കവർസ്റ്റോറി
സംഘപരിവാറിനെ വിറപ്പിച്ച് ഇന്ത്യൻ യുവത

എം പ്രശാന്ത്
Published on Aug 08, 2026, 11:28 AM | 13 min read
ഇന്ത്യൻ യുവതയുടെ ചോര വീണ് ചുവന്ന ഡൽഹി ജന്തർ മന്തറിലെ മണ്ണിൽ ജനാധിപത്യത്തിന്റെ പുത്തൻ സൂര്യോദയം. അഭേദ്യമെന്ന് കരുതപ്പെടുന്ന സംഘപരിവാറിന്റെ അമിതാധികാര കോട്ടകൊത്തളങ്ങൾ സമരവീര്യത്താൽ ജ്വലിച്ച ഒരുപറ്റം യുവതീയുവാക്കൾ ഇടിച്ചുനിരത്തി. സ്വതന്ത്ര ഇന്ത്യ ഇതുവരെ കാണാത്ത വിദ്യാർഥി‐യുവജന മുന്നേറ്റത്തിൽ മോദി സർക്കാരിന്റെ ഉരുക്കുമുഷ്ടി ഭരണത്തിന് മുട്ടുമടക്കേണ്ടിവന്നു. തുടർച്ചയായ ചോദ്യപേപ്പർ ചോർച്ചകളും സിബിഎസ്‌ഇ പ്ലസ്‌ടു പരീക്ഷാ ക്രമക്കേടുകളുമടക്കം വിദ്യാഭ്യാസ മേഖലയിലെ കൂട്ടക്കുഴപ്പങ്ങൾക്ക് ഉത്തരവാദിയായ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചൊഴിഞ്ഞു. മോദി സർക്കാർ 2014ൽ അധികാരത്തിലെത്തിയശേഷം ആദ്യമായി ജനകീയപ്രക്ഷോഭത്തിന് മുന്നിൽ ഒരു കേന്ദ്രമന്ത്രിയുടെ രാജി. ബംഗാളടക്കം പിടിച്ച് ഇന്ത്യൻ രാഷ്ട്രീയത്തിൽ കുതിച്ചുപായാൻ വെമ്പിയ സംഘപരിവാർശക്തികൾക്ക് മുഖത്തേറ്റ പ്രഹരമായി ധർമേന്ദ്ര പ്രധാന്റെ രാജി.
ജന്തർ മന്തറിൽ നടന്ന ജെൻ സീ പ്രക്ഷോഭത്തിനെത്തിയ വിദ്യാർഥികൾ പാർലമെന്റിലേക്ക് മാർച്ച് ചെയ്യുന്നു
കടപ്പാട്: ഗൂഗിൾ
യുവജന പ്രക്ഷോഭത്തിന്റെ
നാൾവഴികൾ
ഇൗ വർഷത്തെ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതും സിബിഎസ്‌ഇ പ്ലസ്‌ടു പരീക്ഷയിലെ ക്രമക്കേടുകളുമാണ് വിദ്യാർഥി‐യുവജന പ്രക്ഷോഭത്തിന് വഴിയൊരുക്കിയത്. മെയ് മൂന്നിനായിരുന്നു രാജ്യവ്യാപകമായുള്ള നീറ്റ് പരീക്ഷ. തൊട്ടടുത്ത ദിവസംതന്നെ ചോദ്യപേപ്പർ ചോർച്ച തെളിവുസഹിതം പുറത്തുവന്നു. വാട്ട്‌സാപ്പ്, ടെലിഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ കെമിസ്‌ട്രി, ഫിസിക്‌സ്, ബയോളജി പരീക്ഷകളുടെ ചോദ്യങ്ങൾ വ്യാപകമായി കൈമാറ്റം ചെയ്യപ്പെടുകയായിരുന്നു. കോച്ചിങ് സെന്ററുകളും മറ്റും കേന്ദ്രീകരിച്ചാണ് ചോദ്യങ്ങൾ പണം വാങ്ങി കൈമാറ്റം ചെയ്യപ്പെട്ടത്. മുപ്പതിനായിരംമുതൽ അമ്പതുലക്ഷം രൂപയ്‌ക്ക്‌വരെ ചോദ്യങ്ങൾ വിറ്റതായാണ് റിപ്പോർട്ടുകൾ. രാജസ്ഥാനിലെ ബിജെപി നേതാവ് ദിനേഷ് ബിൻവാലും സഹോദരനും ചോദ്യചോർച്ചയിൽ നിർണായക കണ്ണികളായി. ഇരുവരും 15 ലക്ഷം രൂപയ്‌ക്ക് നീറ്റ് ചോദ്യങ്ങൾ വാങ്ങിയതിന് ശേഷം വ്യാപകമായി മറിച്ചുവിറ്റതായാണ് സിബിഐയുടെ കണ്ടെത്തൽ. ഇരുവരെയും അന്വേഷണ ഏജൻസി അറസ്‌റ്റുചെയ്‌തു.
നീറ്റ് പരീക്ഷയുടെ നടത്തിപ്പുകാരായ നാഷണൽ ടെസ്‌റ്റിങ് ഏജൻസിക്ക് ചോദ്യപേപ്പർ ചോർച്ചയിൽ ഗുരുതര വീഴ്‌ച സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. എൻടിഎയ്‌ക്ക് വേണ്ടി നീറ്റ് ചോദ്യങ്ങൾ തയ്യാറാക്കുന്ന പി വി കുൽക്കർണിയെന്ന കെമിസ്‌ട്രി അധ്യാപകനും മനീഷ ഗുരുനാഥ് എന്ന ബയോളജി അധ്യാപികയും അറസ്‌റ്റിലായി. ഫിസിക്‌സ് ചോദ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് പുണെയിലുള്ള മനീഷ സഞ്‌ജയ് ഹവൽദാർ എന്ന അധ്യാപികയെയും സിബിഐ കസ്‌റ്റഡിയിലെടുത്തു.
ചോദ്യപേപ്പർ ചോർച്ചയെ ഗൗരവത്തിലെടുക്കാൻ മോദി സർക്കാർ യാതൊരു താൽപ്പര്യവുമെടുത്തില്ല. എൻടിഎയെ ഉടച്ചുവാർക്കണമെന്ന പ്രതിപക്ഷ ആവശ്യത്തോട് മുഖംതിരിച്ചു. വിവാദങ്ങളെ തുടർന്ന് നീറ്റ് പരീക്ഷ റദ്ദാക്കിയ സർക്കാർ ജൂൺ 21ന് പുനഃപരീക്ഷയും പ്രഖ്യാപിച്ചു. പരീക്ഷ റദ്ദാക്കിയതോടെ നീറ്റ് പരീക്ഷയെഴുതിയ 22 ലക്ഷത്തിലേറെ കുട്ടികൾ കടുത്ത സമർദത്തിലായി. പലരും ആത്മഹത്യയുടെ വഴിതേടി. കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിലായി ഇരുപതിലേറെ വിദ്യാർഥികൾ ജീവനൊടുക്കി.
നീറ്റ് പരീക്ഷാ വിവാദങ്ങൾക്ക് പിന്നാലെയാണ് സിബിഎസ്‌ഇ പ്ലസ്‌ടു പരീക്ഷയുടെ മൂല്യനിർണയവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങൾ ഉയർന്നത്. ആദ്യമായി കംപ്യൂട്ടർ അധിഷ്‌ഠിത ഓൺസ്‌ക്രീൻ മാർക്കിങ് (ഒഎസ്‌എം) രീതിയിലേക്ക് മൂല്യനിർണയം മാറ്റിയതിനെ തുടർന്നാണ് വിവാദങ്ങളുണ്ടായത്. ഉത്തരക്കടലാസുകൾ സ്‌കാൻ ചെയ്‌ത് ഡിജിറ്റൽരൂപത്തിലേക്ക് മാറ്റിയശേഷം മൂല്യനിർണയം നടത്തുന്നതാണ് ഒഎസ്‌എം രീതി. പ്ലസ്‌ടു പരീക്ഷയുടെ വിജയശതമാനം 85 ശതമാനത്തിലേക്ക് ഇടിഞ്ഞപ്പോൾ തന്നെ മൂല്യനിർണയത്തിന്റെ കാര്യത്തിൽ ആക്ഷേപങ്ങൾ ഉയർന്നു. പല കുട്ടികൾക്കും പ്രതീക്ഷിച്ച മാർക്കുകൾ ലഭിച്ചില്ല. 90 ശതമാനത്തിന് മുകളിൽ മാർക്ക് പ്രതീക്ഷിച്ചവർക്ക് 60–70 ശതമാനങ്ങളിലേക്ക് ഇടിഞ്ഞു. ഇതോടെ പുനർമൂല്യനിർണയം ആവശ്യപ്പെട്ട് വിദ്യാർഥികളുടെ തിക്കുംതിരക്കുമായി. പുനർമൂല്യനിർണയത്തിന് സിബിഎസ്‌ഇ ഇൗടാക്കുന്ന ഉയർന്ന ഫീസ് നിരക്കും വിവാദമായി. ഉത്തരക്കടലാസിന്റെ പകർപ്പിന് 700 രൂപയും പരിശോധനാ അഭ്യർഥനയ്‌ക്ക് 500 രൂപയും ഓരോ ചോദ്യത്തിന്റെയും പുനർമൂല്യനിർണയത്തിന് നൂറുരൂപ വീതവുമാണ് സിബിഎസ്‌ഇ ഇൗടാക്കിയിരുന്നത്. വലിയ വിമർശനം ഉയർന്നതോടെ ഫീസ് നിരക്കുകൾ കുറയ്‌ക്കാൻ സിബിഎസ്‌ഇ നിർബന്ധിതരായി. ഉത്തരക്കടലാസുകളുടെ പകർപ്പുകൾ ലഭിച്ച കുട്ടികൾ മൂല്യനിർണയത്തിൽ ഗുരുതര പിശകുകൾ കണ്ടെത്തി. ഉത്തരക്കടലാസുകളുടെ സ്‌കാൻ പകർപ്പുകൾക്ക് തെളിച്ചമില്ലാത്തതും മൂല്യനിർണയം നടത്താതെ പല ചോദ്യങ്ങളും വിട്ടുകളഞ്ഞതുമെല്ലാം വിവാദമായി.
