ഉച്ചത്തിലുള്ള ഡിജെ ശബ്ദം താങ്ങാനാകാതെ യുപിയില്‍ നവജാതശിശു ഹൃദയസ്തംഭനം മൂലം മരിച്ചു

മീററ്റ് : ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയില്‍ ഉച്ചത്തിലുള്ള ഡിജെ പാട്ടുകള്‍ മൂലം നവജാതശിശു മരിച്ചു. ഉച്ചത്തിലുള്ള ശബ്ദം കേട്ടുള്ള ഹൃദയസ്തംഭനത്തെ തുടർന്നാണ് 20 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചതെന്ന് കുടുംബം ആരോപിച്ചു. ഘോഷയാത്രയ്ക്കിടെ വീടിനു മുന്നില്‍ ഡിജെ വാഹനം നിര്‍ത്തിയിട്ട് മണിക്കൂറുകളോളം ഉച്ചത്തില്‍ പാട്ടു വെച്ചതാണ് ദുരന്തത്തിന് കാരണമായത്.
ശബ്ദം കൂടിയതിനാൽ കുഞ്ഞ് കരയാന്‍ തുടങ്ങിയതോടെ വാഹനം മാറ്റിയിടണമെന്ന് കുടുംബാംഗങ്ങള്‍ സംഘാടകരോട് പലതവണ പറഞ്ഞെങ്കിലും കേൾക്കാൻ കൂട്ടാക്കിയില്ല. പിന്നാലെ വാഹനം വീടിനു മുന്നിൽ നിർത്തിയിട്ട് ഉച്ചത്തിൽ പാട്ടുകൾ കേൾപ്പിച്ചു എന്നും കുടുംബം പറഞ്ഞു. പെട്ടെന്ന് കുഞ്ഞിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡി.ജെ സൗണ്ട് സിസ്റ്റം ഘടിപ്പിച്ച വാഹനം പൊലിസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും റിപോര്‍ട്ട് ലഭിച്ച ശേഷം കര്‍ശനമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.








0 comments