print edition നാടിന്റെ പെയിൻ കില്ലർ...

ഡോ. കെ സുരേഷ്കുമാർ
എം ജഷീന
Published on Nov 15, 2026, 08:47 AM | 4 min read
മരുന്നിന്റെ കയ്പ് നിറയുന്ന ആശുപത്രി മുറിയിൽ വേദന കടിച്ചമർത്തി ജീവിതത്തിൽനിന്ന് യാത്ര പറയാനൊരുങ്ങുന്നവർ കടന്നുപോകുന്ന വഴികൾ അത്രകണ്ട് അനായാസകരമല്ല. മടുപ്പും ഒറ്റപ്പെടലും നിരാശയും വന്നുമൂടുന്ന ചുമരുകൾക്കുള്ളിൽ ജീവിതവും സ്വപ്നങ്ങളുമാണ് നിശ്ചലമാകുന്നത്. ഇതിനൊപ്പം നിരന്തരമുള്ള ആശുപത്രി യാത്രകൾ, സാന്പത്തിക പ്രയാസങ്ങൾ, നോക്കാൻ ആളില്ലാതിരിക്കൽ. രോഗമുക്തി നൽകാൻ കഴിഞ്ഞില്ലെങ്കിലും നരകയാതനയുടെ ഇൗ ദിവസങ്ങളിൽ അവരെ ചേർത്തുപിടിച്ച് കരുതലിന്റെ വെളിച്ചമേകുകയാണ് ഒരു ഡോക്ടർ... മരുന്നുകൊണ്ട് മാത്രമല്ല, മനസ്സുകൊണ്ടും ആയിരങ്ങളുടെ വേദനയകറ്റുന്ന ഡോ. കെ സുരേഷ് കുമാർ.
അനസ്തറ്റിസ്റ്റ് എന്ന തൊഴിലുപേക്ഷിച്ച് 30 വർഷമായി മാറാരോഗികളുടെയും കിടപ്പുരോഗികളുടെയും ആശ്വാസമായ സാന്ത്വന പരിചരണ രംഗത്തെ മുന്നണിപ്പോരാളിയാണ് ഡോ. കെ സുരേഷ് കുമാർ. പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ എന്ന വാക്കിനെയും സംവിധാനത്തെയും കേരളത്തിന് പരിചയപ്പെടുത്തുക മാത്രമല്ല, സാമൂഹികാധിഷ്ഠിതമായ സാന്ത്വന പരിചരണത്തിന്റെ മാതൃക ആഗോളതലത്തിൽ വ്യാപിപ്പിക്കുകയുമാണ് അദ്ദേഹം.
ജീവിത സായാഹ്നത്തിൽ ചേർത്തുപിടിക്കലിനേക്കാൾ മറ്റൊരു വേദനസംഹാരി അവർക്കു നൽകാനില്ലെന്ന ചിന്തയിൽ ആരംഭിച്ച ഉദ്യമം ഇന്ന് നാടിന്റെ അഭിമാനമായി വളർന്നു. ആയിരത്തിലേറെ പെയിൻ ആൻഡ് പാലിയേറ്റീവ് യൂണിറ്റുകൾ, മരുന്നും ആശ്വാസവും പകരുന്ന അംഗങ്ങൾ, സദാ സേവന സന്നദ്ധരായ വളന്റിയർമാരും സാമൂഹ്യ പ്രവർത്തകരും, പുനരധിവാസ പ്രവർത്തനങ്ങൾ... ഇങ്ങനെ അശരണരുടെ കണ്ണീരൊപ്പുന്ന ഒരു നാടിനെ രൂപപ്പെടുത്താൻ പാത വെട്ടിയ ഇൗ മാതൃകാ ഡോക്ടർ ഇൗ രംഗത്തെ കേരളത്തിലെ ആദ്യ ഉദ്യമമായ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി സ്ഥാപകാംഗവും സൊസൈറ്റിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെയിൻ ആൻഡ് പാലിയേറ്റീവ് മെഡിസിൻ (ഐപിഎം) ഡയറക്ടറുമാണ്.
