ഡ് തൊഴിലാളികൾ എന്നിവർ തങ്ങളുടെ അധ്വാനശക്തി വിൽക്കുന്നത് യൂബർ, ആമസോൺ അല്ലെങ്കിൽ കോർപറേറ്റ് ഏജൻസികൾ പോലുള്ള മൂലധന ഉടമകൾക്കാണ്. അവരുടെ അധ്വാനശക്തിയാണ് മുതലാളിമാരുടെ മിച്ചമൂല്യത്തിന്റെ ഉറവിടം. അതിനാൽ, പ്രെക്കേറിയറ്റ് എന്നത് ഒരു പുതിയ വർഗമല്ല, മറിച്ച് കടുത്ത ചൂഷണത്തിന് ഇരയാകുന്ന തൊഴിലാളി വർഗത്തിന്റെ ഒരു ഉപവിഭാഗം മാത്രമാണ്. വേറിട്ടൊരു വർഗമായി ഈ വിഭാഗത്തെ ചിത്രീകരിക്കുന്നത് മൂലധനവും അധ്വാനവും തമ്മിലുള്ള അടിസ്ഥാനപരമായ വൈരുധ്യത്തെ മൂടിവയ്‌ക്കാൻ മാത്രമേ ഉപകരിക്കൂ.

ആഗോളവൽക്കരണത്തിന്റെയും നവ-ലിബറലിസത്തിന്റെയും തികച്ചും പുതിയൊരു ഉപോൽപ്പന്നമായാണ് ഗൈ സ്റ്റാൻഡിങ്‌ തൊഴിൽരംഗത്തെ ഈ അസ്ഥിരതയെ കാണുന്നത്. മൂലധനത്തിൽ ഇതേ പ്രതിഭാസത്തെക്കുറിച്ച് മാർക്‌സ്‌ വിശദമായി എഴുതിയിട്ടുണ്ട്; ഇവരെ ‘വ്യവസായ റിസർവ് സേന' (Industrial Reserve Army) എന്നാണ് മാർക്‌സ്‌ വിളിച്ചത്. തൊഴിൽരംഗത്തെ ഈ അസ്ഥിര ജനതയെ മാർക്‌സിന്റെ റിസർവ് സേനാ ചട്ടക്കൂടിലൂടെ വീക്ഷിക്കുമ്പോൾ, മുതലാളിത്ത ചട്ടക്കൂടിൽനിന്നും മാറിനിന്ന് പരിശോധിക്കേണ്ട ഒന്നല്ല പ്രെക്കേറിയറ്റ് എന്ന സാമൂഹ്യ സംവർഗം. മറിച്ച് വേതനം അടിച്ചമർത്തുന്നതിനും തൊഴിലാളികളുടെ അച്ചടക്കത്തെ ദുർബലപ്പെടുത്തുന്നതിനുമായി മുതലാളിമാർ ഉപയോഗിക്കുന്ന രീതിയാണ്. മുതലാളിത്തത്തിൽ അന്തർലീനമായ ഘടനാപരമായ അനിവാര്യതയാണിത്.


വർഗബോധം


പ്രെക്കേറിയറ്റ് വിഭാഗത്തിന് ഏകീകൃതമായ ഒരു വർഗ വ്യക്തിത്വം ഇല്ലെന്നും, അവർ പലപ്പോഴും പരമ്പരാഗത തൊഴിലാളിവർഗത്തിൽനിന്നും ഒറ്റപ്പെട്ടു കഴിയുന്നതായി അനുഭവപ്പെടുന്നുണ്ടെന്നും സ്റ്റാൻഡിങ്‌ വാദിക്കുന്നു; ഇത് ഈ വിഭാഗത്തിലെ അംഗങ്ങളെ പിന്തിരിപ്പൻ രാഷ്‌ട്രീയത്തിലേക്ക് നയിക്കാൻ പലപ്പോഴും കാരണമാകുന്നുണ്ട്.

നിലവിൽ ഒരു ‘സ്വയം നിലനിൽക്കുന്ന വർഗമായി' (Class-in-itself ഒരേ വസ്‌തുനിഷ്ഠമായ സാമ്പത്തിക യാഥാർഥ്യം പങ്കിടുന്നവർ) പ്രെക്കേറിയറ്റ് നിലകൊള്ളുന്നുണ്ടെങ്കിലും, സമൂഹത്തെ മാറ്റിമറിക്കാനുള്ള തങ്ങളുടെ കൂട്ടായ ശക്തിയെക്കുറിച്ച് ബോധമുള്ള ‘തങ്ങൾക്കായുള്ള ഒരു വർഗമായി’ (Class-for-itself) മാറാനുള്ള സംഘടനാശേഷി അവർ ഇനിയും കൈവരിച്ചിട്ടില്ല എന്നത് ഒരു യാഥാർഥ്യമാണ്.

