കവർസ്റ്റോറി
കോക്രോച്ച് ജനാധിപത്യം

അരുന്ധതി റോയി
Published on Aug 08, 2026, 10:17 AM | 9 min read
വർഷങ്ങൾക്ക് ശേഷം ആദ്യമായി, ഒരു ഇന്ത്യക്കാരിയാണെന്നതിൽ അത്യന്തം ആഹ്ലാദം തോന്നുന്നു. പ്രതീക്ഷകളെല്ലാം അസ്‌തമിച്ചുവെന്ന് കരുതിയ നിമിഷത്തിലാണ് അവർ വന്നത്. മഴയ്‌ക്കൊപ്പം എത്തിയ പാറ്റക്കുഞ്ഞുങ്ങൾ. ഒരു ന്യായാധിപന്റെയും ഒരു തമാശയുടെയും അവിശുദ്ധ സമാഗമത്തിൽ പിറന്ന സന്തതികൾ.
നമുക്കെല്ലാം ഈ കഥ അറിയാവുന്നതാണ്, എങ്കിലും പറയട്ടെ. തൊഴിൽരഹിതരായ ചില ഇന്ത്യൻ യുവാക്കളെ "പാറ്റകൾ' എന്ന് വിളിച്ചുകൊണ്ട് ഇന്ത്യൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ അഹങ്കാരവും അവജ്ഞയും നിറഞ്ഞ പരാമർശത്തിന് മറുപടിയായി, ബോസ്റ്റണിൽ താമസിക്കുന്ന അഭിജിത് ദീപ്‌കെ എന്ന വിദ്യാർഥി ഇൻസ്റ്റാഗ്രാമിൽ ഒരു കുറിപ്പിട്ടു: "എല്ലാ പാറ്റകളും ഒന്നിച്ചു ചേർന്നാൽ എന്താകും?' ദശലക്ഷക്കണക്കിന് ആളുകളാണ് അതിനോട് പ്രതികരിച്ചത്. അങ്ങനെ "കോക്രോച്ച് ജനതാ പാർടി' ജന്മമെടുത്തു. ദീപ്‌കെ പാറ്റകളുടെ പൈഡ് പൈപ്പറായി. പൊതുപരീക്ഷകളുടെ ചോർച്ച പതിവായ, അഴിമതിയും ജീർണതയും നിറഞ്ഞ ഒരു മന്ത്രാലയത്തിന്റെ തലപ്പത്ത് ധാർഷ്ട്യത്തോടെ വാഴുന്ന വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്നതായിരുന്നു അവരുടെ ആദ്യത്തെ ആവശ്യം. പ്രതിപക്ഷ കക്ഷികളുടെ കണക്കുപ്രകാരം 2014 മുതൽ ഏകദേശം 152 തവണ പൊതുപരീക്ഷകളുടെ ചോദ്യപേപ്പറുകൾ ചോർന്നിട്ടുണ്ട്. വർഷങ്ങളോളം ഈ പരീക്ഷകൾക്കായി തയ്യാറെടുക്കുകയും, എഴുതാനുള്ള അവകാശത്തിനുവേണ്ടി മാതാപിതാക്കൾ ഭൂമിയും വീടും വിറ്റ് പണം കണ്ടെത്തുകയും ചെയ്‌ത ദശലക്ഷക്കണക്കിന് യുവാക്കളുടെ ജീവിതത്തെയാണ് ഈ ചോർച്ചകൾ തകർത്തുകളഞ്ഞത്. നിയമാനുസൃതമായ കൊള്ളയുടെ പുതുരൂപം! അടുത്തിടെ നടന്ന നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) പരീക്ഷാചോർച്ചയ്‌ക്ക് പിന്നാലെ മാനസികമായി തകർന്നുപോയ 12 വിദ്യാർഥികളാണ് ആത്മഹത്യ ചെയ്‌തത്.
ഫോട്ടോ: പി വി സുജിത്
പാറ്റകളുടെ രോഷം ഒരു ഓൺലൈൻ സുനാമിയായി വളർന്നപ്പോൾ, ജൂൺ ആറിന് ദീപ്‌കെ ബോസ്റ്റണിൽനിന്ന് മടങ്ങിയെത്തി, വിമാനത്താവളത്തിൽനിന്ന് നേരെ ജന്തർ മന്തറിലെ സമരഭൂമിയിലേക്ക് പോയി. ലഡാക്കിൽനിന്നുള്ള പ്രശസ്‌ത സാമൂഹിക പ്രവർത്തകനും വിദ്യാഭ്യാസ പരിഷ്‌കർത്താവുമായ സോനം വാങ്‌ചുക് അവരോടൊപ്പം ചേരുകയും അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിക്കുകയും ചെയ്‌തു. മറ്റു നഗരങ്ങളിലും പ്രതിഷേധങ്ങൾ അലയടിച്ചുയർന്നു. നിരാഹാരമിരിക്കുന്നവരുടെ ആരോഗ്യനില വഷളായതോടെ, ഇന്റർനെറ്റിൽ ഓളം സൃഷ്ടിച്ചുകൊണ്ടിരുന്ന ആ പാറ്റക്കുഞ്ഞുങ്ങൾ ജന്തർ മന്തറിലേക്ക് നേരിട്ടെത്താൻ തുടങ്ങി. മൺസൂൺ സമ്മേളനം ആരംഭിക്കുന്ന ജൂലൈ 20-ന് പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്ന് കോക്രോച്ച് ജനതാ പാർടി പ്രഖ്യാപിച്ചു. നിശ്ചയിച്ച മാർച്ചിന് രണ്ടുദിവസം മുമ്പ്, സോനം വാങ്‌ചുക്കിനെ പൊലീസ് വേദിയിൽനിന്ന് ബലമായി പിടിച്ചുകൊണ്ടുപോയി. ആദ്യം ഒരു സർക്കാർ ആശുപത്രിയിലും, പിന്നീട് ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി സ്വകാര്യ ആശുപത്രിയിലും അദ്ദേഹത്തെ തടങ്കലിലാക്കി. അദ്ദേഹം ഇപ്പോഴും നിരാഹാരം തുടരുകയാണ്. (ഈ ലേഖനം പ്രസിദ്ധീകരിച്ച് രണ്ട് ദിവസത്തിനകം- ജൂലൈ 24ന്- അദ്ദേഹം നിരാഹാരം അവസാനിപ്പിച്ചു; വിവർത്തകൻ) മാർച്ചിന്റെ ദിവസമായ ജൂലൈ 20-ന് രാവിലെ ഐസ വിദ്യാർഥികൾ തങ്ങളുടെ നിരാഹാരം അവസാനിപ്പിച്ചു.
