print edition ആലപ്പുഴയിലും വീടായി; ഇനിയും വരാമല്ലോ...

സമ്മേളന പ്രതിനിധികളായ ഹരിത ബൈജുവും രമ്യ തോമസും ലളിതയുടെ വീട്ടിൽ
ആലപ്പുഴ : കോടിയേരി ബാലകൃഷ്‌ണൻ നഗർ (കാമിലോട്ട് കൺവൻഷൻ സെന്റർ) ‘‘സ്വന്തം വീടുപോലെ. ഒപ്പം ലളിതാമ്മയുടെ സ്‌നേഹവും. ഇനി എപ്പോൾ വേണമെങ്കിലും വരാം. ആലപ്പുഴയിലും ഞങ്ങൾക്ക് വീടായി’’– ആലപ്പുഴയിലും ഏറെ പ്രിയപ്പെട്ടൊരു കൂട്ടുകിട്ടിയ സന്തോഷത്തിലാണ് കർഷകസംഘം സംസ്ഥാന സമ്മേളനത്തിൽ എറണാകുളം ജില്ലയിൽനിന്ന് പ്രതിനിധികളായി എത്തിയ ഹരിതയും രമ്യയും.
കർഷകസംഘം സംസ്ഥാന സമ്മേളന പ്രതിനിധികൾക്ക് താമസത്തിന് ഹോട്ടലുകൾക്ക് പകരം വീടുകളാണ് ഒരുക്കിയത്. ഇതോടെ പ്രതിനിധികൾക്ക് ആലപ്പുഴയുടെ ആതിഥേയത്വ സ്‌നേഹമറിയാൻ അവസരം ലഭിച്ചു. നാടകാചാര്യൻ എസ് എൽ പുരം സദാനന്ദന്റെ വീടിനു സമീപം എസ്എൽ പുരം അറക്കൽ ലളിതയുടെ വീട്ടിലായിരുന്നു ഇരുവരും.
വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് ഹരിത ബൈജു, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റാണ് രമ്യ തോമസ്. 24 ലോക്കൽ കമ്മിറ്റികളിലെ 320 വീടുകളിലാണ് സമ്മേളന പ്രതിനിധികളായ 620 പേർക്കും താമസസൗകര്യം. ലളിതയുടെ മരുമകൾ ജയ പ്രദീപ് സിപിഐ എം ജില്ലാ സെക്രട്ടറിയായിരുന്ന കെ കെ കുമാരന്റെയും രക്തസാക്ഷി കെ വി ഷാജിയുടെയും കുടുംബാംഗമാണ്.









0 comments