പ്രെക്കേറിയറ്റിനെ ഒരു പ്രത്യേക വർഗമായി കാണുന്നത്, സ്ഥിരതയുള്ള തൊഴിലുകളിൽ ഏർപ്പെടുന്നവരും യൂണിയനുകളിൽ അംഗത്വം ഉള്ളവരുമായ തൊഴിലാളികൾക്കും അസ്ഥിരരായ തൊഴിലിൽ ഏർപ്പെടുന്ന ഗിഗ് തൊഴിലാളികൾക്കും ഇടയിൽ രാഷ്‌ട്രീയമായ ഭിന്നത ഉണ്ടാക്കാൻ മാത്രമേ സഹായിക്കൂ. യഥാർഥ വിപ്ലവ രാഷ്‌ട്രീയം ആവശ്യപ്പെടുന്നത് ഈ രണ്ട് വിഭാഗങ്ങളും തമ്മിലുള്ള അകലം ഇല്ലാതാക്കുക എന്നതാണ്‐അ തായത്, അവരെ പരസ്‌പരം മത്സരിക്കുന്ന വ്യത്യസ്‌ത രാഷ്‌ട്രീയ ശക്തികളായി കാണുന്നതിന് പകരം, തങ്ങൾ രണ്ടുപേരും നേരിടുന്നത് ഒരേ ശത്രുവിനെയാണ് (മൂലധനത്തെ) എന്ന് ബോധ്യപ്പെടുത്തുകയാണ്.

ഡിജിറ്റൽ യുഗത്തിലെ മുതലാളിത്ത ചൂഷണത്തിന്റെ തീവ്രതയെ വ്യക്തമാക്കുന്ന മികച്ചൊരു വിവരണാത്മക പദമാണ് ‘പ്രെക്കേറിയറ്റ്' എന്നതിൽ സംശയമില്ല. അൽഗോരിതമിക് മാനേജ്മെന്റും വഴക്കമുള്ള തൊഴിൽ സാഹചര്യങ്ങളും ഉണ്ടാക്കുന്ന മാനസികാഘാതങ്ങളെ ഇത് കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. എങ്കിലും, ശാസ്‌ത്രീയമായ വിശകലനത്തിൽ ഈ വിഭാഗം തൊഴിലാളിവർഗത്തിന്റെ ഒരു ഭാഗം മാത്രമാണ്, അല്ലാതെ സ്വതന്ത്രമായ ഒരു വർഗമല്ല. ഇതൊരു പുതിയ വർഗമാണെന്ന വാദം, മൂലധനത്തിന്റെ ഉടമസ്ഥത ആർക്ക് എന്ന ചോദ്യം ഉയരുന്നതിനു പകരം തൊഴിൽ സാഹചര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇടയാക്കുകയും, അതിലൂടെ മുതലാളിത്തത്തിന്റെ കാതലായ പ്രവർത്തനരീതികളെ വിമർശനങ്ങളിൽ നിന്ന് സംരക്ഷിക്കാൻ കാരണമാവുകയും ചെയ്യും.

മുംബൈയിൽ നടന്ന സിജെപി പ്രതിഷേധത്തിനിടെ നടിയും മോഡലുമായ റിയ അഹിർ പൊലീസ്‌ വാഹനം തടയുന്നുമുംബൈയിൽ നടന്ന സിജെപി പ്രതിഷേധത്തിനിടെ നടിയും മോഡലുമായ റിയ അഹിർ പൊലീസ്‌ വാഹനം തടയുന്നു

മൂന്ന്‌

അനിശ്ചിതാവസ്ഥയുടെ

ഘടനാപരമായ നിർമിതി


വളർന്നുവരുന്ന ഒരു പ്രെക്കേറിയറ്റ് വിഭാഗമായി ‘ജെൻ സീ'യെ മനസ്സിലാക്കാൻ, പരമ്പരാഗത തൊഴിൽ നിർവചനങ്ങൾക്ക് അപ്പുറത്തേക്ക് സഞ്ചരിക്കേണ്ടതുണ്ട്. ഇന്ത്യയിൽ, ഈ അനിശ്ചിതാവസ്ഥയുടെ ഘട്ടം ഔദ്യോഗിക തൊഴിൽ മേഖലയിലേക്കുള്ള പ്രവേശനം തുടങ്ങുന്നതിനും വളരെ മുമ്പേ ആരംഭിക്കുന്നു. വിദ്യാഭ്യാസ കാലഘട്ടങ്ങളിൽ തന്നെ ഇത് വ്യവസ്ഥാപിതമായി നിർമിക്കപ്പെടുന്നു.

●ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രവേശനം നേടുന്നവരുടെ നിരക്ക് പൊതുവെ വർധിക്കുന്നുണ്ടെങ്കിലും, തൊഴിലവസരങ്ങളുടെ സൃഷ്ടി ഘടനാപരമായിത്തന്നെ സ്തംഭനാവസ്ഥയിലാണ്. ദശലക്ഷക്കണക്കിന് ഇന്ത്യൻ യുവാക്കളാണ് ബിരുദങ്ങൾ നേടുന്നതിനും മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനുമായി ജീവിതത്തിലെ വിലയേറിയ ഒരു കാലഘട്ടവും കുടുംബത്തിന്റെ വരുമാനത്തിലും ആസ്‌തിയിലും നല്ലൊരു പങ്കും ചെലവഴിക്കുന്നത്.

●പൊതു പ്രവേശന പരീക്ഷകൾ (NEET, UGC-NET, SSC, UPSC പോലുള്ളവ) ഇടത്തരം സാമൂഹിക നിലവാരത്തിലേക്കുള്ള പ്രധാന വാതായനങ്ങളാണ്. ചോദ്യപേപ്പർ ചോർച്ച, ഭരണപരമായ അഴിമതി, അനാവശ്യമായ പുനർമൂല്യനിർണയങ്ങൾ, നിരന്തരമായ പരീക്ഷ റദ്ദാക്കലുകൾ എന്നിവ കാരണം ഈ സംവിധാനങ്ങൾ തകരുമ്പോൾ, അർഹതയ്‌ക്ക്‌ പ്രാധാന്യം നൽകുമെന്ന (meritocratic) അടിസ്ഥാന വാഗ്ദാനങ്ങളാണ് ഇല്ലാതാക്കപ്പെടുന്നത്.