കൊടുങ്കാറ്റുപോലെ തലസ്ഥാന നഗരിയെ ആ പാറ്റകൾ കീഴടക്കി. ട്രെയിനിലും ബസിലും വിമാനത്തിലും മെട്രോയിലുമായി അവരെത്തി.
ജന്തർ മന്തറിലെ ജെൻ സീ പ്രതിഷേധം
ഫോട്ടോ: പി വി സുജിത്
മണിക്കൂറുകൾതോറും അവരുടെ എണ്ണം പെരുകിക്കൊണ്ടിരുന്നു. ഡൽഹിയുടെ മൺസൂൺ ആകാശത്ത് പ്രഭാതത്തിന്റെ ആദ്യ കിരണങ്ങൾ തെളിയുന്നതിന് മണിക്കൂറുകൾക്ക് മുമ്പുതന്നെ, പതിനായിരക്കണക്കിന് ആളുകൾ ജന്തർ മന്തറിലേക്ക് ഒഴുകിയെത്തിത്തുടങ്ങിയിരുന്നു. തങ്ങളുടെ ഭാവി കൺമുമ്പിൽ തകർത്തില്ലാതാക്കുന്നത് കണ്ട് നിരാശരും കുപിതരുമായ തലമുറ ഒരു ജനതയെന്ന നിലയിലും രാജ്യമെന്ന നിലയിലുമുള്ള നമ്മുടെ ആത്മാഭിമാനത്തേയും ഒരു ജനാധിപത്യത്തിലെ പൗരന്മാർ എന്ന നിലയിലുള്ള നമ്മുടെ അവകാശങ്ങളേയും വീണ്ടെടുക്കാൻ പോവുകയാണെന്ന് സൂര്യോദയത്തോടെ വ്യക്തമായി-. നമ്മുടെ പ്രകൃതത്തിന്റെ ഭാഗമായി തീർന്ന ഭയത്തെ പ്രതിഷേധത്തിനിറങ്ങിയ ഈ ചെറുപ്പക്കാർ കേവലമായ ധൈര്യവും ചാരുതയും നർമവും കൊണ്ട് തുരത്തിയോടിച്ചു. ദിവസം അവസാനിക്കുമ്പോഴേക്ക്, പ്രക്ഷോഭകരോ അവരുടെ നേതാക്കളോ ആവശ്യപ്പെട്ടതിനേക്കാൾ വളരെ വലിയ ഒന്നായി ഈ സമരം മാറിയിരുന്നു. ധർമേന്ദ്ര പ്രധാൻ ഇപ്പോൾ ഒരു ചെറിയ വിഷയം മാത്രമാണ്. ലക്ഷ്യങ്ങൾ വളരെ വലുതാണ്. ഭരണസംവിധാനത്തിലാകെ, മുകളിൽ നിന്ന് താഴെവരെ ബാധിച്ച ജീർണത അപ്പോൾ വ്യക്തമായും ദൃശ്യമായി. ചീഞ്ഞഴുകുന്ന ഒരു ശവം പോലെയുള്ള അതിന്റെ നാറ്റം പരക്കുകയും ചെയ്‌തു. ഏഴോ എട്ടോ വയസ്സ് മാത്രം പ്രായമുള്ള, ഏറ്റവും ചെറിയ പാറ്റക്കുഞ്ഞുങ്ങൾക്ക് പോലും അത് സ്‌പഷ്ടമായി അവതരിപ്പിക്കാൻ കഴിഞ്ഞു.
മാർച്ചിന് ദിവസങ്ങൾക്ക് മുമ്പ് പുതിയൊരു പൊലീസ് മേധാവിയെ രഹസ്യമായി ധൃതിപിടിച്ച് നിയമിച്ചിട്ടും, ആരിലും ഭീതി ജനിപ്പിക്കുന്ന നമ്മുടെ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഭയങ്കരങ്ങളായ പാടവത്തെക്കുറിച്ചുള്ള ആശങ്കാകുലമായ അടക്കംപറച്ചിലുകൾ ഉണ്ടായിരുന്നിട്ടും, ജൂലൈ 20-ന് ഡൽഹിയെ വിഴുങ്ങിയ സുനാമിയുടെ വ്യാപ്തി കണക്കാക്കുന്നതിൽ പൊലീസും ആഭ്യന്തര മന്ത്രാലയവും പൂർണമായും പരാജയപ്പെട്ടു. അവർ സകല തന്ത്രങ്ങളും പയറ്റിനോക്കി. ബസുകളും റോഡുകളും മെട്രോ സ്റ്റേഷനുകളും തടഞ്ഞു; അതൊന്നും ഫലം കണ്ടില്ല. അവർ ഇന്റർനെറ്റ് തടസപ്പെടുത്തി നോക്കി. എന്നാൽ ഇന്റർനെറ്റിന്റെ ലോകത്ത് ജീവിക്കുന്ന ആ പാറ്റക്കുഞ്ഞുങ്ങൾ ഒരേസമയം ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന മീമുകളുടെയും വീഡിയോകളുടെയും പ്രളയത്തിലൂടെ ആ ശ്രമത്തെ നിർവീര്യമാക്കി. ഡൽഹിയിൽ ഈ പ്രതിഷേധത്തിന്റെ ഭാഗമായ യുവതികൾ തങ്ങൾ ആ ജനക്കൂട്ടത്തിനിടയിൽ സുരക്ഷിതരാണെന്ന് പറഞ്ഞു. പൊലീസിന്റെ ഭാഗത്തുനിന്നാണ് ലൈംഗികമായ ഉപദ്രവമുണ്ടായതായി ചിലർ പരാതിപ്പെട്ടത്. മുസ്ലീങ്ങളും ഹിന്ദുക്കളും ക്രിസ്‌ത്യാനികളും സിഖുകാരും ബുദ്ധമതക്കാരും എല്ലാ ജാതിയിലും വർഗത്തിലുംപെട്ട മനുഷ്യരും ഒന്നിച്ചുചേരുന്നതും, പൊലീസിനെ നേരിടുമ്പോൾ പരസ്‌പരം സഹായിക്കുന്നതും സംരക്ഷിക്കുന്നതും നാം കണ്ടു. നമ്മോട് പ്രസംഗിക്കുകയോ ഉപദേശിക്കുകയോ ചെയ്യുന്നതിന് പകരം, സാധ്യതയുള്ള ഒരു ഇന്ത്യയെ, നമ്മുടെ സ്വപ്‌നങ്ങളിലെ മനോഹരമായ ഇന്ത്യയെ അവർ നമുക്ക് കാണിച്ചുതന്നു, തെളിയിച്ചു തന്നു.
സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, ബൃന്ദ കാരാട്ട്, ഐഷി ഘോഷ്
തുടങ്ങിയവർ സോനം വാങ്‌ചുക്കിനെ സന്ദർശിച്ചപ്പോൾ ഫോട്ടോ: പി വി സുജിത്
ഈ അപായത്തെ നേരിടാൻ, പൊലീസ് തങ്ങളുടെ മഞ്ഞ ലോഹ ബാരിക്കേഡുകൾ ഒന്നിച്ചു വെൽഡ് ചെയ്യുകയും, പരീക്ഷിച്ച് വിജയിച്ച തങ്ങളുടെ പഴയ ആയുധങ്ങൾ പുറത്തെടുക്കുകയും ചെയ്‌തു: കല്ലുകൾ നിറഞ്ഞ ട്രക്കുകളും, നേരത്തെതന്നെ കേടുവരുത്തിയ വാഹനങ്ങളും. ചെറുപ്പക്കാർ അക്രമം കാണിച്ചുവെന്നും പൊലീസ് ആത്മരക്ഷാർഥം പ്രവർത്തിച്ചതാണെന്നും വരുത്തിത്തീർക്കാനായിരുന്നു ഈ ശ്രമം. സാധാരണ വേഷം ധരിച്ച്, ലാത്തികളും വടികളുമായി ഇറങ്ങിയ ഗുണ്ടകളുടെ ഒരു പടയെത്തന്നെ അവർ സ്ഥലത്തെത്തിച്ചു. നടപടിക്ക് മുന്നോടിയായി, ദ്രുതകർമസേന അവരുടെ യൂണിഫോമിൽ നിന്ന് നെയിം ടാഗുകൾ നീക്കം ചെയ്‌തു. കള്ളങ്ങൾ റിപ്പോർട്ട് ചെയ്യാൻ സജ്ജരാക്കി നിർത്തിയ വിശ്വസ്‌തരായ മുഖ്യധാര ടിവി ചാനലുകൾ അണിനിരന്നു (ചിലർ ഒരുപടി കടന്ന് ഇതുവരെ നടക്കാത്ത കാര്യങ്ങൾപോലും റിപ്പോർട്ട് ചെയ്യാൻ തുടങ്ങി. ഇന്ത്യയിലെ വാർത്തകൾ വർത്തമാനകാലത്തെക്കുറിച്ചല്ല, ഭാവികാലത്തെക്കുറിച്ചാണല്ലോ!). എന്നാൽ ഒന്നും ഫലിച്ചില്ല. പൊലീസും ദ്രുതകർമസേനയും തങ്ങളുടെ ലാത്തികൾ കണ്ണുമടച്ച് വീശി, കുട്ടികളുടെ തലകൾ തകർത്തു, കൈകാലുകൾ ഒടിച്ചു. അവർ കണ്ണീർവാതകം പ്രയോഗിച്ചു. എന്നാൽ ചെറുപ്പക്കാർ മുന്നോട്ട് തന്നെ മാർച്ച് ചെയ്‌തു. നേരെ പാർലമെന്റിലേക്ക്. തങ്ങൾ പോകുമെന്ന് പറഞ്ഞ അതേ സ്ഥലത്തേക്ക്. അവർ അടുത്തേക്ക് വന്നപ്പോൾ, സുരക്ഷാസേന തങ്ങളുടെ എകെ- 47 തോക്കുകൾ നിരായുധരായ വിദ്യാർഥികൾക്ക് നേരെ തിരിച്ചു നിലയുറപ്പിച്ചു. എന്നിട്ടും പാറ്റകൾ മാർച്ച് ചെയ്‌തു. അവർ മുന്നേറിയപ്പോൾ, സർക്കാരിന്റെ ഇരുമ്പുമുഷ്ടിയെ മറയ്‌ക്കുന്ന പട്ടുതുണിയുടെ അവശിഷ്ടങ്ങൾപോലും അവർ വലിച്ചുകീറുകയും, നിലവിലുള്ള ഭരണകൂടം എന്താണോ, എപ്പോഴും എന്തായിരുന്നുവോ അത് തുറന്നുകാട്ടുകയും ചെയ്‌തു: ഒരു ഫാസിസ്റ്റ് ഇരുമ്പുമുഷ്ടി! തങ്ങൾ ഭരിക്കുന്ന രാജ്യത്തിന്റെ ചരിത്രവും വൈവിധ്യവും മനസ്സിലാക്കാൻ ശേഷിയില്ലാത്ത ഹിംസ്രജന്തുക്കളുടെ സഖ്യം. വെറുക്കാൻ മാത്രം അറിയാവുന്ന, എന്നാൽ സ്‌നേഹിക്കാനോ ചിന്തിക്കാനോ അറിയാത്ത മനുഷ്യർ.
പ്രതിഷേധ പ്രകടനം അടുത്തെത്തിയപ്പോൾ നമ്മുടെ വീരനും വീമ്പിളക്കലുകാരനുമായ പ്രധാനമന്ത്രിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഭരണഘടനയെ ദിനംപ്രതി ദുർബലപ്പെടുത്തുക എന്നതുമാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന, തിളങ്ങുന്ന പുതിയ "സംവിധാൻ സൻസദ്' കെട്ടിടത്തിൽ നിന്ന് പുറത്തുപോകുന്നതിൽനിന്ന് പാർലമെന്റ് അംഗങ്ങളെ വിലക്കി.
