കവർസ്റ്റോറി
വിദ്യാര്‍ഥി പ്രക്ഷോഭം ഉയര്‍ത്തുന്ന രാഷ്‌ട്രീയ സാധ്യതകള്‍

ടി ടി ശ്രീകുമാര്‍
Published on Aug 08, 2026, 10:28 AM | 10 min read
കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തെ മോദി ഭരണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ യുവാക്കൾക്കിടയിൽ ഊറിക്കൂടിയ നിരാശയുടെയും പ്രതിഷേധത്തിന്റെയും രോഷത്തിന്റെയും ഭരണവിരുദ്ധ വികാരത്തിന്റെയും ബഹിർസ്‌ഫുരണമായിട്ടായിരുന്നു അപ്രതീക്ഷിതമായ ഒരു സംഭവത്തിന്റെ പേരില്‍ 2026 മേയിൽ "കോക്രോച്ച് ജനത പാർടി' (CJP) രൂപപ്പെട്ടത്. നിരന്തരമായ ചോദ്യപേപ്പർ ചോർച്ചകൾ, തൊഴിൽ നിയമനങ്ങളിലും പ്രവേശന പരീക്ഷകളിലുമുള്ള ക്രമക്കേടുകൾ, വർധിച്ചുവരുന്ന തൊഴില്ലായ്‌മ, വിദ്യാഭ്യാസ സമ്പ്രദായം കൂടുതൽ അതാര്യവും ഉത്തരവാദിത്വമില്ലാത്തതുമായി മാറുന്നുവെന്ന വിലയിരുത്തൽ, വിലക്കയറ്റം തുടങ്ങി നിരവധി പ്രശ്നങ്ങളുടെ പേരില്‍ മാസങ്ങളായി ജനരോഷം പുകയുന്നുണ്ടായിരുന്നു. ഈ സന്ദര്‍ഭത്തിലാണ്, 2026 മേയ് 15ന് സുപ്രീം കോടതിയിൽ നടന്ന ഒരു വാദത്തിനിടയില്‍ തൊഴിൽരഹിതരായ യുവാക്കളുടെയും ആക്ടിവിസ്റ്റുകളുടെയും പ്രതിഷേധങ്ങളെപ്പറ്റി പരാമർശിച്ചുകൊണ്ട്, ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇന്ത്യന്‍ യുവാക്കളെ "പാറ്റകൾ' (cockroaches) എന്നും "സമൂഹത്തിന്റെ പരാന്നഭോജികൾ' (parasites of society) എന്നും വിശേഷിപ്പിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ പരാമർശം വ്യാപകമായ രോഷത്തിന് വഴിതെളിച്ചെങ്കിലും, ആ അധിക്ഷേപത്തിനെതിരെയുള്ള പ്രതികരണം കേവലം പ്രതിഷേധത്തില്‍ ഒതുക്കുന്നതിന് പകരം, ഡിജിറ്റൽ കമ്യൂണിക്കേഷൻ സ്ട്രാറ്റജിസ്റ്റായ അഭിജിത് ദീപ്കെ അതിനെ ഒരു രാഷ്‌ട്രീയ പരിഹാസമാക്കി (political satire) മാറ്റിക്കൊണ്ട് മേയ് 16-ന്, പ്രതിരോധശേഷിക്കും അതിജീവനത്തിനും പേരുകേട്ട "പാറ്റ'യെ പ്രസ്ഥാനത്തിന്റെ ചിഹ്നമായി സ്വീകരിച്ച്, നിലവിലുള്ള രാഷ്‌ട്രീയ വ്യവസ്ഥിതിയോടുള്ള ഒരു ഓൺലൈൻ പരിഹാസരൂപമെന്ന നിലയിൽ "കോക്രോച്ച് ജനതാ പാർടി' ആരംഭിച്ചു.
ജന്തർ മന്തറിലെ അനിശ്ചിതകാല നിരാഹാര സമരത്തിനിടെ സോനം വാങ്ചുക്കും അഭിജിത് ദീപ്‌കെയും
എന്നാല്‍ തികച്ചും അവിചാരിതമായിട്ടാണ്, സോഷ്യൽ മീഡിയയിലെ ഒരു തമാശ എന്ന നിലയില്‍ നടത്തിയ ഇടപെടലായി ആരംഭിച്ച ഈ ഡിജിറ്റല്‍ പാർടി, വളരെ വേഗം രാജ്യത്തെ യുവാക്കളുടെ ഏറ്റവും വലിയ ഡിജിറ്റൽ സമാഹരണങ്ങളിലൊന്നായി വികസിച്ചത്. എന്നാല്‍ ഇത് ഏതെങ്കിലും രാഷ്‌ട്രീയ ശൂന്യതയില്‍ സംഭവിച്ചതല്ല. പൊതുവില്‍ യുവാക്കള്‍ക്കിടയില്‍ വർധിച്ചുവന്നിരുന്ന സിനിസിസത്തിന്റെയും ഭരണവിരുദ്ധതയുടെയും പശ്ചാത്തലത്തിലായിരുന്നു ഈ ഇടപെടലിന് രാഷ്‌ട്രീയ പ്രസക്തി കൈവന്നത്. പൗരത്വനിയമ വിരുദ്ധസമരവും കര്‍ഷകപ്രക്ഷോഭവും തൊഴിലാളിവര്‍ഗ സമരങ്ങളും മുതല്‍ ദേശീയതലത്തിലും പ്രാദേശിക തലങ്ങളിലും നടന്നിട്ടുള്ള നിരവധി സമരങ്ങളുടെ സമകാലിക രാഷ്‌ട്രീയ ചരിത്രം ഇതിന്റെ പിന്നിലുണ്ട്. യഥാർഥത്തില്‍ പൂർണമായും പ്രതിപക്ഷത്തിന് തങ്ങള്‍ക്കനുകൂലമാക്കാന്‍ കഴിഞ്ഞില്ലെങ്കിലും കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പില്‍ തന്നെ ഈ ജനരോഷത്തിന്റെ ഒരു ചിത്രം ഉരുത്തിരിഞ്ഞുവന്നത് അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാർലമെന്റില്‍ ബിജെപിയുടെ ഭൂരിപക്ഷത്തിനു കാര്യമായ ഇടിവു സംഭവിച്ചത് ഈ പശ്ചാത്തലത്തിലായിരുന്നു. അതിന്റെകൂടി സന്ദര്‍ഭത്തിലാണ് യഥാർഥത്തില്‍ സിജെപി ആരംഭിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ, ദശലക്ഷക്കണക്കിന് യുവാക്കള്‍ ഇതിന്റെ മീമുകളും വീഡിയോകളും പരിഹാസാത്മക രാഷ്‌ട്രീയ സന്ദേശങ്ങളും ഏറ്റെടുത്തുകൊണ്ട് കേവലമൊരു അധിക്ഷേപത്തിൽ ഉപരിയായി സിവില്‍സമൂഹത്തില്‍ പടര്‍ന്നുപിടിച്ചിരുന്ന നിരാശയ്‌ക്കും അവിശ്വാസത്തിനും ആവിഷ്‌കാരം നൽകിക്കൊണ്ട് ഈ പ്രസ്ഥാനത്തിന്റെ അനുഭാവികളും വെര്‍ച്വല്‍ പ്രവര്‍ത്തകരുമായി മാറിയത്. തികച്ചും അപ്രതീക്ഷിതമായി ഒരു വലിയ ജനാരവമായി ഇത് മാറിയപ്പോഴാണ് അഭിജിത് ദീപ്കെ അമേരിക്കയില്‍നിന്ന് ഈ പ്രസ്ഥാനത്തെ ഓൺലൈന്‍ സമാഹരണത്തില്‍നിന്നും ഒരു ഓഫ്‌ലൈന്‍ പ്രക്ഷോഭമായി മാറ്റുന്നതിനുള്ള സാധ്യതകള്‍ അന്വേഷിച്ച് ഇന്ത്യയിലേക്ക് തിരികെ വരുന്നത്.