●വിദ്യാഭ്യാസ രംഗത്തെ നവഉദാരവൽക്കരണ മാറ്റങ്ങൾ പൊതുമേഖലയിലെ തൊഴിലുകളിലേക്കുള്ള വഴികളെയെല്ലാം സ്വകാര്യവൽക്കരിച്ചു. ഇത് ഉയർന്ന ചെലവുള്ള കോച്ചിങ്‌ കേന്ദ്രങ്ങളിലേക്ക് വിദ്യാർഥികളെ തള്ളിയിടുകയും അതുവഴി സാമ്പത്തിക ഞെരുക്കവും നിലനിൽപ്പിനെക്കുറിച്ചുള്ള ആശങ്കകളും ഇരട്ടിക്കുന്നതിന് വഴിതെളിക്കുകയും ചെയ്യുന്നു.

ജെൻ സീ യുവാക്കളെ സംബന്ധിച്ചിടത്തോളം, ഇത് മുതിർന്നവരായുള്ള അവരുടെ ജീവിതഘട്ടത്തെ വൈകിപ്പിക്കുന്ന (deferred adulthood) അവസ്ഥയുടെ സൃഷ്ടി കൂടിയാണ്: ദശലക്ഷക്കണക്കിന് യുവാക്കളാണ്, സുരക്ഷിതമായ ജീവനോപാധികളോ സാമൂഹിക സുരക്ഷാ വലയങ്ങളോ ഇല്ലാതെ, പരീക്ഷാ തയ്യാറെടുപ്പുകളുടെയും കരാർ ജോലികളുടെയും ഗിഗ് തൊഴിലുകളുടെയും അനന്തമായ കാത്തിരിപ്പുമുറിയിൽ ഒറ്റപ്പെട്ടുപോയിരിക്കുന്നത്. ഈയൊരു പശ്ചാത്തലത്തെ കൃത്യമായി മനസ്സിലാക്കിയിട്ടു വേണം ജെൻ സീകളുടെ ഇടയിൽ രൂപപ്പെടുന്ന പ്രതിഷേധ മുന്നേറ്റങ്ങളെ മനസ്സിലാക്കുവാൻ.

● ക്യാമ്പസ് മതിലുകൾക്ക് അപ്പുറത്തേക്ക് വളരുന്നത്: പരമ്പരാഗത ക്യാമ്പസ് രാഷ്‌ട്രീയം പ്രാദേശിക നയങ്ങളിലോ പ്രത്യയശാസ്‌ത്രപരമായ സംവാദങ്ങളിലോ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കിൽ, ജന്തർ മന്തറിലെ സമീപകാല പ്രക്ഷോഭങ്ങൾ വിവിധ വിദ്യാർഥി സംഘടനകളെയും പ്രകടമായ ഒരു രാഷ്‌ട്രീയവുമില്ലാത്ത സ്വതന്ത്ര പരീക്ഷാർഥികളെയും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളെയും ഗ്രാസ്സ്റൂട്ട് പ്രവർത്തകരെയും ഒന്നിപ്പിക്കുന്ന ഒന്നായി അതിവേഗം മാറി. സംഘപരിവാറിന്റെ ഫാസിസ്റ്റ് രാഷ്‌ട്രീയത്തെ എതിർക്കുന്ന മുഖ്യധാരാ രാഷ്‌ട്രീയ പ്രസ്ഥാനങ്ങൾ, വിശേഷിച്ച് ഇടതുപക്ഷം, ഇതിൽ സജീവമായി പങ്കാളികളായി.

● വിഷയാധിഷ്ഠിത കൂട്ടായ്‌മകളിലേക്ക്: സമകാലിക ‘ജെൻ സീ' മുന്നേറ്റങ്ങൾ പലപ്പോഴും പരമ്പരാഗത രാഷ്‌ട്രീയ അതിർവരമ്പുകളെ ലംഘിക്കുന്നവയാണ്. പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾ, നിയമനങ്ങളിലെ വൈകിപ്പിക്കൽ, പൊതുമേഖലാ ചെലവുചുരുക്കൽ നയങ്ങൾ എന്നിവക്കെതിരെയുള്ള പ്രതിഷേധങ്ങൾ മെഡിക്കൽ വിദ്യാർഥികളെയും ഹ്യൂമാനിറ്റീസ് പഠിതാക്കളെയും സാങ്കേതിക ബിരുദധാരികളെയും എല്ലാം ഒരേ സമര മുന്നണിയിൽ കൊണ്ടുവരുന്നു.

● പൊതു ഇടങ്ങൾ തിരിച്ചുപിടിക്കൽ: ഈ വിദ്യാർഥി കൂട്ടായ്‌മകൾ, തൊഴില്ലായ്‌മയും സ്ഥാപനങ്ങളുടെ തകർച്ചയും പോലുള്ള അമൂർത്തമായ മാക്രോ ഇക്കണോമിക് വിഷയങ്ങളെ നേരിട്ട് ദൃശ്യമാകുന്ന രീതിയിൽ പൊതുമധ്യത്തിലേക്ക് കൊണ്ടുവന്നു.

