ad
Deshabhimani

നാടകംകൊണ്ട്‌ മരണത്തെ ചെറുത്തയാൾ

Shibu S Kottaram.jpg

കണ്ണൂർ സംഘചേതനയുടെ ‘ചരിത്രം അവസാനിക്കുന്നില്ല’ എന്ന നാടകം ഒഎൻവി കുറുപ്പ്‌ ഉദ്‌ഘാടനം ചെയ്യുന്നു. പിണറായി വിജയൻ, ഷിബു എസ്‌ കൊട്ടാരം, കോമൾ സ്വാമിനാഥൻ എന്നിവർ വേദിയിൽ (ഫയൽചിത്രം)

avatar
കരിവെള്ളൂർ മുരളി

Published on Aug 08, 2026, 09:55 AM | 1 min read

തൃശൂർ: കണ്ണൂർ സംഘചേതനയ്‌ക്കായി മാർക്‌സിന്റെ ജീവിതം ആസ്‌പദമാക്കി ‘ചരിത്രം അവസാനിക്കുന്നില്ല’ എന്ന നാടകം ചെയ്യാൻ തീരുമാനിച്ചു. കോമൾ സ്വാമിനാഥനെകൊണ്ട്‌ നാടകം ചെയ്യണമെന്നാണ്‌ ആഗ്രഹിച്ചത്‌. അദ്ദേഹത്തിനെ പോയി കണ്ടു. കോമളിന്‌ നാടകം ചെയ്യാൻ വലിയ താൽപ്പര്യമുണ്ടായിരുന്നുവെങ്കിലും ആരോഗ്യ പ്രശ്‌നങ്ങൾ കാരണം കഴിഞ്ഞില്ല. അദ്ദേഹമാണ് ഷിബുവിനെ നിർദേശിക്കുന്നത്‌. പോണ്ടിച്ചേരി സർവകലാശാലയിലെ വിദ്യാർഥിയായിരുന്നു അന്ന്‌ ഷിബു. കോമൾ സ്വാമിനാഥന്റെ നിർദേശത്തെ തുടർന്ന്‌ 1993 ഒക്ടോബറിലാണ്‌ ഷിബു കണ്ണൂരിലെത്തിയത്‌. അങ്ങനെ ‘ചരിത്രം അവസാനിക്കുന്നില്ല’ എന്ന നാടകം സംവിധാനം ചെയ്‌തു. അസാമാന്യ നാടകമായിരുന്നു അത്‌.


പിന്നീട്‌ സംഘചേതനയ്‌ക്കായി ഗാന്ധിജിയുടെ ജീവിതം ആസ്‌പദമാക്കി ‘സ്വാതന്ത്ര്യത്തിന്റെ മുറിവുകൾ’, ‘ഫ്രീഡം റോഡ്‌’, ‘സമയ ധീരം’ എന്നീ നാടകങ്ങൾ കൂടി ചെയ്തു. സ്വാതന്ത്ര്യത്തിന്റെ മുറിവുകൾക്ക്‌ ആറ്‌ അവാർഡുകൾ ലഭിച്ചു. ഷിബുവിന്റെ ജീവിതത്തിൽ ഏറ്റവും വലിയ മാറ്റമുണ്ടാക്കിയ കാലവുമാണിത്‌. നാടകത്തിന്റെ രംഗഭാഷയ്‌ക്കും സാങ്കേതികവിദ്യയ്‌ക്കും അപ്പുറം രാഷ്‌ട്രീയത്തിലാണ്‌ ഷിബു കൂടുതൽ ശ്രദ്ധ നൽകിയിരുന്നത്‌. ഇത്രയും രാഷ്‌ട്രീയ ബോധമുള്ള നാടക പ്രവർത്തകർ അധികമുണ്ടാകില്ല. അതേസമയം നാടകവേദിയിലെ പരീക്ഷണങ്ങൾക്കും വലിയ ഇടം നൽകിയിരുന്നു. നാടകം എന്ന മാധ്യമം ഉപയോഗിക്കുന്നതിൽ വലിയൊരു സാഹസികത പുലർത്തിയിരുന്നയാളാണ്‌ ഷിബു.


കാലത്തിനനുസരിച്ച്‌ സ്വയം നവീകരിച്ചു. പുതിയ തലമുറയിലെ നാടകപ്രവർത്തകരുമായും വിദ്യാർഥികളുമായും അടുത്ത സ‍ൗഹൃദം പുലർത്തി. കുറേ വർഷങ്ങളായി രോഗബാധിതനായിരുന്നുവെങ്കിലും നാടകത്തിനായുള്ള അത്യധ്വാനം തുടർന്നു. നാടകംകൊണ്ട്‌ മരണത്തെ ചെറുത്ത്‌ തോൽപ്പിക്കുകയായിരുന്നു. സംഗീത നാടക അക്കാദമിയുടെ പ്രധാനഘട്ടങ്ങളിൽ ഒപ്പം നിന്നു. ആഴ്‌ചയിൽ മൂന്ന്‌ തവണ ഡയാലിസിസ്‌ ചെയ്യുന്ന സമയത്തുപോലും 10 ദിവസം നീളുന്ന നാടകമേളകളിൽ ജൂറിയായി പ്രവർത്തിച്ച ഷിബുവെന്ന നാടകക്കാരന്റെ മരണം സമർപ്പിത നാടകപ്രവർത്തനത്തിന്റെ എക്കാലത്തെയും അടയാളമാകും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home