‘പാറ്റകളുടെ ഡിജിറ്റല്‍ സംരംഭം’ അപ്പോഴേക്ക് ഒരു വലിയ വിഭാഗം ജനങ്ങളുടെ രാഷ്‌ട്രീയഭാവനയിലേക്ക് കടന്നുകഴിഞ്ഞിരുന്നു. അതിനോടുള്ള പ്രതികരണം അത്യധികം അഭൂതപൂർവമായിരുന്നു. മോദിയുടെ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർടിയെ പരിഹസിച്ചുകൊണ്ട്, "ഭരണകൂടം എണ്ണാൻ മറന്നുപോയ മനുഷ്യർക്കായുള്ള ഒരു രാഷ്‌ട്രീയ പാർടി' എന്ന മൂർച്ചയേറിയ ടാഗ്‌ലൈനും സർക്കാരിനെ ലക്ഷ്യമിട്ടുള്ള പരിഹാസാത്മക പ്രകടനപത്രികയും ഉൾപ്പെടുത്തി, അഭിജിത് ദീപ്കെ "കോക്രോച്ച് ജനതാ പാർടി'ക്കായി ഒരു വെബ്‌സൈറ്റും സോഷ്യൽ മീഡിയ അക്കൗണ്ടുകളും നിർമിച്ചു. രണ്ട് ആഴ്‌ചയ്‌ക്കുള്ളിൽ, സിജെപി-യുടെ ഇൻസ്റ്റാഗ്രാം പേജിന് ലഭിച്ച 22 ദശലക്ഷത്തിലധികം (2.2 കോടി) ഫോളോവേഴ്‌സ് എന്നത് സർവവിഭവ സന്നാഹങ്ങളുമുള്ള ബിജെപി-യെപ്പോലും മറികടക്കുന്നതായിരുന്നു. വിമർശനങ്ങളോട് ഒട്ടും സഹിഷ്‌ണുത പുലർത്താത്ത മോദി സർക്കാർ, ദേശീയ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി സിജെപിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ദീപ്കെയുടെ വരവോടെ, സോഷ്യൽ മീഡിയയ്‌ക്ക് അപ്പുറത്തേക്ക് പൊതുയോഗങ്ങളിലേക്കും പ്രക്ഷോഭങ്ങളിലേക്കും‐പ്രത്യേകിച്ച് ജന്തർ മന്തറിലേക്ക്‐ഈ മുന്നേറ്റം വികസിക്കുകയും കേവലമൊരു ഓൺലൈന്‍ പരിഹാസ പ്രചാരണം മാത്രമല്ലാതായി മാറുകയും ചെയ്‌തു. വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾ, പൊതുപരീക്ഷകളിലെ സുതാര്യത, സ്ഥാപനപരമായ പരാജയങ്ങൾക്കുള്ള ഉത്തരവാദിത്വം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി എന്നിവ ആവശ്യപ്പെടുന്ന വിശാലമായ ഒരു ജനാധിപത്യ പ്ലാറ്റ്‌ഫോമായി ഇത് മാറി. ഈ അർഥത്തിൽ, സിജെപി-യുടെ രൂപീകരണം എന്നത് ആനുഷംഗികമായ ഒരു അവഹേളനത്തെ സംഘടിത രാഷ്‌ട്രീയ വിയോജിപ്പാക്കി മാറ്റുന്നതിനെയാണ് അടയാളപ്പെടുത്തിയത്. ഇതിലെ സിനിസിസവും ഹാസ്യവും സ്വയം ഒരു ലക്ഷ്യമല്ല, മറിച്ച് ഭരണനിർവഹണത്തോടും ഭാവിയോടുമുള്ള തങ്ങളുടെ അമർഷത്തെ ഒരു തലമുറ ആവിഷ്‌കരിച്ച ഭാഷയായി മാറുകയായിരുന്നു.
ജന്തർ മന്തറിലെ സമരത്തിനിടയിലെ കാഴ്‌ച കടപ്പാട്: ഗൂഗിൾ
അതുകൊണ്ടുതന്നെ, ജന്തർ മന്തറിലെ പ്രക്ഷോഭം സമീപകാലത്തുണ്ടായ ഏറ്റവും പ്രധാനപ്പെട്ട ജനാധിപത്യ മുന്നേറ്റങ്ങളിലൊന്നിനെയാണ് പ്രതിനിധീകരിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ ഭരണസമീപനത്തെക്കുറിച്ചും ഉത്തരവാദിത്വത്തെക്കുറിച്ചുമുള്ള സവിശേഷമായ ആശങ്കകളിൽ നിന്നാണ് ഇത് ആരംഭിച്ചതെങ്കിലും, സുതാര്യത, ഭരണനിർവഹണം, സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരം, പൗരന്മാരും ഭരണകൂടവും തമ്മിലുള്ള ബന്ധം എന്നിവയെല്ലാം അന്വേഷിക്കുന്ന വിശാലമായ ഒരു ജനാധിപത്യ പ്ലാറ്റ്‌ഫോമായി ഇത് ക്രമേണ വികസിച്ചതിനാണ് ഇപ്പോള്‍ ഡല്‍ഹി സാക്ഷ്യം വഹിക്കുന്നത്. ഇടുങ്ങിയ മേഖലാധിഷ്ഠിത പ്രക്ഷോഭങ്ങളിൽനിന്ന് വ്യത്യസ്‌തമായി, അതിന്റെ ഘടകങ്ങൾക്കിടയിൽ ഗണ്യമായ വൈവിധ്യം അനുവദിച്ചുകൊണ്ട് തന്നെ വിദ്യാർഥികൾ, അധ്യാപകർ, സിവിൽ സൊസൈറ്റി സംഘടനകൾ, പൊതുബുദ്ധിജീവികൾ, ജനാധിപത്യ പ്രവർത്തകർ, രാഷ്‌ട്രീയ സംഘടനകൾ എന്നിവരെ ഒരൊറ്റ പൊതു പ്ലാറ്റ്‌ഫോമിൽ ഒന്നിപ്പിക്കാൻ ശ്രമിക്കുന്ന രാഷ്‌ട്രീയമാണ് ഇതിന്റെ ജീവനാഡി. ജനാധിപത്യ പ്രതിസന്ധികളെ ഒറ്റപ്പെട്ട പോരാട്ടങ്ങളിലൂടെ പരിഹരിക്കാനാവില്ലെന്ന തിരിച്ചറിവാണ് ഈ വിശാലസഖ്യം പ്രതിഫലിപ്പിക്കുന്നത്.