സമരവേദിയിൽനിന്ന് ഫോട്ടോ: പി വി സുജിത്
വൈകുന്നേരത്തോടെ പൊലീസ് പ്രക്ഷോഭ സ്ഥലത്തെ പ്രധാന വേദി തകർത്തു. രാവിലെയോടെ ജനങ്ങൾ അത് വീണ്ടും പിടിച്ചെടുത്തു. രാത്രിയിൽ പൊലീസ് പിൻവാങ്ങിയപ്പോൾ പാറ്റകൾ അവരെ എഴുന്നേറ്റുനിന്ന് കൈയടിച്ചു പ്രോത്സാഹിപ്പിച്ചു. കുട്ടികളെ തല്ലിച്ചതച്ചതിന്. വാഹ് മോദിജീ! വാഹ്!
ഇതുവഴി വലിയൊരു രാഷ്‌ട്രീയ മാറ്റം ഉണ്ടാകുമെന്ന് കരുതുന്നത് മണ്ടത്തരമായിരിക്കും. എന്നാൽ ഇതൊരു താൽക്കാലിക ഉന്മാദം മാത്രമാണെന്ന് തള്ളിക്കളയുന്നത് ഭോഷ്‌കുമാകും. തത്സമയ സംപ്രേഷണം നടത്തുന്ന ടിവി ചാനലുകളും വാർത്താ ഏജൻസികളും വിദേശ ധനസഹായത്തെക്കുറിച്ചും സിഐഎ തന്ത്രങ്ങളെക്കുറിച്ചുമുള്ള അഭ്യൂഹങ്ങളും ഗൂഢാലോചനാ സിദ്ധാന്തങ്ങളുംകൊണ്ട് പുകയുന്നതിൽ അത്ഭുതമില്ല. അഭിമാനിനിയായ ഒരു "ആന്ദോളൻജീവി' (എന്നെപ്പോലുള്ളവരെ അധിക്ഷേപിക്കാൻ മോദി ഉപയോഗിക്കുന്ന വാക്ക്) എന്ന നിലയിൽനിന്ന് തുറന്ന് പറയട്ടെ, തുടക്കത്തിൽ ഈ ഭയം എനിക്കുമുണ്ടായിരുന്നു. നമ്മൾ മറ്റൊരു "അണ്ണാ ഹസാരെ' ആവർത്തിക്കാൻ പോകുന്നുവെന്ന് ഞാൻ ആശങ്കപ്പെട്ടു. തുടക്കത്തിലെ ലക്ഷ്യങ്ങൾ എന്തൊക്കെയായിരുന്നാലും 2011ലെ അഴിമതി വിരുദ്ധ ജനകീയ പ്രസ്ഥാനം നമ്മുടെ രാജ്യത്തെ ഒരു രാഷ്‌ട്രീയ പാർടിക്ക് സമ്മാനിക്കുകയായിരുന്നു. ഈ രാജ്യത്തെ ഓരോ സ്ഥാപനത്തെയും തകർത്ത, തങ്ങളുടെ പാർടിയും രാജ്യത്തെ സർക്കാരും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാത്ത, രാജ്യത്തെയോ അതിലെ പൗരന്മാരെയോ ബഹുമാനിക്കാത്ത, അന്താരാഷ്‌ട്ര തലത്തിൽ നമ്മെ നാണംകെടുത്തുകയും ഇന്ത്യയെ മുട്ടുകുത്തിക്കുകയും ചെയ്‌ത ഒരു രാഷ്‌ട്രീയ പാർടിക്കാണ് നമ്മെ മൂന്ന് വട്ടം ഭരിക്കാൻ ആ പ്രസ്ഥാനം വിട്ടു നൽകിയത്.
എന്നാൽ മുഖ്യധാര മാധ്യമങ്ങൾക്ക് കോക്രോച്ച് ജനതാ പാർടിയോടുള്ള ശത്രുത കണ്ടപ്പോൾ എന്റെ സംശയങ്ങളെല്ലാം നീങ്ങി. എന്നെ സംബന്ധിച്ചിടത്തോളം അതായിരുന്നു ആദ്യത്തെതും ഏറ്റവും ആശ്വാസകരവുമായ കാര്യം. അഭിജിത് ദീപ്‌കെ ഒരു ദളിത് സമുദായത്തിൽനിന്നുള്ളയാളാണെന്നതിൽ ഞാൻ അത്യന്തം സന്തോഷിച്ചു, അതിലുപരി ആരും അതിൽ ശ്രദ്ധയൂന്നിയില്ല എന്നതിൽ ഞാൻ അതിലേറെ സന്തോഷിച്ചു. "എന്റെ പേര് ഖാലിദ് എന്നായിരുന്നുവെങ്കിൽ, ഞാൻ ഒരു മുസ്ലീം ആയിരുന്നെങ്കിൽ, ഇപ്പോൾ ജയിലിലാകുമായിരുന്നു' എന്ന് അദ്ദേഹം പറയുന്നത് കേട്ടപ്പോൾ എല്ലാം വ്യക്തമായി. ഇന്ത്യയിൽ അനുദിനമെന്നോണം നടക്കുന്ന അശ്ലീലത്തെ തുറന്നുകാട്ടാൻ അദ്ദേഹത്തിന് ധൈര്യമുണ്ടായിരുന്നു-, നമ്മുടെ രാജ്യത്ത് എല്ലാവർക്കും ഒരുപോലെയല്ല എല്ലാ കാര്യങ്ങളും (പ്രത്യേകിച്ച് നിയമം) ബാധകമാകുന്നത് എന്ന വസ്‌തുതയെ. എല്ലാം നിങ്ങളുടെ മതം, ജാതി, വർഗം, വംശം, ലിംഗഭേദം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. വളരെ ലളിതമായാണ് ദീപ്‌കെ അത് പറഞ്ഞതെങ്കിലും ആഴത്തിലുള്ള നിരീക്ഷണമായിരുന്നു അത്. "ഹിന്ദു ധ്രുവീകരണത്തെ' ഭയന്ന് പ്രതിപക്ഷ രാഷ്‌ട്രീയക്കാർ പോലും "മുസ്ലീം' എന്ന് പറയുന്നതിന് പകരം "ന്യൂനപക്ഷ സമുദായം' എന്ന് മാത്രം പറയുന്ന ഈ കാലത്ത്, പരസ്യമായി ഇത് പറയാൻ അദ്ദേഹം കാണിച്ച ധൈര്യമാണ് എന്നെ ഉടൻ തന്നെ ജന്തർ മന്തറിലേക്ക് നയിച്ചത്.
