ad
Deshabhimani

സർക്കാരിന് മനസാക്ഷിയില്ലേ ? മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് 9 ദിവസം, എങ്ങുമെത്താതെ രക്ഷാപ്രവർത്തനം

fisherman missing
വെബ് ഡെസ്ക്

Published on Aug 08, 2026, 09:57 AM | 1 min read

തിരുവനന്തപുരം: കടലിൽ മത്സ്യത്തൊഴിലാളികളെ കാണാതായി ഒരാഴ്ച കഴിഞ്ഞിട്ടും നോക്കുകുത്തിയായി സംസ്ഥാന സർക്കാരും ഫിഷറീസ് വകുപ്പും. കൊല്ലം നീണ്ടകരയിൽ വള്ളം മറിഞ്ഞ് ഗൗതം കൃഷ്ണൻ എന്ന യുവാവിനെ കാണാതായിട്ട് ഒൻപത് ദിവസങ്ങൾ പിന്നിടുകയാണ്. ​ഗൗതമിനെ കണ്ടെത്താനോ തെരച്ചിലിന് മികച്ച സംവിധാനങ്ങളൊരുക്കാനോ സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല.


വിഴിഞ്ഞത്തുനിന്ന് പോയ ജോൺ മത്യാസ്‌, മുതലപ്പൊഴിയിൽനിന്ന് കാണാതായ ഫ്രീമോൻ, നീണ്ടകര പുത്തൻതുറയിലെ ഗൗതം കൃഷ്‌ണ, ആലപ്പുഴ കാടൂർ സ്വദേശി പുഷ്‌പാംഗദൻ എന്നിവരെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഷിജിനെ കാണാതായിട്ടും എട്ട് ദിവസം കഴിഞ്ഞു. ഇവർക്കായുള്ള തെരച്ചിലും മന്ദഗതിയിലാണ് നടക്കുന്നത്. ദുരന്ത സമയത്ത് അടിയന്തര രക്ഷാപ്രവർത്തനത്തിനെത്തേണ്ട ഫിഷറീസ് വകുപ്പിന്റെ ഗുരുതര വീഴ്ചകളാണ് കഴിഞ്ഞ ഒരാഴ്ചയിലേറെയായി കേരളം കണ്ടുകൊണ്ടിരിക്കുന്നത്.


പഴകിയ മത്സ്യബന്ധന ബോട്ടുകൾ വാടകയ്‌ക്കെടുത്താണ് ഉദ്യോഗസ്ഥർ തെരച്ചിലിന് പോകുന്നത്. സുരക്ഷിതമായ ബോട്ടുകൾ പോലുമില്ലാതെ കടലിലിറങ്ങുന്ന ഉദ്യോഗസ്ഥരുടെ ജീവന് പോലും സർക്കാർ ഒരു ഗ്യാരണ്ടിയും നൽകുന്നില്ല. മത്സ്യത്തൊഴിലാളികൾക്കുള്ള രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ തീരപ്രദേശം സന്ദർശിക്കാത്തതെന്തെന്ന ചോദ്യങ്ങൾക്ക് ഫിഷറീസ്‌ മന്ത്രി വി ഇ അബ്‌ദുൾ ഗഫൂറിന് മറുപടിയുമില്ല.


‘സർക്കാർ വന്നിട്ട്‌ രണ്ട്‌ മാസമേ ആയിട്ടുള്ളൂ. മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള സ‍ൗകര്യങ്ങൾവച്ച്‌ തിരച്ചിൽ നടത്തുന്നുണ്ട്‌. കുടുംബങ്ങളുമായി ഉദ്യോഗസ്ഥർ സംസാരിക്കുന്നുണ്ട്‌’ എന്നുമാത്രമാണ് മന്ത്രിയുടെ മറുപടി. സ്ഥലം സന്ദർശിക്കാത്തതെന്തുകൊണ്ടെന്ന് മാധ്യമപ്രവർത്തകർ വീണ്ടും ചോദിച്ചപ്പോൾ, പ്രഥമ പരിഗണന കാണാതായവരെ കണ്ടുപിടിക്കാനാണെന്ന്‌ പറഞ്ഞ്‌ മന്ത്രി തടിതപ്പി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home