ഈ പ്രക്ഷോഭം ഉയർത്തുന്ന അടിയന്തര പ്രശ്നങ്ങൾ വിദ്യാഭ്യാസ ഭരണനിർവഹണം, സ്ഥാപനപരമായ ഉത്തരവാദിത്വം, പൊതുഭരണത്തിലെ സുതാര്യത, വിദ്യാർഥികളുടെ ജനാധിപത്യ അവകാശങ്ങൾ എന്നിവയെക്കുറിച്ചുള്ളതാണ്. എങ്കിലും ഈ ആവശ്യങ്ങൾ സർവകലാശാലാ സംവിധാനത്തിന് അപ്പുറത്തേക്ക് വ്യാപിക്കുന്നു. ഇന്ത്യ എന്ന ജനാധിപത്യ റിപ്പബ്ലിക്കിന്റെ ഏറ്റവും വലിയ അപചയകാലമായി കണക്കാക്കാവുന്ന സമകാലിക സന്ദര്‍ഭത്തില്‍ ഈ സമരം കൂടുതൽ മൗലികമായ ഒരു രാഷ്‌ട്രീയ ചോദ്യം ഉയർത്തുന്നു: പൊതുസ്ഥാപനങ്ങൾ ഏൽപ്പിക്കപ്പെട്ടിട്ടുള്ളവർക്ക് ഭരണനിർവഹണം പരാജയപ്പെടുമ്പോൾ ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടാൻ കഴിയുമോ? വിദ്യാഭാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി പ്രാധാന്യമർഹിച്ചത് ഈ പശ്ചാത്തലത്തിലാണ്. രാജിയാവശ്യം ഒരു വ്യക്തിക്കെതിരെയുള്ള, വ്യക്തിപരമായ പ്രചാരണമായി മാത്രം മനസ്സിലാക്കരുത്. മറിച്ച്, രാഷ്‌ട്രീയവും സ്ഥാപനപരവുമായ ഉത്തരവാദിത്വമെന്ന വലിയ ജനാധിപത്യ തത്വമാണ് അത് ഉയർത്തിപ്പിടിക്കുന്നത്. അധികാരത്തെ ഉത്തരവാദിത്വത്തിൽനിന്ന് വേർപെടുത്തി നിർത്തിയാൽ ആധുനിക ജനാധിപത്യത്തിന് പ്രവർത്തിക്കാനാവില്ല. സ്ഥാപനപരമായ അധികാരം പ്രയോഗിക്കുന്നവർ ഭരണപരമായ പരാജയങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനും തയ്യാറാകണം. അധികാരസ്ഥാനങ്ങളിലിരിക്കുന്നവർ സർക്കാരുകളോട് മാത്രമല്ല, തങ്ങൾ ഭരിക്കുന്ന സമൂഹത്തോടും മറുപടി പറയാൻ ബാധ്യസ്ഥരാകുമ്പോൾ മാത്രമേ ഉത്തരവാദിത്വം അർഥവത്താകൂ.
ജന്തർ മന്തറിലെ സമരക്കാഴ്‌ച കടപ്പാട്: ഗൂഗിൾ
സമകാലിക രാഷ്‌ട്രീയത്തില്‍ ബിജെപി ഇറക്കുമതിചെയ്‌തതാണ് സമ്പൂർണമായ ഉത്തരവാദിത്വരഹിത ഭരണം എന്ന സമീപനം. മതഭൂരിപക്ഷ രാഷ്‌ട്രീയത്തിന്റെ തണലിലാണ് ആ സമീപനം അവര്‍ നിലനിര്‍ത്തുന്നത്. ഇതിന് ഒരു രേഖപ്പെടുത്തപ്പെട്ട ചരിത്രമുണ്ട്. 2015 ജൂണിലെ "ലളിത്‌ഗേറ്റ്' (Lalitgate) വിവാദകാലത്ത് അന്നത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെയും രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെയും രാജി പ്രതിപക്ഷംആവശ്യപ്പെട്ടപ്പോള്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് ഈ ആവശ്യങ്ങൾ തള്ളിക്കൊണ്ട് നടത്തിയ കുപ്രസിദ്ധമായ ഒരു പ്രസ്‌താവനയുണ്ട്: “ആരും രാജിവെക്കില്ല, ഇത് യുപിഎ അല്ല എന്‍ഡിഎ ആണ്.” അദ്ദേഹത്തിന്റെ സഹമന്ത്രി രവിശങ്കർ പ്രസാദ് അതിന് അടിവരയിട്ടു: ""അവരുടെ (യുപിഎ) മന്ത്രിമാർ ചെയ്‌തതുപോലെയുള്ള കാര്യങ്ങളൊന്നും എൻഡിഎ മന്ത്രിമാർ ചെയ്യാന്‍ പോകുന്നില്ല.'' ഇപ്പോഴത്തെ ഈ രാഷ്‌ട്രീയ മുന്നേറ്റത്തിന്റെ ഏറ്റവും സവിശേഷമായ സംഭാവന ഒരുപക്ഷേ ബിജെപിയുടെ ഈ ഹുങ്കിനെതിരെ നിലയുറപ്പിച്ചു എന്നതാണ്.ഒടുവിൽ ധർമേന്ദ്ര പ്രധാന്റെ രാജിയിലൂടെ അതിന്റെ മുന ഒടിക്കാൻ കഴിഞ്ഞു എന്നതിലുമാണ്. ലക്കില്ലാത്ത ഭരണത്തോട് ചോദ്യങ്ങള്‍ ചോദിച്ചു എന്നതാണ്. ഈ സമരം, ആ അർഥത്തില്‍, അതുന്നയിക്കുന്ന അടിയന്തരമായ ആവശ്യങ്ങൾക്കപ്പുറം, ഭരണനിർവഹണം സുതാര്യവും ഉത്തരവാദിത്വമുള്ളതും പൊതുസമൂഹത്തോട് മറുപടി പറയാൻ ബാധ്യസ്ഥവുമാണെന്ന ജനാധിപത്യ തത്വത്തെ പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ട്. സമകാലിക ഇന്ത്യയിൽ ഇത്തരം ചോദ്യങ്ങൾക്ക് വർധിച്ചുവരുന്ന പ്രസക്തിയുണ്ട്. ഇവിടെ പലപ്പോഴും സ്ഥാപനങ്ങൾ പൊതുജനങ്ങളുടെ സൂക്ഷ്മപരിശോധനയിൽനിന്ന് വേറിട്ടുനിൽക്കുകയും ഒപ്പം എക്സിക്യൂട്ടീവ് അധികാരവുമായി കൂടുതൽ ചേർന്നുനിൽക്കുകയും ചെയ്യുന്നതാണ്. ബിജെപിയാകട്ടെ അതിന് മതഭരണത്തിന്റെ മറയിടുകയും ചെയ്യുന്നു.
ഈ പ്രക്ഷോഭത്തിന്റെ ശ്രദ്ധേയമായ മറ്റൊരു വശം യുവാക്കളുടെ പങ്കാളിത്തത്തിന്റെ ഏകീകരണമാണ്. മുൻതലമുറകളിൽനിന്ന് തികച്ചും വ്യത്യസ്‌തമായ ഒരു രാഷ്‌ട്രീയ സാമ്പത്തിക സ്ഥിതിയാണ് ഇന്നത്തെ വിദ്യാർഥികൾ നേരിടുന്നത്. സ്ഥിരതയില്ലാത്ത തൊഴിൽ സാഹചര്യങ്ങൾ (കരാർ ജോലികൾ, ആൽഗൊരിതമിക് മാനേജ്‌മെന്റ്), വിദ്യാഭ്യാസ മേഖലയിലെ പൊതുനിക്ഷേപത്തിന്റെ ചുരുങ്ങൽ, വർധിച്ചുവരുന്ന സ്വകാര്യവൽക്കരണം എന്നിവയാൽ അനിശ്ചിതമായ തൊഴിൽ വിപണിയിലേക്കാണ് അവർ പ്രവേശിക്കുന്നത്. വിദ്യാഭ്യാസം, പൗരത്വം, മേല്‍നിരീക്ഷണം (surveillance), പ്രത്യയശാസ്‌ത്രപരമായ നിയന്ത്രണം എന്നിവയെക്കുറിച്ചുള്ള തീവ്രമായ സംഘർഷങ്ങൾ നടക്കുന്ന ഇടങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറുകയാണ്. യുവാക്കളുടെ പങ്കാളിത്തം ക്യാമ്പസ് പരാതികളെ മാത്രമല്ല, ജനാധിപത്യ പൗരത്വത്തിന്റെ ഭാവിയെക്കുറിച്ചുള്ള വിശാലമായ ആശങ്കകളെയും പ്രതിഫലിപ്പിക്കുന്നുണ്ട്.
