വടക്കഞ്ചേരിയിൽ ആറിടത്ത് മോഷണം

വടക്കഞ്ചേരിൽ ടൗണിൽ നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യം
വടക്കഞ്ചേരി
വടക്കഞ്ചേരി ടൗണിൽ അമ്പലം, പള്ളി, വ്യാപാരസ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ ആറിടത്ത് മോഷണം. ശനി പുലർച്ചെ രണ്ടിനുശേഷമാണ് മോഷണം. സിസിടിവി ദൃശ്യത്തിൽ ഹെൽമറ്റ് ധരിച്ച രണ്ടുപേരാണ് ഉള്ളത്. ഇവർ ഒരു ബൈക്കിൽ സഞ്ചരിച്ചതായും പറയുന്നു. കിഴക്കഞ്ചേരി ശ്രീ നെടുംപറമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളുടെ പൂട്ട് തകർത്ത് ഇരുപതിനായിരം രൂപയും വടക്കഞ്ചേരി ബസ്‌സ്റ്റാൻഡിന് സമീപത്തെ കോപ്പികോ കെഎഫ്സി കഫേയിൽ പൂട്ട് തകർത്ത് 1200 രൂപയും ബ്ലൂടൂത്ത് ഹെഡ്സെറ്റ്, വൈഫൈ മോഡം, ഒരു സ്ക്രൂഡ്രൈവർ എന്നിവയും മോഷ്ടിച്ചു. ഇതിന്റെ സമീപത്തെ മാവേലിനാട് പച്ചക്കറിക്കടയിലും മോഷണം നടത്തി. ഇവിടെനിന്ന് സ്ക്രൂഡ്രൈവർ പൊട്ടിയനിലയിൽ കണ്ടെത്തി. പച്ചക്കറിക്കടയിൽനിന്ന് സിഗരറ്റ് ലൈറ്ററുകളും പെർഫ്യൂം ബോട്ടിലുകളും 300 രൂപയുമാണ് നഷ്ടപ്പെട്ടത്. വടക്കഞ്ചേരി പഴയ ശോഭാ തിയറ്ററിനുസമീപത്തെ പത്തിരിക്കടയിൽനിന്ന് ആയിരം രൂപ നഷ്ടപ്പെട്ടു. ഇതിനുസമീപത്തെ പച്ചക്കറിക്കടയിലെ ചില്ലറ പൈസകളും പെട്ടി ഓട്ടോയുടെ താക്കോൽ കൂട്ടവും മോഷ്ടിച്ചു. വാണിയംപാറ മേലെ ചുങ്കത്തെ കുരിശുപള്ളിയുടെ ഭണ്ഡാരവും തകർത്തിട്ടുണ്ട്. ഇവിടെനിന്ന് ചെറിയ തുക നഷ്ടമായതായാണ് വിവരം. എല്ലാ സ്ഥലത്തും മോഷണം നടത്തിയിരിക്കുന്നത് ഒരേ മോഷ്ടാക്കളാണെന്നാണ് സംശയം. വടക്കഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.









0 comments