ad
Deshabhimani

അണ്ടർ-20 ലോക അത്‌ലറ്റിക്‌സ്; ദേശീയ റെക്കോഡ് തിരുത്തിയ മലയാളിതാരം അഷ്ഫാഖ് ഫൈനലിൽ എട്ടാമത്

ASHFAQ
വെബ് ഡെസ്ക്

Published on Aug 08, 2026, 10:56 AM | 1 min read

ഒറിഗൺ: അമേരിക്കയിലെ ഒറിഗണിൽ നടക്കുന്ന അണ്ടർ-20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലെ 400 മീറ്റർ ഫൈനലിൽ മലയാളി താരം മുഹമ്മദ് അഷ്ഫാഖിന് എട്ടാം സ്ഥാനം. 46.20 സെക്കൻഡിലാണ് അഷ്ഫാഖ് ഫിനിഷ് ചെയ്തത്.


ഹീറ്റ്സിൽ 45.81 സെക്കൻഡിൽ ഓടി സ്വന്തം പേരിലുണ്ടായിരുന്ന 46.05 സെക്കൻഡിന്റെ ദേശീയ റെക്കോഡ് അഷ്ഫാഖ് തിരുത്തിയിരുന്നു. സെമിഫൈനലിൽ 46.00 സെക്കൻഡിൽ ഫിനിഷ് ചെയ്ത താരത്തിന് ഫൈനലിൽ ആസമയം കണ്ടെത്താനായില്ല. ഫൈനലിൽ മെഡൽ നേടാനായില്ലെങ്കിലും ചാമ്പ്യൻഷിപ്പിലെ റെക്കോഡ് പ്രകടനം ശ്രദ്ധേയമായി.


ഫൈനലിൽ അമേരിക്കയുടെ ജെയ്‌ഡൻ ഡിലിയോൺ 44.47 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണം നേടി. അമേരിക്കയുടെ ക്വിൻസി വിൽസൺ 44.62 സെക്കൻഡിൽ വെള്ളിയും ദക്ഷിണാഫ്രിക്കയുടെ ലീന്ഡർട്ട് കോകെമോയർ 44.96 സെക്കൻഡിൽ വെങ്കലവും നേടി.


2007 ജൂൺ 26ന് ജനിച്ച അഷ്ഫാഖിന്റെ 400 മീറ്ററിലെ വ്യക്തിഗത മികച്ച സമയവും 45.81 സെക്കൻഡാണ്. 200 മീറ്ററിൽ 21.57 സെക്കൻഡും 4x400 മീറ്റർ റിലേയിൽ 3:05.38 ഉം താരത്തിന്റെ മികച്ച പ്രകടനങ്ങളാണ്.


സ്കൂൾ അത്‌ലറ്റിക്സിലൂടെയാണ് അഷ്ഫാഖ് ഇന്ത്യൻ അത്‌ലറ്റിക്സിൽ ശ്രദ്ധേയനായത്. തിരുവനന്തപുരം ജിവി രാജ സ്പോർട്സ് സ്കൂളിലെ പരിശീലകൻ കെഎസ് അജിമോന്റെ കീഴിലാണ് താരം ദേശീയതലത്തിലേക്ക് വളർന്നത്. തൃശൂർ ചക്കരപ്പാടം മഠത്തിപ്പറമ്പിൽ എംകെ അഷ്റഫിന്റെയും ജെസിയുടെയും മകനാണ് അഷ്ഫാഖ്.


ലോക വേദിയിലെ ആദ്യ വലിയ മുന്നേറ്റത്തിൽ ഫൈനലിൽ എട്ടാം സ്ഥാനത്തായെങ്കിലും, 45.81 സെക്കൻഡിൽ ദേശീയ റെക്കോഡ് തിരുത്തിയ പ്രകടനത്തോടെ ഇന്ത്യൻ 400 മീറ്ററിൽ ഭാവിയുടെ പ്രതീക്ഷയായി മാറുകയാണ് ഈ മലയാളി താരം.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home