സോനം വാങ്‌ചുക്കിന്റെ
ഇടപെടൽ
സോനം വാങ്‌ചുക്കിന്റെ നിരാഹാരം, പ്രക്ഷോഭത്തിന്റെ ധാർമികവും രാഷ്‌ട്രീയവുമായ സ്വീകാര്യതയെ ഗണ്യമായി വികസിപ്പിച്ചുവെന്നത് അവിതര്‍ക്കിതമാണ്. പരമ്പരാഗത പാർടി രാഷ്‌ട്രീയത്തിന് അപ്പുറത്തേക്ക് നീളുന്ന ഒരു ആധികാരികത വാങ്ചുക്കിനുണ്ട്. അദ്ദേഹത്തിന്റെ ഇടപെടലുകൾ ഭരണഘടനാ മൂല്യങ്ങൾ, പാരിസ്ഥിതിക നീതി, ജനാധിപത്യ പങ്കാളിത്തം, ധാർമിക ഉത്തരവാദിത്വം എന്നിവയെ നിരന്തരം ഉദ്ബോധിപ്പിക്കുന്നതാണ്. അദ്ദേഹത്തിന്റെ പിന്തുണ, കേവലമൊരു സ്ഥാപനപരമായ പ്രക്ഷോഭമായി അവശേഷിക്കുമായിരുന്ന ഒന്നിൽനിന്ന് വിശാലമായ ജനാധിപത്യ പ്രതിധ്വനിയുള്ള ഒരു പ്രസ്ഥാനമായി ഇതിനെ മാറ്റി. ഔദ്യോഗിക രാഷ്‌ട്രീയ സ്ഥാപനങ്ങളിലുള്ള പൊതുവിശ്വാസം ഗണ്യമായി കുറഞ്ഞ ഒരു കാലഘട്ടത്തിൽ, ഇത്തരം നൈതിക ഇടപെടലുകൾക്ക് പലപ്പോഴും അപൂർവമായ പ്രാധാന്യം കൈവരുന്നു.
ഭരണകൂടത്തിന്റെ പ്രതികരണം സ്വാഭാവികമായും പരിചിതമായ ഒരു ഫാഷിസ്റ്റ് രീതിയാണ് പിന്തുടർന്നത്. ഈ പ്രസ്ഥാനത്തെ ജനാധിപത്യപരമായ സംവാദത്തിനുള്ള അവസരമായി കാണുന്നതിന് പകരം പൊലീസിങ്, ഒത്തുകൂടലുകൾക്കുള്ള നിയന്ത്രണങ്ങൾ, മേല്‍നിരീക്ഷണം, ഭരണപരമായ സമ്മർദം എന്നിവയിലൂടെ അടിച്ചമർത്താനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങളാണ് ഉണ്ടായത്. ഇത്തരം പ്രതികരണങ്ങൾ, ജനാധിപത്യപരമായ വിയോജിപ്പുകളെ ഭരണഘടനാ ജനാധിപത്യത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകമായി കാണുന്നതിന് പകരം, പ്രാഥമികമായി ഒരു ക്രമസമാധാന പ്രശ്നമായി സമീപിക്കാനുള്ള ഫാഷിസ്റ്റ് പ്രവണതയെ വെളിപ്പെടുത്തുന്നതാണ്. അതിനാൽ പൊലീസ് അതിക്രമങ്ങള്‍ ഈ പ്രക്ഷോഭത്തിനും അപ്പുറത്തേക്ക് നീളുന്ന ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. സമാധാനപരമായ ജനാധിപത്യ പ്രക്ഷോഭങ്ങൾക്ക് ലഭ്യമായ ഇടങ്ങൾ ചുരുങ്ങുന്നതിനെക്കുറിച്ചാണ് നമ്മള്‍ ആശങ്കപ്പെടേണ്ടിവരുന്നത് എന്നത് രാജ്യം ഇപ്പോള്‍ എത്തിനില്‍ക്കുന്ന ദുഃസ്ഥിതിയുടെ പൂർണചിത്രം വരച്ചുകാട്ടുന്നു.
രാഷ്‌ട്രീയ പാർടികളുടെ പ്രതികരണവും ശ്രദ്ധേയമായിരുന്നു. ഇടതുപക്ഷ സംഘടനകൾ നൽകിയ പിന്തുണ ഉടനടിയുള്ളതും ചരടുകള്‍ ഇല്ലാത്തതുമായിരുന്നു. ഇത് അത്ഭുതപ്പെടുത്തുന്ന ഒന്നല്ല. ചരിത്രപരമായി ഇന്ത്യയിലെ വിദ്യാർഥി പ്രസ്ഥാനങ്ങൾ സംഘടിത ഇടതുപക്ഷ രാഷ്‌ട്രീയം, ട്രേഡ് യൂണിയനുകൾ, ജനാധിപത്യ അവകാശ സംഘടനകൾ, പുരോഗമന സിവിൽ സൊസൈറ്റി എന്നിവയുമായുള്ള സഖ്യങ്ങളിൽ നിന്നാണ് കരുത്ത് ഉൾക്കൊണ്ടിട്ടുള്ളത്. ഇത്തരം പിന്തുണകൾ സംഘടനാപരമായ തുടർച്ച, നിയമപരമായ വിഭവങ്ങൾ, രാഷ്‌ട്രീയ അനുഭവം, പെട്ടെന്നുണ്ടാകുന്ന പൊതുജനരോഷത്തിന്റെ നിമിഷങ്ങൾക്ക് അപ്പുറത്തേക്ക് പോരാട്ടങ്ങളെ നിലനിർത്താനുള്ള ശേഷി എന്നിവ നൽകുന്നതാണ്.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഗണ്യമായ കാലതാമസത്തിന് ശേഷമാണ് പിന്തുണ നൽകിയത്. ഒടുവിൽ നൽകിയ പിന്തുണ സ്വാഗതാർഹമാണെങ്കിലും, വൈകിയുള്ള ഇടപെടലുകൾ പലപ്പോഴും ഐക്യദാർഢ്യം ഏറ്റവും കൂടുതൽ ആവശ്യമായി വരുന്ന നിമിഷങ്ങളിൽ ജനാധിപത്യപരമായ സമാഹരണങ്ങളെ ദുർബലപ്പെടുത്തുന്നു. പ്രതിപക്ഷ രാഷ്‌ട്രീയം പാർലമെന്ററി ചർച്ചകളിൽ മാത്രം ഒതുങ്ങിനിൽക്കാനാവില്ല. നിയമസഭകൾക്ക് പുറത്ത് വികസിക്കുന്ന പോരാട്ടങ്ങളിലെ സജീവ പങ്കാളിത്തത്തിലൂടെയാണ് ജനാധിപത്യപരമായ സാധുത ഒരുപോലെ ഉൽപ്പാദിപ്പിക്കപ്പെടുന്നത്. പ്രതിപക്ഷത്തിലെ ചില വിഭാഗങ്ങൾ പ്രകടിപ്പിച്ച മടി, ഇന്ന് മധ്യവർത്തി രാഷ്‌ട്രീയത്തെ അലട്ടുന്ന വിശാലമായ ഒരു പ്രതിസന്ധിയെ പ്രതിഫലിപ്പിക്കുന്നു‐ പാർലമെന്ററിക്ക് പുറത്തുള്ള ജനാധിപത്യ സമാഹരണങ്ങളിൽ പങ്കെടുക്കാനുള്ള വിമുഖതയാണത്.