ഒഎസ്‌എം രീതി നടപ്പാക്കുന്നതിനായി സിബിഎസ്‌ഇ ചുമതലപ്പെടുത്തിയ കോഎംപ്‌റ്റ് എഡ്യുടെക്ക് എന്ന ഹൈദഓബാദ് കേന്ദ്രീകരിച്ചുള്ള ഐടി സ്ഥാപനത്തിന്റെ പോരായ്‌മകളും ചർച്ച ചെയ്യപ്പെട്ടു. 2019‐ൽ തെലങ്കാനയിൽ സ്‌റ്റേറ്റ് ബോർഡിന്റെ പ്ലസ്‌ടു പരീക്ഷ നടത്തിയത് ഇതേ സ്ഥാപനമായിരുന്നു. അന്ന് പരീക്ഷയെഴുതിയ പത്തുലക്ഷത്തിനടുത്ത് വിദ്യാർഥികളിൽ നാലു ലക്ഷത്തോളം പേർ തോറ്റത് സംസ്ഥാനത്ത് വലിയ രാഷ്‌ട്രീയ വിവാദമായി മാറിയിരുന്നു. 17 ലക്ഷം പേർ എഴുതുന്ന സിബിഎസ്‌ഇ പ്ലസ്‌ടു പരീക്ഷയുടെ ഒഎസ്‌എം മൂല്യനിർണയ ചുമതല ഇതേ സ്ഥാപനത്തെ ഏൽപ്പിച്ചതിന് പിന്നിൽ കോഴയിടപാടുണ്ടെന്ന ആക്ഷേപവും ഉയർന്നു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്ക് സമാനമായി തന്നെ സിബിഎസ്‌ഇ പ്ലസ്‌ടു മൂല്യനിർണയ വിവാദത്തെയും മോദി സർക്കാർ ഗൗരവത്തിൽ പരിഗണിച്ചില്ല. എന്നാൽ നീറ്റ്, സിബിഎസ്‌ഇ പരീക്ഷാ നടത്തിപ്പ് വീഴ്‌ചകൾ വിദ്യാർഥികൾക്കിടയിൽ വലിയ അവമതിപ്പ് സൃഷ്ടിച്ചു. സമൂഹമാധ്യമങ്ങളിലും മറ്റും വലിയ ചർച്ചയായി മാറുകയും ചെയ്‌തു.
വിദ്യാർഥി പ്രതിഷേധത്തിനിടെ സർക്കാർ വിരുദ്ധ ചുവരെഴുത്തുകൾക്ക് സമീപം പോസ് ചെയ്യുന്ന സിജെപി പ്രവർത്തകർ കടപ്പാട്: ഗൂഗിൾ
കോക്രോച്ച് ജനതാ പാർടിക്ക്
തുടക്കമിട്ട് ചീഫ് ജസ്‌റ്റിസ്
സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് സൂര്യകാന്തിന്റെ ചില വിവാദ പരാമർശങ്ങളാണ് കോക്രോച്ച് ജനതാ പാർടിക്ക് (സിജെപി) വഴിതുറന്നത്. 2026 മെയ് 15ന് മുതിർന്ന അഭിഭാഷകരുടെ നിയമനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ ജസ്‌റ്റിസ് സൂര്യകാന്ത് നടത്തിയ വിവാദ പരാമർശങ്ങൾ ഇങ്ങനെ: ‘പാറ്റകളെ പോലെ ചില യുവാക്കളുണ്ട്. അവർക്ക് ഒരു തൊഴിലും കിട്ടില്ല. പ്രൊഫഷണിലും ഒരു സ്ഥാനവുമുണ്ടാകില്ല. ഇത്തരം പാറ്റകളിൽ ചിലർ സമൂഹമാധ്യമ പ്രവർത്തകരോ വിവരാവകാശ പ്രവർത്തകരോ ഒക്കെ ആയി മാറും. എല്ലാവരെയും കടന്നാക്രമിക്കും.’
ജസ്‌റ്റിസ് സൂര്യകാന്തിന്റെ പരാമർശം വിവാദമായതിന് പിന്നാലെ യുഎസിൽ ജേർണലിസം വിദ്യാർഥിയായ അഭിജിത് ദീപ്‌കെ സമൂഹമാധ്യമങ്ങളിലൂടെ കോക്രോച്ച് ജനതാ പാർടിയെന്ന ആക്ഷേപഹാസ്യ രാഷ്‌ട്രീയപ്രസ്ഥാനത്തിന് തുടക്കമിട്ടു. തൊഴിലില്ലാത്ത ചെറുപ്പക്കാരായ ‘പാറ്റ’കളോടെല്ലാം ഐക്യപ്പെടാൻ ആഹ്വാനം ചെയ്‌തു. സിജെപി സമൂഹമാധ്യമങ്ങളിലൂടെ വളരെ വേഗം പടർന്നുപന്തലിച്ചു. മൂന്നുമാസങ്ങൾക്കുള്ളിൽ അതൊരു തീജ്വാലയായി ആളിപ്പടരുകയും മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്ക് വഴിവയ്‌ക്കുകയും ചെയ്‌തു.
തന്റെ വിവാദ പരാമർശത്തിൽ ഒരു ഖേദപ്രകടനത്തിനുപോലും ചീഫ് ജസ്‌റ്റിസ് ഇതുവരെ തയ്യാറായിട്ടില്ല. യുവാക്കളെ താൻ അപമാനിച്ചിട്ടില്ലെന്നും വ്യാജബിരുദങ്ങൾ നേടി അഭിഭാഷകവൃത്തിയടക്കമുള്ള പ്രൊ-ഫഷണുകളിലേക്ക് എത്തുന്നവരെയാണ് ഉദ്ദേശിച്ചതെന്നും വിശദീകരണമുണ്ടായെങ്കിലും യുവജന പ്രതിഷേധം അപ്പോഴേക്കും ആളിപ്പടർന്നു. തിങ്കളാഴ്‌ച പാർലമെന്റ് മാർച്ചിന് നേരെ പൊലീസ് നടത്തിയ അടിച്ചമർത്തൽ പരിഗണിക്കണമെന്ന ആവശ്യമുയർന്നപ്പോൾ അതൊന്നും കേൾക്കാൻ തനിക്ക് സമയമില്ലെന്ന ജസ്‌റ്റിസ് സൂര്യകാന്തിന്റെ വിശദീകരണവും വിവാദമായി. ഹർജി കേൾക്കില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പിന്നീട് തിരുത്തി.
ജന്തർ മന്തർ
പ്രക്ഷോഭത്തിന് തുടക്കം
സമൂഹമാധ്യമങ്ങളിൽ സിജെപിക്ക് പിന്തുണയേറിയതോടെ സർക്കാർവിരുദ്ധ പ്രക്ഷോഭത്തെ സൈബറിടത്തിൽനിന്ന് രാജ്യതലസ്ഥാനത്തേക്ക് പറിച്ചുനടാൻ ദീപ്‌കെ തീരുമാനിച്ചു. യുഎസിൽനിന്ന് മടങ്ങിയെത്തി ജന്തർ മന്തറിൽ പ്രക്ഷോഭമാരംഭിക്കുമെന്ന് ദീപ്‌കെ പ്രഖ്യാപിച്ചു. ജൂൺ ആറിന് ഡൽഹിയിൽ വിമാനമിറങ്ങി ജന്തർ മന്തറിലെത്തി സമരമാരംഭിച്ചു. കാര്യമായ പിന്തുണ തുടക്കത്തിലുണ്ടായില്ല. ഇതോടെ സർക്കാർ വിരുദ്ധപ്രക്ഷോഭത്തിന് പിന്തുണ തേടി രാജ്യത്തെ മറ്റിടങ്ങളിൽ പ്രചാരണം നടത്തി. ബിജെപി വലിയതോതിൽ ദീപ്‌കെക്കതിരെ പ്രതിരോധമുയർത്തി. ജയ്‌പൂരിലെ ഷഹീദ് സ്‌മാരകത്തിൽ നടത്തിയ പ്രചാരണത്തിനിടെ സംഘപരിവാർ അനുഭാവി ദീപ്‌കെയുടെ മുഖത്ത് അടിക്കുകയും മർദിക്കുകയും ചെയ്‌തു.