ദീപ്‌കെ "ഖാലിദ്' എന്ന പേര് തെരഞ്ഞെടുത്തപ്പോൾ, ഷർജീൽ ഇമാമിനും മറ്റ് പലർക്കുമൊപ്പം വിചാരണ കൂടാതെ ആറ് വർഷമായി ജയിലിൽ കഴിയുന്ന ജെഎൻയു ഗവേഷകൻ ഉമർ ഖാലിദിനെക്കുറിച്ചായിരിക്കാം അദ്ദേഹം സംസാരിച്ചതെന്നും എനിക്കറിയാമായിരുന്നു. ഉമറിന്റെ കുറ്റം എന്തായിരുന്നു? 2020-ലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ കാലത്ത്, ഹിന്ദുത്വ തീവ്രവാദികളുടെ നേതൃത്വത്തിലുള്ള ജനക്കൂട്ടം തീവയ്‌പ്പും കൊലപാതകങ്ങളും മസ്ജിദുകൾ കത്തിക്കലും നടത്തുന്നത് മിണ്ടാതെ കണ്ടു നിൽക്കുകയും ചിലപ്പോൾ അവർക്കൊപ്പം കൂടുകയും ചെയ്യുകയായിരുന്നു പൊലീസ് എങ്കിലും, പ്രക്ഷോഭകരോട് അക്രമരഹിതമായി തന്നെ സമരം തുടരാൻ അഭ്യർഥിച്ചതാണോ ഉമർ ചെയ്‌ത കുറ്റം? ഉമറിന്റെ ജാമ്യാപേക്ഷകൾ ന്യായാധിപന്മാർ ഒന്നൊന്നായി തള്ളിക്കളഞ്ഞു. ന്യായം പ്രവർത്തിക്കാനോ മനസ്സിലാക്കാനോ ഉള്ള ധൈര്യം അവർക്കില്ലായിരുന്നു എന്നാണ് തോന്നുന്നത്.
പാറ്റകൾ മുന്നേറുകയും അവരുടെ എണ്ണം പെരുകുകയും ചെയ്‌തപ്പോൾ ഞാൻ ചിന്തിച്ചുപോയി: ഭാഗ്യം, ഇവർ ഭൂരിഭാഗവും മുസ്ലീങ്ങളോ സിഖുകാരോ ക്രിസ്‌ത്യാനികളോ ആദിവാസികളോ അല്ലല്ലോ. ആയിരുന്നെങ്കിൽ ഈ ഭരണകൂടം അവരെ ചതച്ചരയ്‌ക്കുമായിരുന്നു, കൊല്ലുമായിരുന്നു, വെടിവയ്‌ക്കുമായിരുന്നു, ജയിലിലടയ്‌ക്കുമായിരുന്നു. ഭാഗ്യം, അവർ കശ്‌മീരികളല്ലല്ലോ! പെല്ലറ്റുകൊണ്ട് കണ്ണു തകർത്തേനെ പൊലീസ് (ചിലർക്ക് പെല്ലറ്റ് പോലുള്ള പരിക്കുകൾ ഏറ്റിട്ടുണ്ടെങ്കിലും). ഭാഗ്യം, ഇവർ ഭൂരിഭാഗവും ഹിന്ദുക്കളാണ്. ഇന്ത്യയിൽ ഈ നിമിഷം എത്രത്തോളം സങ്കടകരമാണെന്ന് നോക്കൂ! എന്നിരുന്നാലും, കാര്യങ്ങൾ ഒരു നിമിഷം കൊണ്ട് മാറാം...
ഇതെല്ലാം നമ്മെ എവിടെ എത്തിക്കുന്നു? നൂറുകണക്കിന് കോർപറേറ്റ് ടിവി ചാനലുകളിൽ ആഴ്‌ചകളോളം, ഭ്രാന്ത് പിടിച്ച, 24/7 തത്സമയ സംപ്രേഷണം കിട്ടിയ അണ്ണാ ഹസാരെ പ്രസ്ഥാനത്തിൽനിന്ന് വ്യത്യസ്‌തമായി കോക്രോച്ച് ജനതാ പാർടിക്ക് ഇന്റർനെറ്റിനേയും അവരെത്തന്നെയും മാത്രമേ ആശ്രയിക്കാനുള്ളൂ. അണ്ണാ ഹസാരെ മുന്നേറ്റത്തെ നുഴഞ്ഞുകയറിയ രാഷ്‌ട്രീയ സ്വയംസേവക് സംഘം കയ്യടക്കിയിരുന്നു. ടിവി ചാനലുകൾ സൃഷ്ടിച്ച തരംഗമാകട്ടെ തെരഞ്ഞെടുപ്പിൽ മുതലാക്കാൻ മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി കാത്തിരിക്കുകയുമായിരുന്നു. എന്നാൽ കോക്രോച്ച് ജനതാ പാർടിക്ക് പിന്നിൽ ഇതിൽനിന്ന് നേട്ടമുണ്ടാക്കാൻ കാത്തുനിൽക്കുന്ന സംഘടിത പ്രതിപക്ഷ പാർടികളൊന്നുമില്ല. കുറച്ച് യഥാർഥ രാഷ്‌ട്രീയ പ്രവർത്തനങ്ങൾ ആരംഭിച്ചില്ലെങ്കിൽ ഇപ്പോൾ നാം കാണുന്ന സ്വതസിദ്ധമായ രോഷം പതുക്കെ ഇല്ലാതാകും. മുതിർന്നവരും പ്രതിപക്ഷ പാർടികളും തങ്ങളുടെ മത്സരങ്ങളും നിസ്സാരമായ തർക്കങ്ങളും അവസാനിപ്പിച്ച് കുറച്ച് ഐക്യദാർഢ്യം കാണിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും. അത്തരമൊരു ഐക്യദാർഢ്യത്തിന് സാധ്യത കുറവാണ് എന്ന് സർക്കാരിന് അറിയാം. അതുകൊണ്ട് ക്ഷമയോടെ കാത്തിരുന്നാൽ മാത്രം മതി എന്ന് കരുതിയാണ് സർക്കാർ യാതൊരു കുലുക്കവുമില്ലാതെ തുടരുന്നത്. കാത്തിരിക്കാനുള്ള കരുത്ത് ഭരണകൂടങ്ങൾക്കുണ്ട്. ജനങ്ങൾക്കതില്ല.