സുതാര്യതയുടെയും ഉത്തരവാദിത്വത്തിന്റെയും മുദ്രാവാക്യങ്ങളാണ് ഈ പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന രാഷ്‌ട്രീയഭാഷ രൂപപ്പെടുത്തിയത്. അവ അതാര്യത, അമിതാധികാര കേന്ദ്രീകരണം, ഭരണപരമായ ശൈഥില്യങ്ങള്‍ എന്നിവയാൽ നിരന്തരം പരാജിതമാകുന്ന ഒരു ഭരണശൈലിയെ ചോദ്യം ചെയ്യുന്നു. പരാജയങ്ങൾ സംഭവിച്ചതിന് ശേഷം വ്യക്തികളെ ശിക്ഷിക്കുക എന്നത് മാത്രല്ല ഉത്തരവാദിത്വംകൊണ്ട് ഉദ്ദേശിക്കുന്നത്; മറിച്ച് സ്ഥാപനങ്ങളുടെ തുടർച്ചയായ ജനാധിപത്യവൽക്കരണത്തെക്കുറിച്ചാണ് അത് ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. അതുപോലെ സുതാര്യതയെ കേവലമായ നടപടിക്രമങ്ങളുടെ വെളിപ്പെടുത്തലുകളായി ചുരുക്കാനാവില്ല. പൗരർക്ക് വിവരങ്ങളിലേക്ക് അർഥവത്തായ പ്രവേശനം, തീരുമാനമെടുക്കലിൽ പങ്കാളിത്തം, അധികാരത്തെ ചോദ്യംചെയ്യാനുള്ള സംവിധാനങ്ങൾ എന്നിവ ഉണ്ടായിരിക്കണമെന്ന് അത് ആവശ്യപ്പെടുന്നു.
പൗരത്വ ഭേദഗതിക്കെതിരെ നടന്ന പ്രക്ഷോഭം
സോനം വാങ്‌ചുക്കിന്റെ അനിശ്ചിതകാല നിരാഹാര സമരത്തിന്റെ ഇരുപത്തൊന്നാം ദിവസം അദ്ദേഹത്തെ ജന്തർ മന്തറിലെ പ്രക്ഷോഭസ്ഥലത്തുനിന്ന് ബലപ്രയോഗത്തിലൂടെ മാറ്റിയത് സമരത്തില്‍ ഒരു നിർണായക വഴിത്തിരിവായി മാറി. അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായാൽ ഇടപെടാൻ അനുമതി നൽകുന്ന കോടതി ഉത്തരവും വൈദ്യോപദേശവും ചൂണ്ടിക്കാട്ടി, വാങ്ചുക്കിന്റെ ആഗ്രഹത്തിന് വിരുദ്ധമായി പുലർച്ചെ നടത്തിയ തികച്ചും ആസൂത്രിതമായ ഒരു ഓപറേഷനിലൂടെ ഡൽഹി പൊലീസ് അദ്ദേഹത്തെ സഫ്ദർജങ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, നിർദിഷ്ട പാർലമെന്റ് മാർച്ചിന്റെ തലേന്ന് സമാധാനപരമായ ജനാധിപത്യ പ്രക്ഷോഭത്തെ തടസ്സപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നിയമവിരുദ്ധമായ തടങ്കലിൽ വയ്‌ക്കലാണ് ഈ നടപടിയെന്ന് അദ്ദേഹത്തിന്റെ കുടുംബവും പ്രക്ഷോഭകരും വിശേഷിപ്പിച്ചു. ഈ സംഭവം, പ്രാഥമികമായും വിദ്യാഭ്യാസ സംബന്ധിയായ ഒരു പ്രക്ഷോഭം എന്നതില്‍നിന്ന് ജനാധിപത്യപരമായ വിയോജിപ്പുകളുടെ അതിരുകളെക്കുറിച്ചും അഹിംസാത്മകമായ സിവിലിയൻ നിസ്സഹകരണത്തോടുള്ള ഭരണകൂടത്തിന്റെ പ്രതികരണത്തെക്കുറിച്ചുമുള്ള വിശാലമായ സംവാദമാക്കി ഈ സമരത്തെ മാറ്റിത്തീര്‍ത്തു.
ഗാന്ധിജി മുതലിങ്ങോട്ട്, നിരാഹാര സമരങ്ങൾ അവയുടെ ധാർമികശക്തി ഉൾക്കൊള്ളുന്നത് ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും മനസ്സാക്ഷിയോട് അഭ്യർഥിക്കുന്നതിനുള്ള ഒരു മാർഗമായി സ്വമേധയാ കഷ്ടപ്പാടുകൾ സഹിക്കുന്നതിൽ നിന്നാണ്. ജീവൻ സംരക്ഷിക്കുക എന്ന ന്യായീകരണം പറഞ്ഞുപോലും, ഉപവസിക്കുന്ന ഒരു പ്രതിഷേധക്കാരനെ ഭൗതികമായി നീക്കംചെയ്‌തുകൊണ്ട് ഭരണകൂടം ഇടപെടുമ്പോൾ, അത് ശരീരത്തിന്റെ പരമാധികാരം (bodily autonomy), വ്യക്തിയുടെ സമ്മതം (consent), സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം, എക്‌സിക്യൂട്ടീവ് അധികാരത്തിന്റെ അതിരുകൾ എന്നിവയെക്കുറിച്ച് ഭരണഘടനാപരവും ധാർമികവുമായ ചോദ്യങ്ങൾ ഒഴിവാക്കാനാവാത്തവിധം ഉയർത്തുന്നുണ്ട്.
വാങ്ചുക്കിനെ മാറ്റിയതുമായി ബന്ധപ്പെട്ട വിവാദം ഒരു വ്യക്തിയുടെ ആരോഗ്യത്തെക്കുറിച്ച് മാത്രമല്ല, മറിച്ച് ജനാധിപത്യപരമായ ഉത്തരവാദിത്വത്തിന്റെ അവസ്ഥയെത്തന്നെയാണ് പ്രതീകാത്മകമായി അടയാളപ്പെടുത്തിയത്. വാങ്ചുക്കിന്റെ കുടുംബം ആശങ്കകൾ ഉന്നയിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അനുമതി നൽകിയ ഡൽഹി ഹൈക്കോടതിയുടെ തുടർന്നുള്ള ഇടപെടൽ, സമകാലിക ഇന്ത്യയിലെ സുതാര്യത, നിയമസാധുത, സമാധാനപരമായ വിയോജിപ്പുകളോടുള്ള സമീപനം എന്നിവയെക്കുറിച്ചുള്ള വിശാലമായ പൊതുസംവാദത്തെ കൂടുതൽ ശക്തിപ്പെടുത്തുക മാത്രമേ ചെയ്‌തുള്ളൂ.