ജന്തർ മന്തറിൽ സമരക്കാരെ നേരിടുന്ന പൊലീസ്‌     ഫോട്ടോ: പി വി സുജിത്‌ജന്തർ മന്തറിൽ സമരക്കാരെ നേരിടുന്ന പൊലീസ്‌ ഫോട്ടോ: പി വി സുജിത്‌

നാല്‌

കോച്ചിങ്‌

വ്യവസായത്തിന്റെ കുരുക്ക്‌


ജീവിതത്തിലെ മുതിർന്ന ഘട്ടത്തിലേക്കുള്ള (adulthood) പരിവർത്തനം സാധാരണയായി നിർവചിക്കപ്പെട്ടിരിക്കുന്നത് ഇപ്രകാരമാണ്: വിദ്യാഭ്യാസം പൂർത്തിയാക്കുക, സുരക്ഷിതമായ ശമ്പളമുള്ള ഒരു തൊഴിലിലേക്ക് പ്രവേശിക്കുക, സ്വന്തമായി കുടുംബബന്ധങ്ങളിൽ ഏർപ്പെടുക, അതുമായി ബന്ധപ്പെട്ട സ്ഥാപനപരമായ പ്രവർത്തനങ്ങളിലുള്ള ഏർപ്പെടൽ. എന്നാൽ ഇന്ത്യയിലെ ‘ജെൻ സീ'തലമുറയെ സംബന്ധിച്ചിടത്തോളം ഈ പരമ്പരാഗതമായ പാത ഇന്ന് പൂർണമായും തകർന്നിരിക്കുന്നു. മുമ്പ്‌ സൂചിപ്പിച്ചതുപോലെ തൊഴിൽ അസ്ഥിരത, സ്ഥാപനപരമായ സംരക്ഷണത്തിന്റെ അഭാവം, തൊഴിൽ അധിഷ്ഠിത വ്യക്തിത്വത്തിന്റെ നഷ്ടം, നിലനിൽപ്പിനെക്കുറിച്ചുള്ള വിട്ടുമാറാത്ത ആശങ്കകൾ എന്നിവയാൽ നിർവചിക്കപ്പെടുന്ന, അതിവേഗം വളരുന്ന ഒരു സാമൂഹിക വിഭാഗമാണിത്.

വ്യാവസായികാനന്തര പാശ്ചാത്യ രാജ്യങ്ങളിൽ ഈ അനിശ്ചിതാവസ്ഥ പ്രധാനമായും താൽക്കാലികവും ഗിഗ് പ്ലാറ്റ്ഫോമുകളിൽ അധിഷ്ഠിതമായ തൊഴിലുകളുടെ വളർച്ചയുമായി ബന്ധപ്പെട്ടാണ് കാണപ്പെടുന്നത്. എന്നാൽ ഇന്ത്യയിൽ, ഒരു ചെറുപ്പക്കാരൻ/ചെറുപ്പക്കാരി തൊഴിൽരംഗത്തേക്ക് പ്രവേശിക്കുന്നതിനും വളരെ മുമ്പുതന്നെ അതികഠിനമായ പല ചൂഷണങ്ങൾക്കും വിധേയമാകുകയാണ്. പൊതുമേഖലാ തൊഴിലുകളിലേക്കുള്ള വഴികളെ സ്വകാര്യവൽക്കരിച്ച നവഉദാരവൽക്കരണ മാറ്റങ്ങളിൽനിന്ന് ഉയർന്നുവന്ന, കോടിക്കണക്കിന് രൂപയുടെ മൂല്യമുള്ള ‘കോച്ചിങ്‌ വ്യാവസായിക ശൃംഖല'കളാണ് (Coaching Industrial Complex) ഈ ചൂഷണപാതയിൽ മുന്നിൽ നിൽക്കുന്നത്.


യോഗ്യതയുടെ

സ്വകാര്യവൽക്കരണം


ഈ പ്രതിസന്ധിയുടെ വേരുകൾ നീളുന്നത് ആഴമേറിയ ഘടനാപരമായ വൈരുധ്യങ്ങളിലേക്കാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇന്ത്യയിലെ നവഉദാരവൽക്കരണ സാമ്പത്തിക നയങ്ങൾ, കൊട്ടിഘോഷിക്കപ്പെടുന്ന ആഭ്യന്തരോൽപ്പാദന വളർച്ചാ നിരക്കുകൾക്ക് വഴി തെളിച്ചുവെങ്കിലും ആനുപാതികമായ തൊഴിലവസരങ്ങൾ സൃഷ്ടിച്ചില്ല. ഭൂരിഭാഗം വരുന്ന ജനങ്ങൾക്കും സുരക്ഷിതമായ ജോലികൾ അപ്രാപ്യമായി മാറി. സർവീസ് സുരക്ഷിതത്വം, ആരോഗ്യ ആനുകൂല്യങ്ങൾ, സാമൂഹിക അംഗീകാരം എന്നിവ നൽകുന്ന പൊതുമേഖലാ ജോലികൾ നേടുക എന്നത് കേവലമൊരു തൊഴിൽ തെരഞ്ഞെടുപ്പ് എന്നതിലുപരി അതിജീവനത്തിനായുള്ള കടുത്ത പോരാട്ടവേദിയായി മാറി.

