Deshabhimani

print edition പാട്ടിന്റെ പൂന്തേനരുവി

shusheela

പി സുശീല

വെബ് ഡെസ്ക്

Published on Nov 15, 2026, 07:57 AM | 2 min read

ഇന്ത്യൻ ചലച്ചിത്ര സംഗീതലോകത്തെ "നിത്യഹരിത നൈറ്റിംഗേൽ" എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇതിഹാസ ഗായിക പി സുശീലയ്ക്ക് 91 വയസ്സ്‌ പൂർത്തിയായി. മലയാളിയെ പാട്ട്‌ പാടിയുറക്കുകയും ഉണർത്തുകയും ചെയ്ത സുശീല അതുല്യമായ സംഗീതയാത്രയിലൂടെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി വിവിധ ഇന്ത്യൻ ഭാഷകളിലായി നാൽപതിനായിരത്തിലധികം ചലച്ചിത്ര-ഭക്തിഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. വ്യക്തമായ ഉച്ചാരണശുദ്ധിയും ഭാവസാന്ദ്രമായ ശബ്ദമാധുര്യവുമാണ് സുശീലയെ വ്യത്യസ്തയാക്കിയത്.


സംഗീതരംഗത്തെ തുടക്കം


ആന്ധ്രപ്രദേശിലെ വിജയനഗരത്തിൽ 1935 നവംബർ 13ന് പുല പാക മുകുന്ദറാവു–ശേഷവതാരം ദമ്പതികളുടെ മകളായാണ് പുല പാക സുശീല എന്ന പി സുശീലയുടെ ജനനം. പിതാവുതന്നെ സംഗീതഗുരു. കുട്ടിക്കാലംമുതൽ കർണാടകസംഗീതത്തിൽ മികച്ച വിദ്യാഭ്യാസം നേടിയിരുന്നു. ചെന്നൈ മ്യൂസിക് അക്കാദമിയിലും ആന്ധ്ര സർവകലാശാലയിലുമായി സംഗീതപഠനം.


ഓൾ ഇന്ത്യ റേഡിയോയിലെ പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെട്ട അവർക്ക്, 1952-ൽ പുറത്തിറങ്ങിയ പെട്ര തായ് (തമിഴ്) എന്ന ചിത്രത്തിലെ ‘എദുക്കു അഴൈത്തായ്' എന്ന യുഗ്മഗാനമാണ് സിനിമാരംഗത്ത് ആദ്യ ബ്രേക്കാകുന്നത്. തുടർന്ന്, പ്രശസ്തമായ എവിഎം സ്റ്റുഡിയോസിലെ സ്ഥിരം ഗായിക. പിന്നീട് തമിഴ്, തെലുങ്ക് ചലച്ചിത്ര സംഗീത രംഗങ്ങളിൽ മൂന്ന് പതിറ്റാണ്ടോളം സജീവ സാന്നിധ്യമായി.


മലയാളത്തെ പാട്ടുപാടി ഉറക്കി


1960-ൽ പുറത്തിറങ്ങിയ ‘സീത' എന്ന ചിത്രത്തിൽ പി ഭാസ്കരൻ എഴുതി ദക്ഷിണാമൂർത്തി സംഗീതം നിർവഹിച്ച "പാട്ടുപാടിയുറക്കാം ഞാൻ’ എന്ന ഗാനത്തിലൂടെയാണ് സുശീലയുടെ മലയാള പിന്നണി ഗാനരംഗത്തെ അരങ്ങേറ്റം. ഒറ്റ ഗാനംകൊണ്ടുതന്നെ മലയാളികളുടെ പ്രിയങ്കരിയായി.

ജി ദേവരാജൻ, എം കെ അർജുനൻ, എം എസ് ബാബുരാജ്, കെ രാഘവൻ തുടങ്ങിയ പ്രതിഭാധനരായ സംഗീതസംവിധായകരുടെ ഈണത്തിൽ സുശീല നിരവധി അവിസ്മരണീയ ഗാനങ്ങൾ പാടി.


ഇന്ത്യൻ സിനിമയിൽ ഒരു പെൺശബ്ദത്തിന് അർഥവും ആത്മാവുമുണ്ടെങ്കിൽ അത്‌ ഒരുപക്ഷേ പി സുശീലയ്ക്ക് മാത്രമായിരിക്കും. മലയാളത്തിൽ ദേവരാജനായിരുന്നു സുശീലയുടെ മികച്ച ഗാനങ്ങളിൽ പലതിനും വഴിയൊരുക്കിയത്.‘ഉരുകുകയാണൊരു ഹൃദയം’(പാലാട്ടുകോമൻ), ‘പ്രിയതമാ പ്രിയതമാ പ്രണയലേഖനം’ (ശകുന്തള), ‘മണവാട്ടി കനകപ്പൊതി’ (മണവാട്ടി) തുടങ്ങി അക്കാലത്തെ ഭൂരിഭാഗം മുൻനിര നായികമാർക്കുംവേണ്ടി സുശീല മനോഹരമായ ശബ്ദം പകർന്നുനൽകി.


പ്രധാന പുരസ്കാരങ്ങളും അംഗീകാരങ്ങളും


ഏറ്റവുമധികം ഗാനങ്ങൾ റെക്കോഡ് ചെയ്തതിന്റെപേരിൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സ് എന്നിവയുടെ അംഗീകാരം പി സുശീലയ്ക്ക് ലഭിച്ചിട്ടുണ്ട്. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് 5 തവണ സ്വന്തമാക്കി. ദേശീയ പുരസ്കാരം നേടുന്ന രാജ്യത്തെ ആദ്യത്തെ വനിതാ പിന്നണി ഗായികകൂടിയാണ് പി സുശീല (1969-ൽ ഉയർന്ന മനിതൻ എന്ന തമിഴ് ചിത്രത്തിലെ ‘നാളെ ഇന്ത വേളൈ പാർത്തു' എന്ന ഗാനത്തിന്). 2008-ൽ രാജ്യം പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ചു.


കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് (2 തവണ), തമിഴ്‌നാട്, ആന്ധ്രപ്രദേശ് (നന്തി അവാർഡ്) സർക്കാരുകളുടെ നിരവധി പുരസ്കാരങ്ങളും ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡുകളും അവർക്ക് ലഭിച്ചിട്ടുണ്ട്. എൺപതുകളുടെ അവസാനത്തോടെ ചലച്ചിത്രഗാനരംഗത്തുനിന്ന്‌ സജീവമല്ലാതായെങ്കിലും ഭക്തിഗാന ആൽബങ്ങളിലൂടെയും സ്വകാര്യ ആൽബങ്ങളിലൂടെയും അവർ സംഗീത സപര്യ തുടർന്നു. ആ ശബ്ദമാധുര്യം ഇന്നും ദക്ഷിണേന്ത്യൻ സംഗീതചരിത്രത്തിൽ സ്വർണശോഭയോടെ പരിലസിക്കുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home