പ്രകാശ്‌രാജ് ജന്തർ മന്തറിലെ സമരവേദിയിൽ
ഇപ്പോൾ, പാറ്റകളുടെ ഈ പ്രക്ഷോഭത്തിന് സമാനമായി ഇന്ത്യയിലുടനീളം ഒട്ടേറെ മറ്റ് പ്രതിഷേധങ്ങളും നടക്കുന്നുണ്ട്. മധ്യപ്രദേശിലെ ആദിവാസികൾ കെൻ-ബെത്വ നദീസംയോജന പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്നു. ഉത്തരാഖണ്ഡിലെ ഗ്രാമീണർ വൻതോതിൽ മരങ്ങൾ വെട്ടിമാറ്റുന്നതിനെതിരെ പ്രതിഷേധിക്കുന്നു. ഗ്രേറ്റ് നിക്കോബാർ ദ്വീപുകളിലെ പരിസ്ഥിതി നാശത്തിനെതിരെ ജനങ്ങൾ പ്രതിഷേധിക്കുന്നു. മണിപ്പുർ ഇപ്പോഴും തിളച്ച് മറിയുന്നു. ജോലികൾ ഇല്ലാതാകുന്നു. വില കുതിച്ചുയരുന്നു. രോഷം വളരുകയാണ്. "ദൈവ'ത്തെ മുൻനിർത്തിയുള്ള ബിജെപി-‐ആർഎസ്എസിന്റെ കളി എന്തായിരുന്നുവെന്ന് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു: അതൊരു തട്ടിപ്പാണ്; ഗുണ്ടകൾ നടത്തുന്ന പെരുംകൊള്ള! നമ്മൾ കാണാറുള്ള ഒരു മോശം ബോളിവുഡ് സിനിമയുടെ തിരക്കഥ പോലെയാണ് അയോധ്യയിലെ രാമക്ഷേത്ര കൊള്ളയടി. പാവപ്പെട്ടവരും നിസന്ദേഹകരുമായ മനുഷ്യരുടെ വിശ്വാസത്തിൽ തടിച്ചുകൊഴുത്ത, ഹോട്ടലുകൾ പണിയുകയും ഭൂമിക്കച്ചവടം നടത്തി സമ്പാദിക്കുകയും എസ്‌യുവികളിൽ ചുറ്റിസഞ്ചരിക്കുകയും ചെയ്യുന്ന വഞ്ചകരായ ദൈവദാസന്മാരും അഴിമതിക്കാരായ രാഷ്‌ട്രീയക്കാരും. അഴിമതിയുടെയും പകൽക്കൊള്ളയുടെയും അടിയൊഴുക്കുകൾ ഏറ്റവും മുകൾത്തട്ട് വരെ നീളുന്നു.
പാറ്റകളുടെ ഈ ഊർജത്തിന് നമ്മെ ഈ കുഴിയിൽനിന്ന് പുറത്തെടുക്കാൻ കഴിയുമോ? എളുപ്പമല്ല. ഇന്ത്യയിലെ ജനകീയ പ്രസ്ഥാനങ്ങളുടെ ഫലങ്ങളിലേക്ക് നോക്കിയാൽ അത് പ്രത്യാശ നൽകുന്നതല്ല. ലക്ഷ്യങ്ങൾ ചുരുങ്ങുന്നതിന്റെയും സ്വപ്‌നങ്ങൾ തകരുന്നതിന്റെയും ഒരു ചരിത്രമാണത്. അറുപതുകളിലും എഴുപതുകളിലും നക്‌സലൈറ്റുകളുടെ സായുധ കലാപം ഉൾപ്പെടെയുള്ള വിവിധ പ്രസ്ഥാനങ്ങൾ സമ്പത്തും ഭൂമിയും കർഷകർക്ക് പുനർവിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. അവയെല്ലാം അടിച്ചമർത്തപ്പെട്ടു. എൺപതുകളിലും തൊണ്ണൂറുകളിലും നർമദ ബച്ചാവോ ആന്ദോളനും പിന്നീട് ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ജാർഖണ്ഡ് എന്നിവിടങ്ങളിലെ മാവോയിസ്റ്റുകൾ ഉൾപ്പെടെയുള്ള സാമൂഹിക പ്രസ്ഥാനങ്ങളും കർഷകരേയും ആദിവാസികളേയും അവരുടെ ഭൂമിയിൽനിന്ന് കുടിയൊഴിപ്പിക്കപ്പെടുന്നതിനെതിരെ പോരാടി. പാവപ്പെട്ടവർക്ക് ഇപ്പോഴുള്ള നിസ്സാരമായതുകൂടി തട്ടിപ്പറിക്കരുത് എന്നാണവർ ആവശ്യപ്പെട്ടത്. അവരും അടിച്ചമർത്തപ്പെട്ടു. 2000-‐ത്തിന്റെ ആദ്യവർഷങ്ങളോടെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് നന്ദിയുള്ളവരായി അവർ ചുരുങ്ങി. വർഷത്തിൽ മൂന്ന് മാസം ഏറ്റവും കുറഞ്ഞ വേതനത്തിൽ തൊഴിലിനുള്ള അവകാശം. -നഗരത്തിലെ ഒരു ചെലവേറിയ റസ്റ്റോറന്റിലെ ഒരു നേരത്തെ നല്ലൊരു ഭക്ഷണത്തിന്റെ വില മാത്രം വരുന്ന ഒരു തുകയായിരുന്നു അത്. അതും നിലവിലുള്ള ഭരണകൂടം അട്ടിമറിച്ചു. പകരം കഴിഞ്ഞുകൂടാനുള്ള റേഷൻ- മോദിയുടെ മുഖം പതിച്ച അവശ്യസാധനങ്ങളുടെ സഞ്ചിയിൽ -പിച്ചക്കാരെപ്പോലെ ജനങ്ങൾക്ക് നേരെ ഓടിക്കൊണ്ടിരിക്കുന്ന കാറുകളിൽനിന്ന് എറിഞ്ഞുകൊടുത്തു, കൃതജ്ഞതയ്‌ക്കും വോട്ടുകൾക്കും പകരമായി. സാമ്പത്തികരംഗം തകരുമ്പോൾ, ഇതും അപകടത്തിലാണ്.