ഈ സമ്മർദം കൈകാര്യം ചെയ്യുന്നതിനായി പല തന്ത്രങ്ങളും ആവിഷ്‌കരിക്കപ്പെട്ടു. കടുത്ത മത്സരമുള്ള പരീക്ഷകളിലൂടെ (NEET, JEE, UPSC, SSC, PSC പരീക്ഷകൾ പോലുള്ളവ) ഘട്ടങ്ങളായി ഉദ്യോഗാർഥികളെ ഒഴിവാക്കുന്ന ഒരു പ്രക്രിയയാണ് ഭരണകൂടം ആവിഷ്‌കരിച്ചത്. തീവ്ര പരിശീലനങ്ങളിലൂടെ മാത്രം നേടാവുന്ന ഒന്നായി ഈ തൊഴിലുകൾ മാറി. സർക്കാർ വിദ്യാലയങ്ങൾക്കും സർവകലാശാലകൾക്കും നൽകിവന്നിരുന്ന ധനസഹായങ്ങൾ കുറഞ്ഞുവന്നതോടെ ഈ വെല്ലുവിളികൾ നേരിടുന്നതിന് വിദ്യാർഥികളെ പ്രാപ്തരാക്കുക അവയ്‌ക്ക്‌ അസാധ്യമായി. അവിടെയൊരു പുതിയ വിപണി സാധ്യത ഉയർന്നുവന്നു: ഔദ്യോഗിക പാഠ്യപദ്ധതിയും മത്സര പരീക്ഷാ ആവശ്യകതകളും തമ്മിലുള്ള ഈ വലിയ വിടവിനെ സാമ്പത്തിക ലാഭമാക്കി മാറ്റാൻ സ്വകാര്യ കോച്ചിങ്‌ സ്ഥാപനങ്ങൾ മുന്നോട്ടുവന്നു.കോച്ചിങ്‌ വ്യാവസായിക ശൃംഖലകൾ രൂപപ്പെടുന്നത് ഈ പശ്ചാത്തലത്തിലാണ്. കോട്ട (എൻജിനിയറിങ്‌, മെഡിക്കൽ പ്രവേശന പരീക്ഷകളുടെ ഫാക്ടറി നഗരം) അല്ലെങ്കിൽ ന്യൂഡൽഹിയിലെ ഓൾഡ് രാജീന്ദർ നഗർ, മുഖർജി നഗർ (സിവിൽ സർവീസ് തയ്യാറെടുപ്പുകളുടെ കേന്ദ്രങ്ങൾ) തുടങ്ങിയ സ്ഥലങ്ങളിൽ, വിദ്യാഭ്യാസം വിശകലനാത്മക ചിന്തയിൽ (critical thinking) നിന്ന് വേർപെടുത്തപ്പെടുകയും, മത്സര പരീക്ഷകളിൽ ജയിക്കാനുള്ള അൽഗോരിതങ്ങളായും അതിനാവശ്യമായ പാഠങ്ങൾ ഓർമയിൽ സൂക്ഷിക്കാനുള്ള ശേഷിയായും പുനർനിർമിക്കപ്പെടുകയും ചെയ്യുന്നു.

പൊതുപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന പ്രക്രിയയെ സ്വകാര്യവൽക്കരിക്കുന്നതിലൂടെ, ഈ സംവിധാനം സർക്കാർ ജോലികളിലേക്കുള്ള പ്രവേശനത്തെ, വൻതോതിൽ സാമ്പത്തിക മൂലധനം ആവശ്യമായ ഒരു ഉൽപ്പന്നമാക്കി മാറ്റുന്നു. യോഗ്യതയെ പണം കൊടുത്ത് വാങ്ങുന്ന ഒരു ആസ്‌തിയാക്കി അത് മാറ്റി.


ചൂഷണത്തിന്റെ

ഭൂമിശാസ്ത്രം


ഈ കോച്ചിങ്‌ കേന്ദ്രങ്ങൾക്കുള്ളിലെ ജീവിതം, യുവാക്കൾ നേരിടുന്ന അനിശ്ചിതാവസ്ഥയ്‌ക്ക്‌ പിന്നിലെ ക്രൂരമായ വൈകാരികവും സാമ്പത്തികവുമായ യാഥാർഥ്യങ്ങളെ തുറന്നുകാട്ടുന്നു. ഇത്തരം നഗരകേന്ദ്രങ്ങളിൽ തങ്ങളുടെ മക്കളുടെ പഠനച്ചെലവുകൾക്കും താമസത്തിനും ജീവിതച്ചെലവുകൾക്കുമായി, താഴ്‌ന്ന ഇടത്തരം കുടുംബങ്ങളിൽ നിന്നുള്ള മനുഷ്യർക്ക്, പലപ്പോഴും ആയുഷ്‌കാലം കൊണ്ടുണ്ടാക്കിയ സമ്പാദ്യങ്ങൾ വിറ്റഴിക്കുകയോ, ഉയർന്ന പലിശയ്‌ക്ക്‌ വായ്‌പകൾ എടുക്കുകയോ, വീട് തന്നെ വിൽക്കുകയോ ചെയ്യേണ്ടിവരുന്നു. പ്രതിവർഷം ലക്ഷക്കണക്കിന് രൂപ വരുന്ന ഈ സാമ്പത്തിക ചെലവുകൾ, പാവപ്പെട്ട കുടുംബങ്ങൾക്ക് താങ്ങാനാവാത്ത കടബാധ്യതയും ദരിദ്ര വിദ്യാർഥികൾക്ക് സഹിക്കാനാവാത്ത മാനസിക സമ്മർദവുമാണ് പലപ്പോഴും ബാക്കിവയ്‌ക്കുന്നത്.