വിദേശ രാജ്യങ്ങളിലും മറ്റു സംസ്ഥാനങ്ങളിലും സാന്ത്വന പരിചരണത്തിന് ആശുപത്രികളെയോ സ്ഥാപനങ്ങളെയോ ആശ്രയിക്കുന്പോൾ ഇവിടെ അത് നാടിന്റെ, നാട്ടുകാരുടെ, സാമൂഹ്യ പ്രവർത്തകരുടെ ഉത്തരവാദിത്വമാണ്. തദ്ദേശ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ, എൻജിഒകളും രാഷ്ട്രീയ പാർടികളും മറ്റ് കൂട്ടായ്മകളും നടത്തുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റുകൾ ലോകത്ത് മറ്റെവിടെയുമില്ല. സാന്ത്വന പരിചരണത്തെ ഇത്രകണ്ട് ജനകീയമാക്കി, വിജയിപ്പിച്ച ഡോ. സുരേഷ് കുമാറിന് ലഭിച്ച ലോകാരോഗ്യ സംഘടനയുടെ പബ്ലിക് ഹെൽത്ത് ചാന്പ്യൻ അവാർഡ് ആ സമർപ്പിത ജീവിതത്തിനുള്ള അംഗീകാരങ്ങളിൽ ഒന്നുമാത്രം.
അനസ്തറ്റിസ്റ്റിൽനിന്ന് സാന്ത്വന പരിചാരകനിലേക്ക്
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ അനസ്തറ്റിസ്റ്റായി പ്രവർത്തിക്കുന്പോഴാണ് മാറാരോഗികളുടെ വേദനകളിലേക്ക് മനസ്സെത്തുന്നത്. യൂണിറ്റിന്റെ തൊട്ടടുത്തായിരുന്നു, ഓങ്കോളജി വാർഡ്. അർബുദ ബാധിതരുടെ ഒരു ട്രീറ്റ്മെന്റിനായി അനസ്തറ്റിക്സ് വിഭാഗത്തിലേക്കാണ് വിട്ടിരുന്നത്. അന്ന് ഇന്നത്തെയത്ര മരുന്നുകൾ ഇല്ലാത്തതിനാൽ വേദന കുറയ്ക്കാൻ ഞരന്പ് കരിയിക്കലായിരുന്നു ഒരു രീതി. രോഗം മാറില്ലെന്നുറപ്പായിട്ടും വയ്യാത്ത അവസ്ഥയിലും ആശുപത്രികളിലെത്തേണ്ടിവരികയായിരുന്നു പലർക്കും.
യാത്രാ ബുദ്ധിമുട്ടുൾപ്പെടെയുള്ള പ്രയാസങ്ങൾ ഡോക്ടറുടെ മനസ്സിനെ അസ്വസ്ഥമാക്കി. വീട്ടിലെ പരിചരണത്തിലെ കുറവുകളും അറിഞ്ഞതോടെ ചികിത്സയ്ക്കപ്പുറമുള്ള പിന്തുണ അവർ അർഹിക്കുന്നുണ്ടെന്ന് ബോധ്യമായി. അങ്ങനെ ഡിപ്പാർട്ടുമെന്റിലെ പ്രൊഫ. ഡോ. രാജഗോപാലുമായി ചേർന്ന് ഡിപ്പാർട്ടുമെന്റിനരികിൽ ഒപിയും രോഗികളെ വീട്ടിൽ പോയി കാണാവുന്ന ചെറിയ സംവിധാനവും ആരംഭിച്ചു. ആ സമയത്താണ് ഇംഗ്ലണ്ടിൽനിന്ന് ഗില്ലി ബേൺ എന്ന നഴ്സ് കോഴിക്കോട്ട് വന്നത്.
അവരാണ് പാലിയേറ്റീവ് കെയർ എന്ന വാക്ക് പരിചയപ്പെടുത്തിയത്. ഇൗ ചെയ്യുന്നത് പാലിയേറ്റീവ് കെയർ ആണെന്ന് സുരേഷ് കുമാറും അപ്പോഴാണ് തിരിച്ചറിയുന്നത്. കേരളത്തിൽ അന്ന് തിരുവനന്തപുരം ആർസിസിയിലെ പെയിൻ ക്ലിനിക് മാത്രമാണ് ഇതുമായി ബന്ധപ്പെടുത്താവുന്ന സംവിധാനം. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽനിന്ന് പാലിയേറ്റീവ് കെയറിൽ പരിശീലനവും കാർഡിഫിലെ വെയിൽസിൽനിന്ന് പാലിയേറ്റീവ് കെയറിൽ പിജിയും എടുത്തു.
ഇതിനിടയിൽ കലിക്കറ്റ് യൂണിവേഴ്സിറ്റിയിൽനിന്ന് സോഷ്യോളജിയിൽ പിജി ചെയ്തു. മുഴുവൻസമയ രോഗീസേവനത്തിനായി 1993ൽ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രൊഫ. രാജഗോപാൽ ചെയർമാനും ഡോ. സുരേഷ് കുമാർ സെക്രട്ടറിയുമായി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി രൂപീകരിച്ചു. ഡോ. രാജഗോപാൽ പിന്നീട് തിരുവനന്തപുരത്ത് പാലിയം ഇന്ത്യ രൂപീകരിച്ച് പ്രവർത്തനം അങ്ങോട്ടുമാറ്റി.