ജന്തർ മന്തർ പ്രക്ഷോഭം
ഉയര്‍ത്തുന്ന രാഷ്‌ട്രീയം
ജന്തർ മന്തർ പ്രസ്ഥാനം കേന്ദ്രീകൃതമല്ലാത്തതും ഡിജിറ്റലായി ബന്ധിപ്പിക്കപ്പെട്ടതും സമാന്തരമായ ആശയവിനിമയ ശൈലിയുള്ളതും സ്വന്തം സ്വത്വവ്യത്യാസങ്ങളെ ഇല്ലാതാക്കാതെത്തന്നെ വൈവിധ്യമാർന്ന സാമൂഹികഘടകങ്ങളെ ഒന്നിപ്പിക്കാൻ ശേഷിയുള്ളതുമാണ്. വിദ്യാർഥികൾ, അക്കാദമിക് വിദഗ്ധർ, പരിസ്ഥിതി പ്രവർത്തകർ, തൊഴിലാളികൾ, സിവിൽ സൊസൈറ്റി സംഘടനകൾ, രാഷ്‌ട്രീയ പാർടികൾ എന്നിവരെല്ലാം തങ്ങളുടെ സവിശേഷ വ്യക്തിത്വങ്ങൾ നിലനിർത്തിക്കൊണ്ട് ഇതിൽ പങ്കാളികളാകുന്നു. പരമ്പരാഗത പാർടി ഘടനയ്‌ക്ക് അപ്പുറത്തേക്ക് പുതിയ സ്ഥാപനരൂപങ്ങൾ സൃഷ്ടിക്കാൻ ശേഷിയുള്ള, രാഷ്‌ട്രീയ പ്രതിഭാസമാണോ സിജെപി എന്ന കാര്യം ഉറപ്പിക്കാറായിട്ടില്ല. പരമാധികാരത്തിന്റെയോ ജനാധിപത്യ ഭരണനിർവഹണത്തിന്റെയോ തികച്ചും പുതിയ രൂപങ്ങൾ നിർമിക്കുന്നതിനേക്കാൾ, നിലവിലുള്ള സ്ഥാപനങ്ങളുടെ പരിമിതികളിലേക്ക് വിരൽചൂണ്ടുന്ന നിശ്ചിത ജനാധിപത്യ മുദ്രാവാക്യങ്ങൾക്ക് ചുറ്റുമാണ് അത് ഇപ്പോഴും കേന്ദ്രീകരിച്ചിരിക്കുന്നത്. മാത്രമല്ല, അതിന്റെ തുടർച്ചയ്‌ക്കും ഫലപ്രാപ്തിക്കും സംഘടിത രാഷ്ട്രീയശക്തികളുടെ ഇടപെടലും പിന്തുണയും ഇതിനു ആവശ്യമായി വരും. ഈ സമരത്തില്‍ ഇടതുപക്ഷത്തിന്റെ പങ്കാളിത്തം ഒഴിച്ചുകൂടാനാവാത്തതായി നിലനിൽക്കുന്നത് എന്തുകൊണ്ടാണെന്ന് ഇത് വ്യക്തമാക്കുന്നു.
പെട്ടെന്നുണ്ടാകുന്ന സമാഹരണങ്ങൾക്ക് (spontaneous mobilizations) അസാധാരണമായ ധാർമിക ഊർജമുണ്ടെങ്കിലും, സംഘടനാപരമായ നിലനിൽപ്പ് പലപ്പോഴും പരിമിതമാണെന്ന് ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ചരിത്രം തെളിയിക്കുന്നു. നൈസർഗികതയും സമരസ്ഥിരതയും പൊരുത്തപ്പെടുത്തേണ്ടതുണ്ട്. 1968 മേയിൽ ഫ്രാൻസിലുണ്ടായ സംഭവങ്ങൾ ഇതിനൊരു ഉദാഹരണമാണ്. വിദ്യാർഥി പ്രക്ഷോഭം ബുദ്ധിജീവി -സാംസ്‌കാരിക ജീവിതത്തെ പൂർണമായി പരിവർത്തനം ചെയ്‌തു. എങ്കിലും തൊഴിലാളിവർഗത്തിന്റെ സംഘടിത വിഭാഗങ്ങളുമായി നീണ്ടുനിൽക്കുന്ന ഒരു സഖ്യം നിലനിർത്താൻ കഴിയാതിരുന്നത് അന്തിമമായി അതിന്റെ രാഷ്ട്രീയ ഫലശേഷിയെ പരിമിതപ്പെടുത്തി. തിരിഞ്ഞുനോക്കുമ്പോൾ, തൊഴിലാളിവർഗത്തിന്റെ പിന്മാറ്റം ആ പ്രസ്ഥാനത്തിന്റെ നിർണായകമായ ബലഹീനതകളിലൊന്നായിരുന്നു. വിദ്യാർഥി പ്രസ്ഥാനങ്ങൾ അപര്യാപ്തമാണെന്നല്ല ഇതിന്റെ പാഠം; മറിച്ച് ജനാധിപത്യപരമായ പരിവർത്തനത്തിന് വിദ്യാർഥികൾ, തൊഴിലാളികൾ, ട്രേഡ് യൂണിയനുകൾ, കർഷകർ, സിവിൽ സൊസൈറ്റി സംഘടനകൾ, പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എന്നിവർക്കിടയിൽ സുസ്ഥിരമായ സഖ്യങ്ങൾ ആവശ്യമാണ്. ഒപ്പം, വർഗസംഘടനകളുടെ പിന്‍ബലവും നേതൃത്വവും പരിവര്‍ത്തനോന്മുഖമായ സമരങ്ങളുടെ വിജയത്തിന് അനിവാര്യവുമാണ്.
സമകാലിക ഇന്ത്യയിലും ഇത്തരം നൈസർഗിക വിദ്യാർഥി പ്രസ്ഥാനങ്ങൾ രാഷ്ട്രീയഭാവനയും ധാർമിക സാധുതയും പൊതുശ്രദ്ധയും സൃഷ്ടിക്കുന്നു. എന്നാല്‍ സംഘടിത ഇടതുപക്ഷ പ്രസ്ഥാനങ്ങൾ സ്ഥാപനപരമായ ഓർമകളും സംഘടനാശേഷിയും വർഗവിശകലനവും നിരന്തരമായ രാഷ്ട്രീയ ഇടപെടലുകളും നൽകുന്നു. ഒന്നിന് മറ്റൊന്നിന് പകരമാകാൻ കഴിയില്ല. അതിനാൽ ജന്തർ മന്തറിലെ പ്രക്ഷോഭത്തിന്റെ ഭാവി, കേവല പ്രതിഷേധങ്ങൾക്കപ്പുറം സുസ്ഥിരമായ ജനാധിപത്യ ഐക്യദാർഢ്യം കെട്ടിപ്പടുക്കാൻ അതിന് സാധിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും. അതിന്റെ ആവശ്യങ്ങൾ അടിയന്തര സ്ഥാപനപരമായ പരാതികളിൽ മാത്രമായി ഒതുങ്ങിനിൽക്കുകയാണെങ്കിൽ, അതിന്റെ രാഷ്ട്രീയ സ്വാധീനം ക്രമേണ കുറഞ്ഞേക്കാം. എന്നാൽ, വിദ്യാഭ്യാസ മേഖലയിലെ സ്വയംഭരണാധികാരത്തെ തൊഴിൽ അവകാശങ്ങൾ, ഭരണഘടനാ മൂല്യങ്ങൾ, സാമൂഹിക നീതി, ജനാധിപത്യപരമായ ഉത്തരവാദിത്വം, സാമ്പത്തിക അസമത്വം എന്നിവയെക്കുറിച്ചുള്ള വിശാലമായ പോരാട്ടങ്ങളുമായി ബന്ധിപ്പിക്കുന്നതിൽ വിജയിക്കുകയാണെങ്കിൽ, ഇന്ത്യയിലെ ജനാധിപത്യ രാഷ്ട്രീയത്തിന്റെ പുനരുജ്ജീവനത്തിലെ പ്രധാനപ്പെട്ട ഒരു നിമിഷമായി മാറാൻ അതിന് കഴിയും. നിയോലിബറല്‍ സാമ്പത്തിക പുനഃസംഘടനയും ഏകാധിപത്യ കേന്ദ്രീകരണവും അടയാളപ്പെടുത്തിയ ഒരു കാലഘട്ടത്തിൽ, ഇത്തരം പ്രസ്ഥാനങ്ങൾക്കുള്ള ചരിത്രപരമായ പങ്കിനെ നിഷേധിക്കാന്‍ കഴിയില്ല. അവ ഇതിനകംതന്നെ ഭാവിയെ ഉൾക്കൊള്ളുന്നത് കൊണ്ടല്ല, മറിച്ച് അങ്ങനെയൊന്ന് സൃഷ്ടിക്കാനുള്ള ജനാധിപത്യപരമായ സാധ്യതയെ തുറന്നുവയ്‌ക്കുന്നതുകൊണ്ടാണ്.