പരീക്ഷാർഥികളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന, നഗര കേന്ദ്രങ്ങളിലെ നിയന്ത്രണമില്ലാത്ത ഈ സ്വകാര്യ സ്ഥാപനങ്ങൾ, യാതൊരു സുരക്ഷിത മാനദണ്ഡങ്ങളും പാലിക്കാതെ ലാഭം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവയാണ്. 2024-ൽ ഓൾഡ് രാജീന്ദർ നഗറിലുണ്ടായ ബേസ്മെന്റ് വെള്ളപ്പൊക്ക ദുരന്തം ഈ യാഥാർഥ്യത്തെ തുറന്നുകാട്ടുന്ന ഒന്നാണ്. കനത്ത മഴയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന കോച്ചിങ്‌ ഇൻസ്റ്റിറ്റ്യൂട്ട് ലൈബ്രറിക്കുള്ളിൽ മൂന്ന് യുവ സിവിൽ സർവീസ് ഉദ്യോഗാർഥികളാണ് മുങ്ങിമരിച്ചത്. ഇത്തരം കേന്ദ്രങ്ങളിലെ വിദ്യാർഥികൾ, ജനലുകൾ പോലുമില്ലാത്ത ഇടുങ്ങിയ പിജി മുറികളിൽ പ്രതിദിനം 14 മുതൽ 16 മണിക്കൂർ വരെയാണ് ചെലവഴിക്കുന്നത്. പ്രവേശന പരീക്ഷകൾക്കു വേണ്ടിയുള്ള കടുത്ത തയ്യാറെടുപ്പുകൾ സൃഷ്ടിക്കുന്ന മാനസിക ആഘാതങ്ങളും വളരെ ആഴത്തിലുള്ളതാണ്.

● പരാജയത്തെ സ്വന്തം വീഴ്‌ചയായി കരുതൽ: വ്യക്തിഗത ഉത്തരവാദിത്വത്തിന് അമിത പ്രാധാന്യം നൽകുന്ന ഒരു സംസ്‌കാരത്തെയാണ് കോച്ചിങ്‌ സംവിധാനം സജീവമായി വളർത്തിയെടുക്കുന്നത്. പ്രവേശന നിരക്ക് കേവലം 0.1 ശതമാനം മാത്രമുള്ള ഒരു പരീക്ഷയിൽ ഒരു ഉദ്യോഗാർഥി പരാജയപ്പെടുമ്പോൾ അത് ആ വിദ്യാർഥിയുടെ വ്യക്തിപരമായ വീഴ്‌ചയായി ചിത്രീകരിക്കപ്പെടുന്നു.

● അന്യവൽക്കരണവും ഒറ്റപ്പെടലും: നിരന്തരമായ മത്സരങ്ങൾ സ്വാഭാവികമായ പരസ്‌പര ഐക്യദാർഢ്യത്തെ തകരാറിലാക്കുകയും, സഹവിദ്യാർഥികളെ എതിരാളികളാക്കി മാറ്റുകയും ചെയ്യുന്നു. തന്റേതായ താലപ്പര്യങ്ങളുടെ മാത്രം ലോകത്തേക്ക് ചുരുങ്ങാൻ ഇത് വിദ്യാർഥികളെ പ്രേരിപ്പിക്കുന്നു.

● അർഥശൂന്യതയുടെ പ്രതിസന്ധി: കോട്ടയിലെയോ ഡൽഹിയിലെയോ അനേകം യുവാക്കളെ സംബന്ധിച്ചിടത്തോളം, പരീക്ഷാ ചക്രങ്ങളുടെ നിരന്തരമായ ആവർത്തനം തീരുമാനങ്ങളെടുക്കാനുള്ള അവരുടെ വ്യക്തിപരമായ ശേഷിയെ ഇല്ലായ്‌മ ചെയ്യുന്നു. ഇത് കടുത്ത മാനസികാരോഗ്യ പ്രതിസന്ധികളിലേക്കും വിട്ടുമാറാത്ത വിഷാദത്തിലേക്കും, ആശങ്കാജനകമായ രീതിയിലുള്ള വിദ്യാർഥി ആത്മഹത്യകളിലേക്കും നയിക്കുന്നു. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളെ തുടർന്ന് 20 കുട്ടികൾ ജീവനൊടുക്കിയത് ഇത്തരത്തിലാണ്.


നീണ്ടുപോകുന്ന

‘മുതിർന്ന ഘട്ടം’


‘ജെൻ സീ' അനിശ്ചിതാവസ്ഥയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയാണ് ‐ deferred adulthood ‐ അതായത് സാമൂഹികവും സാമ്പത്തികവുമായ വളർച്ച നിശ്ചലമാക്കപ്പെടുന്ന ദൈർഘ്യമേറിയ ഒരു കാലഘട്ടത്തിലൂടെയുള്ള നിർബന്ധിത ജീവിതം. മത്സര പരീക്ഷകളുടെ നിരന്തരമായ വൈകൽ, ചോദ്യപേപ്പർ ചോർച്ചകൾ, നിയമപോരാട്ടങ്ങൾ, പരീക്ഷ റദ്ദാക്കലുകൾ എന്നിവയാൽ, ഒരു ഉദ്യോഗാർഥിയിൽനിന്ന് ഒരു തൊഴിലാളിയിലേക്കുള്ള പരിണാമം അനിശ്ചിതമായി നീളുന്നു. ഇത് ദശലക്ഷക്കണക്കിന് ചെറുപ്പക്കാരെ തങ്ങളുടെ ഏറ്റവും ഉൽപ്പാദനക്ഷമമായ പ്രായത്തിൽ ഉൽപ്പാദനപരമായി ഒന്നും ചെയ്യാത്തവരായി തളച്ചിടുന്നു.