പരിമിത സൗകര്യത്തിലായിരുന്നു മെഡിക്കൽ കോളേജിൽ പ്രവർത്തനം തുടങ്ങിയത്.
ഒപിക്കുപുറമെ ചിലരെ വീട്ടിലെത്തി പരിചരിച്ചു. വേദനയ്ക്കുള്ള മരുന്ന് കൊടുക്കും. ആദ്യംമുതലുള്ള വളന്റിയർമാരാണ് മീനാകുമാരിയും ലിസിയും. എഴുത്തുകാരൻ തിക്കോടിയൻ, സാമൂഹ്യ പ്രവർത്തകനായ അശോക് കുമാർ എന്നിവരൊക്കെ സജീവമായി ഉണ്ടായിരുന്നു. തുടക്കത്തിൽ രോഗികൾ വളന്റിയർമാരെ കാണാൻ ആശുപത്രിയിലേക്ക് വരണമായിരുന്നു. ഇതൊഴിവാക്കാൻ വളന്റിയർമാരെ പ്രാദേശികമായി കണ്ടെത്തി പരിശീലിപ്പിച്ചു. 20 പാലിയേറ്റീവ് കെയർ യൂണിറ്റുകൾ സജ്ജമാക്കി. സൊസൈറ്റിയാണ് പ്രവർത്തനം ഏകോപ്പിക്കുന്നതും പരിശീലനം നൽകുന്നതും. വയനാട്, മലപ്പുറം എന്നീ ജില്ലകളിലേക്കൊക്കെ വ്യാപിപ്പിച്ചു.
മറ്റു ജില്ലകളിലെ പാലിയേറ്റീവ് കെയറുകൾ സൊസൈറ്റിയുടെ നിയന്ത്രണത്തിലായിരുന്നു. പിന്നീടാണ് അതത് എൻജിഒകൾക്ക് കീഴിൽ സ്വതന്ത്രമായി പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചത്. പരിശീലനം ഉൾപ്പെടെയുള്ള പിന്തുണ ഐപിഎം നൽകും. സംസ്ഥാനത്താകെ 1750 ഹോം കെയർ യൂണിറ്റുകളുണ്ട്. ഇവിടെ മാത്രമാണ് രാഷ്ട്രീയ പാർടികൾ എൻജിഒ നടത്തുന്നത്. സിപിഐ എമ്മാണ് തുടക്കമിട്ടത്. കുറഞ്ഞകാലം കൊണ്ടുതന്നെ പദ്ധതി മറ്റ് രാജ്യങ്ങളുടെയും സംസ്ഥാനങ്ങളുടെയും ശ്രദ്ധ ആകർഷിച്ചു. നിലവിൽ യുകെ ഉൾപ്പെടെ 60 രാജ്യങ്ങളിൽ പരിശീലനം നൽകുന്നു. ലോകപ്രശസ്ത സാന്ത്വന പരിചാരകനായ ഡോ. ലിബി സാൽനോ ഇവിടെ വന്നുകണ്ട് പ്രചോദിതനായാണ് ആ മേഖലയിലേക്ക് പ്രവേശിച്ചത്. മണിപ്പുർ, തെലങ്കാന, പുതുച്ചേരി, ഡൽഹി എന്നിവിടങ്ങളും ശ്രീലങ്ക, തായ്ലൻഡ്, ജക്കാർത്ത തുടങ്ങിയ രാജ്യങ്ങളും ഇൗ മാതൃകയിലേക്ക് വരുന്നുണ്ട്.
സാന്ത്വന പരിചരണത്തോട് അനുഭാവമുള്ള സമൂഹമാണിവിടെ. അതിനെ കൃത്യമായി വിനിയോഗിക്കാനുള്ള പാത ഒരുക്കുകയായിരുന്നു പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി. ഡോ. സുരേഷ് കുമാറിന്റെ പഠന കാലത്തുള്ള രാഷ്ട്രീയ പ്രവർത്തനം ആശയം രൂപപ്പെടുത്തുന്നതിൽ നിർണായകമായി. പദ്ധതിക്കിപ്പോൾ രാജ്യാന്തര തലത്തിൽ വലിയ അംഗീകാരമാണ്. ഇങ്ങനെ ചെയ്യാനാകുമോ എന്ന ചോദ്യത്തിൽനിന്ന് ഇങ്ങനെ ചെയ്യാം എന്ന തിരിച്ചറിവിലേക്ക് ലോകമെത്തി. ഡീ കോളണൈസേഷൻ ഓഫ് പാലിയേറ്റീവ് കെയർ എന്ന ചർച്ച മുന്നോട്ടുവരുന്നതും ഇത്തരം വിജയ മാതൃകകളുടെ അടിത്തറയിലാണ്.