തിരിച്ചടികളിൽ തളരാതെ ഡൽഹിയിൽ പ്രക്ഷോഭം തുടരാൻ സിജെപി പ്രവർത്തകർ തീരുമാനിച്ചു. ജൂൺ 20ന് ജന്തർ മന്തറിൽ അനിശ്‌ചിതകാല സമരം ആരംഭിച്ചു. എസ്‌എഫ്‌ഐ, ഐസ, എഐഎസ്‌എഫ് എന്നീ ഇടതുപക്ഷ വിദ്യാർഥി സംഘടനകളും പ്രക്ഷോഭത്തിന് പിന്തുണയുമായി ജന്തർ മന്തറിലെത്തി. സമരം സാവധാനത്തിൽ ജനശ്രദ്ധ പിടിച്ചുപറ്റിത്തുടങ്ങി. ജൂൺ 28ന് പരിസ്ഥിതി‐വിദ്യാഭ്യാസ പ്രവർത്തകനായ സോനം വാങ്‌ചുക്ക് സമരകേന്ദ്രത്തിലെത്തി അനിശ്‌ചിതകാല നിരാഹാരം ആരംഭിച്ചു. എന്നാൽ സമരത്തെ അവഗണിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. ചർച്ചയ്‌ക്ക് പോലും സന്നദ്ധമായില്ല. എന്നാൽ വാങ്‌ചുക്കിന്റെ നിരാഹാരം ഓരോ ദിവസം പിന്നിടുമ്പോഴും പ്രക്ഷോഭത്തിന് ജനപിന്തുണയേറി വന്നു. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് തൊട്ടുമുന്പായി വാങ്‌ചുക്കിനെ ബലമായി സമരസ്ഥലത്തുനിന്ന് നീക്കിയെങ്കിലും വൈകിപ്പോയിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ഡൽഹി സാക്ഷ്യംവഹിച്ചത് ചരിത്രമുന്നേറ്റത്തിനാണ്. സമരകേന്ദ്രത്തിലേക്ക് ഇരമ്പിയാർത്ത വിദ്യാർഥികളും യുവജനങ്ങളും എല്ലാ അടിച്ചമർത്തലുകളെയും അതിജീവിച്ച് തീക്കാറ്റായി മാറി. ജനകീയ മുന്നേറ്റങ്ങളെ അടിച്ചമർത്തി മാത്രം ശീലിച്ച മോദി സർക്കാരിന് അടിപതറി. മന്ത്രിയുടെ രാജിയടക്കം പ്രക്ഷോഭകരുടെ ആവശ്യങ്ങൾ പൂർണമായി അംഗീകരിച്ച് ബിജെപി സർക്കാർ മുട്ടുമടക്കി.
പ്രക്ഷോഭത്തിൽ പങ്കെടുത്ത എസ്‌എഫ്‌ഐ പ്രവർത്തകർ
ജന്തർ മന്തറിലെ
ഐതിഹാസിക സമരം
‘ഹം കോ ന്യായ്‌വാല ചാഹിയേ, ചായ്‌വാല നഹീ’ (ചായക്കാരൻ വേണ്ട, നീതിനടപ്പാക്കുന്നവൻ മതി), ‘മോദി തേരി താനാശാഹി നഹിചലേഗി, നഹിചലേഗി’ (മോദി നിന്റെ ഏകാധിപത്യം, നടപ്പില്ല നടപ്പില്ല), ‘മോദി തൂ ചായ് ഭേജോ, ദേശ് നഹീ’ (മോദി നീ വിൽക്കേണ്ടത് ചായയാണ്, രാജ്യത്തെയല്ല) ‘56 ഇഞ്ച് കാ ചോട്ടാ ബന്തർ, ഭാഗ് നരേന്ദ്ര ഭാഗ് നരേന്ദ്ര’ (56 ഇഞ്ചിന്റെ കുട്ടിക്കുരങ്ങൻ, ഓട് മോദി ഓട് മോദി)... രക്തരൂഷിതമായ ജൂലൈ 20ന്റെ പാർലമെന്റ് മാർച്ചിന് ശേഷം ജന്തർ മന്തറിലെ സമരവേദിയിൽ എത്തിയപ്പോൾ ഉയർന്നുകേട്ട മുദ്രാവാക്യങ്ങളിൽ നിറഞ്ഞുനിന്നത് മോദിയോടുള്ള വിദ്യാർഥികളുടെ അമർഷം. മോദി വിരുദ്ധ മുദ്രാവാക്യങ്ങൾ ആവേശത്തോടെ വിളിക്കുന്നവരിൽ ഏറെയും പെൺകുട്ടികളാണ്. ജെൻസി തലമുറ. സമരത്തെ അടിച്ചമർത്താൻ പൊലീസിനെയും കേന്ദ്രസേനയെയും അഴിച്ചുവിട്ടത് മോദിയാണെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു.
സമരവേദിയുടെ രൂപവും ഭാവവും ഏറെ മാറിയിരുന്നു. എങ്ങും നിറഞ്ഞ ആവേശം. മന്ത്രി പ്രധാൻ രാജിവയ്‌ക്കാതെ സമരവേദി വിടില്ലെന്ന നിശ്‌ചയദാർഢ്യമാണ് ഓരോ യുവതീയുവാക്കളുടെയും മുഖത്ത്. ആദ്യമായി ഒരു പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നവരാണ് ഭൂരിപക്ഷവും. അതിന്റെ യാതൊരു പകപ്പും അവർക്കില്ല. പൊലീസിന്റെ കാക്കിയെയും അർധസേനയുടെ നീല യൂണിഫോമിനെയും അവർ കൂസുന്നില്ല. പൊലീസിനെയും സൈന്യത്തെയും അടുത്തുകാണുമ്പോഴാണ് മുദ്രാവാക്യം വിളികൾക്ക് ആവേശമേറുന്നത്. പൊലീസിന് മുന്നിൽ നിന്നുകൊണ്ട് ലിപ്‌സ്‌റ്റിക്ക് ഇടുകയും കണ്ണെഴുതുകയും ചെയ്യുന്ന പെൺകുട്ടികൾ. വനിതാ പൊലീസുകാർക്ക് മുന്നിലും പിന്നിലുമായി നിന്ന് പാട്ടുപാടി സംഘനൃത്തമാടുന്നവർ. എല്ലാവരുടെയും കൈയ്യിൽ സ്‌മാർട്ട്‌ഫോണുകളുണ്ട്. അവരുടെ സുപ്രധാന ആയുധം. സമരകേന്ദ്രത്തിന്റെ ദൃശ്യങ്ങൾ പകർത്തിയും സമരാവേശം വിവരിച്ചും സമൂഹമാധ്യമങ്ങളിലൂടെ ഓരോ പ്രക്ഷോഭകനും സ്വയം മാധ്യമപ്രവർത്തകനായി മാറുന്നു. ജെൻസി നർമങ്ങൾ മുദ്രാവാക്യങ്ങളായും പാട്ടുകളായും പോസ്‌റ്ററുകളായും സമരഭൂമിയിൽ നിറയുന്നു. സംഘപരിവാറിന്റെ സൈബറിടത്തിലെ ആധിപത്യത്തെയും ഇന്ത്യൻ യുവത പൊളിച്ചുകളഞ്ഞു.
‘എന്റെ എക്‌സും ഇൗ സർക്കാരും ഒരേപോലെ ഹൃദയശൂന്യരാണ്’, ‘ആരും എന്നെ ഫണ്ട് ചെയ്യുന്നില്ല; ഞാൻ ഇൗ സർക്കാരിനെ വെറുക്കുന്നത് സൗജന്യമായാണ്’, ‘എൻടിഎയുടെ അത്ര ചോർച്ച എന്റെ പാഡിനില്ല’‐ ജെൻസി തലമുറ ഉയർത്തിയ രസകരമായ ചില പോസ്‌റ്റുകളിലെ വരികളാണിത്. ആർഎസ്‌എസിനും മോദിക്കുമെതിരായ ചുവരെഴുത്തുകളും ജന്തർ മന്തറിനും പരിസരത്തുമായി ധാരാളമായി കണ്ടു. സർക്കാരിന്റെ മർദനോപാധികളെയോ സംഘപരിവാറിന്റെ കായികാക്രമണങ്ങളെയോ ഗോദി മീഡിയയുടെ കുപ്രചാരണങ്ങളെയോ അവർ ഭയക്കുന്നില്ല. ‘മാമാ ഞങ്ങളെയും അടിക്കൂ’ എന്നാവശ്യപ്പെട്ട് പെൺകുട്ടികൾ അടുത്തേക്ക് എത്തുമ്പോൾ ഓടിമാറുന്ന പൊലീസുകാരെയാണ് സമരഭൂമിയിൽ കണ്ടത്. മൈക്ക് നീട്ടി എത്തുന്ന ഗോദി മീഡിയയുടെ പ്രതിനിധികളെ കൂട്ടമായി ആട്ടിപ്പായിക്കുന്നതും കാഴ്‌ചയായി. പ്രക്ഷോഭസ്ഥലത്തേക്ക് മോദി സ്‌തുതിയുമായി എത്തിയ സംഘപരിവാർ പ്രവർത്തകരെല്ലാം കൈകാര്യം ചെയ്യപ്പെട്ടു.