കേന്ദ്രസർക്കാരിനെതിരെ ഡൽഹിയിൽ നടന്ന കർഷക സമരം
ഈ പ്രസ്ഥാനത്തിന്റെ അന്തിമ ഭാവി എന്തായിരിക്കുമെന്ന് പ്രവചിക്കാൻ ഇപ്പോൾ കഴിയില്ല. അടിച്ചമർത്തലുകൾക്കും ആന്തരിക വൈരുധ്യങ്ങൾക്കും രാഷ്ട്രീയമായ സ്വാംശീകരണങ്ങൾക്കും ഇരയായി ഇല്ലാതായിപ്പോകാൻ മാത്രം അസാധാരണമായ പ്രത്യാശകൾ വളർത്തിയെടുത്ത നിരവധി ജനാധിപത്യ പ്രക്ഷോഭങ്ങൾ ഉണ്ടായിട്ടുണ്ട്. മറ്റുള്ളവ ഹ്രസ്വകാലത്തേക്ക് പരാജയപ്പെട്ടതായി തോന്നിയെങ്കിലും, കാലക്രമേണ രാഷ്ട്രീയബോധത്തെ ആഴത്തിൽ പുനർനിർമിക്കുകയാണുണ്ടായത്. ജന്തർ മന്തറിലെ പ്രക്ഷോഭത്തിന്റെ ശാശ്വതമായ പ്രാധാന്യം നിൽക്കുന്നത് മറ്റൊരിടത്താണ്. കോർപറേറ്റ് താൽപ്പര്യങ്ങളുടെയും കേന്ദ്രീകൃത ഭരണകൂട അധികാരത്തിന്റെയും മതഭൂരിപക്ഷ രാഷ്ട്രീയത്തിന്റെയും സംയോജനത്തിലൂടെ സംഘപരിവാര്‍ ബിജെപിയിലൂടെ വളര്‍ത്തിയെടുത്ത ഭരണശൈലിയുടെ ആന്തരിക വൈരുധ്യങ്ങളെ അത് തുറന്നുകാട്ടിയിരിക്കുന്നു. ഉത്തരവാദിത്വം, സുതാര്യത, മന്ത്രിതല ചുമതലകൾ എന്നീ ചോദ്യങ്ങളെ മുൻനിർത്തിക്കൊണ്ട്, ക്രോണി ക്യാപിറ്റലിസത്തോടൊപ്പം പലപ്പോഴും കടന്നുവരാറുള്ള ശിക്ഷാഭയമില്ലാത്ത രാഷ്ട്രീയ സംസ്‌കാരത്തെ (culture of impunity) ഈ പ്രസ്ഥാനം ചോദ്യംചെയ്‌തിരിക്കുന്നു.
ഭരണകൂടത്തിന്റെ
സാധുതാ പ്രതിസന്ധി
ജന്തർ മന്തറിലെ പ്രക്ഷോഭം ബിജെപി നേതൃത്വത്തിലുള്ള സർക്കാർ നേരിടുന്ന കൂടുതൽ ആഴത്തിലുള്ള ഒരു സാധൂകരണ പ്രതിസന്ധിയെക്കൂടി (crisis of legitimacy) തുറന്നുകാട്ടുന്നുണ്ട്. ജനാധിപത്യത്തിലെ സാധുത എന്നത് കേവലം തെരഞ്ഞെടുപ്പ് വിജയങ്ങളിൽ അവസാനിക്കുന്ന ഒന്നല്ല; മറിച്ച് സുതാര്യത, ഉത്തരവാദിത്വം, ജനങ്ങളോടുള്ള പ്രതികരണശേഷി, പൊതുവിശ്വാസം എന്നിവയിലൂടെ അത് നിരന്തരം പുതുക്കപ്പെടേണ്ടതുണ്ട്. വിദ്യാഭ്യാസ ഭരണനിർവഹണത്തെക്കുറിച്ച് മറുപടി തേടുന്ന സമാധാനപരമായ പ്രതിഷേധക്കാരെ ഭരണപരമായ നിഷ്ക്രിയത്വം കൊണ്ടോ, പൊലീസ് നടപടികൾ കൊണ്ടോ, വൈകിയുള്ള രാഷ്ട്രീയ ഇടപെടലുകൾ കൊണ്ടോ നേരിടുമ്പോൾ, പ്രശ്നം അടിയന്തര പരാതികളിൽനിന്ന് മാറി ഭരണത്തിന്റെ സാധുതയെത്തന്നെ ചോദ്യംചെയ്യുന്നതിലേക്ക് വഴിമാറുന്നു. അതിനാൽ, കോർപറേറ്റ് താൽപ്പര്യങ്ങളോട് ചേർന്നുനിൽക്കുകയും എന്നാൽ ജനാധിപത്യപരമായ ഉത്തരവാദിത്വങ്ങളിൽനിന്ന് അകന്നുനിൽക്കുകയും ചെയ്യുന്ന ഒരു ഭരണകൂടത്തിന്റെ നയങ്ങളെ മാത്രമല്ല, അതിന്റെ നൈതികാധികാരത്തെത്തന്നെയാണ് ഈ സമരം ചോദ്യംചെയ്‌തു തുടങ്ങിയിരിക്കുന്നത്.
