print edition ചിലങ്കയണിയുന്ന സ്വപ്‌നങ്ങൾ

ഡോ. കീർത്തിപ്രഭ
Published on Nov 15, 2026, 08:25 AM | 2 min read
അറുപത്തൊന്നാംവയസ്സിലും ഇത്രയും ആത്മവിശ്വാസത്തോടെ അമ്മ നൃത്തം ചെയ്യുന്നത് കണ്ടപ്പോൾ കണ്ണുനിറഞ്ഞു. വിട്ടുവീഴ്ചയില്ലാത്ത ആത്മസമർപ്പണമാണ് എന്നെ അതിശയിപ്പിക്കുന്നത്. അമ്മയുടെ വലിയൊരു സ്വപ്‌നമായ ‘സമ്പൂർണ ഭരതനാട്യക്കച്ചേരി' ഞങ്ങൾ താമസിയാതെതന്നെ സാക്ഷാൽക്കരിക്കും’’– മലയാളികളുടെ പ്രിയനടനും നർത്തകനുമായ നീരജ് മാധവിന്റെ വാക്കുകൾ.
കോഴിക്കോട് തളി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറിയ ഭരതനാട്യം കേവലം ഒരു കലാപ്രകടനം മാത്രമായിരുന്നില്ല. കാണികളുടെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞ, പലരെയും പ്രചോദിപ്പിക്കുകയും വികാരഭരിതരാക്കുകയും ചെയ്ത അപൂർവമായൊരു അനുഭവമായിരുന്നു. വേദിയിൽ അത്രയും മനോഹരമായി ചുവടുവച്ചത് മറ്റാരുമല്ല, നീരജ് മാധവിന്റെ അമ്മ ലത മാധവനാണ്. 61–ാംവയസ്സിലും സ്വപ്‌നങ്ങൾക്ക് ജീവൻ നൽകി ചിലങ്കയണിഞ്ഞ് വേദിയിലെത്തിയ ആ അമ്മയുടെ ജീവിതം പ്രചോദനമാണ്.
ആഗ്രഹങ്ങളെയും ഇഷ്ടങ്ങളെയും മറ്റുള്ളവർക്കായി, മാറ്റിവയ്‌ക്കേണ്ടി വരുന്ന സ്ത്രീകളുള്ള സാമൂഹിക ചുറ്റുപാടിൽ നിന്നുകൊണ്ട്, തന്റെ കുടുംബത്തിന്റെ പൂർണപിന്തുണയോടെ ഇഷ്ടങ്ങളെ കൈവിടാതെ പിടികൂടിയാണ് ലത മാധവൻ ഈ യാത്ര തുടരുന്നത്. മട്ടന്നൂർ സ്വദേശിയായ ലത മാധവന്റെ ഉള്ളിൽ ചെറുപ്പംമുതലേ നൃത്തം ജീവശ്വാസമായിരുന്നു. സ്കൂൾ കാലഘട്ടത്തിൽ കലോത്സവ വേദികളിൽ നിരന്തരം സാന്നിധ്യമറിയിച്ച അവർ, ശാസ്ത്രീയനൃത്തമത്സരങ്ങളിൽ മികവ് തെളിയിച്ചിരുന്നു.
എട്ടാംക്ലാസ് മുതൽ പത്താംക്ലാസ് വരെയുള്ള കാലയളവിൽ ഹൈസ്കൂൾ തലത്തിൽ ഭരതനാട്യം, നാടോടിനൃത്തം ഇനങ്ങളിൽ ഉപജില്ല–ജില്ലാ തലങ്ങളിൽ ഒന്നാംസ്ഥാനങ്ങൾ കരസ്ഥമാക്കി. 1980-ൽ പത്താംക്ലാസിൽ പഠിക്കുമ്പോൾ നാടോടിനൃത്തത്തിൽ സംസ്ഥാനതലത്തിൽ വിജയിയാകാനും സാധിച്ചു. ശ്യാമള ടീച്ചറായിരുന്നു നൃത്തത്തിൽ ആദ്യഗുരു.
അധ്യാപികയായി ജോലിയിൽ പ്രവേശിച്ചതോടെ കുടുംബത്തിന്റെയും ഉദ്യോഗത്തിന്റെയും വലിയ ഉത്തരവാദിത്വങ്ങൾ വന്നുചേർന്നു. അതിനിടയിൽ നൃത്തം താൽക്കാലികമായി പിൻനിരയിലേക്ക് മാറിയെങ്കിലും, നൃത്തത്തോടുള്ള പ്രണയം വിട്ടുപോയില്ല.
ഇടവേളകളിൽ പരിശീലനം. കലാമണ്ഡലം ചന്ദ്രികയുടെയും കലാമണ്ഡലം സരസ്വതിയുടെയും കീഴിൽ നൃത്തം അഭ്യസിച്ചിരുന്നു. പക്ഷേ, തുടരാൻ സാധിച്ചില്ല. വിരമിച്ചശേഷമാണ് നൃത്തത്തിലേക്ക് പൂർണമായി തിരിച്ചെത്തുന്നത്. കോഴിക്കോട് തിരുവണ്ണൂരിൽ താമസമാക്കി ഗുരു ദീപ്തി പാറോലിന്റെ കീഴിൽ ഭരതനാട്യം അഭ്യസിക്കുകയാണിപ്പോൾ.
"മനസ്സിന് മറ്റെന്തിനേക്കാളും സന്തോഷം തരുന്നത് നൃത്തമാണ്. ചിലങ്കയണിയുമ്പോൾ കിട്ടുന്ന ആത്മവിശ്വാസവും ഊർജവും വിവരണാതീതമാണ്’ എന്ന് ലത മാധവന്റെ സാക്ഷ്യം. അതുകൊണ്ടുതന്നെ 50 വയസ്സിനുമുകളിലുള്ളവർക്കായി ഇപ്പോൾ നൃത്തക്ലാസുകളും നടത്തുന്നുണ്ട്. തങ്ങളുടെ ആഗ്രഹങ്ങൾ മാറ്റിവയ്‌ക്കേണ്ടി വന്ന, വീടിനുള്ളിൽ ഒതുങ്ങിപ്പോയ മുതിർന്ന സ്ത്രീകൾക്ക് നൃത്തം പകർന്നുനൽകി അവരെയും കൈപിടിച്ചുയർത്തുന്നു.
പ്രായം കഴിഞ്ഞ് വീണ്ടും നൃത്തം അഭ്യസിക്കാൻ തുടങ്ങുന്നവർക്ക് സമൂഹത്തിൽനിന്നും കുടുംബത്തിൽനിന്നും ചില പരിഹാസങ്ങളും ചോദ്യങ്ങളും നേരിടേണ്ടിവരാറുണ്ട്. "സമൂഹമോ മറ്റുള്ളവരോ എന്തു പറയുമെന്ന് ആലോചിച്ച് സ്വന്തം ഇഷ്ടങ്ങൾ മാറ്റിവയ്‌ക്കേണ്ടതില്ല. കുടുംബത്തിലെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിനൊപ്പംതന്നെ സ്വന്തം സന്തോഷങ്ങൾക്കായി സമയം കണ്ടെത്തണം’ എന്നതാണ് ലത മാധവന് പുതിയ തലമുറയോട് പറയാനുള്ളത്.








0 comments