സമരത്തിൽ പങ്കെടുക്കാനെത്തിയ രാജസ്ഥാനിൽനിന്നുള്ള സുമൻ
പ്രധാന സമരവേദിയോട് ചേർന്നുതന്നെയാണ് എസ്‌എഫ്‌ഐ അടക്കമുള്ള ഇടതുപക്ഷ വിദ്യാർഥി സംഘടനകളുടെ ക്രാന്തി കോർണർ. എസ്‌എഫ്‌ഐ പ്രസിഡന്റ് ആദർശ് എം സജിയും ജനറൽ സെക്രട്ടറി ശ്രിജൻ ഭട്ടാചാര്യയും ജോയിന്റ് സെക്രട്ടറി ഐഷി ഘോഷുമെല്ലാം ക്രാന്തി കോർണറിൽ സജീവം. വാങ്‌ചുക്കിനൊപ്പം ആദർശും ഐഷിയും നിരാഹാരം അനുഷ്‌ഠിച്ചിരുന്നു. ‘ഹം ദേഖേംഗെ’ തുടങ്ങിയ വിപ്ലവഗാനങ്ങളും മുദ്രാവാക്യങ്ങളുമായി ആവേശത്തോടെ ജെഎൻയുവിലെയും ഡൽഹി സർവകലാശാലയിലെയും ജാമിയയിലെയും അംബേദ്‌കർ സർവകലാശാലയിലെയും വിദ്യാർഥികൾ ക്രാന്തികോർണറിനെ സമരഭരിതമാക്കി. കലാപരിപാടികൾ അവതരിപ്പിച്ച് ജനനാട്യമഞ്ചിന്റെ പ്രവർത്തകരും ഒപ്പംചേർന്നു. അംബേദ്‌കറുടെയും ഭഗത് സിങ്ങിന്റെയും ചെ ഗുവേരയുടെയുമെല്ലാം പോസ്‌റ്ററുകൾ സമരവേദിയിൽ നിറഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ വിവിധയിടങ്ങളിൽനിന്നുള്ള ആളുകളുടെ സാമ്പത്തികസഹായത്താൽ സൊമാറ്റോ, സ്വിഗി തുടങ്ങിയ ആപ്പുകൾ വഴി ഭക്ഷണപ്പൊതികൾ ക്രാന്തികോർണറിലേക്കും സമരകേന്ദ്രത്തിലേക്കും പ്രവഹിച്ചു.
ഓരോ പ്രക്ഷോഭകരും സ്വയം വളന്റിയറായി മാറുന്ന കാഴ്‌ചയും ജന്തർ മന്തറിൽ കണ്ടു. അനുനിമിഷം വർധിക്കുന്ന ജനപ്രവാഹത്തെ നിയന്ത്രിച്ചത് പ്രക്ഷോഭകർ തന്നെയാണ്. ഭക്ഷണവിതരണവും മറ്റുമായി വിവിധ സന്നദ്ധസംഘടനകളും സജീവം. സിപിഐ എം ഉൾപ്പെടെ വിവിധ പ്രതിപക്ഷ പാർടികളുടെ പ്രവർത്തകരും ഭക്ഷണവിതരണമടക്കമുള്ള സന്നദ്ധപ്രവർത്തനങ്ങളുമായി സജീവമായി അണിനിരന്നു. കോൺഗ്രസ് പ്രവർത്തകരെ മാത്രം എവിടെയും കണ്ടില്ല. മസ്‌ജിദുകളിൽ നിന്നും ഗുരുദ്വാരകളിൽ നിന്നും സഹായങ്ങൾ എത്തുന്നു. ഹിന്ദു‐മുസ്ലീം‐സിഖ്‐ക്രിസ്‌ത്യൻ ഐക്യം ഉയർത്തിയുള്ള മതസൗഹാർദത്തിന്റെ വേദി കൂടിയായി ജന്തർ മന്തർ പരിണമിച്ചു. സംഘപരിവാർ പയറ്റുന്ന ഹിന്ദു‐മുസ്ലീം ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെയും പ്രക്ഷോഭകർ ആഞ്ഞടിക്കുന്നുണ്ട്. സമരക്കാർക്ക് വിശ്രമിക്കുന്നതിനും ശുചിമുറി ഉപയോഗിക്കുന്നതിനുമായി സമരകേന്ദ്രത്തിന് സമീപമുള്ള ഗുരുദ്വാരകളും മസ്‌ജിദുകളും 24 മണിക്കൂറും തുറന്നിട്ടിരുന്നു. പെൺകുട്ടികൾ അടക്കം മസ്‌ജിദുകളിൽ വിശ്രമിച്ചു.
സിജെപി പ്രവർത്തകർ പ്രക്ഷോഭത്തിൽ കടപ്പാട്: ഗൂഗിൾ
കടുത്ത ഉഷ്‌ണച്ചൂടിൽ സമരക്കാർ തളരാതിരിക്കാൻ ചിലർ വിശറി വീശി. മറ്റുചിലർ കുപ്പികളിൽനിന്ന് വെള്ളം ചീറ്റിച്ച് അന്തരീക്ഷത്തെ തണുപ്പിച്ചു. പതിനായിരങ്ങൾ വന്നുപോകുന്ന സമരവേദി ശുചീകരിച്ചതും സമരക്കാർ തന്നെ. ജന്തർ മന്തറിലേക്കുള്ള ആൾപ്രവാഹം വർധിച്ചതോടെ മാലിന്യം നീക്കലടക്കമുള്ള ശുചീകരണജോലികളിൽ നിന്ന് അധികൃതർ പിൻവാങ്ങിയിരുന്നു. നീറ്റ് ചോർച്ചയെ തുടർന്ന് ആത്മഹത്യ ചെയ്‌ത വിദ്യാർഥികളുടെ ചിത്രങ്ങൾ ഒരു പോസ്‌റ്ററാക്കി മാറ്റി ശ്രദ്ധകിട്ടുംവിധം സ്ഥാപിച്ചു. പാർലമെന്റ് മാർച്ചിലുണ്ടായ കൂട്ടപ്പൊരിച്ചിലിൽ പ്രക്ഷോഭകരുടെ നഷ്ടമായ ചെരുപ്പുകൾ ശേഖരിച്ച് മറ്റൊരിടത്ത് പ്രദർശിപ്പിച്ചു. പകൽ‐രാത്രി വ്യത്യാസമില്ലാതെ ജന്തർ മന്തർ സമരച്ചൂടിലായിരുന്നു. ഒട്ടനവധി ചലച്ചിത്ര‐ക്രിക്കറ്റ് താരങ്ങളും മറ്റ് സെലിബ്രിറ്റികളും ജന്തർ മന്തർ സമരത്തെ പിന്തുണച്ചെങ്കിലും ആദ്യാവസാനം സമരവേദിയിൽ സന്നിഹിതരായി പ്രക്ഷോഭകർക്ക് ആത്മവിശ്വാസം പകർന്നത് ശബാന അസ്‌മിയും പ്രകാശ്‌രാജുമാണ്. അഭിജിത് ദീപ്‌കെ അടക്കമുള്ള സിജെപി പ്രവർത്തകരെയും ക്രാന്തികോർണറിൽ ഉപവസിച്ച ഇടതുപക്ഷ വിദ്യാർഥി നേതാക്കളെയും ശബാനയും പ്രകാശ്‌രാജും ഐക്യദാർഢ്യം അറിയിച്ചു. പാർലമെന്റ് മാർച്ചിന്റെ മുൻനിരയിലും ഭരണഘടന ഉയർത്തിപ്പിടിച്ച് പ്രകാശ്‌രാജ് നിലയുറപ്പിച്ചു.
സമരകേന്ദ്രത്തിലെ മെഡിക്കൽ ക്യാമ്പിൽ വച്ചാണ് കൊൽക്കത്തയിൽ നിന്നുള്ള ഡോക്ടർ സാംസ് മുസഫിറിനെ കണ്ടത്. മറ്റ് നാല് സുഹൃത്തുക്കൾക്കൊപ്പമാണ് ജന്തർ മന്തറിൽ എത്തിയത്. കൈവശമുള്ള കുറച്ചുമരുന്നുമായി ചെറിയ കൗണ്ടറായാണ് തുടങ്ങിയത്. പിന്നീട് കൂടുതൽ ഡോക്ടർമാർ ഒപ്പംകൂടി. കേരളത്തിൽനിന്നടക്കം വിവിധ സംസ്ഥാനങ്ങളിൽനിന്ന് ഡോക്ടർമാർ സമരസ്ഥലത്തെത്തി. പൊലീസിന്റെ ലാത്തിയടിയിൽ പരിക്കേറ്റവരാണ് ചികിത്സയ്‌ക്ക് എത്തുന്നവരിൽ 60 ശതമാനമെന്ന് ഡോ. സാംസ് പറഞ്ഞു. ക്യാന്പിലേക്ക് ആവശ്യമായ മരുന്നുകളും ബാൻഡേജും മാസ്‌ക്കുമൊക്കെ ഓൺലൈനായി ധാരാളമായി എത്തുന്നുണ്ടെന്നും സാംസ് അറിയിച്ചു.