ഇത് ഒരു പൂർണമായ സാധുതാ പ്രതിസന്ധിയായി മാറുമോ എന്നത് മുന്നേറ്റത്തിന്റെ വേഗത നിലനിർത്താനും അതിന്റെ സാമൂഹിക അടിത്തറ വികസിപ്പിക്കാനുമുള്ള പ്രക്ഷോഭത്തിന്റെ ശേഷിയെ ആശ്രയിച്ചിരിക്കും. എന്നാല്‍ പ്രക്ഷോഭത്തിന്റെ ആവേഗം ഈ ദിശയിലേക്കു ത്വരിതപ്പെടുത്താന്‍ ഇന്നത്തെ ഇന്ത്യയില്‍, ഇടതുപക്ഷ പാർടികളുടെയും ഗ്രൂപ്പുകളുടെയും ഇടപെടലും ഏകീകരണവും ഒഴിച്ചുകൂടാനാവാത്തതാണ്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ശക്തിപ്പെടലും ജനാധിപത്യശക്തികളുമായുള്ള ഏകോപനവും അടിയന്തര പ്രാധാന്യമുള്ള പ്രക്രിയയാവുന്നത് ഈ പശ്ചാത്തലത്തിലാണ്. വിദ്യാർഥി പ്രതിഷേധങ്ങൾക്ക് തീര്‍ച്ചയായും വൻതോതിലുള്ള ധാർമിക ഊർജമുണ്ട്. എന്നാൽ സംഘടിത തൊഴിലാളികൾ, കർഷകർ, ട്രേഡ് യൂണിയനുകൾ, പൗരാവകാശ ഗ്രൂപ്പുകൾ, മഹിളാ സംഘടനകൾ, പുരോഗമന രാഷ്ട്രീയ പാർടികൾ എന്നിവരുമായി സുസ്ഥിരമായ സഖ്യങ്ങൾ കെട്ടിപ്പടുക്കുമ്പോൾ മാത്രമേ അവയ്‌ക്ക് പരിവർത്തനാത്മകമായ രാഷ്ട്രീയശക്തി കൈവരികയുള്ളൂ എന്ന് ചരിത്രം വ്യക്തമാക്കുന്നു.
പാർലമെന്ററി രാഷ്ട്രീയത്തിന് അകത്തും പുറത്തുമുള്ള ജനാധിപത്യ ശക്തികളുടെ ഏകോപനവും ഒരുപോലെ പ്രധാനമാണ്. രാഷ്ട്രീയ പാർടികൾക്ക് മാത്രമായി ഇത്തരം പോരാട്ടങ്ങളെ നിലനിർത്താനാവില്ല, അതുപോലെ സിവിൽ സൊസൈറ്റി പ്രസ്ഥാനങ്ങൾക്ക് സംഘടിത രാഷ്ട്രീയത്തിൽനിന്ന് സ്ഥിരമായി വേറിട്ടുനിൽക്കാനും കഴിയില്ല. പാർലമെന്ററി ഉത്തരവാദിത്വത്തിനായുള്ള മുദ്രാവാക്യത്തെ ഏകാധിപത്യം, നവഉദാരവൽക്കരണ പുനഃസംഘടന, വളർന്നുവരുന്ന കോർപറേറ്റ് അധികാര കേന്ദ്രീകരണം എന്നിവക്കെതിരെയുള്ള വിശാലമായ പോരാട്ടങ്ങളുമായി ബന്ധിപ്പിക്കാൻ ശേഷിയുള്ള ഒരു ജനാധിപത്യ മുന്നണി രൂപീകരിക്കുകയാണ് യഥാർഥ വെല്ലുവിളി. ലിബറല്‍ പാർടികള്‍ ഒരിക്കലും അത്തരമൊരു അജൻഡ സ്വയം ഏറ്റെടുക്കില്ല. അതിനാല്‍ ഇടതുപക്ഷ സഖ്യങ്ങൾ പ്രക്ഷോഭത്തെ ശക്തിപ്പെടുത്തുക മാത്രമല്ല ചെയ്യുക; ഭരണഘടനാപരമായ വാഗ്ദാനങ്ങളും യഥാർഥ ഭരണനിർവഹണവും തമ്മിലുള്ള വർധിച്ചുവരുന്ന അകലം വെളിപ്പെടുത്തിക്കൊണ്ട് ഭരണകൂടത്തിന്റെ സാധുതാ പ്രതിസന്ധിയെ ആഴത്തിലാക്കാനും അവയ്‌ക്ക് സാധിക്കും. ഒറ്റപ്പെട്ട പരാതികളെ രാഷ്ട്രീയ സാധുതയെക്കുറിച്ചുള്ള വിശാലമായ ചോദ്യങ്ങളാക്കി മാറ്റുന്നതിൽ ഇടതു‐ജനാധിപത്യ പ്രസ്ഥാനങ്ങൾ വിജയിക്കുമ്പോൾ മാത്രമാണ് സമൂഹത്തിലെ അധികാര സമവാക്യങ്ങളെ പുനർനിർമിക്കാൻ കഴിയുക എന്നത് ഒരടിസ്ഥാന ചരിത്രപാഠമാണല്ലോ.
1968‐ൽ ഫ്രാൻസിൽ നടന്ന വിദ്യാർഥി പ്രക്ഷോഭം
മാത്രമല്ല, ഡിജിറ്റൽ നിരീക്ഷണങ്ങളുടെയും അൽഗോരിതമിക് നിയന്ത്രണങ്ങളുടെയും ചുരുങ്ങുന്ന ജനാധിപത്യ ഇടങ്ങളുടെയും ഈ കാലഘട്ടത്തിൽപ്പോലും, ഭരണകൂടത്തിനെതിരായ സംഘടിതമായ പൊതു വിയോജിപ്പുകൾ സാധ്യമാണെന്ന് ഈ സമരം തെളിയിച്ചിരിക്കുന്നു. എങ്കിലും പ്രക്ഷോഭം സുസ്ഥിരമായ ഒരു ജനാധിപത്യ മുന്നേറ്റമായി വളരുമോ എന്നത് തൊഴിലാളികൾ, കർഷകർ, വിദ്യാർഥികൾ, സിവിൽ സൊസൈറ്റി, പുരോഗമന രാഷ്ട്രീയ ശക്തികൾ എന്നിവരുമായി സുസ്ഥിരമായ സഖ്യങ്ങൾ കെട്ടിപ്പടുക്കാനുള്ള അതിന്റെ ശേഷിയെ ആശ്രയിച്ചിരിക്കും. എന്നാൽ അതിന്റെ അടിയന്തര ഫലം എന്തുതന്നെയായാലും, രാഷ്‌ട്രീയമായി പ്രാധാന്യമർഹിക്കുന്ന ഒന്ന് അത് ഇതിനകം നേടിയിട്ടുണ്ട്: കോർപറേറ്റ്-ഏകാധിപത്യ ഭരണകൂടത്തെ ചുറ്റിപ്പറ്റിയുള്ള തോൽപ്പിക്കാനാവാത്ത പ്രഭാവലയമെന്ന മിഥ്യയെ (aura of invincibility) അത് തകർക്കുകയും, അധികാരം ഒരുകാലത്തും ആത്യന്തികമല്ലെന്ന് ഒരു തലമുറയെ ഓർമിപ്പിക്കുകയും ചെയ്‌തിരിക്കുന്നു. ഓരോ ജനാധിപത്യപ്പോരാട്ടവും അവശേഷിപ്പിക്കുന്നത് കേവല വിജയങ്ങളോ പരാജയങ്ങളോ മാത്രമല്ല, മറിച്ച് പുതിയ രാഷ്ട്രീയ ഭാവനകളെക്കൂടിയാണ്. ആ അർഥത്തിൽ, എത്ര ശക്തമായ ഭരണകൂടഘടനകളെയും ചോദ്യം ചെയ്യാനും ചെറുക്കാനും അന്തിമമായി പരിവർത്തനം ചെയ്യാനും സാധിക്കുമെന്ന സാധ്യതയുടെ വിത്തുകൾ ഈ പ്രസ്ഥാനം ഇതിനകംതന്നെ പാകിയിട്ടുണ്ട് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ രാഷ്‌ട്രീയവിജയം .










0 comments