ചാല സ്വർണക്കവർച്ച; പ്രതികളെ ഉടൻ തിരുവനന്തപുരത്തെത്തിക്കും

തിരുവനന്തപുരം: ചാലയിലെ സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് വയനാട്ടിൽ നിന്ന് പിടിയിലായ പ്രതികളെ തിരുവനന്തപുരത്ത് ഉടൻ എത്തിക്കും. കവർച്ചയ്ക്ക് പിന്നാലെ തമിഴ്‌നാട്ടിലേക്കും പിന്നീട് ബെംഗളൂരുവിലേക്കും കടന്ന പ്രതികളെ പിന്തുടർന്നാണ് പൊലീസ് പിടികൂടിയത്.
തിരുവനന്തപുരം സ്വദേശിയും നിലവിൽ എറണാകുളത്ത് താമസക്കാരനുമായ അനിൽ, ആന്റണി വിനോദ്, മണക്കാട് സ്വദേശി അനൂപ്, കാട്ടാക്കട സ്വദേശി രാജീവ് എന്നിവരാണ് പിടിയിലായവരിൽ പ്രധാനികൾ. കസ്റ്റഡിയിലെടുക്കുന്നതിനിടെ സംഘത്തിലുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു.
പ്രതികൾ സഞ്ചരിച്ചിരുന്ന അനിലിന്റെ ഉടമസ്ഥതയിലുള്ള എസ്‌യുവി വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിൽ നിന്ന് ഒരു സ്വർണബാറും പിടിച്ചെടുത്തിട്ടുണ്ട്. വാഹനം വിശദമായി പരിശോധിച്ചുവരികയാണെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അരുൾ ബി. കൃഷ്ണ അറിയിച്ചു.
കവർച്ചയ്ക്ക് പിന്നിൽ ജ്വല്ലറിയുമായി അടുത്ത ബന്ധമുള്ളവരുടെ സഹായമുണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേരെ ചോദ്യം ചെയ്യുന്നതിനായി ഫോർട്ട് പൊലീസ് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്.
പിടിയിലായവർക്ക് സ്വർണം പൊട്ടിക്കൽ സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടാകാമെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.








0 comments