1. വിദ്യാഭ്യാസപരമായ നിശ്ചലാവസ്ഥ: ഉദ്യോഗാർഥികൾ ഒരേ പരീക്ഷ തന്നെ വീണ്ടും വീണ്ടും എഴുതിക്കൊണ്ട് രണ്ടുമുതൽ അഞ്ച്‌ വർഷംവരെ (അല്ലെങ്കിൽ അതിൽ കൂടുതലോ) ചെലവഴിക്കുക എന്നത് ഇന്ന് സർവസാധാരണമാണ്. പരീക്ഷാ തയ്യാറെടുപ്പിന് വേണ്ടി , ഈ പ്രായത്തിൽ ആർജിക്കേണ്ട പ്രൊഫഷണൽ നൈപുണ്യ വികസനം നിരന്തരം നീണ്ടു പോകുന്ന അവസ്ഥയാണ് ഈ കാലയളവിന്റെ സവിശേഷത.

2. ഗിഗ് - കരാർ സാമ്പത്തിക വ്യവസ്ഥയുടെ കെണി: നീണ്ടുനിൽക്കുന്ന ഈ കാത്തിരിപ്പ് കാലയളവിൽ ജീവിച്ചുപോകുന്നതിനോ നീണ്ട തയ്യാറെടുപ്പ് ചെലവുകൾ നികത്തുന്നതിനോ വേണ്ടി, ജെൻ സീ ഉദ്യോഗാർഥികൾ പാർശ്വവൽക്കരിക്കപ്പെട്ട തൊഴിൽ വിപണിയിലേക്ക് തള്ളപ്പെടുന്നു. ഫുഡ് ഡെലിവറി ബോയ്സ്, യുബർ ഡ്രൈവർമാർ, ടെലി- കോളർമാർ അല്ലെങ്കിൽ ഹ്രസ്വകാല കരാർ ജീവനക്കാർ എന്നിവരായി അവർ മാറുന്നു. ഇത്തരം പ്ലാറ്റ്ഫോം ഗിഗ് ജോലികൾ തൊഴിൽ സുരക്ഷയോ പെൻഷനോ ആരോഗ്യ ഇൻഷുറൻസോ ജീവിക്കാൻ ആവശ്യമായ വേതനമോ നൽകുന്നില്ല.

3. സാമൂഹികമായ സ്‌തംഭനാവസ്ഥ: സ്ഥിരമായ ഒരു തൊഴിൽ ഇല്ലാതെ യുവാക്കൾക്ക് സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കാനോ, കുടുംബത്തെ ആശ്രയിച്ച് ജീവിക്കുന്നതിൽനിന്ന് മാറിനിൽക്കാനോ, ദീർഘകാല ബന്ധങ്ങൾ സ്ഥാപിക്കാനോ, സാമൂഹിക- രാഷ്‌ട്രീയ സ്ഥാപനങ്ങളിൽ അർഥപൂർണമായി പങ്കാളികളാകാനോ കഴിയില്ല. ഇതോടെ adulthood എന്നത് 21-‐22 വയസ്സിൽ എത്തുന്ന ഒരു ഘട്ടമല്ലാതായി മാറുന്നു; മറിച്ച് മത്സര പരീക്ഷകളുയർത്തുന്ന വെല്ലുവിളികളെ അതിജീവിച്ച് മുന്നേറുന്ന അപൂർവം ചിലർക്ക് മാത്രം ലഭിക്കുന്ന ഒരു ആനുകൂല്യമായി അത് മാറുന്നു.

ഒറ്റപ്പെടലിൽനിന്ന് കൂട്ടായ ചെറുത്തുനിൽപ്പിലേക്ക് നവഉദാരവൽക്കരണ വിദ്യാഭ്യാസം, കോച്ചിങ്‌ വ്യാവസായിക ശൃംഖല അതിന്റെ ഏറ്റവും ചൂഷണാത്മകമായ രൂപത്തിൽ പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് പച്ചയ്‌ക്ക്‌ കാണിച്ചുതരുന്നുണ്ട്. ചെറുപ്പക്കാരുടെ ആഗ്രഹങ്ങളെ കച്ചവടച്ചരക്കാക്കുകയും, ഭരണകൂടത്തിന്റെ ഉത്തരവാദിത്വങ്ങളെ നിയന്ത്രണങ്ങളില്ലാത്ത ഒരു സ്വകാര്യ വിപണിയിലേക്ക് തള്ളുകയും ചെയ്യുന്ന ഒരു സംവിധാനമാണത്. ഇത് ‘ജെൻ സീ'യെ സാമൂഹിക വികസനത്തിന്റെ സജീവ വക്താക്കളിൽനിന്ന് തകർന്നടിഞ്ഞ ഒരു പ്രെക്കേറിയറ്റ് വിഭാഗമായി ചുരുക്കുന്നു; വ്യാമോഹങ്ങൾക്കും സാമ്പത്തിക ഒറ്റപ്പെടലിന്റെ യാഥാർഥ്യങ്ങൾക്കും ഇടയിൽ അകപ്പെട്ടുപോയവരായി അവർ മാറുന്നു.