ഇന്ന്, 2026-ൽ, നമ്മുടെ വോട്ടവകാശത്തിനും പൗരത്വത്തിനും വേണ്ടി പോരാടേണ്ട അവസ്ഥയിലേക്ക് നാം ചുരുങ്ങിയിരിക്കുന്നു. നാസി ജർമനിയുടെ 1935-ലെ ന്യൂറെംബർഗ് നിയമങ്ങളുടെ ഹിന്ദു രാഷ്‌ട്ര പതിപ്പാണ് പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും. അന്ന് ജർമൻ പൗരന്മാർക്ക് അവരുടെ "പാരമ്പര്യ രേഖകൾ' അനുസരിച്ചാണ് പൗരത്വം നൽകിയിരുന്നത്. (ഇന്ത്യയിൽ എത്രപേരുടെ പക്കൽ ഈ രേഖകളുണ്ട്?) വൻ പ്രതിഷേധങ്ങളെ തുടർന്ന് പ്രതിഷേധക്കാർ കൊല്ലപ്പെടുകയും സാമൂഹിക പ്രവർത്തകർ ജയിലിലടയ്‌ക്കപ്പെടുകയും ചെയ്‌തതോടെ സിഎഎ- എൻആർസി വിരുദ്ധ പ്രസ്ഥാനം മങ്ങിപ്പോയി. എന്നാൽ ആ പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നത് പതുക്കെയാക്കാൻ ആ പ്രതിഷേധങ്ങൾ സർക്കാരിനെ നിർബന്ധിതരാക്കി. മുസ്ലീങ്ങളെ ലക്ഷ്യമിട്ട് സർക്കാർ കൊണ്ടുവരുന്നതാണ് എന്ന് പലരും ശരിയായി തന്നെ വിശ്വസിച്ച സിഎഎ- എൻആർസി പദ്ധതി വോട്ടർ പട്ടികയുടെ "പ്രത്യേക തീവ്രമായ പുതുക്കൽ' എന്ന വ്യാജേന ഇപ്പോഴിതാ വീണ്ടും തിരിച്ചെത്തിയിരിക്കുന്നു. നമ്മുടെ പാസ്‌പോർട്ടുകൾ പോലും പൗരത്വത്തിന്റെ തെളിവല്ലെന്ന് ലാഘവത്തോടെ അവർ അറിയിച്ചിരിക്കുന്നു. ദശലക്ഷക്കണക്കിന് ആളുകളാണ് വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെടുന്നത്. രാജ്യം മുഴുവൻ "പാരമ്പര്യ രേഖകൾക്കായി' നെട്ടോട്ടമോടുകയാണ്. നമ്മൾ എവിടെയാണുള്ളത് എന്ന് നമുക്കറിയില്ല. നമ്മൾ നിയമവിധേയരാണോ? അല്ലാത്തവരാണോ? നമുക്ക് അവകാശങ്ങളുണ്ടോ? "സംശയാസ്‌പദമായ പൗരന്മാർക്കായി' നിർമിക്കുന്ന ആ കൂറ്റൻ തടങ്കൽ പാളയങ്ങളിൽ നമ്മളിൽ ആരാണ് അടയ്‌ക്കപ്പെടുക? ട്രിബ്യൂണലുകളിൽനിന്ന് ട്രിബ്യൂണലുകളിലേക്ക് ഓടി നമ്മൾ സമയം കളയേണ്ടിവരുമോ? ഫാസിസ്റ്റുകൾക്കിഷ്ടം ഇത്തരം അവ്യവസ്ഥകളും ആശയക്കുഴപ്പങ്ങളുമാണ്.
നമ്മുടെ ഭയവും വേദനയും പാറ്റകളുടെ ഈ പ്രക്ഷോഭത്തിൽ അമിത പ്രതീക്ഷ അർപ്പിക്കാൻ നമ്മെ പ്രേരിപ്പിച്ചേക്കാം. ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ ഭരണമാറ്റത്തിലേക്ക് നയിച്ച യുവാക്കളുടെ പ്രക്ഷോഭത്തോട് ചിലർ ഇതിനകം ഇതിനെ ഉപമിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യ അങ്ങനെയൊന്ന് സംഭവിക്കാൻ കഴിയാത്ത അത്രയും വിസ്‌തൃതമായ ഒരു രാജ്യമാണ്. ചിലർ ഇന്ദിരാഗാന്ധിയെ പുറത്താക്കിയ 1977-ലെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള പ്രസ്ഥാനത്തോട് ഇതിനെ ഉപമിക്കുന്നു. ഇത്തരം ഉപമകൾകൊണ്ട് കാര്യമൊന്നുമില്ല. കോക്രോച്ച് ജനതാ പാർടി ഇവ രണ്ടുമല്ല. അത് സവിശേഷമായ ഒന്നാണ്. ഈ കാലഘട്ടത്തിന്റെ നിസ്‌തുലമായ ഉൽപ്പന്നം. തങ്ങളെ എതിർക്കുന്നവരോട് യാതൊരു ദയയും കാണിക്കാത്ത, ക്രൂരവും പ്രതികാരബുദ്ധിയുള്ളതുമായ ഒരു സർക്കാരിനെതിരെ നിൽക്കുന്ന നിർധനരായ ചെറുപ്പക്കാരാണവർ. പ്രതികാരം ആസൂത്രണം ചെയ്യപ്പെടുമെന്നും പ്രധാന സൂത്രധാരന്മാരായി കാണുന്നവരുടെമേൽ ആ പ്രതികാരം നടപ്പിലാക്കപ്പെടുമെന്നും ഉറപ്പാണ്.