ഫോണിൽ മലയാളത്തിലുള്ള സംസാരം കേട്ടാണ് കേരളത്തിൽ നിന്നാണോയെന്ന ചോദ്യവുമായി നീണ്ടുമെലിഞ്ഞ ഒരു യുവതിയെത്തിയത്. സ്വയം പരിചയപ്പെടുത്തി. മമ്മൂട്ടി നായകനായ മാമാങ്കം സിനിമയിൽ ഉണ്ണിമായയായി വേഷമിട്ട പ്രാചി തെഹ്‌ലാനാണ്. ഡൽഹിയിൽ ജനിച്ചുവളർന്ന പ്രാചി ഇപ്പോൾ കൊച്ചിയിലാണ് താമസം. പുതിയ സിനിമകളുടെ ഷൂട്ടിങ് തിരക്കിനിടെ ഒരു ദിവസത്തെ അവധിയെടുത്താണ് സമരവേദിയിൽ ഐക്യദാർഢ്യവുമായി എത്തിയത്. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ നെറ്റ്‌ബോൾ ടീമിന്റെ ക്യാപ്‌റ്റൻ കൂടിയായിരുന്നു പ്രാചി.
ജയ്‌പ്പുരിൽ നിന്നുള്ള സുമനെയും സമരസ്ഥലത്ത് കണ്ടു. ഒറ്റയ്‌ക്കൊരു പോസ്‌റ്ററുമായി സമരസ്ഥലത്ത് നിൽപ്പാണ്. ചെറിയ രണ്ട് കുട്ടികളുടെ അമ്മയാണ് സുമൻ. കുട്ടികളുടെ ഭാവിക്കായുള്ള പോരാട്ടത്തിനാണ് ജന്തർ മന്തറിൽ എത്തിയത്. ഉത്തേരേന്ത്യൻ സ്‌കൂളുകളിൽ ഇസ്ലാമിക വിദ്വേഷം പഠിപ്പിക്കലാണ് മുഖ്യമെന്നും അതുകൊണ്ട് കുട്ടികളെ സ്‌കൂളിൽ അയക്കണോയെന്ന കാര്യത്തിൽ ഇനിയും തീരുമാനം എടുത്തിട്ടില്ലെന്നും സുമൻ പറഞ്ഞു.
സോനം വാങ്‌ചുക്കിനെ സമരപ്പന്തലിൽനിന്ന് അറസ്‌റ്റ്‌ചെയ്‌ത് നീക്കുന്നു കടപ്പാട്: ഗൂഗിൾ
വാങ്‌ചുക്കിന്റെ
അറസ്‌റ്റും
പൊലീസ് നടപടിയും
സമരവേദിയിൽ നിരാഹാരം തുടർന്ന വാങ്‌ചുക്കിനെ പാർലമെന്റ് മാർച്ചിന് തൊട്ടുമുന്പായി പൊലീസ് ബലമായി നീക്കിയ നടപടി മോദി സർക്കാരിന് സംഭവിച്ച തന്ത്രപരമായ പിഴവായി. സമരാവേശം കത്തിപ്പടർന്നത് ഇൗ നടപടിയോടെയാണ്. വാങ്‌ചുക്കിന്റെ നിരാഹാരം ഓരോ ദിവസം പിന്നിടുമ്പോഴും വിദ്യാർഥി‐യുവജന പിന്തുണയും സമാനമായി വർധിച്ചിരുന്നു. വാങ്‌ചുക്ക് നീക്കം ചെയ്യപ്പെട്ടതോടെ സമരസ്ഥലത്തേക്ക് ജനപ്രവാഹമായി. പാർലമെന്റ് മാർച്ചിന് തൊട്ടുതലേന്ന് രാത്രിയോടെ ജന്തർ മന്തർ ജനസാഗരമായി. അപ്പോഴും സമരത്തെ കൈകാര്യം ചെയ്യാമെന്ന ആത്മവിശ്വാസത്തിലായിരുന്നു കേന്ദ്രസർക്കാർ. ഒരു ദയയും കൂടാതെ പ്രക്ഷോഭകരെ അടിച്ചൊതുക്കാൻ ഉന്നതങ്ങളിൽ നിന്ന് പൊലീസിനും കേന്ദ്രസേനയ്‌ക്കും നിർദേശം ലഭിച്ചു. ഡൽഹി പൊലീസിന്റെയും കേന്ദ്രസേനയുടെയും ചുമതല ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കാണ്.
രാവിലെ മാർച്ച് ആരംഭിക്കുന്നതിന് മുന്പ് ജന്തർ മന്തർ പൂർണമായും പൊലീസും കേന്ദ്രസേനയും വളഞ്ഞു. വിദ്യാർഥികളെയും യുവജനങ്ങളെയും കൂറ്റൻ ബാരിക്കേഡുകളാൽ തടഞ്ഞു. അഭിജിത് ദീപ്‌കെ അടക്കമുള്ള സിജെപി നേതാക്കളെയും ഇടതുപക്ഷ വിദ്യാർഥി നേതാക്കളെയും സമരകേന്ദ്രത്തിൽ തന്നെ തളയ്‌ക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ അയൽസംസ്ഥാനങ്ങളിൽനിന്നും മറ്റുമായി കൂടുതൽ വിദ്യാർഥികളും യുവജനങ്ങളും ഡൽഹിയിലേക്ക് പ്രവഹിച്ചതോടെ സുരക്ഷാസേനകളുടെ കണക്കുകൂട്ടലുകൾ പാളി. പ്രക്ഷോഭം ഡൽഹിയുടെ പല കേന്ദ്രങ്ങളിലേക്ക് ചിതറി. തലസ്ഥാന നഗരത്തിൽ ലക്ഷങ്ങൾ അണിനിരന്നതോടെ എങ്ങനെ കൈകാര്യം ചെയ്യുമെന്നറിയാതെ ഉന്നത ഉദ്യോഗസ്ഥർ കുഴങ്ങി. സമരക്കാരെ അടിച്ചോടിക്കാനായി പിന്നീട് ശ്രമം. ലാത്തിക്ക് പുറമെ ഷോക്ക് ബാറ്റണും ആണിതറച്ച ലാത്തികളും പെല്ലറ്റ് തോക്കുകളും കണ്ണീർവാതകവുമെല്ലാം സുരക്ഷാസേന പ്രയോഗിച്ചു. പെൺകുട്ടികളടക്കം ക്രൂരമർദനത്തിന് വിധേയരായി. കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കാനും പൊലീസുകാർ ശ്രമിച്ചു. പലരെയും ചവിട്ടിവീഴ്‌ത്തി. ഐപിഎസ് ഉദ്യോഗസ്ഥനടക്കം പെൺകുട്ടികളുടെ മുഖത്തടിച്ച് മർദനത്തെ നയിച്ചു. എസ്‌എഫ്‌ഐയുടെ വനിതാ പ്രവർത്തകരായ ഗോപികാ ബാബുവും ശരണ്യാ വർമയും സഖിയുമെല്ലാം മർദനത്തിന് ഇരയായി. കേന്ദ്രസേന തുടർച്ചയായി വർഷിച്ച പെല്ലറ്റുകൾ മാധ്യമപ്രവർത്തകരുടെ അടക്കം ശരീരങ്ങളിൽ തുളച്ചുകയറി. മർദനത്തിൽ ബോധംകെട്ടുവീണ പെൺകുട്ടിയുടെ നില ആർഎംഎൽ ആശുപത്രിയിൽ ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
പൊലീസിന്റെ അതിഭീകര മർദനത്തിന് പക്ഷെ സമരവീര്യത്തെ തളർത്താനായില്ല. ജന്തർ മന്തറിലെ ബാരിക്കേഡുകൾ പൊളിച്ച് പ്രക്ഷോഭകർ പാർലമെന്റിലേക്ക് നീങ്ങി. സമരക്കാർ ഇരച്ചെത്തിയതോടെ പാർലമെന്റ് കവാടങ്ങൾ തിരക്കിട്ട് അടച്ചു. പാർലമെന്റിന് പുറത്തേക്ക് പോകുന്നതിൽനിന്നും എംപിമാരെ അടക്കം സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. യന്ത്രത്തോക്കുകൾ സമരക്കാർക്ക് നേരെ ചൂണ്ടി കേന്ദ്രസേന പാർലമെന്റിനെ വളഞ്ഞു. പാർലമെന്റിലായിരുന്ന പ്രധാനമന്ത്രി മോദിയെ തിരക്കിട്ട് ഒൗദ്യോഗിക വസതിയിലേക്ക് മാറ്റി. പാർലമെന്റിന് ഉള്ളിലേക്ക് പ്രക്ഷോഭകർ കടക്കുമോയെന്ന് ഒരു ഘട്ടത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ ആശങ്കപ്പെട്ടു.