ലോകത്ത് ആദ്യമായി സാമൂഹികാധിഷ്ഠിത പെയിൻ ആൻഡ് പാലിയേറ്റീവ് നയമുണ്ടാക്കിയ നാടാണ് കേരളം. സൊസൈറ്റിയുടെ ആശയം ഏറ്റെടുത്താണ് 2008ലെ എൽഡിഎഫ് സർക്കാർ പെയിൻ ആൻഡ് പാലിയേറ്റീവ് നയമുണ്ടാക്കി ചരിത്ര ചുവടുവയ്പ് നടത്തിയത്. പാലിയേറ്റീവ് യൂണിറ്റുകളുടെ നടത്തിപ്പ് തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാക്കിയുള്ള നയരൂപീകരണം വലിയ മുന്നേറ്റമാണുണ്ടാക്കിയത്. പദ്ധതിയുടെ അഞ്ചുവർഷത്തെ നടത്തിപ്പിന് സൊസൈറ്റിക്ക് ചുമതലയും നൽകി. ഗവേഷണവും പരിശീലനവും ലക്ഷ്യമിട്ടുള്ള ഐപിഎം, (പെയിൻ ആൻഡ് പാലിയേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട്) സ്ഥാപിക്കാൻ മെഡിക്കൽ കോളേജ് ക്യാന്പസിനോട് ചേർന്ന് ഭൂമിയും അനുവദിച്ചു.
ഇനി ‘മരണ സാക്ഷരത’യിലേക്ക്...
രോഗകാലത്ത് കൈത്താങ്ങാകാൻ മാത്രമല്ല, സ്വജീവിതത്തെയും മരണത്തെയും മനോഹരമാക്കുന്ന സ്നേഹപാഠങ്ങളുടെ ‘യൂണിവേഴ്സിറ്റി’ കൂടിയാണ് സുരേഷ് കുമാർ നയിക്കുന്ന ഐപിഎം. മരിച്ചവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കുന്നതിൽ അറിവ് നൽകുന്ന ബറീവ്മെന്റ് കംപാനിയൻഷിപ് പ്രോഗ്രാം, മരണത്തെക്കുറിച്ച് തുറന്ന് സംസാരിക്കുന്നതിനും ഭീതി അകറ്റാനും തയ്യാറെടുക്കാനും സഹായിക്കുന്ന ഡത്ത് കഫേ ചർച്ച, ലിവിങ് വെൽ ഡൈയിങ് വെൽ എന്നിവ മരണ സാക്ഷരത ഉറപ്പാക്കാനുള്ള വേറിട്ട പദ്ധതികളാണ്.
ഡബ്ല്യുഎച്ച്ഒയുടെ സഹകരണ കേന്ദ്രമായ ഇവിടെ സൈക്കോ സോഷ്യൽ ട്രെയിനിങ്, പാലിയേറ്റീവ് കെയറിൽ നഴ്സുമാർക്കുള്ള ട്രെയിനിങ്, സർട്ടിഫിക്കറ്റ് കോഴ്സുകൾ, നാഷണൽ ഫെലോഷിപ്പുകൾ തുടങ്ങിയവയുമുണ്ട്. ബേസിക് കെയറിൽ ഇതുവരെ ആറായിരത്തോളം പേർക്ക് പരിശീലനം നൽകി. ഒപിക്കുപുറമെ ഐപിഎമ്മിൽ 30 രോഗികളെ താമസ സൗകര്യം നൽകി പരിചരിക്കുന്നുണ്ട്. എല്ലാം സൗജന്യമാണ്. എട്ട് ഹോം കെയർ യൂണിറ്റുകളുണ്ട്. 24 മണിക്കൂറും സേവനം കിട്ടുന്ന ഒരു യൂണിറ്റുമുണ്ട്. ദിവസം മൂന്നുരൂപ എന്ന നിലയിൽ ആളുകൾ നൽകുന്ന സഹായമാണ് പ്രവർത്തനങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നത്.








0 comments