ഏറെ ജനപ്രിയമല്ലെന്ന് വ്യക്തമായി തെളിഞ്ഞിട്ടും, തങ്ങൾക്ക് വോട്ട് ചെയ്‌ത ജനങ്ങൾക്ക് യാതൊരു വിട്ടുവീഴ്‌ചയും ചെയ്യാതിരിക്കാൻ ഒരു ഭരണകൂടത്തിന് എങ്ങനെ ധൈര്യം വരുന്നു? കാരണം, തെരഞ്ഞെടുപ്പ് പ്രക്രിയയെ കൈപ്പിടിയിലാക്കാൻ തങ്ങൾക്ക് സാധിച്ചിട്ടുണ്ട് എന്നവർ കരുതുന്നു. ഭരണസംവിധാനത്തെ തന്നെ അവർ പിടിച്ചെടുത്തു. ഘടനാപരമായി തന്നെ വൈകല്യമുള്ള തെരഞ്ഞെടുപ്പ് കമീഷൻ ഇനിയുള്ള കാലം നിഷ്‌പക്ഷമായിരിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. ഇവിഎമ്മുകൾ കൃത്രിമം കാണിക്കപ്പെട്ടു, വോട്ടർ പട്ടികയിൽനിന്ന് ദശലക്ഷക്കണക്കിന് യഥാർഥ മനുഷ്യരെ ഒഴിവാക്കുകയും ദശലക്ഷക്കണക്കിന് വ്യാജ പേരുകൾ ഉൾപ്പെടുത്തുകയും ചെയ്‌തു, തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥർ ഇതിനെല്ലാം പൂർണമായും കൂട്ടുനിൽക്കുന്നതായി തെളിഞ്ഞു, ഗുരുതരമായ ക്രമക്കേടുകൾക്കെതിരെയുള്ള നടപടികൾ വൈകിപ്പിക്കാനോ അതിന് നേരെ കണ്ണടയ്‌ക്കാനോ കോടതികളെ ആശ്രയിക്കാം, പൊലീസിന് നിഷ്‌പക്ഷത എന്താണെന്ന് അറിയില്ല, അധികാരത്തിലുള്ളവർ കൈ ഞൊടിക്കുമ്പോഴെല്ലാം പത്രമാധ്യമങ്ങൾ വണങ്ങുന്നു. ബിജെപിക്ക് എപ്പോഴും അനുകൂലമാണെന്ന് ഉറപ്പാക്കാൻ മണ്ഡലങ്ങൾ പുനർനിർണയിക്കാൻ പോകുന്നു. ഇനിയിപ്പോൾ ഭരണകക്ഷിക്ക് എന്തിനെയാണ് ഭയം? അവർ എന്തിനാണ് ആരെങ്കിലും പറയുന്നത് കേൾക്കുന്നത്? ലോകത്തിലെ ഏറ്റവും ധനികരായ വ്യവസായികളുടെ പിന്തുണയുള്ള, ഭൂമിയിലെ ഏറ്റവും ധനികരായ രാഷ്‌ട്രീയ പാർടിയാണത്. അവർക്ക് എന്ത് വേണമെങ്കിലും വാങ്ങാം; ആരെ വേണമെങ്കിലും! അല്ലെങ്കിൽ അവർ അങ്ങനെ വിശ്വസിക്കുന്നു.
എന്നാൽ ഈ കളി എന്നന്നേക്കും നിലനിൽക്കുമോ? എല്ലാ മനുഷ്യരേയും എക്കാലവും പറ്റിക്കാൻ കഴിയുമോ? നൂറ്റമ്പത് കോടി ജനസംഖ്യയുള്ള ഒരു രാജ്യത്തെ എന്നെന്നും ഒരു ശവത്തെ എന്നപോലെ വലിച്ചിഴയ്‌ക്കാൻ കഴിയുമോ? സാധിക്കില്ല. പാറ്റകൾ പുറത്തിറങ്ങിക്കഴിഞ്ഞു. കർഷകർ വീണ്ടും ഡൽഹിയിലേക്ക് മാർച്ച് ചെയ്യാൻ തുടങ്ങിയിരിക്കുന്നു. ഇത്തവണ ഇൻഡോ-‐യുഎസ് വ്യാപാര കരാറിനെതിരെയാണ്. അമേരിക്കയോടുള്ള അടിമത്ത മനോഭാവത്തോടെ ഇന്ത്യാ സർക്കാർ ഒപ്പിടാൻ സമ്മതിച്ച ഈ കരാർ കർഷകരുടെ മരണവാറൻഡാണ്! നഗരത്തിന്റെ അതിർത്തികൾ അടച്ചിട്ടിരിക്കുകയാണ്; എന്നാൽ കർഷകരെ തടുക്കാൻ അതുമതിയാകില്ല. കുറച്ചുകൂടി അപായകാരികളാകാൻ കർഷകരിൽനിന്നും പാറ്റകളിൽനിന്നും നമ്മൾ പാഠം പഠിക്കേണ്ടതുണ്ട്. ചെറുപ്പക്കാർ നമുക്കൊരു സമ്മാനമാണ് തന്നിരിക്കുന്നത്. അവർ ചെയ്‌തതിന് ഫലമുണ്ടാകും എന്നുറപ്പിക്കേണ്ടത് നമ്മളോരോരുത്തരുടെയും കടമയാണ്.
ഒരു പ്രധാനമന്ത്രി ഭൗതികമായി ഓടിയൊളിച്ചാൽ, അദ്ദേഹത്തിന് രാഷ്‌ട്രീയമായി ഓടിയൊളിക്കേണ്ടിവരാൻ അധികസമയം വേണ്ടിവരില്ല.
...നമ്മെ തകർക്കാൻ അവർ ആവുന്നതെല്ലാം ചെയ്യും. അവരെ തടയാൻ നാമും ആവുന്നതെല്ലാം ചെയ്യണം .
( കടപ്പാട്: m.thewire.in)










0 comments