ജന്തർ മന്തറിലെ സമരകേന്ദ്രം പിടിച്ചെടുക്കാനായി പിന്നീടുള്ള പൊലീസ് ശ്രമം. പ്രധാന സമരവേദിയും ക്രാന്തികോർണറുമെല്ലാം തിരക്കിട്ട് പൊളിച്ചുനീക്കി. സമരകേന്ദ്രത്തിന് ചുറ്റും വീണ്ടും പൊലീസും സുരക്ഷാസേനയും ലാത്തിയും തോക്കുമായി നിരന്നു. സമരക്കാർ പിരിഞ്ഞുപോകുമെന്ന് പ്രതീക്ഷിച്ച കേന്ദ്രത്തിനും സുരക്ഷാസേനയ്‌ക്കും തെറ്റി. അഭിജിത് ദീപ്‌കെ അടക്കമുള്ള സിജെപി പ്രവർത്തകരും ഇടതുപക്ഷ വിദ്യാർഥി പ്രവർത്തകരും ജന്തർ മന്തറിലേക്ക് വർധിതാവേശത്തോടെ മടങ്ങിയെത്തി. ജന്തർ മന്തറിന് സമീപം കേരളാ ഹൗസിന് മുന്നിലാണ് പ്രക്ഷോഭകർ വീണ്ടും ഒത്തുചേർന്നത്. രാത്രിയോടെ സംഘടിതമായി സമരസ്ഥലത്തേക്ക് വീണ്ടും നീങ്ങി. പാർലമെന്റ് മാർച്ചിന് നേരെയുള്ള പൊലീസ് നടപടി ഇതിനോടകം വിവാദമായതിനാൽ സമരക്കാർക്ക് നേരെ വീണ്ടും കടുത്ത നടപടികൾക്ക് സുരക്ഷാസൈനികർ മടിച്ചു. സമരവേദി തിരിച്ചുപിടിച്ച പ്രക്ഷോഭകർ സമരപ്പന്തൽ വീണ്ടും കെട്ടിപ്പൊക്കി. ക്രാന്തികോർണറും സജീവമായി.
പൊലീസ് നടപടി വിദ്യാർഥികളെയും യുവജനങ്ങളെയും കൂടുതൽ ക്ഷുഭിതരാക്കി. തുടർന്നുള്ള ദിവസങ്ങളിൽ സമരാവേശം ആളിപ്പടർന്നു. ജന്തർ മന്തറിലേക്കുള്ള യുവജനപ്രവാഹത്തോടൊപ്പം മുംബൈ, കൊൽക്കത്ത, ചെന്നൈ, ജയ്‌പ്പുർ, ഹൈദരാബാദ്, ബംഗളൂരു, ചണ്ഡിഗഢ് തുടങ്ങി രാജ്യത്തെ വൻനഗരങ്ങളെല്ലാം സമരമുഖരിതമായി. കൊൽക്കത്തയിൽ എസ്‌എഫ്‌ഐ മുൻകയ്യെടുത്തുള്ള പ്രക്ഷോഭത്തിൽ പതിനായിരങ്ങളാണ് അണിനിരന്നത്. മുംബൈയിലും തുടർച്ചയായ ദിവസങ്ങളിൽ വിദ്യാർഥികൾ തെരുവിലിറങ്ങി. ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യം രാജ്യമെങ്ങും ഉയർന്നതോടെ മോദി സർക്കാർ വിറങ്ങലിച്ചു.
ജന്തർ മന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തിൽ അണിചേരാൻ നടി ശബാന ആസ്‌മി എത്തിയപ്പോൾ
സർക്കാർ ചർച്ചയ്‌ക്ക്
പൊലീസ് മർദനത്തിന്റെയും പെൺകുട്ടികളെ ഉപദ്രവിക്കുന്നതിന്റെയും കണ്ണീർവാതക പ്രയോഗത്തിന്റെയും പെല്ലറ്റ് തോക്ക് പ്രയോഗത്തിന്റെയുമെല്ലാം ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെട്ടു. ഇതോടെ ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തോടൊപ്പം മോദിയോടും അമിത് ഷായോടുമുള്ള അമർഷവും യുവാക്കളിൽ പതഞ്ഞുയർന്നു. മോദിയുടെ രാജി ആവശ്യത്തിലേക്ക് കൂടി പ്രക്ഷോഭകർ നീങ്ങുമെന്ന ഘട്ടത്തിലാണ് ചർച്ചയിലേക്ക് സർക്കാർ കടന്നത്. സോനം വാങ്‌ചുക്കുമായും സിജെപി പ്രതിനിധികളായ സൗരവ് ദാസ്, അശുതോഷ് എന്നിവരുമായും കേന്ദ്രമന്ത്രിമാരായ ജെ പി നഡ്ഡയും ജിതേന്ദ്ര സിങ്ങും പലവട്ടം ചർച്ച നടത്തി. പ്രധാന്റെ രാജിയൊഴിച്ച് മറ്റാവശ്യങ്ങളെല്ലാം അംഗീകരിക്കാമെന്ന നിലപാടിലായിരുന്നു സർക്കാർ. സമരക്കാർക്കെതിരെ കൂടുതൽ അടിച്ചമർത്തൽ നടപടിയുണ്ടാകില്ലെന്ന ഉറപ്പിൽ സോനം വാങ്‌ചുക്ക് 26 ദിവസം നീണ്ട നിരാഹാരം അവസാനിപ്പിച്ചു.
എന്നാൽ പ്രധാൻ രാജിവയ്‌ക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് സിജെപിയും ഇടതുപക്ഷ വിദ്യാർഥി സംഘടനകളും പ്രഖ്യാപിച്ചു. ഇതോടെ സർക്കാർ വീണ്ടും പ്രതിരോധത്തിലായി. മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ഡൽഹിയിലേക്കുള്ള ജനപ്രവാഹം വീണ്ടും വർധിച്ചു. ജന്തർ മന്തറിന് അപ്പുറം കൊണാട്ട്‌പ്ലേസും ഇന്ത്യാഗേറ്റ് പരിസരവുമെല്ലാം പ്രക്ഷോഭകരാൽ നിറഞ്ഞു. രാത്രിയും പിരിഞ്ഞുപോകാതെ നഗരഹൃദയത്തെ ഇന്ത്യൻ യുവത്വം നിലയുറപ്പിച്ചു. എല്ലാവരുടെയും ആവശ്യം ഒന്നുമാത്രം‐ ധർമേന്ദ്ര പ്രധാന്റെ രാജി.
എബിവിപിയിലൂടെയും ആർഎസ്‌എസിലൂടെയും വളർന്ന പ്രധാനെ സംരക്ഷിക്കാൻ പരമാവധി ശ്രമം സർക്കാരും സംഘപരിവാരവും നടത്തി. വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കുകയെന്ന ആർഎസ്‌എസ് അജൻഡ നടപ്പാക്കുന്നതിനാണ് 2021‐ൽ പ്രധാനെ വിദ്യാഭ്യാസ മന്ത്രിയാക്കിയത്. 2024‐ൽ വീണ്ടും അധികാരത്തിൽ എത്തിയതിന് ശേഷവും പ്രധാൻ വിദ്യാഭ്യാസ മന്ത്രിസ്ഥാനത്ത് തുടർന്നു. സംഘപരിവാർ കേന്ദ്രങ്ങളിൽ ആർഎസ്‌എസ് വിശ്വസ്‌തനായാണ് പ്രധാൻ അറിയപ്പെടുന്നത് തന്നെ. തൊലിപ്പുറമെയുള്ള ചില നടപടികളിലൂടെ പ്രക്ഷോഭകരെ തൃപ്‌തിപ്പെടുത്താൻ സർക്കാർ പദ്ധതിയിട്ടു. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി. എൻടിഎയിലെ കരാർ ജീവനക്കാരടക്കം 47 ഉദ്യോഗസ്ഥരെ മാറ്റി. പരീക്ഷാക്രമക്കേടുകൾ തടയുന്നതിനുള്ള നിയമം കൂടുതൽ കർക്കശമാക്കിയുള്ള ഭേദഗതി ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. എന്നാൽ ഇതൊന്നും യുവജനപ്രക്ഷോഭത്തെ തണുപ്പിച്ചില്ല.
ചലച്ചിത്ര നടി പ്രാചി തെഹ്‌ലാൻ
ഇതോടെ സെൽഫി വീഡിയോയുമായി മോദി നേരിട്ട് രംഗത്തുവന്നു. അർധരാത്രി പുറത്തുവിട്ട വീഡിയോയിൽ പരീക്ഷാചോർച്ചയെ സർക്കാർ ഗൗരവമായാണ് കാണുന്നതെന്നും കടുത്ത നടപടികളുണ്ടാകുമെന്നും മോദി ഉറപ്പുനൽകി. ഇൻസ്‌റ്റയിലൂടെ പുറത്തുവിട്ട വീഡിയോയെയും പുതുതലമുറ പ്രക്ഷോഭകർ കടന്നാക്രമിച്ചു. നിർവാഹമില്ലാതെ അടുത്ത രാത്രിയിൽ മറ്റൊരു വീഡിയോയുമായി വീണ്ടും രംഗത്തുവന്ന മോദി പരിഹാസങ്ങൾക്കെല്ലാം ഇളിഭ്യതയോടെ നന്ദി പറഞ്ഞു.
