ad
Deshabhimani

print edition എംജി സർവകലാശാല കായികമേള ; അസംപ്‌ഷനും 
എസ്‌ബിക്കും കിരീടം

Mg University Athletic Meet

എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന എംജി സർവകലാശാല അത്‌ലറ്റിക് മീറ്റിൽ വനിതാവിഭാഗം വിജയികളായ ചങ്ങനാശേരി അസംപ്ഷൻ കോളേജ് ടീമിന്റെ ആഹ്ലാദം

വെബ് ഡെസ്ക്

Published on Dec 20, 2025, 02:15 AM | 2 min read


കൊച്ചി

എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടന്ന 43–ാമത് എംജി സർവകലാശാല അത്‌ലറ്റിക് മീറ്റില്‍ വനിതാവിഭാഗത്തിൽ ചങ്ങനാശേരി അസംപ്ഷന്‍ കോളേജിനും പുരുഷ വിഭാഗത്തിൽ എസ്ബി കോളേജിനും കിരീടം. ഇഞ്ചോടിഞ്ച് പോരിനൊടുവില്‍ നിലവിലെ ചാമ്പ്യന്‍മാരായ പാലാ അല്‍ഫോണ്‍സ കോളേജിനെ അഞ്ച് പോയിന്റിന് പിന്നിലാക്കിയാണ് അസംപ്ഷന്‍ കോളേജ് വനിതാവിഭാഗം കിരീടം തിരിച്ചുപിടിച്ചത്. 179 പോയിന്റോടെയാണ് അസംപ്ഷന്റെ നേട്ടം. അല്‍ഫോണ്‍സ കോളേജ് 174 പോയിന്റുകള്‍ നേടി.


കോതമംഗലം എംഎ കോളേജിനാണ് മൂന്നാംസ്ഥാനം (93). ആതിഥേയരായ എറണാകുളം മഹാരാജാസ് കോളേജും (18), കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജും (18) യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലെത്തി. 2021 -–22ലായിരുന്നു അസംപ്ഷന്റെ അവസാന കിരീടനേട്ടം. പുരുഷവിഭാഗത്തില്‍ മൂന്നാംദിനവും ചങ്ങനാശേരി എസ്ബി കോളേജിന് വെല്ലുവിളിയുണ്ടായില്ല. 176 പോയിന്റോടെയാണ് എസ്ബി കോളേജ് കിരീടം നിലനിര്‍ത്തിയത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് രണ്ടാംസ്ഥാനക്കാരായി (144), കോതമംഗലം എംഎ കോളേജിനാണ് മൂന്നാംസ്ഥാനം (98). എറണാകുളം മഹാരാജാസ് കോളേജും (33), പാലാ സെന്റ് തോമസ് കോളേജും (15) നാലും അഞ്ചും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു.


mg
പുരുഷവിഭാഗം വിജയികളായ ചങ്ങനാശേരി എസ്ബി കോളേജ് ടീമിന്റെ ആഹ്ലാദം


നാല് പുതിയ റെക്കോഡ്‌

എംജി സർവകലാശാലയുടെ അവസാനദിനം നാല് ഇനങ്ങളില്‍ക്കൂടി പുതിയ റെക്കോഡ് പിറന്നു. മീറ്റില്‍ ആകെ ഏഴു റെക്കോഡുകള്‍. 10,000 മീറ്ററില്‍ സ്വര്‍ണം നേടിയ കോതമംഗലം എംഎ കോളേജിലെ എൻ പൗര്‍ണമി (35:38.30) ഇരട്ട റെക്കോഡിന് അവകാശിയായി. 2016ല്‍ ചങ്ങനാശേരി അസംപ്ഷന്റെ യു നീതു സ്ഥാപിച്ച (36:45.66) റെക്കോഡാണ് തിരുത്തിയത്. 5000 മീറ്റററിലും പൗര്‍ണമി റെക്കോഡോടെ സ്വര്‍ണം നേടിയിരുന്നു.


പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ പൗര്‍ണമി, എംകോം ആദ്യവര്‍ഷ വിദ്യാര്‍ഥിയാണ്. യൂണിവേഴ്‌സിറ്റി മീറ്റിലെ ഹാഫ് മാരത്തണ്‍ റെക്കോഡും പൗര്‍ണമിയുടെ പേരിലാണ്. ജോര്‍ജ് ഇമ്മാനുവലാണ് പരിശീലകന്‍. കൊല്ലങ്കോട് അത്തിപ്പൊറ്റ വീട്ടില്‍ കര്‍ഷകരായ നാരായണന്റെയും വസന്തകുമാരിയുടെയും മകളാണ്‌ പ‍ൗർണമി.


3000 മീറ്റർ സ്റ്റീപ്പിൾചേസില്‍ കോതമംഗലം എംഎ കോളേജിന്റെ ജി ജിന്‍സി (10:33.91), ഡിസ്‌കസ് ത്രോയില്‍ പാലാ അല്‍ഫോണ്‍സ കോളേജിന്റെ അഖില രാജു (51.17 മീറ്റര്‍), പുരുഷവിഭാഗം 3000 മീറ്റർ സ്റ്റീപ്പിൾചേസില്‍ ചങ്ങനാശേരി എസ്ബി കോളേജിന്റെ ബെഞ്ചമിന്‍ ബാബു (08:52.95) എന്നിവരും വെള്ളിയാഴ്ച പുതിയ മീറ്റ് റെക്കോഡ് സ്ഥാപിച്ചു. പുരുഷവിഭാഗം 3000 മീറ്റർ സ്റ്റീപ്പിൾചേസില്‍ എസ്ബി കോളേജിന്റെ സഞ്ജയ് എസും (09:10.28) നിലവിലെ റെക്കോഡിനെ മറികടക്കുന്ന പ്രകടനം നടത്തി.


ഡിസ്‌കസ് ത്രോയില്‍ കഴിഞ്ഞവര്‍ഷം സ്ഥാപിച്ച സ്വന്തം പേരിലുള്ള റെക്കോഡാണ് (47.85) കാസര്‍കോട്‌ കെ സി ത്രോസിന്റെ താരംകൂടിയായ അഖില തിരുത്തിയെഴുതിയത്. ഷോട്ട്പുട്ടിലും അഖില സ്വര്‍ണം നേടിയിരുന്നു. രണ്ടാംവര്‍ഷ ബിഎ ഇക്കണോമിക്‌സ് വിദ്യാര്‍ഥിയാണ്. കണ്ണൂര്‍ കിണര്‍മുക്ക് താലപ്പൊലിയില്‍ കര്‍ഷകരായ ടി എം രാജുവിന്റെയും സിന്ധുവിന്റെയും മകളാണ്‌. വനിതാവിഭാഗത്തില്‍ അസംപ്ഷന്‍ കോളേജിന്റെ എൻ ശ്രീന സ്പ്രിന്റ് ഡബിള്‍ തികച്ചു. 200 മീറ്ററില്‍ 23.76 സെക്കന്‍ഡിലായിരുന്നു ഫിനിഷിങ്. 100 മീറ്ററില്‍ റെക്കോഡ് നേട്ടത്തോടെയായിരുന്നു സ്വര്‍ണം. പിജി ഹിസ്റ്ററി ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായ ശ്രീന, പാലക്കാട് വടക്കുഞ്ചേരി പാറയില്‍ വീട്ടില്‍ നാരായണന്‍കുട്ടിയുടെയും ശ്രീദേവിയുടെയും മകളാണ്.

വനിതാവിഭാഗം 4-x100 മീറ്റര്‍ റിലേയിലും 4-x4 റിലേയിലും പാലാ അല്‍ഫോണ്‍സ കോളേജ് സ്വര്‍ണം നേടി. പുരുഷവിഭാഗത്തില്‍ സ്പ്രിന്റ് റിലേയില്‍ ചങ്ങനാശേരി എസ്ബി കോളേജും 4-x4 റിലേയില്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജും സ്വര്‍ണം നേടി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home