ഇന്ത്യൻ യുവതയെ ദീർഘകാലമായി ഗ്രസിച്ചുവന്ന ഈ അസ്വസ്ഥതയാണ് ഒരു പൊട്ടിത്തെറിക്കലിന് വിധേയമായി ജന്തർ മന്തറിൽ നാം കണ്ടത് . ജീവിതത്തെയാകെ ഗ്രസിച്ചിരിക്കുന്ന നീണ്ടുനിൽക്കുന്ന ഈ അനിശ്ചിതാവസ്ഥ ഒരു പുതിയ രാഷ്‌ട്രീയ ബോധത്തിനുതന്നെ ജന്മം നൽകിയിട്ടുണ്ട്. തങ്ങളുടെ വ്യക്തിപരമായ നിരാശകളെ കൂട്ടായ സാമൂഹിക വിമർശനങ്ങളാക്കി അവർ മാറ്റുന്ന കാഴ്ചയായിരുന്നു ജന്തർ മന്തറിൽ അരങ്ങേറിയത്. ചോദ്യപേപ്പർ ചോർച്ചക്കെതിരെ പ്രതിഷേധിച്ചും കോച്ചിങ്‌ കേന്ദ്രങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടും തൊഴിലില്ലാ വളർച്ചയെ ചോദ്യം ചെയ്‌തുംകൊണ്ട് ചരിത്രത്തിന്റെ കാത്തിരിപ്പുമുറിയിൽ നിശ്ശബ്ദരായിരിക്കാൻ ജെൻ സീ വിസമ്മതിക്കുകയാണ്. അവരുടെ പോരാട്ടം കേവലം ഒരു പരീക്ഷ പാസാകുന്നതിനെക്കുറിച്ച് മാത്രമല്ല, അതിന്റെ നടത്തിപ്പിലെ പാളിച്ചകളുമായി മാത്രം ബന്ധപ്പെട്ടതല്ല. അത് സുരക്ഷിതവും സ്വയം നിർണയിക്കപ്പെടുന്നതുമായ ഒരു ഭാവിയുടെ അവകാശത്തിനു വേണ്ടിയുള്ള മൗലികമായ വിസ്‌ഫോടനമാണ്. ഘടനാപരമായ മാറ്റങ്ങളാണ് അത് ആവശ്യപ്പെടുന്നത്.

പരീക്ഷാനടത്തിപ്പ് സംവിധാനങ്ങൾ സ്വകാര്യ വെണ്ടർമാർക്ക് ലാഭമുണ്ടാക്കാനുള്ള കരാറുകളായി ചുരുക്കപ്പെടുന്നത്, തങ്ങളുടെ പ്രാഥമിക ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാരുകൾ പിന്മാറുകയും അതിനുപകരം സ്വകാര്യ ഏജൻസികളുടെ കാര്യക്ഷമതയെ മാത്രം ആശ്രയിക്കുകയും ചെയ്യുന്ന നവഉദാരവൽക്കരണ ഭരണകൂടത്തിന്റെ ശീലത്തെയാണ് ഈ പോരാട്ടം വാസ്‌തവത്തിൽ വിമർശിക്കുന്നത്.

ഈ യുവജന മുന്നേറ്റം ഘടനാപരമായ ആശങ്കയുടെ പ്രകടനമാണ്‐ ചുരുങ്ങിവരുന്ന പൊതുമേഖലാ തൊഴിലവസരങ്ങളെയും കുതിച്ചുയരുന്ന വിദ്യാഭ്യാസച്ചെലവുകളെയും തൊഴിൽമേഖലയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ തങ്ങളുടെ അധ്വാനത്തിന്റെ മൂല്യം ഇടിച്ചുതാഴ്‌ത്തപ്പെടുന്നതിനെയും നേരിടേണ്ടിവരുന്ന ഒരു തലമുറയുടെ ശക്തമായ ക്രോധമാണത്. പൊതുവിദ്യാഭ്യാസത്തിന്റെ നവഉദാരവൽക്കരണ പരിവർത്തനത്തിനും അതിവേഗം വർധിച്ചുവരുന്ന അഭ്യസ്‌തവിദ്യരുടെ തൊഴില്ലായ്‌മയ്‌ക്കും "പ്രെക്കേറിയറ്റ്" വിഭാഗത്തിന്റെ വ്യവസ്ഥാപിതമായ രൂപീകരണത്തിനും എതിരെയുള്ള ഘടനാപരമായ ചെറുത്തുനിൽപ്പിനെയാണ് ഇത് പ്രതിനിധീകരിക്കുന്നത്.

രാഷ്‌ട്രീയ ബോധമുള്ള ഒരു പ്രെക്കേറിയറ്റ് വിഭാഗമായി ‘ജെൻ സീ' ഉയർന്നുവരുന്നത് ഇന്ത്യൻ ജനാധിപത്യത്തിലെ ഒരു സുപ്രധാന വഴിത്തിരിവാണ്. തലസ്ഥാനത്തിന്റെ തെരുവുകൾ കീഴടക്കിക്കൊണ്ട് ഈ യുവത തെളിയിക്കുന്നത്, തൊഴിൽപരമായ അനിശ്ചിതാവസ്ഥകൾക്കപ്പുറത്ത് തങ്ങളുടെ രാഷ്‌ട്രീയ ഭാവിയെ നിശ്ശബ്ദമാക്കാൻ ആർക്കുമാവില്ല എന്നാണ് .








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home