ജന്തർ മന്തർ പ്രക്ഷോഭം മോദിക്കെതിരായ സമരമായി കൂടി മാറുകയും രാജ്യവ്യാപകമായി പ്രതിഷേധം കനക്കുകയും ചെയ്‌തതോടെയാണ് ഗത്യന്തരമില്ലാതെ പ്രധാനെ കൈവിടാൻ സർക്കാരും സംഘപരിവാറും തീരുമാനിച്ചത്. സമരത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിച്ചതിന്റെ അഞ്ചാം നാൾ പ്രധാൻ രാജി പ്രഖ്യാപിച്ചു. സിജെപി പ്രതിനിധികളുമായി വീണ്ടും ചർച്ച നടത്തിയ സർക്കാർ ആത്മഹത്യ ചെയ്‌ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് പരമാവധി നഷ്ടപരിഹാരം, പ്രക്ഷോഭകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കൽ തുടങ്ങി സമരക്കാരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് പൂർണമായി കീഴടങ്ങി. അഭിജിത് ദീപ്‌കെ ഡൽഹിയിൽ സമരം പ്രഖ്യാപിച്ചതിന്റെ അമ്പതാം നാളിലാണ് തികഞ്ഞ ഏകാധിപത്യ നിലപാടുകളുമായി കുതിക്കുകയായിരുന്ന മോദി സർക്കാർ മുട്ടുമടക്കിയത്. പ്രധാന്റെ രാജിയോടെ ജന്തർ മന്തറിലെ സമരവേദി ആഘോഷവേദിയായി. പാട്ടുപാടിയും നൃത്തം ചെയ്‌തും ഇന്ത്യൻ യുവത്വം വിജയാഘോഷം നടത്തി. ‘ഛക്ക് ദേ ഇന്ത്യാ’ ഗാനം ഉച്ചഭാഷിണികളിലൂടെ ഒഴുകി. രാജ്യമെങ്ങും വിജയഭേരി മുഴക്കി വിദ്യാർഥികൾ തെരുവിലിറങ്ങി. ഇന്ത്യ കണ്ട വേറിട്ട, ഏറ്റവും തീക്ഷ്‌ണമായ സമരത്തിന്റെ വിജയകരമായ പരിസമാപ്‌തി. മോദി സർക്കാരിന്റെ ഫാസിസ്‌റ്റ് ശൈലിയിലുള്ള ഏകാധിപത്യ നിലപാടുകൾക്കും അടിച്ചമർത്തലുകൾക്കും മുന്നിൽ മുട്ടുമടക്കില്ലെന്ന യുവത്വത്തിന്റെ പ്രഖ്യാപനം. പ്രധാന്റേത് ആദ്യ വിക്കറ്റ് മാത്രമാണെന്നും ഇനിയും വിക്കറ്റുകൾ വീഴേണ്ടി വരുമെന്നുമുള്ള അഭിജിത് ദീപ്‌കെയുടെ പ്രഖ്യാപനം ഏകാധിപത്യ നിലപാടുകൾ തുടർന്നാൽ ഇനിയും യുവാക്കൾ തെരുവിലിറങ്ങുമെന്ന മുന്നറിയിപ്പ് കൂടിയാണ്.
ജന്തർ മന്തറിലെ പ്രക്ഷോഭവേദി കടപ്പാട്: ഗൂഗിൾ
ഇടതുപക്ഷത്തിന്റെ
സജീവ സാന്നിധ്യം
ജന്തർ മന്തർ സമരത്തിലെ ഇടതുപക്ഷത്തിന്റെ സജീവസാന്നിധ്യവും രാജ്യമാകെ ശ്രദ്ധിക്കപ്പെട്ടു. സമരത്തെ ആദ്യാവസാനം പിടിച്ചുനിർത്തിയത് എസ്‌എഫ്‌ഐ ഉൾപ്പെടെയുള്ള വിദ്യാർഥി‐യുവജന സംഘടനകളും സിപിഐ എം ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർടികളുമാണ്. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയും മുതിർന്ന നേതാവ് ബൃന്ദാ കാരാട്ടും ലോക്‌സഭാ നേതാവ് കെ രാധാകൃഷ്‌ണനും രാജ്യസഭാ നേതാവ് ജോൺ ബ്രിട്ടാസും മറ്റ് ഇടതുപക്ഷ എംപിമാരും നേതാക്കളുമെല്ലാം സമരവേദിയിലെ സജീവ സാന്നിധ്യമായിരുന്നു. ധർമേന്ദ്ര പ്രധാന്റെ രാജിക്ക് ശേഷം സമരവേദിയിൽ എത്തിയ ജോൺ ബ്രിട്ടാസ് അടക്കമുള്ള ഇടതുപക്ഷ നേതാക്കളെ നിറഞ്ഞ കയ്യടിയോടെയാണ് പ്രക്ഷോഭകർ സ്വീകരിച്ചത്.
നീറ്റ് പേപ്പർ ചോർച്ചയ്‌ക്ക് പിന്നാലെ ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ആദ്യം സമരമുഖത്ത് എത്തിയത് എസ്‌എഫ്‌ഐ ആണ്. എസ്‌എഫ്‌ഐ പ്രസിഡന്റ് ആദർശ് എം സജിയുടെയും ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിന്റെയും മറ്റും നേതൃത്വത്തിൽ വിദ്യാഭ്യാസ മന്ത്രാലയം സ്ഥിതിചെയ്യുന്ന ശാസ്‌ത്രി ഭവനിലേക്ക് എസ്‌എഫ്‌ഐ നടത്തിയ മാർച്ചിന് നേരെ പൊലീസ് ലാത്തിവീശി. നേതാക്കളെയും പ്രവർത്തകരെയും നിരത്തിലൂടെ വലിച്ചിഴച്ചു. പിന്നീട് ബലമായി നീക്കി.
ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിലും തുടക്കംമുതൽ എസ്‌എഫ്‌ഐയുടെ സജീവ പ്രാതിനിധ്യമുണ്ടായി. സമരവേദിയിൽ ‘ക്രാന്തികോർണർ’ തീർത്ത് എസ്‌എഫ്‌ഐ പങ്കുചേർന്നു. എസ്‌എഫ്‌ഐക്ക് പിന്തുണയുമായി ഡിവൈഎഫ്‌ഐയും എത്തി. എഐഎസ്‌എഫ്, ഐസ തുടങ്ങിയ മറ്റ് ഇടതുപക്ഷ വിദ്യാർഥി സംഘടനകളും യുവജന സംഘടനകളും ജന്തർ മന്തറിൽ സമരമിരുന്നു. അംബേദ്‌കറുടെയും ഭഗത് സിങ്ങിന്റെയും ചെ ഗുവേരയുടെയും ചിത്രങ്ങൾ സമരവേദിയിൽ ഉയർന്നു. എസ്‌എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും തൂവെള്ള കൊടികൾ പാറി.
സമരത്തിൽ തുടക്കത്തിൽ കാര്യമായ പങ്കാളിത്തമില്ലാത്തത് അഭിജിത് ദീപ്‌കെ അടക്കമുള്ള സിജെപി പ്രവർത്തകരെ നിരാശപ്പെടുത്തിയിരുന്നു. ഇൗ ഘട്ടത്തിലും സമരവീര്യം ചോരാതെ നിലനിർത്തിയത് ഇടതുപക്ഷ വിദ്യാർഥി‐യുവജന സംഘടനകളാണ്. സമരത്തെ ആശയപരമായി ആയുധമണിയിച്ചതും ഇടതുപക്ഷ സംഘടനകൾ തന്നെ. കോൺഗ്രസ് പൂർണമായും സമരത്തോട് മുഖംതിരിച്ചപ്പോൾ എം എ ബേബി അടക്കമുള്ള സിപിഐഎം നേതാക്കൾ ഐക്യദാർഢ്യവുമായി എത്തിയത് സിജെപിക്ക് ആത്മവിശ്വാസമേകി.
സോനം വാങ്‌ചുക്കിന്റെ നിരാഹാര സമരത്തിലും ഇടതുപക്ഷ സംഘടനകൾ പങ്കാളികളായി. എസ്‌എഫ്‌ഐ നേതാക്കളായ ആദർശും ഐഷിയും ഐസാ നേതാക്കളും നിരാഹാരം അനുഷ്‌ഠിച്ചു. ജൂലൈ 20ലെ പാർലമെന്റ് മാർച്ചിനെ തുടർന്ന് സർക്കാർ ചർച്ചകൾക്ക് തയ്യാറായതിന് ശേഷമാണ് വിദ്യാർഥി നേതാക്കൾ നിരാഹാരം അവസാനിപ്പിച്ചത്. ഇപ്പോൾ ധർമേന്ദ്ര പ്രധാന്റെ രാജിയോടെ സമരം അവസാനിക്കുമ്പോൾ ഇന്ത്യൻ ഇടതുപക്ഷം കരുത്തോടെ മുന്നോട്ടെന്ന സന്ദേശം കൂടിയാണ് ഉയർന്നുപറക്കുന്നത്.
ജന്തർ മന്തർ സമരത്തെ
വഞ്ചിച്ച കോൺഗ്രസ്
ജന്തർ മന്തർ കേന്ദ്രീകരിച്ചുള്ള വിദ്യാർഥി‐യുവജന സമരത്തെ തുടക്കംമുതൽ തുരങ്കംവയ്‌ക്കുന്ന നിലപാടാണ് രാജ്യത്തെ മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് സ്വീകരിച്ചത്. കോക്രോച്ച് ജനതാ പാർടി കരുത്താർജിച്ചാൽ തങ്ങളുടെ രാഷ്ട്രീയാടിത്തറ കൂടുതൽ ചോരുമോയെന്ന ആശങ്കയാണ് കോൺഗ്രസ് നേതൃത്വത്തിനുണ്ടായിരുന്നത്. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് അഴിമതിവിരുദ്ധ പ്രക്ഷോഭത്തിലൂടെയുള്ള ആം ആദ്‌മി പാർടിയുടെ കടന്നുവരവും ഡൽഹിയിലെ തങ്ങളുടെ തകർച്ചയുമാണ് സിജെപിയെയും സംശയത്തോടെ കാണാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചത്.
സർക്കാരിന്റെ സൃഷ്ടിയാണ് സിജെപിയെന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് ഇക്കാര്യം പരസ്യമായി മാധ്യമങ്ങളോട് പറയുകയും ചെയ്‌തു. സിജെപി സർക്കാർ സൃഷ്ടിയാണെന്ന ആക്ഷേപമുണ്ടെന്നും ഇത് ശരിയോ തെറ്റോ എന്ന് പറയാനാവില്ലെന്നും ജയ്‌റാം രമേശ് പറഞ്ഞു. സമൂഹമാധ്യമങ്ങളിലും മറ്റും സിജെപിക്ക് സ്വാധീനമുണ്ടെങ്കിലും പ്രക്ഷോഭത്തെ നയിക്കേണ്ടത് മുഖ്യധാരാ രാഷ്ട്രീയപാർടികളാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി നിലപാടെടുത്തു.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായുള്ള ഇന്ത്യാ കൂട്ടായ്‌മയുടെ യോഗത്തിൽ ജന്തർമന്തർ സമരത്തിൽനിന്ന് അകലം പാലിക്കണമെന്ന നിലപാട് പ്രതിപക്ഷ നേതാവ് കൂടിയായ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സ്വീകരിച്ചു. എന്നാൽ സിപിഐ എം അടക്കമുള്ള ഇടതുപക്ഷ പാർടികളും മറ്റ് പ്രതിപക്ഷ പാർടികളും രാഹുൽ ഗാന്ധിയുടെ നിലപാടിനെ തള്ളി. ഇന്ത്യാ കൂട്ടായ്‌മയിൽ ഒറ്റപ്പെട്ടിട്ടും ജന്തർമന്തർ സമരത്തോട് കോൺഗ്രസ് അവസാനംവരെ അകലം പാലിച്ചു. രാഹുൽ ഗാന്ധി അടക്കം കോൺഗ്രസ് നേതാക്കളാരുംതന്നെ ജന്തർ മന്തറിലെ സമരവേദിയിലെത്തിയില്ല. കേരളത്തിലെ യുഡിഎഫ് എംപിമാരും വിദ്യാർഥി‐യുവജന പ്രക്ഷോഭത്തോട് മുഖംതിരിച്ചു.
ജന്തർ മന്തറിലേക്ക് ജനപ്രവാഹമായതോടെ സ്വന്തം നിലയിൽ സമരം സൃഷ്ടിച്ച് ശ്രദ്ധ തിരിക്കാനും കോൺഗ്രസ് ശ്രമിച്ചു. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ സമരം ഇതിന്റെ ഭാഗമായിരുന്നു. സമരകേന്ദ്രം പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലേക്ക് മാറ്റാനുള്ള ദുർബല നീക്കവും കോൺഗ്രസ് നടത്തി. മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്ക് തൊട്ടുമുമ്പും സമരത്തെ ഒറ്റുന്ന നിലപാട് കോൺഗ്രസ് സ്വീകരിച്ചു. ഐസാ നേതാക്കളുമൊത്ത് മാധ്യമങ്ങളെ കണ്ട രാഹുൽ ഗാന്ധി ബദൽ സമരനീക്കത്തിന്റെ സൂചന നൽകി. എന്നാൽ മന്ത്രിയുടെ രാജി അടക്കം എല്ലാ ആവശ്യങ്ങളും സർക്കാരിനെക്കൊണ്ട് അംഗീകരിപ്പിച്ച് ജന്തർ മന്തർ സമരം അവസാനിച്ചതോടെ പരിഹാസ്യരായത് കോൺഗ്രസ് കൂടിയാണ്.
ധർമേന്ദ്ര പ്രധാന്റെ രാജിക്കുശേഷം കേരളത്തിൽ നടന്ന ആഹ്ലാദപ്രകടനങ്ങളിൽ ഒന്ന്
ഇനി വരുന്നത്
പ്രക്ഷോഭത്തിന്റെ നാളുകൾ
ബംഗാൾ അടക്കം പിടിച്ച് ഏകാധിപത്യ നിലപാടുകളുമായി ധിക്കാരത്തോടെ നീങ്ങിയ മോദി സർക്കാരാണ് രാജ്യമാകെ വിശീയടിച്ച വിദ്യാർഥി‐യുവജന പ്രക്ഷോഭത്തിന് മുന്നിൽ ഏകപക്ഷീയമായി മുട്ടുമടക്കിയത്. സംഘപരിവാറിന് ഏറെ വേണ്ടപ്പെട്ട ധർമേന്ദ്ര പ്രധാനെയാണ് മോദി സർക്കാരിന് ബലികഴിക്കേണ്ടി വന്നത്. 2014‐ൽ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് സമരപ്രക്ഷോഭത്തെ തുടർന്നുള്ള മന്ത്രിയുടെ രാജി. പുതിയ വിദ്യാഭ്യാസ നയത്തിലൂടെ കാവിവൽക്കരണം തീവ്രമാക്കുന്ന ഘട്ടത്തിൽ ആർഎസ്‌എസിലൂടെയും എബിവിപിയിലൂടെയും വളർന്നുവന്ന പ്രധാനെ കൈവിടേണ്ടി വരുന്നത് ബിജെപി സർക്കാരിന് വലിയ നഷ്ടമാണ്. സമരരോഷത്തിന്റെ കുന്തമുന പ്രധാനമന്ത്രിയിലേക്ക് കൂടി തിരിഞ്ഞതോടെയാണ് പ്രധാനോട് രാജിവയ്‌ക്കാൻ സംഘപരിവാർ നേതൃത്വം ആവശ്യപ്പെട്ടത്.
മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് ദുർബലപ്പെടുകയും ഇന്ത്യാ കൂട്ടായ്‌മയിൽ വിള്ളൽ രൂപപ്പെടുകയും ചെയ്‌തതോടെ എതിരില്ലാതെ കുതിച്ച ബിജെപി സർക്കാരിനെയാണ് രാജ്യത്തെ പുരോഗമന നിലപാടുകാരായ വിദ്യാർഥികളും യുവജനങ്ങളും പിടിച്ചുകെട്ടിയത്. ജനകീയ പ്രക്ഷോഭത്തിലൂടെ സർക്കാരിനെ മുട്ടുകുത്തിക്കാമെന്ന് ജന്തർ മന്തർ സമരം തെളിയിച്ചതോടെ വരുംദിവസങ്ങളിൽ കൂടുതൽ സമരങ്ങളെയും പ്രതിഷേധങ്ങളെയും സർക്കാരിന് നേരിടേണ്ടി വരുമെന്ന് തീർച്ചയാണ്.
യുഎസ് അടക്കമുള്ള രാജ്യങ്ങളുമായുള്ള സ്വതന്ത്രവ്യാപാരകരാറുകൾക്ക് എതിരായും ഉൽപ്പന്നങ്ങൾക്ക് നിയമപരമായ താങ്ങുവില അടക്കമുള്ള ആവശ്യങ്ങളുയർത്തിയും കർഷകസംഘടനകൾ നിലവിൽ തന്നെ സമരമുഖത്താണ്. തൊഴിലാളിദ്രോഹ ലേബർ കോഡുകൾ പിൻവലിക്കണമെന്ന ആവശ്യവുമായി ട്രേഡ് യൂണിയനുകളും രാജ്യവ്യാപക പ്രക്ഷോഭത്തിലാണ്. തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതിനെതിരായി കർഷക തൊഴിലാളി സംഘടനകളും സർക്കാരിനെതിരെ നിലയുറപ്പിച്ചിട്ടുണ്ട് .










0 comments